Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, June 3, 2020

കണ്ണേ, കാതെ മടങ്ങാം


കറുപ്പായിരുന്നു 
തൊലിയും, തലയും 
കറുത്തിരുണ്ടൊരു 
കാപ്പിരി
ശ്വാസം  നിലക്കുവോളം
കെഞ്ചി  കേണയാൾ
"ഒരിറ്റു ശ്വാസം 
ഒരിറ്റു വെള്ളം"

പക്ഷെ.....

നിശ്വാസം പോലും 
കറുപ്പെന്നറിഞ്ഞു 
കണ്ണും കാതുമടച്ചു 
വർണ്ണ വെറിയന്മാർ  
ആസ്വാദിച്ചാർമാദിച്ചു
ശവക്കല്ലറ പണിതു 

കണ്ണേ, കാതെ മടങ്ങാം
ഇരുൾ മൂടും ലോകത്ത്
ശ്വാസം നിലക്കൊന്നൊരാർത്ത-   
നാദത്താൽ നെഞ്ചകം
പൊട്ടുന്നതാരുണ്ട് കാണാൻ?

 
====================================================================
ഇന്ത്യയിൽ  അടുത്ത കാലത്തായി നടമാടി കൊണ്ടിരിക്കുന്ന ആൾ കൂട്ട കൊലപാതകങ്ങൾക്ക് സമാനമായ രീതിയിൽ മെയ് 25, 2020, ജോർജ് ഫ്ലോയിഡ് എന്ന ആഫ്രിക്കൻ അമേരിക്കൻ പൗരനെ പോലീസുകാർ അതി ക്രൂരമായി  കൊലപ്പെടുത്തി.

കഴുത്തിൽ മുട്ടുകാൽ അമർത്തി ജോർജ് ഫ്ലോയിഡ്നെ പോലീസുകാർ ശ്വാസം മുട്ടിച്ച് കൊല്ലുമ്പോൾ എനിക്ക് ശ്വാസം കിട്ടുന്നില്ല, അല്പം വെള്ളം തരൂ, വെള്ളം തരൂ എന്ന് പലതവണ അയാൾ പറയുന്നത് കേൾക്കാൻ അന്ധരും മൂകരുമായ വർണ്ണ വെറിയന്മാർക്കായില്ല.
 =======================================================================

This is a picture of Mohammed Naeem moments before he was beaten to death. He was a father of three children. He pleaded with folded hands that he was innocent and yet they killed him.
This is a picture of Mohammed Naeem (from India) moments before
he was beaten to death. He was a father of three children.  He pleaded
with folded hands that he was innocent and yet they killed him.

                                                                                             Another mob rule victim from New Delhi.
Video, picture courtesy: google 
====================================================================

Sunday, December 15, 2019

എന്റെ ഇന്ത്യ

















രാവേറെ ചെന്നു
അശാന്തമായാത്മാവുറക്കം
വരാതെഴുന്നേറ്റു
വീണ്ടുമൊരു വിഭജനം
തെരുവുകൾ കത്തുന്നു
വെടിയൊച്ചകൾക്കിടയിൽ
ജീവനായി കേഴുന്നു കുട്ടികൾ

ഗാന്ധിയെ കാണണം
നെറ്റിയിലെ തഴമ്പു കൊണ്ട്
ഇന്ത്യാ  ഗേറ്റിലൊന്നു തടവണം
കാടു മൂടിയ പള്ളി തൊടിയിൽ
കാവലാളാവാതെ ആത്മാവിറങ്ങി

പക്ഷെ....
ഇന്ത്യാ ഗേറ്റിനു ചുറ്റിലും
ദിനോസറുകളട്ടഹാസം മുഴക്കുന്നു
ആത്മാവ് നേരെയോടി
ഗാന്ധിയെ  കാണാൻ 

പക്ഷെ.....
ഗാന്ധിയെ  വീണ്ടും വധിച്ചു
നൃത്തമാടുന്നു ചുറ്റിലും
അഭിനവ ഗോദ്സെമാർ

മടങ്ങാമിനി
കല്ലറയിലേക്കു തന്നെ
പൗരത്വം തേടി
പള്ളിക്കാട്ടിൽ വരുന്നിടം
വരേക്കെങ്കിലും
ഉറങ്ങാം അശാന്തമായി

പക്ഷെ
മരിച്ചു കൊണ്ടിരിക്കുന്നു
എന്റെ ഇന്ത്യ,  സ്വപ്നങ്ങളിലെ ഇന്ത്യ...

