Labels

Showing posts with label വാലന്‍റൈന്‍ ഡേയും സൂറാബിയും പിന്നെ ഞാനും - സൂറാബി കഥകൾ. Show all posts
Showing posts with label വാലന്‍റൈന്‍ ഡേയും സൂറാബിയും പിന്നെ ഞാനും - സൂറാബി കഥകൾ. Show all posts

Monday, August 10, 2020

സൂറാബിയും അരവിന്ദ് സ്വാമിയും പിന്നെ ഞാനും

ഒടുക്കത്തെ കൊറോണ കാരണം  ബല്യപെരുന്നാൾക്കു നാട്ടിൽ പോയി സൂറാബിനെയും കുട്ട്യാളെയും കാണാനുള്ള പൂതിയൊക്കെ  അട്ടത്തു വെച്ചു സൗദി തന്നെ ചുരുണ്ടു കൂടി.  സൂറാബിന്റെ  ഉമ്മ പറഞ്ഞപോലെ  ദുനിയാവ് ഇങ്ങിനെ   പിടുത്തം വിട്ടൊരു കാലം അടുത്തൊന്നും ഉണ്ടായിട്ടില്ല.  

എല്ലാ പെരുന്നാളിനും സൂറാബിന്റൊപ്പം ഓളെ പട്ടിക്കാട്ടിൽക്കും പോണതാണ്. മാരോൻ പഴയതായതോണ്ട്  എനിക്കിപ്പോ അവിടെ വല്യ ഡിമാൻഡ് ഒന്നും ഇല്ലെങ്കിലും  സൂറാബിന്റെ ഏട്ടത്തിമാരെ  പത്തു മുപ്പതു കുട്ട്യാള്, ഒരു കിണ്ടിലെ  വെള്ളം കാല്മെ  ഒഴിച്ച്  തന്നു  പൈസ കാലിയാക്കി പോണ ഒരു കലാ പരിപാടിയുണ്ട്. സൂറാബിനെ കെട്ടിയ അന്ന് തൊടങ്ങി, ഓരോ വരവിനും  പത്തു രണ്ടായിരം ഉറുപ്യ അടിച്ചു മാറ്റുന്ന ആ കിണ്ടിനെ കൊണ്ട് ചില്ലറ പൊല്ലാപ്പൊന്നുമല്ല.  
  
കഴിഞ്ഞ ബല്യ പെരുന്നാളിന് ലീവിനുപോയപ്പോ സൂറാബിക്കൊപ്പം  പട്ടിക്കാട്ടുക്കു ഞാനും  പോയി.  സാധാരണ ഉള്ള കാലു കഴുകൽ പരിപാടിയോ, കോലായിമ്മയിൽ കിണ്ടിയോ കൊളമ്പിയോ കാണാത്തോണ്ടു കൊറോച്ചൊരു സമാധാനത്തോടെ സൂറാബിന്റെ ഉമ്മ  തന്ന ചായയും കാറിയ  ചിപ്സും കുടിച്ചു പുറത്തെക്കിറങ്ങി.

മനസ്സിലൊരുപാട് കണക്കുണ്ടായതോണ്ട് സൂറാബിന്റെ  ആങ്ങള ഉണ്ടാക്കിയ മുറ്റോം  നടു മുറ്റോം കഴിഞ്ഞു ബാക്കിയുള്ള തൊടൂക്കൂടെ കണ്ണോടിച്ചു.  എന്റെ മാതിരി മണ്ഡ പോയ കുറച്ചു തെങ്ങേയിനി  സൂറാബിക്കും ഓളെ അഞ്ചെട്ടു ഏട്ടത്ത്യാൾക്കും കൂടി ബാക്കിയൊള്ളു. 

മനസ്സിലെ  കിനാവൊക്കെ കെട്ടിടാനുള്ള കെൽപ്പ് ഈ മണ്ഡല്ലാത്ത തെങ്ങിന് ഉണ്ടാകുന്നു തോന്നുണില്ല.   എല്ലാത്തിനും മാണം ഓരോരോ യോഗം.  ഒപ്പം പഠിച്ച എപ്പ്സൺ സാജിദിനൊക്കെ ഓരോരോ വരവിലും ഓലെ പെണ്ണുങ്ങളെ തൊടീലെ ലക്ഷങ്ങള് വിലയുള്ള പ്ലാവും, തേക്കും, ചന്ദനം വരെ മുറിച്ചു കടത്തലാ പണി. ഉള്ളൊക്കെ ചിതല് പിടിച്ച എന്റെ പെരെലെ  വാതിലും  ജന്നലും മാറ്റാൻ പറ്റിയ ഉരുപടിയൊന്നും  സൂറാബിന്റെ തൊടീന്ന് കിട്ടൂല.  ആകെയുള്ളത് രണ്ടു മൂന്നു  തെങ്ങും, ഒരു മുരിക്കും മരോം  പിന്നെ മൊരടില്ലാത്ത   അടക്കപ്പായ മരോം ആണ്. അടക്കപ്പായത്തിന്റെ മൊരട് സൂറാബിന്റെ  ആങ്ങളെന്റെ തൊടീലായതോണ്ട്  അയ്മക്കു   കണ്ണ് വെക്കാൻ പോയിട്ട് കാര്യല്ല . അല്ലെങ്കി തന്നെ സൂറാബിന്റെ ആങ്ങളെന്റെ കെട്ടിയോൾക്കു വല്യ രണ്ടു കണ്ണാ.  എപ്പോളെങ്കിലൊന്നു തൊടൂക്കിറങ്ങിയാ പിന്നെ ഓളെ ഒരു കണ്ണ്  വടക്കിണിന്റെ ജനാലക്കകൂടി എന്റെ മേലായാകും. 


ഓളെ കണ്ണ് വെട്ടിച്ചു തൊടൂക്കൂടെ  നടന്നു നോക്കിയപ്പോൾ ചെറിയൊരു റംബൂട്ടാൻ മരത്തിൻമേ പഴുത്തു നിക്കണ റംബൂട്ടാൻ കണ്ടപ്പോ മുന്നും പിന്നും നോക്കാതെ   ഒറ്റയ്ക്ക് കുരുവാക്കി  കഴിഞ്ഞപ്പോ സൂറാബിയും നാത്തൂനും കൂടിയൊരു  വരവ് വന്നു. ഓലാ റംബൂട്ടാൻ കിളിയാൾക്കു നേർച്ച നേർന്നതാണോല്ലോ. ആദ്യായിട്ട് രണ്ടു കൊല റംബൂട്ടാൻ ഉണ്ടായതാണ്.  അത് പഴുക്കാനായാപ്പോ അയിലൂടൊരു കൈയൊക്കെ നോക്കണ  കൊറത്തി    വന്നു . സൂറാബിന്റെയും ഓളെ ഉമ്മാനെയും പോലെ തന്നെ  നാത്തൂനും  കൊറത്തി എന്തെലും  പറഞ്ഞാൽ  അത് വല്യ കാര്യമാണ്.  റംബൂട്ടാൻമേക്കു കണ്ണും വെച്ച് സൂറാബിന്റെ നാത്തൂന്റെ കൈ നോക്കി  ഭാവി പറഞ്ഞു റംബൂട്ടാൻ നല്ലോണം  കായിണ്ടാകണേൽ ആദ്യത്തെ കൊല കാക്കാത്തിക്കും രണ്ടാമത്തെ  കൊല  കിള്യാൾക്കും  തിന്നാൻ കൊടുക്കണംന്നു പറഞ്ഞു, ആകെ ഉണ്ടായ രണ്ടു കൊലയിൽ ഒന്ന് കാക്കാത്തി അടിച്ചു മാറ്റി.    

"എന്റെ മനുഷ്യ ഇങ്ങള് എന്റെ നിലയും വെലയും കളയാനായിട്ടു വന്നതാണൊന്നു ചോയിച്ചു സൂറാബിയും,  നേർച്ചക്കിട്ട റംബൂട്ടാനാണല്ലോ കഞ്ഞി ഇജു ശരിയാക്കിയതെന്നു"   പറഞ്ഞു നാത്തൂനും വിസ്താരം  തൊടങ്ങി.  

കിളിയാൾക്കുള്ള നേർച്ച മുടങ്ങിയ കാരണം  കൊണ്ട് റംബൂട്ടാൻ കായിച്ചൂലന്നാണ് ഓലെ ബേജാറ്.    റംബൂട്ടാന്റെ ഒപ്പം എന്റെ കായി കളയണ കിണ്ടി കൂടി അടിച്ചു മാറ്റീട്ടാണ് കൊറത്തി സലാമത്താക്കീത്ന്നറിഞ്ഞു ഉള്ളിന്റെ ഉള്ളില് പെരുത്ത് സന്തോഷായി. സൂറാബിയും നാത്തൂനും  കൂടി  എന്നെ പിരാകി അകത്തേക്ക് പോയി.

സൈക്കിളുമെന്നു വീണപോലെയുള്ള     ഒയിലിച്ച മാറ്റാൻ  മണ്ഡല്ലാത്ത  തെങ്ങുമക്കും നോക്കി മനകണക്കും കൂട്ടിയിരിക്കുമ്പോ സൂറാബിന്റെ എളാപ്പ, സ്കൂട്ടി കൊണ്ടു വന്നു, അയിൻമെ  കേറാൻ പറഞ്ഞു. അല്ലെങ്കിലേ രണ്ടു ചക്ര വണ്ടിനോടുള്ള പേടിയും മൂപ്പരെ  ഡ്രൈവിങ്ങിന്റെ കൊണം നല്ലോണം അറീണ ഞാൻ മടിച്ചു മടിച്ചു നിൽക്കുമ്പോ സൂറാബിയും ഓളെ നാത്തൂനും കൂടി എന്നെ വണ്ടീമേ തള്ളിപിടിച്ചു കയറ്റി.   പടച്ചോനെ,    എവടക്കാപ്പോ  മഗിരിബാങ്ക് കൊടുക്കാൻ നേരത്തു എന്നെ കെട്ടി വലിച്ചു കൊണ്ടൊണ്ന്നു  കരുതി.  ഒരു ഊടുകൂടെ ഒന്ന് രണ്ടു അറ്റംകലായി ചാടി കടന്നു മൂപ്പര് ഒരു പള്ളിന്റെ മുമ്പില് സ്കൂട്ടി നിർത്തി.  ഇത് ഞങ്ങള്  മുജാഹിദീങ്ങളെ പള്ളിയാണ്,    ഞങ്ങളൊരു പത്തിരുപതാളെ ഇബടെളളൂ.  മൂപ്പര് പറഞ്ഞു." മൂപ്പരും എന്റെ മാതിരി മുജാഹിദാന്നറിഞ്ഞപ്പോ എനിക്ക് സന്തോഷായി. 

വരുന്നോർകൊക്കെ  മൂപ്പര് എന്നെ പരിചയപ്പെടുത്തി കൊടുക്കുന്നതിനിടയിൽ  മഗ്‌രിബിന്‌ ബാങ്ക് കൊടുത്തു. വുളു ഉണ്ടാക്കി പള്ളികയറാൻ നിൽക്കുമ്പോ വരുന്ന ആളെ കണ്ടു ഞാൻ ഞെട്ടി.  പടച്ചോനെ  അറബി ടീച്ചറെ മകൻ അബ്ദു. ഞാൻ ഓനെ കണ്ടു കണ്ടില്ലന്നു മട്ടില് പതുക്കെ നോക്കി  പള്ളി കയറി സുജൂദിന്റെ നീളം കൂട്ടി സുന്നത്തു നിസ്‌ക്കരിച്ചു.  സലാം വീട്ടിയപ്പോ അബ്ദു ബാക്കില് സുന്നത്തു നിസ്ക്കരിക്കുന്നു.  അബ്ദുനെ ഒഴിവാക്കാൻ വേണ്ടി ഞാൻ ഒന്നൂടെ  സുജൂദിൽ പോയി, ഇഖാമത്ത്   കൊടുക്കുണതു  കേട്ടപ്പോ   മഗരിബ് നിസ്‌കരിക്കാൻ നിന്നു.  നിസ്ക്കാരം മുഴുവനും അബ്‌ദു കൊണ്ട് പോയ മാതിരിയായി,  അല്ലെങ്കിലേ നിസ്‌കരിക്കാൻ നിക്കുമ്പോളാണ് എല്ലാ കുണ്ടാമണ്ടിയും  തലെന്റെയുള്ള്ക്ക് മണ്ടി കയറല്.   സലാം വീട്ടി നോക്കിയപ്പോ അബ്ദൂനെ പള്ളിക്കെ കാണാല്ലാത്തോണ്ട് ഞാൻ സമാധാനിച്ചു.  സൂറാബിന്റെ എളാപ്പാന്റെ  സ്‌കുട്ടിമെ  കേറി. വണ്ടി ഓടിച്ചു  മൂപ്പര് നേരെ ഒരു വീടിന്റെ മുമ്പില് നിർത്തി.  അബ്ദു അന്നേം കൊണ്ട് ഇങ്ങോട്ടു ബരാൻ പറഞ്ഞതാണ്.  മണ്ഡല്ലാത്ത  തെങ്ങിന്റെ  ചോട്ടിൽ പോയി കണക്കൂട്ടിയ എന്റെ ബുദ്ധീനെ പിരാകി സ്കൂട്ടിമെന്നറങ്ങി.

സൂറാബിന്റെ വീട്ടുകാരെ ബല്യ ദോസ്താണ് പട്ടിക്കാട്ടെ അറബി ടീച്ചർ. തങ്കപ്പെട്ട ടീച്ചറെ തങ്കപ്പെട്ട സ്വാഭാവള്ള മകനായ അബ്ദു എന്റെ  മാതിരി ഗൾഫിൽ തന്നെ ആണ്.  പള്ളിമുക്കിലെ ഒരു അറബി ടീച്ചറെയും  അറബി മാസ്റ്റെയും  മകനായിട്ടും സൂറാബിന്റെ കൂട്ടക്കാരെടുത്തു അബ്ദുനുള്ള വെയിറ്റ് എനിക്കില്ല.   പത്തു പതിനഞ്ചു കൊല്ലം മുമ്പ്  സൂറാബി  ആദ്യായിട്ട് ഗൾഫിൽ വന്ന ഉടനെ ഓളൊരു ദോസ്ത് ഷഹർബാൻ  ഓളെ കാണാൻ വന്നു. ഷഹർബാനും കെട്ടിയോനും അബ്ദുനെ പോയി കണ്ട കഥയൊക്കെ സൂറാബിക്കു വിവരിച്ചു കൊടുത്തു. എപ്പം വന്നാലും ഷഹർബാൻ  എന്നെ എടങ്ങേറാക്കുന്ന എന്തേലും ഒരു കുത്തിത്തിരിപ്പ് സൂറാബിന്റെ തലയില് കയറ്റിയിട്ടേ  പടിയിറങ്ങി പോകൂ.  അന്ന് മുതൽ സൂറാബി എന്റെ പിന്നാലെ കൂടാൻ തുടങ്ങി, ഓൾക്കും അബ്ദുനെ കാണണം.  ഞങ്ങളെ അറബി  ടീച്ചറെ മകനാണ്, അബ്ദു സിനിമേലെ അരവിന്ദ സ്വാമിന്റെ മാതിരിയാണെന്നും,  നല്ല സ്വാഭാവണെന്നും  സൂറാബി പറഞ്ഞു തന്നു.  പോരാത്തതിന് ഓന്റെ കല്യാണം ഉണ്ടാക്കിയ ബ്രോക്കറും  സൂറാബി ആണോല്ലോ.  സൂറാബിന്റെ മമ്പാട്ടുള്ള ചങ്ങായിച്ചീനെ സൂറാബി മുഖാന്തിരമാണ് ഓൻ കെട്ടിയേത്. 


അരവിന്ദ സ്വാമിന്റെ ഗ്ലാമറുണ്ടെന്നു കേട്ടപ്പോൾ അബ്ദുനെ  കാണാനുള്ള മൂടൊക്കെ പോയെങ്കിലും സൂറാബിന്റെ ഒടുക്കത്തെ ശല്യം കാരണം ഒരീസം ഞാനും സൂറാബിയും കൂടി ഓനെ കാണാൻ പോകാൻ തീരുമാനിച്ചു. 

