Sunday, December 18, 2011

മെല്ലെ(മുല്ല)പ്പെരിയാര്‍ - കേരളത്തിനു വേണം ഒരു പ്രാദേശിക കേന്ദ്രമന്ത്രിയെ



മുല്ലപ്പെരിയാറില്‍ നിന്നും മെല്ലെ മെല്ലെ തലയൂരിയ   കേരളത്തിലെ ഭരണകൂടവും ദേശീയ പാര്‍ട്ടികളും  വിഷയം പ്രധാനമന്ത്രിയുടെ  മധ്യസ്ഥതക്ക് വിട്ടുകൊടുത്തു ചര്‍ച്ചക്കുള്ള അന്തരീക്ഷം ഉണ്ടാക്കുന്നതിനായി  തമിള്‍നാടിനോട്     പരസ്പ്പരം അഭ്യര്‍ത്ഥനാ  മത്സരം നടത്തികൊണ്ടിരിക്കുകയാണ്.
സ്വതവേ  മെല്ലെപ്പോക്കിന്റെ ഉസ്താദായ മന്‍മോഹന്‍ സിംഗ് മുല്ലപ്പെരിയാറിന്റെ     കാര്യത്തില്‍ മെല്ലെ പോക്ക് ഉപേക്ഷിച്ചിരിക്കുകയാണ്.  മോസ്ക്കോവില്‍ കൂടങ്കുളം ആണവനിലയം കമ്മിഷന്‍  ചെയ്യാനുള്ള   ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് തന്നെ    മന്ത്രിസഭയിലെ  രണ്ടാമനെ, സമാധാന അന്തരീക്ഷം  ഉണ്ടാക്കിയെടുക്കാന്‍  വേണ്ടി    തമിഴകത്തേക്ക് അയച്ചിരിക്കുകയാണ്.
ഒരു രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയില്‍ ജാഗരൂഗനാവേണ്ടിയിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം  കൈയ്യടി നേടാന്‍ വേണ്ടി നില മറന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇടുക്കിയെ തമിഴ്‌നാടിനോടു ചേര്‍ക്കണം എന്നാവശ്യപ്പെട്ടു ഉണ്ണാ വ്രതമിരുന്ന തന്റെ അനുയായികള്‍ക്കിടയില്‍ എരിതീയ്യില്‍ എണ്ണയുമായി പ്രാദേശിക വാദത്തിന്റെ ഇടിമുഴക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ പ്രത്യക്ഷപ്പെടുന്നത്  കൂടങ്കുളം ആണവനിലയവിരുദ്ധ  സമരം കേരളത്തിന്റെ  ചെലവില്‍ ഒതുക്കി തീര്‍ക്കാന്‍  കൂടിയാകുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സെല്‍ഫ് ഗോളുകള്‍ നിരന്തരം വാങ്ങിക്കൂട്ടുന്ന കേരളത്തിനു വേണ്ടി ശബ്ദിക്കാനോ   പ്രതിരോധിക്കാനോ  'ദേശീയതയുടെ ഉദാസീനത' കൈമുതലായ  നമ്മുടെ കേന്ദ്ര മന്ത്രിമാര്‍ക്കും ദേശീയ നേതാക്കള്‍ക്കും കഴിയാത്ത അവസരത്തില്‍ അടിയന്തരമായി കേരളത്തിനു വേണ്ടത് സംരക്ഷണ ഭിത്തിയോ പുതിയ ഡാമോ അല്ല,   കാലിട്ടടിച്ചില്ലെങ്കിലും   നാക്കിട്ടടിക്കാനെങ്കിലും  പ്രാപ്തനായ ഒരു പ്രാദേശിക കേന്ദ്ര മന്ത്രിയെയാണ്.  നാല്‍പ്പതു ലക്ഷത്തോളം  ജനങ്ങളുടെ ജീവന്‍ വെച്ചുള്ള കേസ്സില്‍ സുപ്രീം കോടതി വിധി തമിള്‍നാടിനു അനുകൂലമാകും എന്ന് മുന്‍ വിധി കല്‍പ്പിക്കാന്‍ ധൈര്യം കാട്ടുന്ന ചിദംബരത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയില്ലെങ്കിലും പ്രധാനമന്ത്രി ചിദംബരത്തെ പ്രതിരോധിക്കാനെങ്കിലും ഒരു പ്രാദേശിക കേന്ദ്ര മന്ത്രിയെ കേരളത്തിനു നല്‍കി മാന്യത കാണിക്കണം. 

ദേശീയതയുടെ പേരില്‍ കേന്ദ്ര ഭരണകൂടവും,  ദേശീയ പാര്‍ട്ടികളുടെ ഹൈക്കമാന്റുകളും , പോളിറ്റ് ബ്യൂറോകളും, ഒറ്റയ്ക്ക് മത്സരിച്ചാല്‍ കെട്ടിവെച്ച കാശ്കിട്ടാത്ത തമിള്‍നാടിനെ പ്രണയിക്കുന്നത്‌ എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.  രാഷ്ട്രീയം നോക്കിയാല്‍ കേരളത്തിലെ ഇരുപതു ലോകസഭാ സീറ്റും ദേശീയതയ്ക്ക് വേണ്ടി നിലകൊള്ളുന്നവയാണ്.  മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴ്നാട്ടില്‍  കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മൂക്കിനു താഴെ പലയിടത്തും മലയാളികള്‍ വേട്ടയാടപ്പെടുബോഴാണ്  കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ആക്രമികള്‍ക്ക് 
പ്രോല്സാഹനമാകുന്ന പ്രസ്താവനകള്‍ നടത്തുന്നത്.   

ചിദംബരം, താങ്കളുടെ ഓരോ വാക്കുകളും ചെന്ന് തറച്ചത്     ദേശീയത കൈമുതലായുള്ള സാധാ മലയാളികളുടെ നെഞ്ചിലാണ്, ഒരു പെരിയാറിനും തണുപ്പി ക്കാനാവാതെ  അതവിടെ കിടന്നു നീറുകയാണ്, ഞങ്ങളുടെ (അല്ല നിങ്ങളുടെ )  മുല്ലപ്പെരിയാറിനെ പ്പോലെ.


മലയാളിയുടെ ദേശീയത,  വീക്കിനസ്സായിയെടുത്ത   പ്രിയപ്പെട്ട ചിദംബരം, ഞങ്ങളെ നിങ്ങള്‍ അണ്ണാച്ചിയെ വെല്ലുന്ന പ്രാദേശിക വാദികളാക്കരുതെ, പ്ലീസ്, അങ്ങയുടെ നിലവാരം തറ നിലവാരത്തില്‍നിന്നും  താഴെയാവാതെ   സൂക്ഷിക്കുമെന്ന അഭ്യര്‍ത്ഥനയോടെ.