Tuesday, December 10, 2019

പൗരത്വമെ, നമോവാകം!!



ഡിസംബർ പത്ത്
മനുഷ്യാവകാശ ദിനം
പരതുന്നു നാട്ടിലാകെ
പൂർവികരെ
സ്വത്വം തേടിയലയുന്നു
ജനം തെരുവിൽ

മതമെന്ന മതിൽ കെട്ടി
തരം തിരിച്ചവർക്കറിയില്ല
എൻ സ്വത്വത്തെക്കാൾ
വലുതാണെനിക്കീ ഭൂമി

വെള്ളക്കാരോടുമുട്ടി
ചോരവാർന്നൊരു
തെരുവിലാണെങ്കിലും
ഭീതിയില്ലാതൊന്നു
തല ചായ്ച്ചുറങ്ങാൻ
വേണമൊരിടമെനിക്കും

ജനിച്ചു വീണൊരിടം
മരിച്ചു വീഴാൻ
കൊതിക്കും മനസ്സിൻ
ചാപല്യമോർത്തു
ചിരിക്കും പൗരത്വമെ ...
നിനക്ക് നമോവാകം!!
========================

December 9, 2019: രാജ്യത്തെ മതേതരത്വത്തെ നോക്കി കുത്തിയാക്കുന്ന വ്യക്തമായ അജൻഡയോടു കൂടി പൗരത്വ ബിൽ ലോകസഭ പാസ്സാക്കി.

Monday, December 9, 2019

'ഇന്നിന്റെ അമ്മ'












സ്വന്തം കുഞ്ഞിനെ
കശ്‌മലർക്കു
പിച്ചി ചീന്തി
കത്തി കരിയിച്ചു
ഇരയാക്കിടാതെ

എരിയും മനസ്സുമായി
പെട്രോളിൽ  കുതിർത്തു
തീ നാളമാക്കാൻ
കൊതിച്ചൊരമ്മയാണ്
'ഇന്നിന്റെ അമ്മ'

നൊന്തു പെറ്റൊരമ്മക്കറിയാം
വെന്തു പോവും 
കുഞ്ഞിൻ നോവുകൾ
===================================



Note: ഉന്നാവോയിലും ഹൈദ്രാബാദിലുമടക്കം രാജ്യത്തു വർധിച്ചു വരുന്ന  പീഡന കൊലകളിൽ നിന്നും  രക്ഷ നേടാനായി ഡെൽഹിൽ ആറു വയസ്സുള്ള സ്വന്തം പെൺകുഞ്ഞിന്നെ 'അമ്മ പെട്രോളൊഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു - Dec 7, 2019

Sunday, December 8, 2019

മാനിഷാദ













അവൾ
കരഞ്ഞില്ല
പിടഞ്ഞില്ല
നില വിളിച്ചില്ല
അറിയാം
ഇതാണെൻ വിധി
ഞെട്ടറ്റു പോയൊരു
നീതി ബോധത്തിനാൽ
ചുട്ടു ചാമ്പലാവാൻ
വിധിക്കപ്പെട്ടവൾ
ആരുമില്ല, ചൊല്ലാൻ
"മാനിഷാദ"

വീഴുന്നു
കണ്ണീർ മഴ
മാനത്തുനിന്നും
അടുത്തയിരയും
വള കിലുക്കം നിലച്ചു
മാനത്തിനായി
ചുട്ടെരിക്കപ്പെടുമ്പോൾ
തുരുമ്പിച്ചൊരു  നീതിബോധത്തെ
ചുട്ടെരിക്കാനാരുമില്ലെന്നറിഞ്ഞവൾ
വീഴ്ത്തുന്നു കണ്ണീർ മാനത്തുനിന്നും
====================================





Nov 30, 2019: ഹൈദരാബാദ് വെറ്റിനറി ഡോക്ടറെ കൂട്ട ബലാൽസംഘം ചെയ്തു കത്തിച്ചു കളഞ്ഞു. 