എന്റെ കണ്ണും മോറും  കണ്ണാടിക്കു മുമ്പില് കാണുമ്പോ  കണ്ണാടി കുത്തിപ്പൊട്ടിക്കാൻ തോന്നും.  പട്ടിക്കാട്ടെ അരവിന്ദ് സ്വാമിന്റെ  മുമ്പില് തോൽക്കാൻ പാടില്ല എന്ന വാശിയോടെ  ശ്രീനിവാസൻ സ്റ്റൈൽ മാറ്റാൻ  വേണ്ടി, കുറെ പുട്ടി യൊക്കെ  വാരി തേച്ചു ഞാൻ സൂറാബിന്റെ ഒപ്പം ബാറ്റന്റെ ഷോറൂമിലെ സയിൽസ്മാനായ അബ്ദുനെ കാണാൻ പോയി.   എന്നെക്കാളും ഗ്ലാമറുള്ള അബ്ദുനെ കണ്ടെനിക്ക് തലപിരാന്തു കടിച്ചു.

പോരുമ്പോ സൂറാബി അബ്ദു എങ്ങിനെയുണ്ടെന്നു ചോദിച്ചു, ഗ്ലാമറുണ്ടെന്നു പറയാൻ ഉള്ളിന്റെ ഉള്ളിലെ കുയിന്ത്  സമ്മതിച്ചില്ല.   ഓന് ഒന്നൂല്ലെങ്കി പ്രീഡിഗ്രി അല്ലെന്നും, പള്ള കുറച്ചു കൂടുതലാണെന്നും പറഞ്ഞു.  പിന്നെ ഓന് കച്ചോടം ചെയ്യുന്ന  ബാറ്റന്റെ ചെരുപ്പും കമ്പനി തന്നെ തട്ടിപ്പാണെന്നും, ഒലെ സാധനങ്ങൾക്കൊക്കെ   29.95, 39.95 അല്ലെങ്കിൽ 49.95 ന്നു വില ഇടും. ബാക്കി അഞ്ചു പൈസ ഒരാൾക്കും കൊടുക്കാതെ തട്ടിപ്പു നടത്തും. ഓനെ പറ്റി കുറ്റം മാത്രം പറഞ്ഞത് കേട്ടു സൂറാബി ചൂടായി.

"ഇങ്ങളയിന് എപ്പോളെങ്കിലും ഒരാളെ പറ്റി ദുനിയാവില് നന്നാക്കി    പറഞ്ഞിട്ടുണ്ടോ? പിന്നെ  പ്രീഡിഗ്രിക്കു ഇപ്പൊ എന്താ കുഴപ്പം,  പ്രീഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നും അല്ലാന്നു സിനിമയില് വരെ പറഞ്ഞിട്ടുണ്ടല്ലോ, പിന്നെപ്പോ കേട്ടാ തോന്നും ഇങ്ങള് വല്ല പിഎച്ച്ഡിക്കാരനാണെന്നു?"  അബ്ദുനെ  കുറ്റം പറഞ്ഞു  വെറുതെ സ്വന്തം  മാനം കളയണ്ടാന്നു കരുതി ഞാൻ അടങ്ങി.  

അന്ന് മുതല് സൂറാബിയും ഓളെ കൂട്ടക്കാരും, അബ്ദും   അറിയാതെ നാട്ടിലായാലും  ഗൾഫിലായാലും അബ്ദു എനിക്കൊരു  എതിരാളിയായി  മാറി. 

ആ അബ്ദുനെ ഇപ്പൊ സൂറാബിന്റെ എളാപ്പാന്റെ ഒപ്പം വീണ്ടും കാണാൻ പോണത്. അബ്ദു സെയിൽസ്മാൻ പണിയൊക്കെ ഒഴിവാക്കി  കുറച്ചു കാലയായി ഗൾഫിൽ സ്വന്തം ബിസിനസ്സാണ്.  പടച്ചോന്റെ കുത്രത്തോണ്ടു ഓന്റെ  ബിസിനസ്സ് ഓന്റെ പള്ളനെ പോലെ   നല്ല പോലെ പച്ച പിടിച്ചു, നല്ല നിലയിൽ എത്തീട്ടുണ്ട്. ഓന്റെ വീടും മുറ്റത്തെ  രണ്ടു മൂന്ന്  കാറുകളും കണ്ടു എന്റെ കണ്ണ് തള്ളി.  ബെൻസ് ഓന് ലോങ്ങ് പോകാൻ, ഇന്നോവ ഓന് നാട്ടിൽകൂടെ കറങ്ങാൻ പിന്നെ  ഓന്റെ കെട്ടിയോൾക്കു മാരുതി സ്വിഫ്റ്റ്.  

ഇടക്കൊക്കെ സൂറാബി അബ്ദുൻറെ  നില  പറയുമ്പോ  പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്തു മുട്ടായി കച്ചോടം ചെയ്ത പരിചയം വെച്ച്    വല്ല ബിസിനസ്സും കൂടി ചെയ്താലൊന്നു തോന്നിയതാണ്. സ്കൂളില് പഠിച്ചപ്പോ  ഹോർളിക്ക്‌സും കുപ്പീലെ റൌണ്ട്  മുട്ടായി, തേൻ മുട്ടായി, കടിച്ചാപറിച്ചൊക്കെ അയലോക്കക്കാരൻ മയമ്മദ്കാക്ക   കടം വാങ്ങി കടം വാങ്ങി കുപ്പി കാലിയാക്കി,  കച്ചോടം പൂട്ടിച്ചു.  അതിനു ശേഷം  രണ്ടാമത്തെ  ബിസിനസ് സംരംഭമായി  ജിദ്ദയിലെ ഒരു ഹോസ്പിറ്റലിന് എന്റെ പള്ളിമുക്കിലെ കൂട്ടക്കാരൊപ്പം  ഷെയറു  കൂടി.  ഹോസ്പിറ്റല് തുടങ്ങി അഞ്ചാമത്തെ ദിവസം സ്പോൺസർ കൂടിയായ സൗദി ഹോസ്പിറ്റല്  പിടിച്ചെടുത്തു.  രണ്ടാമത്തെ കച്ചോടം  കൂടി മുതലടക്കം പോയ കാര്യം സൂറാബിനോട് പറഞ്ഞപ്പോ ഓള് എന്റെ കൈ രണ്ടും കൂടി പിടിച്ചു നോക്കിയപ്പോ വിരലുകൾക്കിടയിൽ ഓട്ട കണ്ടു.  ഈ ഓട്ട കൈയ്യും  വെച്ച് മേലാല്ക്കു മുൻഷ്യ ഇങ്ങള് ബിസിനസ്സെന്നു പറഞ്ഞു നടക്കരുതെന്നു പറഞ്ഞു.

അബ്ദുൻറെ  ചായ തക്കാരം  കഴിഞ്ഞു സൂറാബിന്റെ  വീട്ടിലെത്തി. ഓളെ എളാപ്പ അബ്ദുൻറെ വീട്ടില് പോയ കാര്യയൊക്കെ വിസ്തരിച്ചു, പ്രീഡിഗ്രി അത്ര മോശം ഡിഗ്രി അല്ലാന്നു എനിക്ക് അബ്ദുൻറെ ചുറ്റുപാട് കണ്ടപ്പോൾ മനസ്സിലായി,    ഓന്റെ തലമത്തെ വരന്റെ   ഒരു അര വര എനിക്കും കിട്ടാത്തതില്  വിഷമിച്ചു, സൂറാബിനെയും കൂട്ടി പള്ളിമുക്കിലേക്ക് മടങ്ങാൻ തീരുമാനിച്ചു.  

മടങ്ങുന്ന നേരത്തു സൂറാബിക്കു പതിവായി  മാളുമ്മ താത്താക്കും , നബീസ താത്താക്കും കൂടി  കൊടുക്കുന്ന അംഞ്ഞൂറു ഉറുപ്പികക്കു പകരം അറുനൂറു കൊടുത്തപ്പോ സൂറാബി ചോയിച്ചു

"എന്താ മനുഷ്യ ഇങ്ങള് നന്നായോ,  അഞ്ഞൂറിന് പകരം അറുന്നൂറു ?"

അധികമുള്ള നൂറു ഉറുപ്പിക എന്റെ പോക്കറ്റ്  കാലിയാക്കുന്ന കിണ്ടി കൊണ്ട് പോയ കൊർത്തി വരുമ്പോൾ കൊടുക്കാനുള്ളതാന്നു പറഞ്ഞു ഞാൻ വണ്ടിയിൽ കയറി. 

Wednesday, May 27, 2020

കോളേജ് സൂം മീറ്റും സൂറാബിയും പിന്നെ ഞാനും

ഒരുമാതിരിയെല്ലാ ബീരാൻമാരെയും പള്ളക്കടിച്ചിട്ടും പിരിഞ്ഞു പോവാൻ കൂട്ടാക്കാത്ത  ഈ ഒടുക്കത്തെ കൊറോണ വന്നിട്ടിപ്പോ മൂന്നാലു മാസായി. സോപ്പും കമ്പനിക്കാരെമാതിരി ഇതോണ്ട് കൈച്ചിലായൊരു  കൂട്ടക്കാരാണ് സൂം മീറ്റാര്.

തൊട്ടയിനും പിടിച്ചായിനൊക്കെ സൂം മീറ്റിനായിട്ടു  ആൾക്കാരിപ്പോ കൊറോണനെക്കാളും  വേഗത്തിൽ തലങ്ങും വിലങ്ങും മണ്ടിപായാണ്. പട്ടിക്കാട് സൂറാബിന്റെ കൂട്ടക്കാര് വരെ സൂം മീറ്റ് തൊടങ്ങിയ കാലായതോണ്ട് പിന്നെ നമ്മളെ മമ്പാട് കോളേജ് പ്രീഡിഗ്രി ഗ്രൂപ്പാരെ കാര്യം പറയാണ്ടോ. അല്ലെങ്കി തന്നെ സൂറാബി എപ്പളും പറയും  "ഇങ്ങളെ പ്രീഡിഗ്രി വാട്സപ്പ്  ഗ്രൂപ്പിന് കൊറച്ചു മാഞ്ഞാളത്തരം  കൂടുതലാണെന്ന്".

എന്റെ നാടായ പള്ളിമുക്കിലെ അയമോക്ക  അവ്വല് സുബഹി മുതല് ഏസ്സാ മഗ്‌രിബ് വരെ  കച്ചോടം ഉണ്ടെങ്കിലും ഇല്ലെങ്കിലും മൂപ്പരെ മക്കാനി തുറന്നെക്കെണ മാതിരി    മീറ്റ് മൊതലാളി സമീർ ഇതെങ്ങട്ടു  തൊറന്നിടും. പോരാത്തതിന്  ഗ്രൂപ്പിന്റെ  പാട്ടിന്റെ മൊത്ത കച്ചോടം ഏറ്റെടുത്ത മെഹബൂബും, മുജീബും പിന്നെ  വന്നു കേറണ എന്നെ പോലെയുള്ള ഏത് വീരാൻമാരും, ഹാരിസുമാരും  ഒന്ന്പാടി നോക്കാനുള്ള അവസരാണുള്ളത്.  തമ്മിൽ തമ്മിൽ കുറ്റം പറയോന്നു  പേടിച്ചിട്ട് നേരം ഉണ്ടെങ്കിലും ഇല്ലെങ്കിലും സൂം മീറ്റില് കെട്ടിയോള് സൂറാബി അറിയാതെ  ഞാനും കേറി തൊടങ്ങി. ഓളുപ്പോ നാട്ടിലായതോണ്ട് ഇതിനൊക്കെ കൊറച്ചൊരു സുഖണ്ട്.  കെട്ടിയോളുമാര്  അടുത്തുള്ള  സകല മൂപ്പന്മാരും, ലൗലികളും, റോസുമാരും, സാജിദുമാരും,  നജീബുമാരൊക്കെ, പെരപ്പുറത്തും, ഇരുട്ടത്തും നിന്നാണ് സൂമില് കയറാറുള്ളത്. 

സൂറാബിന്റെ   വെന്റിലേയ്റ്ററില് കിടക്കണ ജീവല്ലാത്ത വാട്സപ്പ് ഗ്രൂപ്പാണ് ആദ്യം തൊടങ്ങീത്.  സൂറാബിങ്ങനെ ഗ്രൂപ്പില് ഗമ കാട്ടി നടക്കിണ കാലത്തൊക്കെ അണ്ടി പോയ അണ്ണാന്റെ മാതിരി ആദിമൂത്തു ഇടക്കൊക്കൊന്നു ഓളെ ഗ്രൂപ്പിലേക്ക്  ഒളിഞ്ഞു നോക്കി പോരോങ്കിലും, അന്നൊക്കെ നമ്മക്ക് വാട്സാപ്പ് കാണുന്നതെന്നെ ഹറാമായിരുന്നു.
  
"ഇതൊന്നും നല്ലീനല്ല, സൂറാബി, നമ്മളെ സമയം വടക്കാക്കാനുള്ള ഓരോരോ  ഏർപ്പാടാന്നു" ഓളോട് പറഞ്ഞു നോക്കെങ്കിലും അതൊന്നും ഏശീല.

"ഇങ്ങളിപ്പോ വല്യ ആദർശം പറയണ്ട,  ഇങ്ങാക്കിപ്പോ ഇതൊന്നും ഇല്ലാന്ന് കരുതി ബേറെല്ലോർക്കിതൊന്നും പറ്റൂലെന്നായി സൂറാബി."

നമ്മളെ വാട്സാപ്പില്   കാര്യമായിട്ട് മെസ്സേജ് ഒന്നും വരാതെ വറ്റി വരണ്ടു ഇരിക്കിണ കാലത്തു  മൊബൈൽന്നു  'കിണിം' എന്നൊരൊച്ച  കേട്ടു.  മൂന്നാം ക്ലാസ്സില് പഠിച്ചുമ്പോ  സുരേഷ് അങ്ങനൊരു  ഒച്ച കേട്ടു തിരിഞ്ഞു നോക്കിയപ്പോ മുറ്റത്തെ മൈനനെ കണ്ട മാതിരി   ഞാനൊന്ന് മൊബൈയിലിക്ക് തിരിഞ്ഞു നോക്കി,

അള്ളോയി,

'മമ്പാട് കോളേജ് വാട്സാപ്പ് ഗ്രൂപ്പില് നിങ്ങളെയും  ചേർത്തിരിക്കുന്നു'

ആ മെസ്സേജ് കണ്ടു എന്റെ കണ്ണ് തള്ളി.  അല്ലെങ്കിലേ എന്നെക്കാളും പഠിപ്പുള്ള സൂറാബി,  മോഹൻലാൽ നാടോടിക്കാറ്റില് പറീണ മാതിരി ചുരുങ്ങീത് അഞ്ചു വക്തും, ബികോം ഫസ്റ്റ് ക്ലാസ്സാണെന്നു കുട്ട്യാളെ കേൾക്കെ ഓതി തരും. വാട്ട്സ്ആപ് ഗ്രൂപ്പില്ലാത്തോണ്ട് ഞാൻ കോളേജിലേക്കെന്നെ  പോയിട്ടില്ലന്നാണ് കുട്ട്യാളെ വിചാരം. മാർക്കിന്റെ വലുപ്പം കൊണ്ട് കുട്ട്യാൾക്ക് എന്റ മാർക്ക് ലിസ്റ്റ് കാട്ടി കൊടുക്കാനും പറ്റൂല. 

അങ്ങിനെയിരിക്കുമ്പോളാണ് ഒപ്പം പഠിച്ച സമീറു ഓന് വേണ്ടപ്പെട്ട ലൗലികളെയൊക്കെ' കയറ്റി, സീറ്റു ബാക്കിണ്ടായപ്പോ നമ്മളെ പിടിച്ചു കയറ്റുന്നത്.  ചങ്കു  ബ്രോ  ആസാദൊക്കെ ഗ്രൂപ്പിൽ പാറി കളിക്കാണ്.  കൊറച്ചു കാലായി  'സെൻസോഡിൻ' പേസ്റ്റൊന്നും   കിട്ടാതായപ്പോ തന്നെ എന്തോ ഒരു വിക്രസ്സു ഓനുള്ള മാതിരി തോന്നിയേതാണ്. അല്ലെങ്കില് എന്റെ ഫ്‌ളാറ്റിന്റെ  അടുത്ത ഫ്ളാറ്റിലെ കുട്ട്യാള് വരെ സെൻസോഡിൻ കൊണ്ട് ചോരുമ്മെ   ചിത്രം വരക്കണ കാലാണ്‌.


