
അവനീഷിന്റെ കാത്തിരിപ്പിനൊടുവില്‍ ട്രെയിന്‍ പ്ലാറ്റുഫോമില്‍ എത്തിയപ്പോഴേയ്ക്കും പതിവ് വിഷാദങ്ങള്‍ക്ക് പകരമായി സന്തോഷത്തിന്റെ ചിരി വര്‍ണ്ണങ്ങളുമായി ശരണ്യ ഓടിയെത്തി. അവളുടെ കണ് കടാക്ഷത്തിലെ പുഞ്ചിരിയില്‍ അവന്റെ കാത്തിരിപ്പിന്റെ വേദന സുഖമുള്ള നോവായി മാറി. അല്‍പ്പം തിരക്കുണ്ടെങ്കിലും അവനീഷിനു അഭിമുഖമായി തന്നെ അവള്‍ക്കും സീറ്റ് കിട്ടി. പതിവ് വിട്ടു, വാതോരാതെയുള്ള അവളുടെ സംസാരങ്ങള്‍ക്ക് മുമ്പില്‍ അവനൊരു കേള്‍വിക്കാരനായി മാറി.
അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകളായി കുറച്ചു ചെറുപ്പക്കാര്‍ കമ്പാര്‍ട്ടുമെന്റില്‍ വന്നു. ട്രെയിനിന്റെ ചൂളം വിളിക്കൊപ്പം ചെറുപ്പക്കാരുടെ അശ്ലീല ചുവയുള്ള ഉറക്കാത്ത വാക്കുകളും, മദ്യത്തിന്റെ ദുര്‍ഗന്ധവും അവനീഷിനെക്കാള്‍ അവളെ അലസോരപ്പെടുത്തി. കന്യകാത്വം ദഹിപ്പിക്കാന്‍ പോന്ന അവരുടെ നോട്ടങ്ങള്‍ക്കും ചിരികള്‍ക്കുമിടയില്‍ നിസ്സഹയായ ശരണ്യയ്ക്ക് മുമ്പില്‍ ചിറകറ്റ പക്ഷിയായി അവന് മാറി. ട്രെയിന്‍ പുറം കാഴ്ചകളെ ഓടി ഓടി പിന്നിലാക്കുംതോറും യുവാക്കളുടെ ആവേശം കൊടിമരം കയറാന്‍ തുടങ്ങിയപ്പോള്‍ അവനീഷിന്റെ മുഷിഞ്ഞ ബാഗുമെടുത്തു അവള് മുമ്പില്‍ നടന്നു, പറഞ്ഞു,
"അവനീഷേട്ടാ വരൂ, നമുക്ക് അപ്പുറത്തെ കമ്പാര്‍ട്ടുമെന്റില്‍ ഇരിക്കാം."
ഒന്നു അന്ധാളിച്ചെങ്കിലും അവളുടെ പിന്നാലെ അടുത്ത കമ്പാര്‍ട്ടുമെന്റില്‍ ഒഴിഞ്ഞ സീറ്റ്കള്‍ക്ക് വേണ്ടി അവനീഷ് പരതി. തണുപ്പ് കാരണം ജാലകത്തിനടുത്തു അനാഥമായി കിടന്നിരുന്ന സീറ്റ് അവള് കൈക്കലാക്കി. അടുത്തിരിക്കുന്ന അമ്മച്ചിയും അപ്പച്ചനും കുട്ടികളെ ഒന്നു അഡ്ജസ്റ്റ് ചെയ്തു അവനു കൂടി സീറ്റ് ശരിയാക്കി.
"അവനീഷെട്ടന്‍, അതെനിക്കിഷ്ട്ടായിട്ടോ"
"അവനീഷെട്ടന്‍, അതെനിക്കിഷ്ട്ടായിട്ടോ"
"അതൊരു നമ്പരാ, ചിലപ്പോള്‍ രാത്രിയില്‍ യാത്ര ചെയ്യണമെങ്കില്‍ ഇതൊക്കെ വേണ്ടിവരും, അവനീഷ്," അവളുടെ കിളി മൊഴികള്‍.