Tuesday, December 3, 2019

പ്രണയം

















പ്രണയമായിരുന്നു
നിൻ കണ്ണുകൾ
കൺ പീലികൾ
കവിളുകൾ
അലസമാം തോളിൽ
തൂങ്ങിയ മുടിയിഴകളിൽ
കാണാതൊളിപ്പിച്ച
ഹൃദയാനുരാഗങ്ങൾ

പെയ്തു തീർന്ന
മഴ തുള്ളിപോലൊരു
മഴ കിനാവായി
കാണാ മറയത്തെങ്ങോ
മറഞ്ഞിരിക്കും  പ്രണയം
കുളിർ കാറ്റിൽ പെയ്യും
മഞ്ഞു മഴപോൽ
തഴുകി തലോടിടാൻ വന്നിടട്ടെ.


Saturday, November 23, 2019

പാമ്പാണ് സത്യം













പാമ്പാണ് പാമ്പാണ്
പാമ്പാണ് സത്യം
തോരാതെ കേണവൾ
ജീവൻ തുടിക്കുവാൻ
കൊത്തിയപാമ്പിനെക്കാളും
വിഷം ചീറ്റിയാടി
ചുറ്റിലും കൊത്താതെ
കൊത്തിയ പാമ്പുകൾ

പേടിച്ചരണ്ടവൾ  നീലിമയായി
കേണവൾ കേണവൾ
പാമ്പാണ് സത്യം

പാമ്പിനെക്കാളും വിഷമായി മാറി
ചുറ്റുമിരുന്നവർ 'ആണിയെ' തേടി
വേദനകൊണ്ടു പുളയുന്ന നേരവും
അച്ഛനെ കാത്തവർ 'ആണികഥയുമായി'
ഓട്ടോയിൽ വന്നൊരു അച്ഛനെ കാത്തു
ഓട്ടം വരാതെ  ഓടിയൊളിച്ചവർ
കണ്ടൊരു ഡോക്ടറും രോഗം മറന്നു
നോക്കാതെ നോക്കാതെ ഓടിയൊളിച്ചവർ

പുഞ്ചിരി തൂകുവാനാവില്ലെനിക്കിനി
കണ്ണടക്കട്ടെ  യാത്രയാവാനായി
കൊത്താതെ കൊത്തിയ പാമ്പാണ്  സത്യം
പുഞ്ചിരി തൂകുവാനാവില്ലെനിക്കിനി.
======================================

Nov 20, 2019 : ക്ലാസ്സ്  മുറിയിൽ പാമ്പു കടിയേറ്റു മരിച്ച സുൽത്താൻ ബത്തേരി ഗവ.സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ്  ക്ലാസ് വിദ്യാർഥിനി ഷെഹ്‌ല മരണപ്പെട്ടു .

പാമ്പു കടിച്ചതാണെന്നു പറഞ്ഞിട്ടും സമയത്തു ഹോസ്പിറ്റലിൽ എത്തിക്കാതെ അദ്ധ്യാപകരും, വേണ്ട ചികിത്സ നൽകാതെ ഡോക്ടർമാരും അനാസ്ഥകാണിച്ചു.  