കുറച്ചീസം ഗാലറീലിരുന്നു ഗ്രൂപ്പൊക്കെ കണ്ടു മനസ്സിലാക്കി.  നേരം വെളുക്കുന്നേൻറെ മുബെന്നെ ഗുഡ് മോർണിംഗ് ഒപ്പം തെന്നെ ഗുഡ് ഈവനിംഗും കൊടുക്കുക , പിന്നെ ബർത്‌ഡേ, അനിമേഴ്സിരി, കേക്ക്, ബിരിയാണി, പായസം, പാട്ടും  പൂവും,  ചെടിച്ചട്ടിയൊക്കെ  കൊടുക്കലും  വാങ്ങലും. ഇനി അഥവാ ഞമ്മളെ ബർത്ഡേയ്, അനിമേഴ്സറി ഗ്രൂപ്പ് മൊതലാളിമാര് ഇടാൻ മറന്നുക്കെണെങ്കിൽ 'പരുത്തിയൊക്കെ' കാട്ടിണമാതിരി, ഇന്നത്തേയ്ക്കു  25 കൊല്ലം, ഒരു ഫെബ്രുവരി പതിന്നാലിനായിരുന്നു ഇവളെന്റെ ഒപ്പം കൂടിയതെന്നു പറഞ്ഞിട്ട് ഒരു പഴയെ ബ്ലാക്ക്‌വൈറ്റ് കല്യാണ ഫോട്ടം കളറില് മുക്കീട്ടങ്ങട്ടു പോസ്റ്റിയാൽ മതി. അല്ലെങ്കിൽ 'ഹാപ്പി ബർത്ഡേയ് ടു മി' ന്നു പറഞ്ഞു ഒരു വിഷ് നമ്മക്കെന്നെ കൊടുക്കുക, ബാക്കി ഗ്രുപ്പാര് നോക്കും.  വിഷിന്റെ ഒഴുക്കിങ്ങനെ കുറഞ്ഞു വരാന്നു തോന്നിയാൽ എനിക്ക് വിഷ് ചെയ്തോൽക്കൊക്കെ നന്ദിന്നൊരു പോസ്റ്റ് കഴിയുന്നതും അസാറാങ്കു കൊടുക്കുന്നെന്റെ മുമ്പെന്നെ പോസ്റ്റുക. പണി  തിരക്കുള്ള ഏത് ഷാജി പോലീസും ശശി പോലീസും കുറച്ചും  കൂടി വിഷും, പൂവും  അപ്പൊ തന്നെ തന്നിട്ട് പോവും.   

ഇതൊക്കെ നോക്കി കണ്ടിരിക്കെണിന്റെയിടയിൽ ഒരീസം സൂറാബി  ചോയിച്ചു.  
      
"അല്ല മനുസ്യ ഇങ്ങളെ ഗ്രൂപ്പാരെന്തിനാ ഗുഡ് മോർണിംഗിന്റെ ഒപ്പം തന്നെ  ഗുഡ് ഈവനിംഗും  കൂടി കൊടുക്കുന്നത്."

"അതോൽക്കു വൈകുന്നേരം ഗുഡ് ഈവെനിംഗ്‌ കൊടുക്കാൻ നേരല്ലാത്തോണ്ട് രാവിലെ തന്നെ കൊടുക്കണതാകും" 

"എന്ന പിന്നെ ഒരു കൊല്ലത്തിനുള്ളത് ഒന്നായിട്ടങ്ങട്ടു കൊടുത്താ പോരെ എന്നായി ഓള്."

"അയിന്റെ പിന്നാലെ കെട്ടി മറിയാതെ  ഇജു വേറെ വല്ല കാര്യോണ്ടെങ്കിൽ അത് നോക്കീക്കോന്നു പറഞ്ഞു ഞാൻ ഓഫീസിൽക്ക് പോയി."

ഓഫീസു വിട്ടു റൂമിലേക്കെത്തിയപ്പോ സൂറാബിന്റെ ചായക്കൊന്നും കാക്കാതെ ഞാനാ ഗ്രൂപ്പൊന്നു നോക്കി. പടച്ചോനെ  ചങ്കു ബ്രോ ആസാദും സമീറും കൂടി ഓലെ  അത്ര  ഗ്ലാമറില്ലാത്ത എന്റൊരു  പോട്ടം എബടെന്നോ തപ്പി പിടിച്ചു  ഗ്രൂപ്പിലിട്ട് ഒപ്പം  പഠിച്ചോലും    അറീണോലും,   അറിയാത്തോലും "ഷാനു, ഷാനു" ന്നു വിളിച്ചു ആർമാദിക്കാണ്‌.  പണ്ട് ആറാം ക്ലാസ്സിലെ ക്ലാസ് ടീച്ചറ് വിളിച്ചിയിന് ശേഷം ആദ്യായിട്ട് ഷാനു, ഷാനുന്നു വിളി കേട്ടപ്പോ, സൂറാബിന്റെ കണ്ണും മോറും മറന്നു  ഇടം വാലോം നോക്കാതെ ഗാലറീന്നു ഗ്രൂപ്പിക്കൊരു ഒന്നൊന്നര ഇറക്കങ്ങട്ടറങ്ങി.   

എന്റെ ക്ലാസ്സിലെ പെൺകുട്ട്യാളായിരുന്നു  അധികം. ഒരോരുത്തരായി വെൽക്കം ഡ്രിങ്ക്, ചായ, ജ്യൂസ്ന്നു പറഞ്ഞു  പുളിമേ കയറ്റിയപ്പോ ഞാനെന്റെ ബെഞ്ച് പുരാണം  അങ്ങട്ട് എടുത്തിട്ടു.     ഖദീജയും, റജുലയും, ശരീഫയും, സന്ധ്യയും, ഷൈലയും, ശൈലജയും, സുഭാഷിണിയും, സാജിതയും,  ഡാർലിയും,  ലൈല സാമുവലും  തൊടങ്ങി    ഓൽക്കും  കൂടി ഓർമല്ലാത്ത ഓലൊക്കെ സാധാരണ ഇരിക്കെണ ബെഞ്ചിന്റെ സ്ഥാനം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു.  ഞങ്ങളെ പൂച്ച പിഡിസി  ക്ലാസ്സിലെ ജനാലക്കകൂടി നോക്കിയാൽ കോളേജ് ഗ്രൗണ്ടിലെ പന്ത് കളിയും മൻസൂറൊക്കെ കളിച്ചിണ ലഞ്ചിന്‌ പിരിയിണ ക്രിക്കറ്റ് കളിയൊക്കെ കാണാൻ പറ്റും.  അതോണ്ടെന്നെ  ഗ്രൗണ്ട്ക്കു  നോക്കിണ മാതിരി   പെൺകുട്ട്യാളെ തൊള്ളേക്കും  നോക്കിയിരിക്കലായിരുന്നു അന്നത്തെ  പണി.  ഗ്രൂപ്പിലെ ഹഫ്സത് സൂറാബിന്റെ  വകയിലെ ഏതോ കുടുംബക്കാരത്തി ആയിരുന്നു.  അന്നൊന്നും ഈ ഹഫ്‌സത്താണ് ആ ഹഫ്സത്തെന്നു അറീലായിരുന്നു. പിന്നെ എന്റെ നാട്ടാരത്തി ബീനന്റെയും ഡോളിന്റെയൊക്കെ  ക്ലാസ്സൊക്കെ പറഞ്ഞു കൊടുത്തു കത്തി കയറി കൊണ്ടിരിക്കുമ്പോ "അല്ല,  അനക്ക്  ആൺകുട്ട്യാളെ ബെഞ്ചിന്റെ  കണക്കൊന്നും  അറീലെന്നു ഹാരിസ്  ചോദിച്ചു," ഓനു അല്ലെങ്കിലേ ഇങ്ങനെത്തെ ഇടങ്ങേറാക്കണ ചോദ്യ ചോയിക്കൂ.   

എന്റെ ബെഞ്ചിന്റെ സ്ഥാനം തന്നെ ശരിക്കറിയാത്തെനിക്ക് ആകെ അറീണതു ഹാഷിഖിന്റെയും, നജീബിന്റേയും, ശങ്കരന്റെയും, ഇപ്പൊ ഡോക്ടറായ മൊയിനുൽ ഹഖിന്റെയും  സീറ്റായിരുന്നു.   പ്രത്യേക ചുരുണ്ട മുടിയുള്ള മൊയിനുൽ ഹഖും, ലൈല സാമുവലും ആയിരുന്നു ക്ലാസ്സിലെ പഠിപ്പിസ്റ്റുകൾ.   അങ്ങിനെത്തെ  മുടിയുള്ള ആൾക്കാരെ ഗള്ഫില് വന്നിട്ടാ പിന്നെ കാണുന്നത്.  എന്റെ ദോസ്തായ ശങ്കരൻ ഒന്നരാടം വരുന്നോണ്ടും, ഹാഷിക്കും നജീബും  എപ്പോളും വരണതും  പോണതും  ക്ലാസ്സിലെ ചൊറുക്കുള്ള  പെൺകുട്ട്യാളെ പിന്നാലെ ആയതോണ്ടും ഓലെ അന്നേ  നോട്ടട്ടു വെച്ചിരുന്നു. പിന്നെ കോസ് തീറ്റ, സൈൻ തീറ്റ എന്നൊക്കെ എഴുതിയന്റൊപ്പം, സാജിദ് ബാബു കോഴി തീറ്റ, കാലി തീറ്റ എന്നുകൂടി ബോർഡുമെ എഴുതേതും, വല്യേട്ടൻ മജീദ് പാന്റ് ഇന്സൈഡ്ആക്കി വന്നതും ഓർമ്മയുണ്ട്ന്നല്ലാതെ ബേറൊന്നും കാര്യമായിട്ട് ഓർമല്ലായിരുന്നു.


കുറച്ചീസം കഴിഞ്ഞപ്പോ ഗ്രൂപ്പിന്റെ മുതലാളി ഞാനാണോന്നു  തോന്നി തുടങ്ങി. കായി  ചെലവാകുന്നതോണ്ട്  ബർത്ഡേയ്ക്കു എതിരാണെന്ന് പറഞ്ഞു  സൂറാബിന്റെ ബർത്ഡേയ്ക്കു ഒരു പൂച്ചെടി പൂവും കൂടി കൊടുക്കാത്ത ഞാനും മത്സരിച്ചു ഗ്രൂപ്പിലെ ആങ്ങളമാർക്കു പേരിനും  പെങ്ങന്മാർക്കു  കൊറച്ചു നല്ലോണം പൂവും കൊടചക്രോക്കെ സൂറാബി കാണാതെ കൊടുക്കാൻ തൊടങ്ങി. 

അങ്ങിനെ സ്റ്റാറായിട്ടു ഇരിക്കുമ്പോളാണ്  ചില പൊന്നാങ്ങളമാരെ മാതിരി ബർത്ഡേയ്ക്കു  പോട്ടം വെച്ച് സഹോദരിക്കൊരു വിഷ് കൊടുക്കാൻ തോന്നി. ഒരു സഹോദരിന്റെ  പോട്ടം വെച്ച്    ഓളെ  ബർത്ഡേയ്ക്കു  നമ്മളെക്കൊണ്ട് വെയ്ക്കിണ സാഹിത്യത്തില് പ്രിയ സഖിക്ക് ഹൃദയത്തിന്റെ  അടി തട്ടിൽ നിന്നൊരു  ബർത്ഡേയ് വിഷും,  കൊറച്ചു പൂവും,  മൂന്നാലു കേക്കും,  'മുഹബത്തിന്റെ ചിഹ്നവും'  ഒക്കെ വെച്ച് ഡെക്കറേറ്റ് ചെയ്തു പോസ്റ്റി.  സൂറാബി കാണാണ്ടാന്നു  കരുതി  'ഡിലീറ്റ്  ഫോർ മി' അടിച്ചു ഓഫീസു വിട്ടു റൂമിലെത്തി.  

റൂമിലെത്തിയപ്പോ   കുട്ട്യാളൊക്കെ  TV,  മൊബൈലൊക്കെ ഒഴിവാക്കി ഭയങ്കര പഠിത്തം.  ഓലെ പഠിത്തം കൂടിയാലൊറപ്പാണ് സൂറാബിക്കെന്തോ പിഴചുക്കെണ്ണന്ന്. വന്നാലുള്ള "ചായ ഇല്ലേ സൂറാബിന്നു" ചോയിച്ചപ്പോ മാണെങ്കില് ഉണ്ടാക്കി കുടിച്ചാൻ പറഞ്ഞു.

എന്തോ എവിടെയോ പന്തികേട് ഉള്ള പോലെ തോന്നി. എന്റെ ബർത്ഡേയ് പോസ്റ്റ് എങ്ങാനും സൂറാബിക്കു ആരെങ്കിലും സ്ക്രീൻ ഷോട്ട് അയച്ചോന്നൊരു ഡൌട്ട്.  പ്രീഡിഗ്രി ഗ്രൂപ്പിന്റെ ആണുങ്ങളെ കെട്ടിയോൾക്കും ജാഫറു  ഓന്റെ പെണ്ണുങ്ങളെ ശല്യം കാരണം 'കെട്ടിയോൾ'  ഗ്രൂപ്പുണ്ടാക്കിയപ്പളേ' ഉറപ്പിച്ചതാ  ഇതൊരു കുണ്ടാമണ്ടിയാകും. ഞാൻ എന്റെ ഗ്രൂപ്പൊന്നു നോക്കി, അയ്‌ലിന്റെ പോസ്റ്റ് കാണാൻ തന്നെയില്ല.    പോസ്റ്റിയപ്പോ  ചെലപ്പോ നെറ്റ് ഓഫായാതാവുമെന്നു സമാധാനിച്ചു, അടുക്കളയില് അപ്പം ചുടുന്ന സൂറാബിന്റെ അടുത്തുക്കൊന്നു പോയി.  ചൂടുള്ള ചട്ടകം ഓളെ കയ്യിലുണ്ടായതോണ്ട് കൊറഞ്ഞൊരു ദൂരം കാത്തു ചോദിച്ചു. 

"അല്ല സൂറാബി, അനക്കിപ്പെന്തെ  പറ്റീത്, മോന്തായം കോടീക്കണല്ലോ"  

"അതുങ്ങളെ സഖിമാരോട് പോയി ചോയിച്ചോളിൻ. എന്റെ മോന്ത ഇങ്ങിനെയൊക്കെ തന്നെ ആവും ഇനി ."                                            

സൂറാബിക്കെവിടെന്നോ വിവരം കിട്ടീന്നു മനസ്സിലായെങ്കിലും ഉള്ള ധൈര്യത്തിൽ "അയിനു മാത്രം ഇപ്പൊ ഇബെടെന്താ ഉണ്ടായതെന്നു ചോയിച്ചു" 

സൂറാബി ഓളെ മൊബൈല് തോണ്ടി  പട്ടിക്കാട്ടാരെ ഗ്രൂപ്പ്  എടുത്തു. പടച്ചോനെ,  കുഞ്ഞാങ്ങളെന്റെ  സഹോദരിക്കുള്ള ബർത്ഡേയ് വിഷ് നേരെ പോയത് DGM നു പകരം സൂറാബിന്റെ പട്ടിക്കാട്ടാരെ   DFG ഗ്രൂപ്പിക്കാണ്   (Dog Forest Group - DFG). 

'കുഞ്ഞീന്‍റൈ'
പ്രിയ സഖിക്ക് ബർത്ഡേയ് വിഷ് കൊടുക്കൂന്നു പറഞ്ഞു സൂറാബിന്റെ  ഏട്ടത്യാളും കുട്ട്യാളും   തലങ്ങും വിലങ്ങും എന്നെ തേച്ചു ഒട്ടിക്കണത് കണ്ടു കണ്ണില് പൊന്നീച്ച പാറി.

"ഇക്കണ്ട കാലം  ഇച്ചൊരു വിഷും തരാത്ത മനുഷ്യനിപ്പോ, ഹൃദയത്തിന്റെ അടിത്തട്ട് മാന്തി പൊളിച്ചു  വിഷാൻ പൊയ്ക്കുണു"

സൂറാബിന്റെ പെർഫോമൻസിന്റ മുമ്പില് പുടിച്ചു നിൽക്കാൻ വയ്യാതെ  ഞാൻ എല്ലാ ഗ്രൂപ്പിന്റെയും   ഗാലറിക്ക് പാഞ്ഞു കയറി. അപ്പോളേക്കും കോഴിയാണോ, മുട്ടയാണോ ആദ്യണ്ടായതൊന്നു തർക്കം വന്നു ഗ്രൂപ്പ് രണ്ടായി.  കോഴി എന്ന് പറഞ്ഞോൽക്കു ഒരു ഗ്രൂപ്പും, മുട്ടയാണ് ആദ്യം ഉണ്ടായതെന്ന് വാദിചോൽക്കു വേറെരു ഗ്രൂപ്പും.  കോഴിമുട്ട എന്ന് കൂട്ടി പറഞ്ഞോല് രണ്ടു പ്രീഡിഗ്രി ഗ്രൂപ്പിലും ചേർന്നു.  രണ്ടു ഗ്രൂപ്പിലും ഗാലറീല് എന്നെ കണ്ട സൂറാബി  

"അല്ല മനുഷ്യ ഇങ്ങള് പ്രീഡിഗ്രിയും രണ്ടു വട്ടം തോറ്റു എഴുതീക്കിണില്ലേന്നു ചോയിച്ചു. "  
 
മൂന്നാലു മാസം കഴിഞ്ഞു  കായിക്ക് വല്യ മൊടക്കില്ലാത്ത ഒരു കേക്ക് ജീവിതത്തിലാദ്യമായി സൂറാബിന്റെ ബർത്ഡേയ്ക്കു വാങ്ങി കൊണ്ട് വന്നു ഓളെ  സോപ്പാക്കി. ഒന്ന് തണുത്ത സൂറാബി "ഹൃദയം തുറക്കാത്ത വിഷ് ഒക്കെ  സഖിമാർക്ക് ഗ്രൂപ്പ് മാറാതെ കൊടുത്തോളിൻ"ന്നു പറഞ്ഞു എന്നെ ഗാലറീന്നിറക്കിയപ്പളേക്കും  ഗ്രൂപ്പില് പാട്ടുപാടി കൊടുക്കലും, എയർപോട്ടില് പോയി സ്വീകരിക്കലും,   പെൺകുട്ട്യാളെ ബാഗ് പിടിച്ചുണോൽക്കു  ഡോളറു  കൊടുക്കലുമൊക്കെ  ജോറായി നടക്കണ കാലായി. ഇന്ന് വരെ ഡോളറു കാണാത്ത   എന്റെ ബല്യ കിനാവായ ഒരു പെട്ടി നിറച്ചു ഡോളറു ഈ ഗ്രൂപ്പിന്നുണ്ടാക്കണമെന്നു മനസ്സിൽ നിരീച്ചു  കളത്തിലിറങ്ങിയപ്പോ സൂറാബി  ചോയിച്ചു.    

"ഇങ്ങളെ ഗ്രൂപ്പിലെന്താ PM പാടി തന്നതാ ഒച്ച കേട്ടു ആളെ കണ്ടു പിടിക്കൂന്നു" പറഞ്ഞു പുതിയൊരു കളി, ഇതെന്താ PM ൽ പാടാന്നു പറഞ്ഞാൽ".

അത് സൂറാബി,  വൈകുന്നേരം പാടുമ്പോ PM ൽ പാടാന്നു പറയും, ഇജു AM,  PM  ഒന്നും പഠിച്ചിട്ടില്ലെന്നു ചോയിച്ചു ഓളെ ഞാൻ റൂട്ട് മാറ്റി വിട്ടു.

സൂറാബി അറിയാതെ AM ലെങ്കിലും  ഒരു പാട്ടുപാടി കൊടുക്കാനുള്ള പൂതിം വെച്ച് നടക്കിണെന്റെ ഇടയില് ഞാനും  സൂറാബിയും കുട്ട്യാളും നാട്ടിലേയ്ക്ക് ലീവിന് പോയി.

നാട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോ ഞങ്ങളെ പള്ളിമുക്കിലെ ക്ലബ്ബിന്റെ വാർഷികത്തിൽ സൂറാബിയും ഞാനും കൂടി അടി  പൊളി ഡ്യൂയറ്റ് സോങ് പാടി.  പാട്ടവസാനിച്ചപ്പോളേക്കും കാണികളൊക്കപ്പാടെ എന്നെ എടുത്തു പൊക്കി ആവേശം മൂത്തു  ഡാൻസ് കളിക്കുന്നതിനിടെ, ആരോ ഒരാൾ എന്റെ പള്ളക്കൊരു ആഞ്ഞു ചവിട്ടു തന്നു.   

അല്ലെങ്കി തന്നെ  സൂറാബിക്കും  എനിക്കും പിന്നെ മൂന്ന് വയസ്സായ കിടാവിനും  കഷ്ടി കിടക്കാൻ സ്ഥലമുള്ള  കട്ടിലിൽ നിന്ന്  വീണത്  എന്നെക്കാളും പേടി തൊണ്ടനായി  താഴെ പായിലുറങ്ങണ  മകന്റെ മേല്ക്കൂടിയാണ്. കള്ളൻ, കള്ളൻ എന്നും പറഞ്ഞു ഓൻ ഒച്ചയും വിളിട്ടപ്പോ, കള്ളൻ ചവിട്ടിയതാവുന്നു കരുതി ഞാനും പേടിച്ചാർത്തു.

"മനുഷ്യ ഒന്ന് അടങ്ങീ, പാതിരാക്കുള്ള ഇങ്ങളെ ഒടുക്കത്തെ കഴുത രാഗം പോലെയുള്ള അലറല് നിർത്താഞ്ഞിട്ട് ഞാനാ ഇങ്ങളെ  ചവിട്ടി തള്ളീതെന്നു." പറഞ്ഞു സൂറാബി ലൈറ്റിട്ടു. 

അതോടു കൂടി PM ൽ പാടാനുള്ള പൂതി  നിർത്തി,  സൂറാബിനെയും കുട്ട്യാളെയും നാട്ടിലാക്കി  ഗൾഫിലെത്തിയപ്പോളാണ് ഈ കോർണന്റെയൊപ്പം സൂമും പിരാന്തുമായി  ഓരോരോ മുതലാളിമാർ ഇറങ്ങീത്.
  
എപ്പോളെങ്കിലും വല്ല  'ദേശാടനക്കിളികൾ' കൂട്ടം തെറ്റി വന്നാലായിന്നല്ലാതെ സൂമിനെ കൊണ്ട് വല്യ കാര്യമൊന്നും  എനിക്കും സൂറാബിക്കും ഇല്ലായിരുന്നു.  സൂമിന്റെ ഒടുക്കത്തെ ലിങ്കിന്റെ തള്ളൽ സഹിക്കാൻ പറ്റാതെ  ചാലിയാർ പുഴയിലെ മീൻ എങ്ങിനെയോ  വഴി തെറ്റി  വീട്ടിലെത്തിയപ്പോൾ പെരുത്ത് പെരുത്ത്‌ സന്തോഷിച്ച സൂറാബിനോട് പറഞ്ഞു. 

"ഇജ്ജ് ബേജാറാവണ്ട, നാട്ടില് വരുമ്പോ അനക്കും എനിക്കും ബ്രാൻഡ് കൂളിംഗ് ഗ്ലാസ് മുജീബ് തരായിരിക്കും.  ആ കൂളിംഗ് ഗ്ലാസും വെച്ച് നമ്മക്ക് ഗ്രൂപ്പിലെ ജാഫറു പോണ മാതിരി എല്ലോട്തുക്കും പോകാം. ലൗലിന്റെ കച്ചോടത്തുങ്ങന്നു വണ്ടി നിറച്ചു അരീം പച്ചക്കറിയും, മഴ തുള്ളിട്ടാൽ വലയും കൊണ്ടറങ്ങുന്ന മൻസൂറിന്റെ മീനും, ചക്കയും, മാങ്ങയും, പുലത്തിന്റെ സ്വർണ്ണ കച്ചോടത്തിത്തങ്ങന്നും   എന്തെങ്കിലൊക്കെ എല്ലാര്ക്കും കിട്ടണ മാതിരി  നമ്മക്കും തടയാതിരിക്കൂല".  ഹൈദരാലിബാപ്പുന്റെ റിസോർട്ടും  ഫിറോസിന്റെ ഹോട്ടലിലെ കോഴി കൊറകൊക്കെ ഗ്രൂപ്പാർക്കും കൂടിയുള്ളതാണ്. ഈ കൊറോണ ഒന്ന് അടങ്ങട്ടെ, സർത്തും ഫർളും ഒത്താൽ  സയാൻ നജീബിന്റെ ഒമാൻ ടിക്കറ്റും ഒപ്പിച്ചാൻ പറ്റും, സൂറാബി."

"ഇങ്ങള് എല്ലാടത്തുക്കും പോകാന്നു പറഞ്ഞു  ഹൃദയത്തിന്റെ  അടി തട്ട്  തുറക്കാൻ നിൽക്കണ്ട,  വാല് പൊന്തിച്ചുമ്പളേ അറിയാം എന്തെങ്കിലൊരു മുസീബത് അയിന്റെ ബാക്കിലുണ്ടാകും.  അതോണ്ട് സഖിമാരെ അടുത്ത് ചുളുവില് പോകാനുള്ള പരിപാടായിട്ടു ഇങ്ങട്ടു ബരാൻ നിൽക്കണ്ട."

പട്ടിക്കാട്ടാർക്ക്‌ അല്ലെങ്കിലും ഒടുക്കത്തെ ബുദ്ധിയാ, നമ്മള്  മനസ്സ് കണ്ടത് സൂറാബി മാനത്തു കാണും.  തൽക്കാലപ്പോ മൊതലാളി തൊറന്ന് വെച്ച സൂമില് കയറി വല്ല 'കിളികളും' വരുന്നുണ്ടോന്നു നോക്കിയിരിക്കാം. ഇല്ലെങ്കിലോ കൊറോണനെ വിട്ടു നിർത്തുന്ന  ഗ്രൂപ്പിന്റെ ആസ്ഥാന ഗായകൻ  മെഹ്ബൂബിന്റെ സൂപ്പർ സോങ് ഉണ്ടല്ലോ എന്ജോയ് ചെയ്യാൻ.    (Please click below video & enjoy super song from our beloved Mehboob)
   

Saturday, May 23, 2020

കൊറോണയും സൂറാബിയും പിന്നെ ഞാനും



കഥകൾ സൂറാബി  ഒരുപാടുണ്ടാക്കിയെങ്കിലും  കൊറച്ചു കാലായിട്ട് ഓളും ഞാനും ഒരു അഡ്ജസ്റ്മെന്റിൽ പോകായിരുന്നു.  ഓളെ കൂട്ടക്കാരെ പറ്റി എന്തേലും പറഞ്ഞാൽ അതോക്കു പിടിച്ചൂല. പറയാതിരുന്നാൽ എനിക്ക്  ഉറക്കം മുറുകൂല. അങ്ങിനെ തട്ടീം മുട്ടീം പോണെന്റെ എടയിൽക്കാണു  ഹലാക്കിന്റെ അവുലും കഞ്ഞി മാതിരി ഈ കൊറോണ വന്നു ചാടിയെത്

സോപ്പിനെ കണ്ടാൽ എന്നെ പോലെ കൊറോണക്കും  പേടിയാണോന്നു  കേട്ടപ്പോൾ  ഇത് വല്ല സോപ്പ് കമ്പനിക്കാര് കൂടോത്രം ചെയ്തു നൂലുമെ കെട്ടി എറെക്കെതാണോന്നു കരുതി.  കൊറോണ  നിസ്സാരക്കാരനല്ലാന്നു സൂറാബിയും പിന്നെ  മൈ പ്രൻഡ് മോദിജിയും, ഇന്ത്യ പ്രൻഡ് ട്രൻപിജിയും,  ടിവിക്കാരുമൊക്കെ പറഞ്ഞപ്പോ, എന്റെ തലന്റുള്ളിലും കൊറോണ പേടി കേറി തുടങ്ങി.

കൂട്ടീട്ടും കൂട്ടീട്ടും കൂടാത്ത കണക്കായപ്പൊ കഴിഞ്ഞ  കൊല്ലം സൂറാബിനെയും കുട്ട്യാളെയും നാട്ടിലേക്കയച്ചു. നമ്മള് ഈ കൊറോണ കാലത്തു ചൊറീം പിടിച്ചു ഗൾഫിലിരിക്കാണ്. എങ്ങിനെ  എബടെന്നാ ആർക്കാ ഇത് കിട്ടണെന്നറിയാതെ ഇരിക്കുമ്പോളാ സൂറാബിന്റെ ഫോൺ കാൾ വരുന്നത്.  

"അല്ല മനസാ  ഉറങ്ങാണോ, എങ്ങളെന്ത്യ ചൂട്ടൊന്നും കത്തീക്കെണെല്ലേ" ചൂട്ടുകത്തിച്ച കൊറോണ പോകും, ടി.വി.ലെ  വാർത്തെ പറഞ്ഞതാ. "ഇങ്ങള് ഇങ്ങെനെ നടന്നോളിൻ, ചൂട്ടും  മാണ്ട, പള്ളീം  മാണ്ട,  ബല്ലാത്തൊരു ജന്മം.

"സൂറാബി, കൊറോണായതോണ്ട്  നിസ്ക്കാരം ഇബടെ പള്ളിക്കല് പാടില്ല,  റൂമിലിരുന്ന് നിസ്‌ക്കരിക്കാല്ലോ"  ഞാൻ പറഞ്ഞു നോക്കി .

"ഇത്രെയും കാലം റൂമിലിരുന്ന് നിസ്‌ക്കരിച്ചിട്ട് ഇങ്ങൾക്കു നെറ്റിമേ തയമ്പൊന്നും വന്നിട്ടില്ലല്ലോ." എന്നായി സൂറാബി .

എപ്പളും നിസ്‌ക്കരിക്കണോൽക്കു നെറ്റിമേൽ തയമ്പു വരുന്നാ സൂറാബിന്റെ  കണക്ക്.  പട്ടിക്കാട്  ഓളെ ബാപ്പാക്കും, എളാപ്പാക്കും, സൂറാബിന്റെ ഒന്ന് രണ്ടു  ഏട്ടത്ത്യാളെ  മാപ്പളാർക്കും, പിന്നെ എന്റെ അത്ര തന്നെ പ്രായല്ലാത്ത അറബി ടീച്ചറെ മകൻ അബ്ദൂന് വരെ നിസ്‌ക്കാര തയമ്പുണ്ട്. തലേലെ മുടിങ്ങെനെ മേപ്പട്ടു മേപ്പട്ടു കയറി നെറ്റിതടം വലുതാകാന്നല്ലാതെ അടുത്ത കാലത്തൊന്നും സൂറാബി പൂതി വെച്ച് നടക്കണ  നെറ്റിമേ തയമ്പു നമ്മക്കുണ്ടാകുന്നു തോന്നുണില്ല.

സൂറാബിന്റെ തുള്ളി ചാട്ടം ഒരു വിധം  അടങ്ങി ഫോണ് വെച്ചപ്പോ  ഓരോന്ന്  ആലോചിച്ചു.  കഴിഞ്ഞ കൊല്ലം ഇതേ സമയത്തു എന്തായിരുന്നു പുകില്. സൂറാബിനെയും ഓളെ പട്ടിക്കാട്ടാരെയുമൊക്കെ കണ്ടു ലീവൊക്കെ കഴിഞ്ഞു ഞാൻ ജിദ്ദയിലിത്തി. ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോ  സൂറാബി ഫോണിൽ വിളിച്ചപ്പോ പറഞ്ഞു ഓളെ ബാപ്പയും ഉമ്മയും ഉംറക്ക് വരുന്നുണ്ട്, കൂട്ടത്തിൽ  ടീച്ചറു പണിയുള്ള സൂറാബിന്റെ ഏട്ടത്തിയും, കെട്ടിയോനും, ബ്രാൻഡ് ഐറ്റംസ് മാത്രം പറ്റുന്ന ഒരു ചെറുക്കനും ഉണ്ട്. നല്ല പോലെ ഓലെ നോക്കണം. ഞാനില്ലാത്തോണ്ട് ഇങ്ങളെ മഴ തുള്ളിക്ക് മാറ്ണ സ്വാഭാവം പുറത്തറക്കണ്ട.    മടങ്ങി പോരുമ്പോൾ ഓൽക്കുള്ള    സാധനങ്ങളൊക്കെ ഇങ്ങള് വാങ്ങി തരുമെന്ന്  പറഞ്ഞിട്ടുണ്ടന്നു സൂറാബി പറഞ്ഞപ്പോ എന്റെ ജീവൻ പകുതി പോയി. നാലാളെ പർച്ചെസിങ്ങും,  ബ്രാൻഡ് ചെക്കനേയും എങ്ങിനെ തള്ളിയിടാമെന്നു നോക്കീട്ടും നോക്കീട്ടും  ഒരു എത്തും പിടിയും കിട്ടീല. 