ഓരോരോ കാര്യങ്ങള്‍ പറഞ്ഞു ചിരിച്ചും ചിന്തിപ്പിച്ചും അവനീഷിന്റെ കണ്പോളകള്ക്ക് വിശ്രമം നല്‍കാതെ ഉറക്കത്തെ അവള് കവര്‍ന്നെടുത്തു.
ഓരോരോ കാര്യങ്ങള്‍ പറഞ്ഞു ചിരിച്ചും ചിന്തിപ്പിച്ചും അവനീഷിന്റെ കണ്പോളകള്ക്ക് വിശ്രമം നല്‍കാതെ ഉറക്കത്തെ അവള് കവര്‍ന്നെടുത്തു.
ഷൊര്‍ണ്ണൂര്‍ എത്തിയപ്പോള്‍ അവളെ യാത്രയാക്കാന്‍ വേണ്ടി അവനും പുറത്തിറങ്ങി. ട്രെയിന്‍ വീണ്ടും ചൂളം വിളി തുടങ്ങിയപ്പോള്‍ അവളൊരു എഴുത്ത് നിറ കണ്ണുകളോടെ കൊടുത്തു.
"അവനീഷ്, നീ ചോദിച്ചതിനുള്ള മറുപടിയെല്ലാം ഇതിലുണ്ട് സാവധാനത്തില്‍ വായിക്കുക."
അവനീഷ് കരുതിവെച്ച ചുവന്ന റോസാപൂക്കള്‍ അവള്‍ക്കു സമ്മാനിച്ചു, ട്രെയിനില്‍ ഓടി കയറി, പ്രതീക്ഷയോടെ വിറയാര്‍ന്ന കൈകളോടെ ആറ്റുനോറ്റിരുന്ന ആ എഴുത്ത് വായിക്കാന്‍ തുടങ്ങി.
***********
അവനീഷിന്,
എന്നെന്നേക്കുമായി യാത്രാ മൊഴി ചൊല്ലുന്നതിനു മുമ്പായി അവനീഷിനു എഴുതണമെന്നു തോന്നി. ഞാന്‍ കണ്ടുമുട്ടിയവരില്‍ ഭൂരിഭാഗവും കാപട്യത്തിന്റെ മുഖം മൂടിയുടെ ആവരണത്തില്‍ പൊതിഞ്ഞ തിരിച്ചറിയാനാവാത്ത സുന്ദര മുഖങ്ങളായിരുന്നു. അവനീഷ് മുമ്പ് ചോദിച്ചുവല്ലോ, ജീവിതത്തില്‍ എന്നും നിന്റെ സഖിയാകുവാന്‍ പറ്റുമോ എന്ന്. നിന്റെ ചോദ്യത്തിന്റെ ഉത്തരം കടമായി ബാക്കിവെക്കാതെ ഇവിടെ കുറിച്ചുകൊണ്ട് ഞാന്‍ യാത്രാമൊഴി ചൊല്ലുകയാണ്.

ചൊവ്വാദോഷത്തിന്റെ തണലില്‍ തീര്‍ത്തും ഒറ്റപെട്ടു ഇന്റര്‍നെറ്റില്‍ സമയം പോക്കിയ എനിക്ക് ആശ്വാസ വചനവുമായി അതിര്‍ത്തികള്‍ക്കപ്പുറത്ത് നിന്നൊരാള്‍ എത്തി. ഹഫീസ്, പാക്കിസ്ഥാനിലെ 'വസുരിസ്ഥാനില്‍' നിന്നും ഇന്ത്യയെ സ്നേഹിച്ചു, ഇന്ത്യയെ മനസ്സിലാക്കി ഹഫീസ്. എന്റെ ചൊവ്വാദോഷ കഥകള്‍ അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും, എന്നെക്കാള്‍ കൂടുതലായി ഇന്ത്യയെ കണ്ടെത്തിയ അവന് അതെല്ലാം ചിരിച്ചു തള്ളി. വാഗാ അതിര്‍വരമ്പുകള്‍ ഇടിച്ചു നിരത്തി ഇന്ത്യയും പാക്കിസ്ഥാനും ഒരൊറ്റ രാജ്യമായി തീരുന്നത് സ്വപ്നം കണ്ടിരുന്ന ഹഫീസ്, അടുത്ത വേള്‍ഡ് കപ്പ് ക്രിക്കറ്റ് സമയത്ത് ഇന്ത്യയിലെത്തുമെന്നും, അതുവരെ അവനു വേണ്ടി കാത്തിരിക്കണമെന്നും എഴുതി. ഇവിടെയെത്തിയാല്‍ പിന്നീടെന്തു, അതൊന്നും എനിക്കോ അവനോ അറിയാവുന്ന നിയമങ്ങള്‍ ആയിരുന്നില്ല. ഒരുമിച്ചു ജീവിക്കാനായില്ലെങ്കില്‍ ഒരുമിച്ചു മരിക്കുക, എന്ന തീരുമാനത്തിലായിരുന്നു ഹഫീസ്. കഴിഞ്ഞ ഒരു മാസമായി ഹഫീസുമായി ബന്ധം നഷ്ട്ടമായ എനിക്ക് രണ്ടു ദിവസം മുമ്പ് അവന്റെ സുഹൃത്തിന്റെ ഒരു മെസ്സേജ് കിട്ടി. പാക്കിസ്ഥാന് അതിര്‍ത്തികളിലെ 'താലിബാനിസം' അമര്‍ച്ച ചെയ്യാനുള്ള അമേരിക്കന്‍ മിസൈയില്‍ വഴി തെറ്റി, ഹഫീസിന്റെ വീടിനു മുകളില്‍ പതിച്ചു.
ഒരുമിച്ചു മരിക്കാനുള്ള ഞങ്ങളുടെ ആഗ്രഹം പോലും എന്റെ ചൊവ്വാദോഷം പട്ടടയില്‍ മുക്കി, ഹഫീസ്, എന്നെ തനിച്ചാക്കി പറന്നു പോയി. എനിക്കും പോകുവാനുള്ള സമയമായി.
മനസ്സും ശരീരവും കളങ്കപ്പെടാതെ ഞാന്‍ പോവട്ടെ. ഒരിറ്റു സ്നേഹത്തിനും സ്വാന്തനത്തിനും ദാഹിച്ച സമയമെല്ലാം കഴിഞ്ഞു. എരിഞ്ഞടങ്ങിയ സ്വപ്നകനലുകള്‍ നീറി പുകയാത്ത വിധം തണുത്തിരിക്കുന്നു. ട്രെയിന്‍ യാത്രയാവുന്നതോടെ, തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ പട്ടികയിലേയ്ക്ക്, ശരണ്യയും അവളുടെ ചൊവ്വാദോഷവും യാത്രയാവുകയാണ്. മതത്തിന്റെയോ, ജാതിയുടെയോ, രാഷ്ട്രങ്ങളുടെയോ അതിരുകളില്ലാത്ത ലോകത്ത് ത്രിവര്‍ണ്ണ പതാകയുമായി ഒരാള്‍ എന്നെ കാത്തിരിക്കുന്നു എന്ന സായൂജ്യത്തോടെ ഞാന്‍ പോകുന്നു.
എന്ന് ശരണ്യ.
***********
നിലവിളിച്ചുകൊണ്ട് അവനീഷ് ഓടികൊണ്ടിരുന്ന ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തി, ചാടിയിറങ്ങി പിറകിലേക്ക് ഓടി. കാണാനാഗ്രഹിക്കാത്ത ഒരാള്‍ക്കൂട്ടം ട്രാക്കില്‍ കൂടി നില്ക്കുന്നു. ആള്‍ക്കൂട്ടത്തെ തിക്കി തിരക്കി അവനൊന്നു പാളി നോക്കി. തിരിച്ചറിയാനാവാത്ത വിധം വികൃതമായ ശരണ്യയുടെ മൃതശരീരം. അവളുടെ അറ്റുപോയ കൈകളില്‍ രക്തത്തില്‍ പൊതിഞ്ഞു താന്‍ സമ്മാനിച്ച ചുവന്ന റോസാപൂക്കള്‍. ഒന്നേ നോക്കിയതൊള്ളൂ. ആര്ത്ത നാദത്തോടെ ഓര്‍മകളില്ലാത്ത ലോകത്തേക്ക് മറിഞ്ഞു വീണ അവനെ ആരൊക്കെയോ താങ്ങിയെടുത്തു.