ഭയം










ഭയമാണെനിക്ക്......... ...
പേരുമെൻഉടയാടയും,
അധ്യാ 'പക' യും
കൂട്ടത്തിലെൻ നിഴലുകൾ
കൂടിയാടിയപ്പോൾ
നീതിബോധങ്ങൾക്കന്യമാം
നീതിയെ  തേടി  യാത്രയാവുന്നു

മാപ്പ്,  മോഹമില്ലെങ്കിലും
"ഭയമില്ലെനിക്കീ"
മരണത്തെ  പുൽകുവാൻ
ജീവിച്ചു തീർത്തപ്പോൾ 
കാണാത്ത നീതിയെ
തെളിയാൻ മടിക്കും
തിരികളിൽ തേടി
ഹാഷ്ടാഗുമായെൻ
ആത്മാവിനായി
കാണിക്ക വെക്കുന്നതെന്തിനാ നിങ്ങൾ?
=========================================




November 9th 2019,  ക്യാമ്പസിലെ അധ്യാപകരുടെയും മറ്റും പീഡനം സഹിക്കാതെ മദ്രാസ് IIT ഒന്നാം വർഷ വിദ്യാർത്ഥിനി  (ഫസ്റ്റ് റാങ്ക് ഹോൾഡർ)  പത്തൊമ്പതുകാരിയായ ഫാത്തിമ ലത്തീഫ് ദുരൂഹ സാഹചര്യത്തിൽ  മരണപ്പെടുന്നു. 

Wednesday, December 1, 2010

പൂഴികളുടെ തോഴന്‍ (കവിത)


ആരെന്നറിയാതെ, എന്തെന്നറിയാതെ

എന്തിനെയൊ   തിരയുന്നു ഭൂമിയില്‍
ഭൂമിയില്‍ ജാതനായ്‌ പോയതില്‍ പിന്നെ ‍
എന്നുമീ ഓട്ട തിടുക്കത്തിലായി ഞാന്‍

കാലങ്ങള്‍ കോലമായ് തീര്‍ത്തൊരു ‍ ദേഹത്തെ
കാണാതെ കണ്ടു ഞാന്‍ ഓടുന്നതിപ്പോഴും
എന്തെന്നറിയാതെ എന്തിനാന്നറിയാതെ
ഓടി തളര്‍ന്നു ‍ ജീവിത യാത്രയില്‍

ജീവിത  സൗഖ്യത്തിന്‍ മോഹവലയത്തില്‍
ഉയരങ്ങള്‍ തേടി ഞാനോടിയ വേളയില്‍
ഓടിയ പാതകള്‍ നോക്കി  ചിരിക്കുമ്പോള്‍
ഓട്ടത്തിന്‍ പൊരുളുകള്‍ തേടി ഞാന്‍ ഭൂമിയില്‍

ജീവിത പൊരുളുകള്‍ തേടി അലഞ്ഞു
ജീവിതം പാഴായി പോയതും കാണ്മൂ ഞാന്‍
ജീവിതം നശ്വരമാണെന്ന സത്യത്തെ
സ്വപ്നത്തില്‍ പോലും കാണുവാനായില്ല

ഓട്ടം നിലച്ചു ‍ പോകുന്ന  നേരത്ത്
ഓട്ടത്തിന്‍ പൊരുളുകള്‍ കാണാന്‍ തുടങ്ങുമോ?
എന്നുടെ സ്വപ്നങ്ങള്‍ ഓട്ടത്തിന്‍ നേട്ടങ്ങള്‍
എല്ലാം എനിക്കന്നു അന്യമായ് തീരുമോ?

മിണ്ടുവാന്‍ പോലും ത്രാണിയില്ലാതെ ‍
മണ്ടത്തരത്തിന്‍ അണയാത്ത ബിംബമായ്
യാത്രയായ് ഞാനന്ന് യാത്ര പറയാതെ
ഓട്ടത്തിന്‍ നേട്ടങ്ങള്‍ ഭൂമിയില്‍ ബാക്കിയായ്

ആരൊക്കെയോ എന്നെ താങ്ങി കിടത്തുന്നു
പൂഴികള്‍ കൊണ്ടെന്റെ ദേഹം മറയ്ക്കുന്നു
ഓടി തളര്‍ന്നു ഞാന്‍ ഒറ്റയ്ക്ക് പോകുമ്പോള്‍
പൂഴികള്‍ മാത്രമോ എന്നെ തുണക്കുവാന്‍ ? 
========================================================