ഞാനടക്കമുള്ള അഞ്ചു മരുമക്കളിൽ അമ്മോച്ചന് ഏറ്റവും പ്രിയപ്പെട്ട  മാരോനാണു   ഒപ്പം വരുന്നത്.  വക്കീല് കുപ്പായത്തിന്റൊപ്പം കുറച്ചു രാഷ്ട്രീയമൊക്കെ ഉണ്ടായതോണ്ട് മൂപ്പർക്ക് സൂറാബിന്റെ വീട്ടിലെ ഭയങ്കര ഇളവുകളുണ്ട്. പട്ടിക്കാട്  എന്ത് പരിപാടി ഉണ്ടെങ്കിലും മൂപ്പര് പത്തു മിനിറ്റെങ്കിലും ലേറ്റ് ആയിട്ടേ വരൂ.  ഇന്നൊരു മീറ്റിംഗ് ഉണ്ടായതോണ്ട് ലേറ്റ് ആയിന്നു പറയുന്നത് കേൾക്കുമ്പോ, ഏത് ഉത്തമന്മാർക്കാണ് നട്ടുച്ചക്ക്  സ്റ്റഡി  ക്ലാസ്സെന്നു  ഞാൻ ആരും കേൾക്കാതെ  എന്നോടെന്നെ  ചോദിക്കും. ബിരിയാണിന്റൊപ്പം  ബെറും ചോറ്    തിന്നിട്ടില്ലെങ്കിലും മൂപ്പർക്ക് വേണ്ടി മാത്രം സൂറാബിന്റെ വീട്ടിലെ മേശ പുറത്തു  കൊണ്ടു വന്നു വെക്കുന്നതും പതിവാണ് .

എന്തായാലും ഈ കൂട്ടത്തോടെയുള്ള ഉംറ അടി, നമ്മളെ പള്ളകടിക്കൊന്നു പേടിച്ചോണ്ടു ഓല് വരുന്ന ദിവസം  ഞാൻ എയർപോർട്ടിൽ  സ്വീകരിക്കാൻ പോയി.


സൂറാബിന്റെ കൂട്ടക്കാര് ഓരോരുത്തരായി  വിമാനമിറങ്ങി പുറത്തേയ്ക്കു  വന്നു. ഞാൻ ഓലൊപ്പം  സെൽഫിയെടുത്തു  സൂറാബിക്കു അയച്ചു കൊടുത്തു.  അപ്പൊ സൂറാബിക്കു ഓലോടൊക്കെ ഫോണിൽ സംസാരിക്കണം.  നെറ്റ് ഫോൺ ഓണാക്കി  സൂറാബിനെ ഓൽക്കു  വിളിച്ചു കൊടുത്തു. അല്ലെങ്കിലേ എയർപോർട്ടിലെ ഒച്ചയും വിളിയും, പോരാത്തതിന്ന് നെറ്റ് വളരെ സ്‌ലോവും.  അങ്ങോട്ടും ഇങ്ങോട്ടും പറേണേതു മനസ്സിലാകാതെ സൂറാബി എന്നോട് ചൂടായി. മനുസ്യ, പിശുക്കാൻ നിക്കാതെ ഒറിജിനൽ ഫോണിൽന്നു വിളിച്ചു കൊടുക്കിൻ.  ഞാൻ നെറ്റ് ഓഫാക്കി ഒറിജിനൽ ഫോണിൽ നിന്നും വിളിച്ചു,  ഓരോരുത്തരോടായി സൂറാബി വിസ്തരിക്കാണ്. ഫോൺ ബില്ല് ആലോചിച്ചു എന്റെ ഉള്ളു പിടഞ്ഞു.  ഫോണിൽമെ ഒട്ടിക്കൂടിയ   ഓളെ ഉമ്മാനെ വെറുടുത്താൻ കുറച്ചൊന്നു എടങ്ങേറായി.  മൂപ്പത്തിയാര് നമ്മളെ മുഖ്യമന്ത്രീന്റെ മാതിരി ഭയങ്കര കരുതല്, പട്ടിക്കാട്ടെ കോഴിക്കൂടു    അടക്കാനും, അയിലമ്മേ തിരിമ്പിട്ടത്‌  എടുത്തക്കാനൊക്കെ സൂറാബിനോട് പറഞ്ഞു കൊണ്ടേയിരിക്കാണ്.

അവസാനം ഓലെ ഗ്രൂപ്പിന്റെ മോല്ല്യാര് വന്നു എല്ലാരേയും മക്കത്തുക്കുള്ള ബസ്സിൽ കയറ്റി.  മക്കത്തു വരാന്നു പറഞ്ഞു  സൂറാബിയും ഓളെ  ഏട്ടത്ത്യാളും   എനിക്കായിട്ടു കൊടുത്തയച്ച ഒരു കടസാലും പെട്ടി കൊണ്ട് ഞാൻ റൂമിലേക്ക് പോന്നു . 

സൂറാബി കൊടുത്തയച്ച പെട്ടിക്കു നല്ല കനം. അന്ന് വരെ ഒരു നൂലുണ്ട പോലും സൂറാബിന്റെ കൂട്ടക്കാരെ വകയായിട്ടു എനിക്ക് കിട്ടീട്ടില്ല. റൂമിലെത്തി  ആക്രാന്തത്തോടെ സൂറാബി മുഹബത് മൂത്തു കൊടുത്തയച്ച പെട്ടി മാന്തി പൊളിച്ചു.  പെട്ടീല് വല്യ ഒരു ചക്കയും, ചക്കക്കു കണ്ണ് തട്ടാതിരിക്കാൻ മാതിരി രണ്ടു മാങ്ങയും, പിന്നെ ഓളെ ഏട്ടത്തി ഉണ്ടാക്കി കൊടുത്തയച്ച അച്ചാറും. അച്ചാറും കുപ്പിക്കൊരു  ഇളിച്ചു കാട്ട്യ സ്വാഭാവള്ള മാതിരി തോന്നി.  ഇത് മിക്കവാറും സൂറാബിന്റെ അലനെല്ലൂരിലെ ഏട്ടത്തി മുൻകൈയെടുത്തു  ഇട്ടതാവുംന്നു മനസ്സിലായി. മൂപ്പത്തി ആവശ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇളിച്ചു കൊണ്ടേയിരിക്കും.

അച്ചാറും കുപ്പി  തുറന്നു ഞാനൊന്ന് നാമച്ചുനോക്കി. ഒടുക്കത്തെ കുടല് കരിണ എരും, പട്ടിക്കാട്ടാരെ വീക്നെസ്സായ  പങ്കജ കസ്‌തൂരി എണ്ണന്റെ  മണോം. അല്ലെങ്കിൽ തന്നെ മുളകും ഞാനും ഒരു കണ്ടത്തിൽ ചേരൂല. മുളകിട്ട് ഓളെ കാപ്പിലെ ഏട്ടത്തി എന്നോടുള്ള ദേഷ്യം  തീർത്തതാകും. ഏതായാലും സ്പൂണെടുത്തു അച്ചാറുക്കൂടെ ഒന്ന് തുഴഞ്ഞു നോക്കീയപ്പോ   പങ്കജ കസ്‌തൂരിന്റെ മണം കിട്ടാൻമാണ്ടി അച്ചാറിലിട്ട നീളമുള്ള ഒരു മുടി കിട്ടി. പട്ടിക്കാടൊക്കെ  ബർക്കത്തിന് വേണ്ടി മുടീട്ട വെള്ളം വാങ്ങി കുടിച്ചിണ ആൾക്കാരെ പറ്റി കേട്ടെക്കെണെങ്കിലും, മുടിട്ട അച്ചാറ് ആദ്യായിട്ടാണ്  നേരിൽ കാണുന്നത്.  

അച്ചാറ് 'സ്വാഹായപ്പോ' പിന്നെ സൂറാബി കൊടുത്തയച്ച  ചക്കമേ കുറച്ചുനേരം മല്ലുകെട്ടി, ഞാൻ വേഗം മക്കത്തുക്കു പോയി, സൂറാബിന്റെ കൂട്ടാക്കാരൊപ്പം ഉംറ ചെയ്തു. ഗ്രൂപ്പിന്റെ  ന്യൂജെൻ മോല്ല്യാരും തലയിലെല്ലാർക്കും പച്ച തട്ടവും ഉണ്ടായതോണ്ട് എനിക്ക് വല്യ റോൾ ഒന്നും ഇല്ലായിരുന്നു. എടക്കൊന്നു  സൂറാബിന്റെ  ഏട്ടത്തിന്റെ  പത്താം ക്ലാസ്സില് പഠിക്കിണെ  ബ്രാൻഡ് ചെക്കൻ വന്നു എന്റെ മൊബൈൽ ഫോൺ വാങ്ങി. എന്താ ഇങ്ങള് നോക്കിയ 6.2 ആണോ, ഇതൊന്നും ഇപ്പൊ ആരും ഉപേയാഗിക്കൂലാന്ന് ഓൻ പറഞ്ഞു, ഓന് നാട്ടിലേക്കു പോവുമ്പോ ഒരു ഐ ഫോൺ വാങ്ങിത്തരണന്നു എന്നോട് പറഞ്ഞത് കേട്ടു എന്റെ ഉള്ളൊന്നു പിടഞ്ഞു.  ഇപ്പൊ ഇജു ഉംറ ചെയ്യ്, ദുനിയാവിലെ കാര്യൊക്കെ    ഇത് കഴിഞ്ഞിട്ട് ആലോചിക്കാന്നു  പറഞ്ഞെങ്കിലും ഇങ്ങള് മോല്ല്യാരെക്കാളും വല്യ മോല്ല്യാര് ആകരുതെന്നു ഓനെന്നോടു പറഞ്ഞു.  പതുക്കെ ആ സബ്ജക്ട് മാറ്റി   ഓനെ  നൈസില് ഒഴിവാക്കി. 


ഉംറക്കെ കഴിഞ്ഞു.  പിറ്റേന്ന് വെള്ളിയാഴ്ചയാണ്.  ഇതെന്റെ  അവസാന അവസരമാണ്, അമ്മോച്ചനെയും അമ്മായിമ്മാനെയും എങ്ങനേലും കുപ്പീലാക്കി പട്ടിക്കാട്ടെ മണ്ഡ പോയ രണ്ടു തെങ്ങെങ്കിലും   കൈക്കലാക്കണം എന്ന വിചാരത്തോടെ  ഞാനന്നു ഓലൊപ്പം കൂടാൻ തീരുമാനിച്ചു.  ജുമുഅക്ക് ശേഷം സൂറാബിന്റെ ഏട്ടത്തിനെ  കെട്ടിയ വക്കീല്, മൂപ്പരെ  പാർട്ടിക്കാരെ വകയായുള്ള സ്വീകരണത്തിനായി ജിദ്ദയിലേക്ക് പോയി.  ഇത് പടച്ചോൻ എനിക്കായി തന്ന അവസരമായി  തോന്നി. കാര്യപ്രാപ്തി മരോനായ വക്കീലില്ലാതെ എനിക്ക് മോച്ചനെ ഒറ്റക്കൊന്നു കിട്ടാണ് . ഞാൻ മൂപ്പരെ ഹറമിക്കൂടെ  അത്യാവശ്യം നല്ല  തിരക്കുള്ള സ്ഥലത്തുകൂടി നിസ്‌കരിക്കാൻ കൊണ്ട് പോയി.  രണ്ടു കൈയ്യുംകൊണ്ട്  അമ്മോച്ചനെ  തിരക്ക് പെടാതെ സാഹസപ്പെടുന്ന മാതിരിക്കെ കാട്ടി കൂട്ടി  റൂമിലേക്കെന്നെ കൊണ്ട് വന്നു. പിന്നെ ഓരോ നാട്ടുവർത്താനം തുടങ്ങി. അല്ലെങ്കിൽ തന്നെ മൂപ്പർക്കും   എനിക്കും സബ്ജക്ട് കുറവാ,  സൂറാബിനെ കൊട്ടിയപോ മൂപ്പർക്ക് ഒടുക്കത്തെ  ബഹുമാനം കൊടുത്ത കാരണം ഞങ്ങളെ സംസാരം അധികവും അവാർഡ് പടം മാതിരി ഹാ, ഹു, ഹാ ആണ് പതിവ്. ഇല്ലാത്തതും ഉള്ള വിഷയങ്ങളൊക്കെ തപ്പി പിടിച്ചു എന്നെ കൊണ്ട് ആവുന്ന വിധമൊക്കെ സോപ്പാക്കികൊണ്ടിരിക്കുമ്പോ വക്കീല് മീറ്റിങ്ങൊക്കെ കഴിഞ്ഞു മടങ്ങിയെത്തി.

അന്നു  അവിടെ കൂടി പിറ്റേന്നു രാവിലെ ഞാൻ  ജിദ്ദയിലേക്ക് മടങ്ങി.  സൂറാബിന്റെ കൂട്ടക്കാരെ  ജിദ്ദയിലേക്ക് കൊണ്ട് വരാതെ പോന്നത് സൂറാബിക്കു പറ്റീല. 

"ഇതൊക്കെ നാട്ടു നടപ്പാണെന്നും ഇങ്ങളെ അനുജനെയും, മഞ്ചേരിന്നു പെണ്ണ് കെട്ടിയ ഇങ്ങളെ എളാപ്പാനെയൊക്കെ  കണ്ടു പഠിച്ചിൻ.  ഓലൊക്കെ  പെണ്ണുങ്ങളെ കൂട്ടാക്കാര് വരുമ്പോ കൊണ്ട് നടക്കുണതും സാധനം വാങ്ങി  കൊടുത്തതൊന്നും ഇങ്ങള് കണ്ടതല്ലേ." 

ഒരു വിട്ടു വീഴ്ചയും സൂറാബിന്റെ  അടുത്ത് ചെലവാകൂലാന്നു മനസ്സിലാക്കി,  രണ്ടീസം കഴിഞ്ഞു  മക്കത്തു പോയി ഓലെ എല്ലാരേയും ജിദ്ദയിലേക്കു കൊണ്ടു വന്നു. അപ്പോളേയ്ക്കും  സൂറാബിന്റെ കൂട്ടക്കാരെയൊക്കെ  രണ്ടും  മൂന്നും ഉംറ ചെയ്യിച്ചു ന്യൂജെൻ മോല്ല്യാര്  ഒരു പർച്ചെസിങ് മൂഡിലേക്കു എത്തിച്ചിട്ടുണ്ടെന്നു മനസ്സിലാക്കി  എന്റെ സമാധാനം പോയി. കൂടാതെ എന്റെ മകന്റെ പ്രൻഡ് കൂടിയായ ആ ബ്രാൻഡ്  ചെക്കനാണെങ്കിൽ  പുട്ടില് തേങ്ങയിടുന്ന  മാതിരി  ഓന്റെ ഐ ഫോൺ എന്നെ ഓർമ്മപെടുത്തികൊണ്ടിരിയ്ക്കാണ്.

സൂറാബിന്റെ  കൂട്ടക്കാരെ മാക്സിമം രണ്ടു റിയാൽ മൂന്ന് റിയാൽ ഷോപ്പിൽ കൂടെ മാത്രം കയറ്റിയിറക്കി കൊണ്ടിരിക്കുമ്പോളാണ്, ബ്രാൻഡ് ചെക്കനൊരു വാച്ചു വേണെന്നു  പറഞ്ഞു അത് നോക്കാൻ പോയി.  മൊബൈലിനു പകരം ഈ വാച്ചിൽ ഓനെ തള്ളിടാന്നു മനസ്സിൽ കരുതി, ബലദിലെ വാച്ച്
കടയിലെത്തിയപ്പോ ദുനിയാവില് അന്ന് വരെ ഞാൻ കേട്ടിട്ടില്ലാത്ത വാച്ചുകളുടെ  ബ്രാൻഡും   മോഡലും  കേട്ടു അവിടെത്തെ സെയിൽസ്മാൻ വരെ ഞെട്ടി. ഞാൻ പിന്നെ കുറച്ചീസായി ഞെട്ടികൊണ്ടേയിരിക്കായതോണ്ട് എനിക്കത്രക്കു ഞെട്ടല് തോന്നീല.  പിന്നെ ഓന്റെ ഏതോ ഒരു ചങ്ങായി ഓൻ കരുതിയ വാച്ചു ആമസോൺ ആപ്പുകൂടെ എണ്ണായിരം ഉറപ്പിയ്ക്കു വാങ്ങീട്ടുണ്ടെന്നു  പറഞ്ഞു തന്നു.  ഡൽഹിയിലെ ആപ്പാരെ പറ്റി കേട്ട്ക്കിണെങ്കിലും  ആമസോൺ നദീലെ ആപ്പാരെ പറ്റി  വല്യ പിടി പാടില്ലാത്തോണ്ട് ഓനെ വാച്ചിൽമേലും തള്ളിടാൻ എന്നെ കൊണ്ടാവൂലാന്ന് മനസ്സിലാക്കി പതുക്കെ ഞാൻ ഉൾവലിഞ്ഞു.  പൈസ കൊടുക്കാൻ കൗണ്ടറിൽ എന്തുമ്പോളേക്കും ആരെങ്കിലും ഫോൺ വന്ന മാതിരി മുങ്ങി  എനിക്ക്   പരിക്കില്ലാതെ  പുർച്ചെസിങ് ഒക്കെ തീർത്തു,  സൂറാബിന്റെ  കൂട്ടക്കാരെ ഞാൻ മക്കത്തു കൊണ്ടോയാക്കി.  സാധനങ്ങളൊക്ക  ഓലെല്ലാരും   നാട്ടിലേക്കു പോകാനായി ജിദ്ദ എയർ പോർട്ടിൽ വരുമ്പോ  ഞാൻ കെട്ടി കൂട്ടി കൊണ്ടു വരാമെന്നു പറഞ്ഞു.

അഞ്ചാൾക്കും കൂടി  ഓരോ പെട്ടി ഉണ്ടാക്കണം, സൂറാബിന്റെ  കൂട്ടക്കാര് വാങ്ങിയ സാധനം ഒരു പെട്ടീന്റെ മൂലയ്ക്ക് തന്നെയില്ല.  പോരാത്തതിന്  ഇങ്ങള് എല്ലാര്ക്കും പെട്ടി നിറച്ചു സാധനം  വാങ്ങി കൊടുക്കണമെന്ന് പറഞ്ഞു നാട്ടീന്നു സൂറാബിന്റെ ഇടക്കിടെയുള്ള ഫോണും.   അവസാനം കൂട്ടിയും  കുറച്ചും നോക്കി, മുക്കാലിന് വല്യ മുടക്കില്ലാത്ത കാരക്ക, മുസല്ല, കുറച്ചു രണ്ടു  റിയാലിന്റെ കനം തൂങ്ങുന്ന പ്ലെയിറ്റും വാങ്ങി പെട്ടി ഒരു വിധം ഫുൾ ആക്കി കൊണ്ടിരിക്കുമ്പോ, സൂറാബിന്റെ ഫോൺ  സിയാദിനു  (ബ്രാൻഡ് ചെക്കൻ) ഐ ഫോൺ  വാങ്ങി കൊടുത്തോ എന്നൊരു ചോദ്യം ചോദിച്ചു, ഫോൺ, ബ്രാൻഡിന്റെ അടുത്ത പ്രണ്ടായ  എന്റെ മകന് കൊടുത്തു.

"സിയാദിനു  ഇങ്ങള് ഐ ഫോൺ അല്ലാതെ ഒന്നും വാങ്ങികൊടുക്കേണ്ടന്നും, പിന്നെ ഓൽക്കു രണ്ടാൾക്കും DJ കളിയ്ക്കാൻ കൊറച്ചു ലൈറ്റും കൊടുത്തയച്ചാ മതീന്ന് പറഞ്ഞു" ഓന് സൂറാബിക്കു തന്നെ ഫോൺ കൊടുത്തു.  

ഐ ഫോണിന് പകരം ഞാൻ ഒരു ഇരുപതു റിയാലിന്റെ ഇയർ ഫോൺ സിയാദിനു വാങ്ങി കൊടുത്ത വിവരം സൂറാബിനോട്   പറഞ്ഞു. സൂറാബിക്കു എന്റെ മറുപടി തീരെ പറ്റീല, ഇങ്ങളെ വളിച്ച തമാശ കേൾക്കാൻ വിളിച്ചതല്ലാന്നും പറഞ്ഞു     ഓള്‌ എന്നെ പിശുക്കിന്റെ ഉസ്താതാക്കി, കെട്ടിയ  അന്ന് മുതൽച്ചു വാങ്ങി കൊടുക്കാത്ത സാധനങ്ങളെ ലിസ്റ്റ് എടുത്തിട്ടു.

ഞാൻപെട്ട എടങ്ങേറുന്നു എലക്കും മുള്ളിനും കേടില്ലാത്ത  വിധം കൈച്ചിലാകാനുള്ള വഴി നോക്കി.  അവസാനം ഉംറക്ക് വന്ന  ഓളെ ഏട്ടത്തിക്കൊരു ഫോണ് വാങ്ങി കൊടുക്കാം എന്ന കുബുദ്ധി എനിക്കുണ്ടായി. ഗ്രൂപ്പിന്റെ ആള്ക്കാര് കൊടുത്ത പച്ച തട്ടം എപ്പോളും വേണെന്നല്ലാതെ വേറെ കുഴപ്പൊന്നും മൂപ്പത്തിനെ കൊണ്ടില്ല. 

സൂറാബിന്റെ കൂട്ടക്കാരെല്ലാരും  നാട്ടിലേക്കു  പോണ ദിവസം അഞ്ചു പെട്ടി കൂട്ടിക്കെട്ടി ഞാൻ എയർപോർട്ടിലെത്തി. കൈയ്യില്  കരുതിയ  അഞ്ഞൂറ് റിയാലിന്റെ ഹുവായി ഫോൺ റോൾസ്‌റോയിസ് കാറിന്റെ ചാവി കൊടുക്കണ മാതിരി  ഓളെ ഏട്ടത്തിക്ക് കൊടുത്തു.  ഇത് നിങ്ങൾക്കാണ്, സിയാദിനുപ്പം  തന്നെ ഫോണൊന്നും കൊടുക്കണ്ട, എന്നൊരു   ഉപദേശം കൊടുത്തു ഞാൻ  മെനകേടില്ലാത്ത അൽ-ബൈക് സാൻഡ് വിച്  വാങ്ങാനായി  പോയി.  മടങ്ങി വന്നപ്പോ ബ്രാൻഡ് ചെക്കൻ പറഞ്ഞു, 

"ഈ ലോക്കൽ ഫോൺ  അല്ലെങ്കിലും എനിക്ക് വേണ്ട, എനിക്ക് ഐഫോൺ ആണെങ്കില് മതി". 

എടുത്ത പണിയൊക്കെ വെള്ളത്തിലാക്കാൻ വേണ്ടി വന്ന ഈ ബ്രാൻഡിന്റെ ബ്രാൻഡ് അംബാസഡറെ ദയനീയമായി  നോക്കി   സൂറാബിന്റെ  കൂട്ടക്കാരെല്ലാരേയും യാത്രയാക്കി ഞാൻ റൂമിലെത്തി.

പിറ്റേന്ന് സൂറാബിന്റെ കൂട്ടാക്കാരൊക്കെ സുഖമായി പട്ടിക്കാടെത്തി. വൈകുന്നേരം സൂറാബിക്കു വിളിച്ചപ്പോ  എന്തിനാ  എന്റെ  ഉമ്മ വാങ്ങി വെച്ച സോപ്പ് ഇങ്ങള് അടിച്ചു മാറ്റിയതെന്നു ചോദിച്ചു ഹാലിളകി. എന്റെ റൂമിലാകെ  തപ്പി നോക്കീയപ്പോ ഓളെ ഉമ്മ വാങ്ങിയ രണ്ടു ഡസൻ ഇപീരിയൽ സോപ്പ് പാക്ക് ചെയ്യാൻ മറന്നിരിക്കുന്നു. സൂറാബിന്റെയും ഓളെ  കൂട്ടക്കാരെയൊക്കെ വിചാരം   ഞാൻ കൽപ്പിച്ചൂട്ടി സോപ്പ് അടിച്ചു മാറ്റിന്നാണ്.  പെണ്ണ് കെട്ടി പുതുസു തീർന്നപ്പോ പോക്കറ്റിനു സെല്ലോടേപ്പ് ഒട്ടിച്ച കാരണം അന്നുവരെ 'കുഞ്ഞി', 'കുഞ്ഞിന്നു' വിളിച്ചിരുന്ന എന്നെ സൂറാബിന്റെ ഏട്ടത്ത്യാളും  ഓലെ മുപ്പത്തി മൂന്ന് കുട്ട്യാളും കുറച്ചുകാലമായി 'കഞ്ഞി,' 'കഞ്ഞിന്നാണ്' വിളിക്കാറ്. 

പക്ഷെ   എന്നെ സൂറാബി പേടിപ്പിച്ച പോലെ ആരാ ഈ   കൊറോണനെ സോപ്പ് കാണിച്ചു പേടിപ്പിച്ചതെന്നു  എത്ര  ആലോചിച്ചിട്ടും ഒരു എത്തും പിടിയും ഇപ്പോളും കിട്ടുന്നില്ല. 

എന്തായാലും കൊറോണ  എടങ്ങേറുന്നു സൂറാബിനെയും കുട്ട്യാളെയും ഓളെ കൂട്ടക്കാരെയും, പിന്നെ നമ്മളെ എല്ലാരേയും പടച്ചോൻ കാക്കട്ടെ, ആമീൻ.   

Wednesday, February 12, 2014

'വാലന്‍റൈന്‍ ഡേയും സൂറാബിയും, പിന്നെ തങ്ങളു കുട്ടിയും'

"മനുഷ്യാ, ഫെബ്രുവരി പതിന്നാലിന്റെ  കാര്യം ഇങ്ങള് മറക്കണ്ടാ." ഏതു പാതിരാവായാലും  ഫെബ്രുവരി പതിന്നാലു മറക്കണമെങ്കില്‍ സൂറാബി രണ്ടു ജന്മം ജനിക്കണം.   "കായി പോകും  എന്ന് കരുതി പണ്ടേ ഇങ്ങള് വാലെന്റൈന്‍  ഡേ ക്കു  എതിരാന്നു നമ്മക്കറിയാം, പക്ഷെ, എന്നെ കെട്ടിയ പതിന്നാലിന്റെ കാര്യം  മറക്കണ്ട". സത്യത്തില്‍ പൈസ ചെലവാകുന്ന സൂറാബിന്റെ  പതിന്നാലിന്റെ കാര്യമാ ഞാന്‍ മറക്കാന്‍ നോക്കാറ്. 
പുതിയ കലണ്ടറിൽ നിന്നും ഫെബ്രുവരി മാസത്തെ തന്നെ  കീറി കളഞ്ഞിട്ടും ഈ ഹലാക്കിന്റെ അവിലും കഞ്ഞി സൂറാബി അടുപ്പത്തു നിന്നും വാങ്ങി  വെക്കുന്ന മട്ടില്ല.   ഓള്‍ക്ക് വിവാഹ വാര്‍ഷികവും   വാലെന്റൈനും  പറഞ്ഞു ഗിഫ്റ്റ് കിട്ടിയേ തീരൂ. പോരാത്തതിന് മുണ്ടിയാൽ വരെ പീഡനമാകുന്ന  കാലമായതു കൊണ്ട് സൂറാബിനോട്   ഒരു മയത്തിലാണ് നില്ക്കാറുള്ളത്.     സ്നേഹിച്ചു കൊല്ലാന്‍ വേണ്ടി മാത്രമുണ്ടാക്കിയ   വാലെൻറ്റൈൻ ഡേ എന്നൊരു വല്ല്യടങ്ങേറ്  ദുനിയാവിലുണ്ടെന്നു മനസ്സിലാക്കാതെ ഫെബ്രുവരി പതിന്നാലിനു  പെണ്ണ് കെട്ടാന്‍ തോന്നിയ  മണ്ടത്തരത്തെ സ്വയം പിരാകി   ഷർട്ടിന്റെ  പോക്കറ്റ് നോക്കി.  പടച്ചോനെ കാര്യമായി ഒന്നുമില്ല, അത് കാലിയായി തന്നെ കിടക്കുകയാണ്.  അല്ലെങ്കിലും അത് കുറച്ചു കാലമായിട്ടു കാലി തന്നെയാണ്.

പോരാത്തതിന് കഴിഞ്ഞ മാസം സൂറാബിന്റെ  ഒരു ഏട്ടത്തിന്റെ മകളെ കല്ല്യാണത്തിനു ഓളെ വാശി കാരണം  രണ്ടു കുട്ടികളെയും കൂട്ടി നാട്ടില്‍ പോയി വന്നത്.  ഇങ്ങളെ പെങ്ങളെ കുട്ടിന്റെ കല്ല്യാണത്തിനു ഇങ്ങള് പോണ മാതിരി തന്നെ എനിക്ക് ഇതിനു പോകണം. കൂടാതെ വാട്ട്സപ്പിലും ഫേസ്ബുക്കിലും    ഓളെ കൂട്ടക്കാരുടെ പുളിച്ചിത്തരങ്ങള്‍ 'ജൂർ' ടീമെന്ന പേരിൽ  ഒന്നിന് പിറകെ ഒന്നായി ലയിക്കും കമെന്റുമടിച്ചു പാറി പറക്കുകയാണ്.   റിമ്മിടോമ്മിന്റെ അടുത്തു നിന്നും പഠിച്ചെടുത്ത തുള്ളല്‍ പ്രസ്ഥാനം സൂറാബി എന്റടുത്തു ഇട തടവില്ലാതെയെടുത്തു,  ഒരു മുറുക്ക് അറങ്ങാതെ വന്നപ്പോ നെറ്റ് ആയ നെറ്റ് മുഴുവന്‍ തപ്പി പിടിച്ചു ഞാന്‍ ഏറ്റവും ചീപ് ആയി കിട്ടിയ എമിറേറ്റ്സ് എയർ ടിക്കറ്റെടുത്ത് സൂറാബിന്റെ  മോന്തായത്തിന്റെ കേടുപാടുകള്‍ ഒരു വിധം നന്നാക്കി.    ജീവിതത്തില്‍ ആദ്യമായിട്ടാ ജിദ്ദയില്‍ നിന്നും എയർ ഇന്ത്യയില്‍ അല്ലാതെയുള്ള നാട്ടില്‍ പോക്ക്.  എന്തായാലും കാലിക്കറ്റ്‌ ഇറങ്ങാനുള്ള ഫ്ലൈറ്റ്, എമിറേറ്റ്സ് ആയതു കൊണ്ട് കൊല്ലത്തിറങ്ങില്ല എന്നുറപ്പിച്ചു എയര്‍ ഇന്ത്യയെ ബഹിഷ്ക്കരിച്ച ഹുങ്കോടെ നാട്ടില്‍ പോകാനൊരുങ്ങി.

അങ്ങിനെ ജനുവരി 22 ബുധന്‍ ഞങ്ങള്‍ എയര്‍ പോര്‍ട്ടിലെത്തി.  എമിറേറ്റ്സ് എയർ  മൂന്ന് മണിക്കൂർ  വൈകിയാണ് പറക്കുകയെന്ന  അറിയിപ്പ് കിട്ടി.  ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എമിറേറ്റ്സ് ഫ്ലൈറ്റ് മിസ്സാവില്ല എന്ന് അധികൃതർ തന്ന  ഉറപ്പിൽ സൂറാബിയുമൊത്തു എയർപോർട്ടിൽ നേരം പോക്കി. ഓളെ അഞ്ചാറു ഏട്ടത്തിമാരുടെ പത്തു പതിനഞ്ചു പെങ്കുട്ട്യാളെ ഓർത്തു ഞാന്‍ നെടുവീര്‍പ്പിട്ടു.   പതിനഞ്ചു പേരെയും ഒരു സമൂഹ വിവാഹം നടത്തിയിരുന്നെങ്കിൽ ഒറ്റ നാട്ടില്‍ പോക്കിൽ  ഒതുക്കാമായിരുന്നു ഈ ഹലാക്ക്‌.  ‍ രാത്രി 8.30 നു പകരം ഫ്ലൈറ്റ് 12 മണിയോടെ പറന്നു ദുബായില്‍ മൂന്നരക്കിറങ്ങി. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് ചൊല്ല് പോലെ 3.40 നുള്ള എമിറേറ്റ്സ് കണക്ക്ഷന്‍ ഫ്ലൈറ്റ് സൂറാബിനെ    കാത്തു നില്‍ക്കാതെ കൃത്യ സമയത്ത് പറന്നുയര്‍ന്നു.  ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും ഫ്ലൈറ്റ് മിസ്സ്‌ ആയി.   

പടച്ചോനെ, എന്താ ചെയ്യുക, എയർപോർട്ടിൽ നല്ല ഒച്ചയും ബഹളവും,  എമിറേറ്റ്സിന്റെ മിക്ക ഫ്ലൈറ്റുകളും അന്ന് വൈകി പറക്കുക്കയാണ്, കൗണ്ടർ  സ്റ്റാഫ്‌ ഒരു മയവുമില്ലാതെ കിട്ടിയ ഫ്ലൈറ്റിനു മിസ്സായവര്‍ക്ക് പുതിയ ബോര്‍ഡിംഗ് കൊടുക്കുന്നു. ഞാനും ലൈനിൽ നിന്നു.  ഒരു മണിക്കൂറിനു ശേഷം എന്റെ ഊഴം  വന്നു, "സാർ, ഇപ്പോൾ ശരിയാക്കി തരാം."  ജീവിതത്തില്‍ ആദ്യമായി സൂറാബി കാരണം ഒരാളെന്നെ സാറെന്നു വിളിക്കുന്നു.  സാർ വിളിച്ചു എനിക്ക് കിട്ടിയ ബോര്‍ഡിംഗ് കണ്ടു ഞാന്‍ ഞെട്ടി. രണ്ടു ദിവസം കഴിഞ്ഞു ശനിയാഴ്ച രാത്രി കോഴിക്കോടെത്താം.  ഹോട്ടലുകളെല്ലാം  ഫുൾ  എന്ന് പറഞ്ഞു ആര്‍ക്കും  ഹോട്ടൽ  അക്കമൊടെഷൻ കൊടുക്കുന്നില്ല. എന്റെ പ്രശനം ഹോട്ടലായിരുന്നില്ല. ‍ അന്ന് തന്നെ പോവണം,  കല്ല്യാണം ശനിയാഴ്ചയാണ്.  ഞാൻ ‍ വീണ്ടും ലൈനിൽ  നിന്നു കൌണ്ടറില്‍ എത്തി, നോ രക്ഷ, ‍ സ്റ്റാഫ്‌ യാതൊരു മയവും കാണിക്കുന്നില്ല, മറ്റുള്ളവരെ പോലെ ഞാനും അല്‍പ്പം കയര്‍ത്തു നോക്കി. അവര്‍ പോലീസിനെ വിളിക്കുമെന്നു പറഞ്ഞു. പൊലീസെന്നു കേട്ടപ്പോൾ പത്തി മടക്കി, പതുക്കെ ഞാന്‍  ഉൾ വലിഞ്ഞു.  സൂറാബിയും കുട്ടികളും കിട്ടിയ കസേരയിൽ നല്ല കൂര്‍ക്കം വലിയാണ്. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ തലങ്ങും വിലങ്ങും എനിക്ക് പരിചയമുള്ളതും അല്ലാത്തതുമായ ഫ്രണ്ട്സിനെ മുഴുവൻ  ഫോണ്‍ ചെയ്തു വിളിച്ചുണർത്തി.  എമിറേറ്റ്സ്സിന്റെ മട്ടും  ഭാവവും മാറിയപ്പോള്‍ എയർ-ഇന്ത്യയെ  ആദ്യമായി ഒരിന്ത്യക്കാരൻ സ്തുതിച്ചു.

സൂറാബി കോട്ടുവായ ബാക്കിയാക്കി ഉറക്കമുണര്‍ന്നു. ഞാൻ  പതുക്കെ കാര്യം ഓളെ ചെവിയിൽ മന്ത്രിച്ചു. ശനിയാഴ്ചയെ  നാട്ടിലെത്തൂ എന്ന് കേട്ടതോടെ, സൂറാബിയിലെ റിമ്മി ടോമ്മി പുനർ ജനിച്ചു. എന്റെ കൈയ്യിൽ നിന്നും ശനിയാഴ്ച്ചക്കുള്ള ബോര്‍ഡിംഗ് കാര്‍ഡ് വലിച്ചെടുത്തു കൗണ്ടർ മാനേജറുടെ ‍  അടുത്തേക്കൊരു ഓട്ടം. ഹിന്ദിയും ഇംഗ്ലീഷും,  മദ്രസ്സയിൽ നിന്നും പഠിച്ചെടുത്ത അറബി-മലയാളവും കലര്‍ത്തി സൂറാബി നാല് ഡയലോഗ്.  പോലീസിനെ വിളിക്കുമെന്നു പറഞ്ഞു പേടിപ്പിച്ച മാനേജറുടെ മുമ്പിൽ സൂറാബിയുടെ പെര്‍ഫോര്‍മന്‍സ് കണ്ടു എന്റെ ശ്വാസം ഒരു നിമിഷം നിലച്ചു. സീറ്റില്ലാന്നു പറഞ്ഞു  എന്നോട്  തട്ടി കയറിയ  മാനേജർ ‍ അര മണിക്കൂര്‍ വെയിറ്റ് ചെയ്യാൻ പറഞ്ഞു ഞങ്ങളുടെ ടിക്കറ്റും ബോഡിംഗ് പാസുമായി പോയി. അരമണിക്കൂറിനകം അയാള്‍ പുതിയ ബോര്‍ഡിംഗ് കാര്‍ഡ്‌മായി തിരിച്ചു വന്നു. അന്ന് വ്യാഴം രാത്രിക്കുള്ള എമിറേറ്റ്സ്സിന്റെ ഫ്ലൈറ്റിൽ കോഴിക്കോടെത്താം, കൂടാതെ ഹോട്ടല്‍ അക്കമൊടെഷനും ശരിയാക്കിയിരിക്കുന്നു.  അന്ന് വരെ സൂറാബിന്റെ തുള്ളലിനെ പിരാകിയിരുന്ന  ഞാന്‍ ആദ്യമായി ആ തുള്ളലിനെ സ്തുതിച്ചു കൊണ്ട് സൂറാബിന്റെ അറബി- മലയാളത്തിനു 'കീഴൊതുങ്ങിയ' ചമ്മലോടെ ഹോട്ടലിലേക്ക് പോയി.

അങ്ങിനെ ഞങ്ങൾ വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തി.   അന്ന് വൈകുന്നേരം തന്നെ മൈലാഞ്ചി കല്ല്യാണത്തിനു പോകാനുള്ളത് കൊണ്ട് സൂറാബി മേക്കപ്പ് റൂമിൽ കയറി.   വൈകുന്നേരം ആറുമണിയോടെ ഞങ്ങള്‍ പട്ടിക്കാടുള്ള സൂറാബിന്റെ വീട്ടിലെത്തി.  അവിടെയുള്ളവരെല്ലാം ബ്യൂട്ടി  പാർലറിൽ ക്യൂ നില്‍ക്കുകയാണെന്നറിഞ്ഞപ്പോൾ    സൂറാബിക്കും കമ്പം ഒന്ന് മിനിക്ക് കൂട്ടാൻ.  നാച്ചുറൽ ബ്യൂട്ടികള്‍ക്ക് എന്തിനാ ബ്യൂട്ടി പാര്‍ലര്‍ എന്നും പറഞ്ഞു ഞാന്‍ ഓളെ ഏട്ടത്തിയുടെ കല്ല്യാണ  വീട്ടിലേക്കു വണ്ടി വിട്ടു. എന്റമ്മോ, അവിടെ എത്തിയപ്പോള്‍ അല്ലേ പൂരം, സൂറാബി ഒരു സ്റ്റാര്‍ ആയി മാറി, ടിക്കറ്റ് ശരിയാക്കിയ അവളുടെ വീമ്പു കേട്ടു എന്റെ കൂമ്പ് വാടി. പുളിച്ചു തരത്തിനു കൈയ്യും  കാലും വെച്ച് പാട്ടും ഡാൻസുമായി മൈലാഞ്ചി കല്ല്യാണം പൊടി പൊടിച്ചു.

കല്ല്യാണ ദിവസം നേരം വെളുത്തു.  നബീസ താത്തയൊഴികെ  ബാക്കിയെല്ലാ പെണ്ണുങ്ങളും തൊഴിലുറപ്പ്  പണിക്കാരെ മാതിരി  'ജൂർ  ടീമിന്റെ' വകയായുള്ള ചുവന്ന യൂണിഫോമിട്ടു  നല്ല ഒരുക്കത്തിലാണ്. നാട്ടിലെത്തിയാൽ എന്റെ ഇഷ്ടപെട്ട തുണിയും   കുപ്പായവുമിട്ടു  ഞാൻ  റെഡിയായിരുന്നപ്പോൾ സൂറാബി ഒരു പൊതി  എന്റെ മുമ്പില് നീട്ടി.    പതുക്കെ ഞാൻ പൊതി  തുറന്നു നോക്കി. പടച്ചോനെ, കഥാ പ്രസംഗക്കാരെ മാതിരി ഒരു നീളൻ ജുബ്ബ കണ്ടു ഞാൻ ഞെട്ടി, ദയനീയമായി സൂറാബിനെ നോക്കി.   " ആണുങ്ങൾക്കുള്ള  യൂണിഫോമാ.  എന്റെ  ആങ്ങള ഒക്കെ ഇതെന്നെ ഇട്ടത്.  ഇതൊക്കെ മനുഷ്യന്മാരെ ഡ്രസ്സ്‌ തന്നെ.  ഇങ്ങള് നാടൻ കാക്കാരെ മാതിരി   തുണി ഉടുത്തു കല്ല്യാണത്തിനു പോരണ്ടാ." സൂറാബി കുശു കുശുത്തു . 

അല്ലെങ്കിൽ തന്നെ 'നിതാഖാത്ത്' കാരണം ഗൾഫുകാർക്ക് മാർക്കറ്റില്ലാത്ത  കാലം. സൂറാബിനോട് 'തർക്കിച്ചോമിയ' അധികമെടുക്കാതെ,    വാരഫലം  മൊത്തത്തിൽ  പോക്കാന്നു മനസ്സിലാക്കി ജീവിതത്തിലെ  ആദ്യത്തെ ജുബ്ബയിടൽ  കർമ്മം   അന്ന് നടത്തി. പെണ്ണ് ഓഡിറ്റോറിയത്തിലെത്തീട്ടും  സൂറാബിന്റെയും കൂട്ടരെയും   മൈക്കപ്പ്‌ തീരുന്ന  മട്ടില്ല.   അവസാനം കുറെ  മൈക്കപ്പ്‌ സാധനങ്ങൾ വണ്ടിയിൽ വാരിയിട്ടു സൂറാബിയും ഓളെ അഞ്ചാറ് ഏട്ടത്തിമാരും  ഓലെ കുട്ട്യാളും  ചുവന്ന യൂണിഫോമിട്ടു ചെങ്കടലാക്കി മാറ്റിയ   ഓഡിറ്റോറിയത്തിലെത്തി.


സൂറാബിയും  ഓളെ ഒരേയൊരു നാത്തൂനും മൈക്കപ്പിടലും പോട്ടമെടുക്കലുമായി  അങ്ങോട്ടും ഇങ്ങോട്ടും  മത്സരിച്ചു.  ഓലെ രണ്ടാളുമില്ലാത്ത   ഒരു പോട്ടം കിട്ടാൻ വേണ്ടി   ഫോട്ടോഗ്രാഫർ വല്ലാതെ മെനക്കെടുന്നത് കണ്ടപ്പൊ ഞാൻ രണ്ടാളെയും രണ്ടറ്റത്തു നിർത്തി  ഒഴിവാക്കിയാൽ മതിയെന്നു   അയാളുടെ ചെവിയിൽ  മന്ത്രിച്ചു.  കാണുന്നോർക്കൊക്കെ ചോദിക്കാനുള്ളത്  എയർപോർട്ടിൽ  സൂറാബി സ്റ്റാർ ആയ കാര്യം മാത്രം. ഞാൻ സൈക്കിളിൽ നിന്നും വീണ ചിരിയുമായി ഒരുഭാഗത്ത്‌ ഒതുങ്ങിയിരുന്നു. അതുവരെ  എന്റെ കൂടെയുണ്ടായിരുന്ന   മക്കളും, തലേന്ന് അവർക്ക് കിട്ടിയ  ഫ്രണ്ട്സിന്റെയൊപ്പം   പോയി.


അങ്ങിനെ കല്ല്യാണം ഭംഗിയായി കഴിഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോൾ കല്ല്യാണ ആൽബം കിട്ടി. സൂറാബിനെയും നാത്തൂനെയും  കടത്തി വെട്ടി മിക്ക ഫോട്ടോയിലും പുതിയൊരു അവതാരം, 'തങ്ങള് കുട്ടി'.  കല്ല്യാണ തലേന്നും അന്നും  സൂറാബിനെയും നാത്തൂനെയും തോൽ പ്പി ച്ചു സ്റ്റാർ ആയ തങ്ങളു കുട്ടി ആരാന്നറിയാനായി പിന്നെ പരക്കം  പാച്ചിൽ.  പട്ടിക്കാട്ടുകാർ കരുതി പെണ്ണിന്റെ  ബാപ്പാന്റെ വകുപ്പാണെന്ന്, ബാപ്പാന്റെ കൂട്ടക്കാർ കരുതി ഉമ്മാന്റെ ബാക്കിക്കാരാകും. അങ്ങെനെ  രണ്ടു കൂട്ടരും തങ്ങള് കുട്ടിയെ വേണ്ടതിലധികം പരിഗണിച്ചൂന്നു ആൽബം കിട്ടിയപ്പോൾ രണ്ടു കൂട്ടർക്കും  മനസ്സില്ലായി.


അവസാനം  തങ്ങൾ കുട്ടി ആരാന്നറിയാൻ വേണ്ടി എന്റെ ഏഴു  വയസ്സുള്ള മകനെ പിടിച്ചു 'കല്ല്യാണ ജൂർ ടീം ' ചോദ്യം ചെയ്തു. " അയിനു തങ്ങള് കുട്ടിനോട് ആരും   കല്ല്യാണമൊന്നും  പറഞ്ഞിട്ടില്ല, ഇവിടെത്തെ ഒച്ചയും വിളിയും കേട്ട് വന്നു നോക്കിയതാ. "ഓനോട്‌ ഡാൻസ് കളിക്കാനൊക്കെ ഞങ്ങൾ പറഞ്ഞതാ." 

എല്ലാരും നല്ല അഭിനയം, പിന്നെ  തങ്ങള് കുട്ടിയും വിട്ടു  കൊടുത്തില്ല. കൂട്ടത്തിൽ  കൂടി തകർത്തു അഭിനയിച്ചു.  സൂറാബിക്ക്  മാത്രമല്ല, വേണ്ടി വന്നാൽ തങ്ങള് കുട്ടിക്കും സ്റ്റാർ ആകാമെന്നു പട്ടിക്കാട്ടുകാർക്കു മനസില്ലാക്കി  കൊടുത്ത തങ്ങള് കുട്ടിയെ ഞാൻ മനസ്സിൽ സ്തുതിച്ചു.

പക്ഷെ  ഇതു കൊണ്ടൊന്നും സൂറാബി അടങ്ങൂല. ഓളെ ഗിഫ്റ്റും പിരാന്തിനു കായിക്കു വല്ലാതെ  മെനക്കേടില്ലാത്തത് വല്ലതും കിട്ടോന്നു തപ്പട്ടെ.  

Monday, February 13, 2012

സൂറാബിയുമൊത്തുള്ള എന്റെ വാലെന്റൈന്‍ സ്വപ്നങ്ങള്‍

മറ്റൊരു ഫെബ്രുവരി പതിന്നാല്, വാലെന്റൈന്‍ ഡേ ഹലാക്ക്‌ കൂടി കടന്നു വരുന്നു.  മുന്നൂറ്റി അറുപ്പതിന്നാല് ദിവസം തല്ലുകൂടാനും,   പ്രണയിക്കാന്‍  ഒരു ദിവസവും കൊടുത്ത് ഈ  എടങ്ങേറിന്റെ ഹലാക്ക്‌  മാര്‍ക്കറ്റു ചെയ്തു വിജയിപ്പിച്ച പണ്ടാറക്കാലന്മാരെ സമ്മതിക്കണം.
സൂറാബിന്റെ കൂടെ ഞാന്‍ പൊറുക്കാന്‍ തുടങ്ങിയതിന്റെ വാര്‍ഷികം  കൂടിയായ   ഫെബ്രുവരി  പതിന്നാലു എന്റെ തലയ്ക്കു മുകളിലൂടെ ആടി കളിക്കാന്‍  തുടങ്ങിയിട്ട് കൊല്ലം എത്രയായി ഒന്നും ശരിക്കും ഓര്‍മ്മയില്ല.  സിനിമ നടന്‍ രാജപ്പന്റെ പോലെ  വയസ്സ് കണ്ടു പിടിക്കും എന്ന് കരുതിയിട്ടൊന്നുമല്ല, കൊല്ലം ഓര്‍മ്മയില്ലാഞ്ഞിട്ടു തന്നെയാണ്.

കഴിഞ്ഞ കൊല്ലം ഫെബ്രുവരി പതിന്നാലിനു സൂറാബിക്ക് ഞാന്‍ കൊടുത്ത സമ്മാനത്തിന്റെ പൊല്ലാപ്പ് തീര്‍ക്കാന്‍പെട്ട പാട് ചില്ലറയൊന്നുമല്ല.  അന്ന് സൂത്രത്തില്‍ ബ്ലോഗിന്റെയും ലാപ് ടോപ്പിന്റെയും പാസ് വേര്‍ഡ്‌ മാറ്റി, ബ്ലോഗു പൂട്ടിയ സൂറാബിന്റെ കൈയ്യില്‍ നിന്നും പാസ് വേര്‍ഡും അട്ടത്തു പാത്തുവെച്ച ലാപ്ടോപ്പും  തിരിച്ചു കിട്ടാന്‍ കടിഞ്ഞി   പേറിന്റെ  നയിപ്പും ആലുക്കാസിലെ കടുമണി തൂക്കം പൊന്നുമെനിക്ക് ചെലവായി.

പണ്ടം വാങ്ങി തന്നാല്‍ പാസ്‌വേര്‍ഡു   തിരിച്ചു തരാമെന്ന  കരാറില്‍ അന്ന് ആലുക്കാസിലെത്തിയ സൂറാബി, ആലുക്കാസ് മൊത്തം കച്ചോടാക്കാന്‍ വന്ന മാതിരി ഓരോന്നോരോന്നു എടുത്തിടാന്‍ തുടങ്ങി. സൂറാബിന്റെ ആക്രാന്തം കണ്ടു എന്റെ മുഖത്തുള്ള ചോര നീരായി പോകാന്‍ തുടങ്ങി.  അവസാനം ഓള് എട്ടു പവന്റെ ഒരു മാലയില്‍ പിടി മുറുക്കി. പടച്ചോനെ, മരുഭൂമിയിലെ ആലുക്കാസില്‍ കൊല്ലി നനക്കാന്‍ വെള്ളം കിട്ടാതെ ഇരിക്കാന്‍ കസേര കാണാതെ ഞാന്‍ നിരാശനായി. തട്ടി കൂട്ടിയ കൈയിലെ  ചില്ലാനവും,  ക്രെഡിറ്റ്‌ കാര്‍ഡും മാറി മാറി നോക്കി മനക്കണക്കില്‍ മണ്ടനായ ഞാന്‍ ഉത്സാഹിച്ചു   കൂട്ടിട്ടും കൂട്ടിട്ടും ഒക്കിണില്ല. ഇതൊരു ക്രെഡിറ്റ്‌ കാര്‍ഡിലൊന്നും ഒതുങ്ങൂല.  മലയാളം ബ്ലോഗേര്‍സിന്റെ മൊത്തം പാസ്‌ വേര്‍ഡ്‌ സൂറാബി അടിച്ചോണ്ട് പോയില്ലല്ലോ എന്ന് ഞാന്‍ ആശ്വസിച്ചു.

"ഇതൊക്കെ ബോറാ സൂറാബി, അനക്കിത് ചേരൂല, സിമ്പിള്‍ മോഡലാ അനക്ക് ചേരാ."  എട്ടു പവന്റെ മാലക്കു പകരം ഞാനൊരു തൂങ്ങല്‍ ഇല്ലാത്ത കമ്മല്‍ കാണിച്ചു  കൊടുത്തു.


  "നോക്ക്യാ,   ഈ സിമ്പിള്‍ കമ്മല്‍ അനക്ക് നന്നായി ചേരും.  അനക്കറിയാലോ  ഞാനൊരു സിമ്പിള്‍ ഇഷ്ട്ടപെടുന്ന ആളാണെന്ന കാര്യം."

"പൂ  ഇങ്ങളെ ഒടുക്കത്തെ ഒരു സിമ്പിള്‍, കാര്യം വരുമ്പോ ഇങ്ങക്കൊരു  സിമ്പിളാകലാ,  ആ  പഴയ പരിപ്പ് അവടെ തന്നെ വെച്ചോളിന്‍, എന്നെ കെട്ടിയപ്പോ എന്റെ ബാപ്പാന്റെ കൈയില്‍ നിന്നും പണ്ടോം പണോം വാങ്ങിയപ്പോ ഈ സിമ്പിളാകലൊന്നും അന്ന് കണ്ടില്ലല്ലോ,"

ഓളെ ബാപ്പാന്റെ കൈയ്യില്‍ നിന്നും കാലി ചായക്ക്‌ പോലും രണ്ടു മുക്കാല് ഇന്നേ വരെ കിട്ടാത്ത ഞാന്‍ സൂറാബിന്റെ പെര്‍ഫോര്‍മന്‍സ് കണ്ടു ശ്വാസം ഉള്ളിലേക്ക് തന്നെ വലിച്ചു.

സൂറാബി എന്നെ താങ്ങിയത് കേട്ട് ആലുക്കാസിലെ മുക്കാലിന് കൊള്ളാത്ത  എരപ്പന്‍ സയില്സ്മാന്‍ എന്നെ ഒന്ന് ആക്കി ചിരിച്ചത് കണ്ടോപ്പോ ഓന്റെ കുറ്റിക്കിട്ട്   രണ്ടു പൊട്ടിക്കാന്‍ തോന്നിയെങ്കിലും എന്റെ കായിക ബലം ശരിക്കും അറിയുന്ന ഞാന്‍ അടങ്ങി, സൂറാബിനെ മെരുക്കാന്‍ നോക്കി.  അല്ലെങ്കിലെ വിളര്‍ത്ത എന്റെ ശരീരം ഒന്നുകൂടി വിളര്‍ത്തു വിയര്‍ക്കണ കണ്ട സൂറാബിന്റെ മനം അവസാനം ഒന്ന് അയഞ്ഞു, ഓള് ഞാന്‍ കാണിച്ചു കൊടുത്ത കമ്മലെടുത്തു നോക്കി. ഞാന്‍ ഓളെ ചെവിയില്‍ ആലുക്കാസിലെ ഇബിലീസ്കള്‍   കേള്‍ക്കാതെ മന്ത്രിച്ചു,

"ഇത് അനക്ക് നല്ല പോലെ ചേരും, അന്റെ മൊഞ്ച് ഒന്നൂടെ കൂടും. പോരാത്തതിന് ഇന്ന് ഭക്ഷണം ഉണ്ടാക്കണ്ട, ബ്രോസ്റ്റു വാങ്ങാം. "

ഓളെ മൂന്ത കടന്നല് കുത്തി ബടക്കായെങ്കിലും സൂറാബി കടുമണി തൂക്കം പൊന്നു  വാങ്ങി എന്റെ മാറ്റിയ പാസ് വേര്‍ഡുകളും ലാപ്ടോപ്പും തിരിച്ചു തന്നു. 
  
അത് കൊണ്ട് തന്നെ ഇത്തവണ എന്റെ പ്രിയപ്പെട്ട ഡോള്ബിയെയും DIG യെയും  വെറുതെ വിട്ടുകൊണ്ട്, 'സൂറാബി', 'ചീറാബിയായി' കൊലവെറി   നടത്തൂലാ   എന്ന വിശ്വാസത്തോടെ  സൂറാബിയുമൊത്തുള്ള എന്റെ ആദ്യത്തെ  വാലന്റൈന്‍   സ്വപ്നങ്ങള്‍ സമര്‍പ്പിക്കുന്നു.  

ഗള്‍ഫില്‍ നിന്നും പെണ്ണ് കെട്ടാനുള്ള പൂതിയുമായി രണ്ടു മാസത്തെ ലീവിന് പള്ളിമുക്കിലെത്തിയ ഞാന്‍ ഒരു ചെറിയ പെരുന്നാള്‍ സുദിനത്തിലാണ് സൂറാബിനെ   പെണ്ണ് കാണാന്‍ പോകുന്നത്. പെരുന്നാള്‍ ദിനത്തില്‍ മൂന്നു മണിയോടെ പേരില്‍ മാപ്പിള കൊത്തിവെക്കാത്ത ഞങ്ങളുടെ തറവാട് വക ബ്രോക്കര്‍,  പട്ടര്‍ എന്ന ഓമന പേരില്‍ അറിയപ്പെടുന്ന പട്ടരു മയമ്മാക്ക വന്നു.     പെരുന്നാള്‍ അല്ലേ എന്നെ ചെത്താന്‍ വന്നതാകും എന്ന് കരുതി അമ്പതു മനസ്സില്‍ കണ്ടു ഒരു നൂറു ഉറുപ്പികയെടുത്തു നീട്ടി കൊടുത്തു. എന്റെ അപ്പോഴത്തെയിരുപ്പു വശം അനുസരിച്ച് മൂപ്പരെയെനിക്ക് തെറ്റിക്കാന്‍ പറ്റൂലല്ലോ.

"ഇതൊക്കെ പിന്നെ മതീടാന്നും പറഞ്ഞു പട്ടര്‍ ഞാന്‍ കൊടുക്കുന്നതിനു മുമ്പ് കായി വാങ്ങി പോക്കറ്റിലാക്കി. ഇജ്ജു വേഗം റെഡിയാകു,  പട്ടിക്കാട് ഒരു പെണ്ണുണ്ട്, പോയി നോക്കാം."

പട്ടിക്കാടെന്നു   കേട്ടപ്പോ എന്റെ നെഞ്ച് ഒന്ന് പിടച്ചു.  അന്ന് പള്ളിമുക്കിലെ ചെക്കന്മാരുടെയിടയില്‍ ‍ വെട്ടിക്കാട്ടിരിയും, പട്ടിക്കാടുമാണ് ഏറ്റവും വലിയ കണ്‍ട്രി സ്ഥലങ്ങള്‍. പിന്നെ പൂക്കോട്ടൂരും, കൂരാടും.     പട്ടിക്കാടിന്റെ പേര് അന്നൊക്കെ ഏതു സന്തോഷ്‌ പണ്ഡിറ്റിന്റെ   സിനിമയിലുമുണ്ടാകുന്ന കാലമാണ്.   കഴിയുന്നതും ഞങ്ങള്‍ ഈ നാല് സ്ഥലവും ഒഴിവാക്കുകയാണ് പതിവ്. പൂക്കോട്ടൂരില്‍ നിന്നും പെണ്ണുകെട്ടിയ എന്റെ ഒരെളാപ്പാന്റെ ആദ്യ കാല ഹലാക്ക്‌ ഞാന്‍ കണ്ടറിഞ്ഞതാണ്.     പെണ്ണിന്റെ വീട് എവിടേന്ന് ചോദിച്ചാല്‍ മൂപ്പര് മഞ്ചേരി അടുത്ത്, അല്ലെങ്കില്‍ മലപ്പുറം അടുത്ത് എന്നൊക്കെയാ മറുപടി പറഞ്ഞു തടി തപ്പും.  

മക്കാറാക്കലിന്റെ   ഉസ്താദായ എന്റെ   അനുജന്റെ നാക്കിനു ചെകിട് കൊടുക്കാതെ ഞാനും പട്ടരും കിട്ടിയ രണ്ടു ദോസ്തുമാരും കൂടി ‍ പട്ടിക്കാടെങ്കില്‍ പട്ടിക്കാട്ടില്‍ക്ക് പെണ്ണ് കാണാന്‍ പോയി.  ക്ലാസ്സെടുക്കാന്‍ മിടുക്കരായ എന്റെ പെങ്ങളുടെയും അനുജന്റെയും ക്ലാസ് കാരണം  പേന്റിടാന്‍ മടിയുള്ള ഞാന്‍ തുണി മാറ്റി പട്ടിക്കാട്ടില്‍ക്ക്   പേന്റിട്ടുകൊണ്ട് പെണ്ണ് കാണാന്‍ പോയി.

പട്ടിക്കാട് എത്താനായി, പോക്കറ്റിലുള്ള ചീര്‍പ്പെടുത്തു മുടി ഞാന്‍ അതി   വിശാലമായ  എന്റെ നെറ്റിയില്‍ ‍  മാമാട്ടി സ്റ്റൈലില്‍ പരത്തിവെച്ചു. 

പട്ടരെ പിന്നാലെ ഞങ്ങള്‍ പെണ്ണിന്റെ വീട്ടില്‍ കയറി ഞാന്‍ ഒരു സലാം കാച്ചി. എന്റെ വെയിറ്റ് കൂടാന്‍ വേണ്ടി  സലാം  ഞാന്‍ കാച്ചിയാല്‍  മതിയെന്ന് ഞാനും  ബ്രോക്കറും   തമ്മിലുള്ള അഡ്ജസ്റ്റ്മെന്റായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍   സൂറാബി മൂന്നു പ്രാവശ്യമായി ഞങ്ങളുടെ മുമ്പില്‍ വന്നു. ആദ്യം ചായ, പിന്നെ ഒരു പ്ലേറ്റില്‍  ഒരു നേന്ത്ര പഴം കലാവിരുതോടെ അതി ഭംഗിയായി തൊലി കളയാതെ പന്ത്രണ്ടു സമ കഷ്ണമാക്കിയത്, മൂന്നാമത്തെ വരവില്‍  കുറച്ചു ചിപ്സും വെച്ച് സൂറാബി  കോട്ടിക്കു അടികിട്ടിയ മാതിരി തിരിച്ചുപോയി.     ചായ കുടിച്ചു സൂറാബിന്റെ വീട്ടിലെ ആണുങ്ങളുടെ ചോദ്യങ്ങള്‍ നേരിട്ടു  ഒരു വിധം അഡ്ജസ്റ്റ് ചെയ്തിരിക്കുമ്പോഴാണ്   സൂറാബിന്റെ ആങ്ങള എന്നെ മാത്രം അകത്തേക്ക് വിളിച്ചു.   ജീവിതത്തിലാദ്യമായി പെണ്ണുങ്ങളുടെ ഇന്റര്‍വ്യൂ ബോര്‍ഡിന് മുമ്പില്‍ ഞാന്‍ പ്രത്യക്ഷപ്പെട്ടു.  സൂറാബി, ഓളെ ഉമ്മ, ഒന്ന് രണ്ടു ഏട്ടത്തിമാര്‍, പറയുന്നതിന് കമെന്റിടാതെ, പറയാത്തതിനു മുഴുവന്‍ കമെന്റും, ലൈക്കുമിടുന്ന  നബീസ താത്ത, സൂറാബിനെ അന്നും ഇന്നും എന്നും ഉപദേശിച്ചു നന്നാക്കുന്ന ഓളെ കുഞ്ഞെളെമ്മ,   പിന്നെ ഓളെ ഒരു അമ്മായിന്റെ മകന്‍ പേരിലും പോക്കറ്റിലും തലയിലും പൈസക്കാരനായ മണി.  ഇരിക്കാന്‍ സീറ്റ് വെയ്ക്കാത്ത റൂമില്‍  ചുമര് ചാരി നിന്ന്  ഞാന്‍ എല്ലാവര്‍ക്കുമായി സലാം കൊടുത്തു.  എന്റെ സലാം  കേട്ടയുടന്റെ നബീസ  താത്താന്റെ കമെന്റു വന്നു.

 "സലാമു ഉച്ചയ്ക്ക് വന്നു പോയി,  ഇനി നാളെ വരും." 

നബീസ താത്താന്റെ കമെന്റും ലയിക്കും പേടിച്ചു ഞാന്‍ ഓരോരുത്തരെയായി നേരിട്ടു.     ഇടയ്ക്കിടെ മുഹബത്തു മൂത്ത് ഓളെ  അമ്മായിന്റെ കാര്യപ്രാപ്തിയുള്ള മകന്‍    മണി എന്റെ തോളില്‍   പിടിക്കുന്ന പോലെ എനിക്ക് തോന്നി. 

ലൈക്കാനുള്ള ഉപകരണമായ ഫയിസ്സു ബുക്ക്‌ കണ്ടു പിടിചിട്ടില്ലെങ്കിലും  ഞാനും സൂറാബിയും  പരസ്പ്പരം ഒന്ന് ലൈക്കി.  ഇന്റര്‍വ്യൂയെല്ലാം  കഴിഞ്ഞു നബീസ താത്ത കേള്‍ക്കാതെ പതുക്കെ  ഒരു സലാം കൂടി കൊടുത്ത് മടങ്ങി പോരും വഴി, സൂറാബിന്റെ  കുടുംബക്കാരുടെ വീട്ടില്‍ സൂറാബിനെ ലൈക്കിയ വിവരം പറഞ്ഞു ഞാന്‍ പള്ളിമുക്കില്‍ തിരിച്ചെത്തി.

പെണ്ണിനെ എനിക്ക് പറ്റിയ സ്ഥിതിക്ക് സൂറാബിനെ കാണാന്‍ പെണ്ണുങ്ങള്‍ പോകാന്‍ തീരുമാനിച്ചു.   ആണിന് പറ്റിയാലും ശരി രണ്ടു കുടുംബത്തിലെയും പെണ്ണുങ്ങള്‍ക്ക്‌ കൂടി ചെക്കനേയും പെണ്ണിനേയും പറ്റിയെങ്കിലെ പള്ളിമുക്കിലും പട്ടിക്കാടുമൊക്കെ  അന്ന് കല്യാണം നടക്കുകയുള്ളൂ പള്ളിമുക്കിലെ അന്നത്തെ  കല്യാണം മുടക്കികളെക്കാള്‍  എനിക്ക് പേടി ചെക്കന് ഇഷ്ട്ടപെട്ട പെണ്ണിന്റെ കുറ്റം കാണാന്‍ പോകുന്ന ഇത്തരം പെണ്ണുങ്ങളെയാണ്. അത് കൊണ്ട് തന്നെ പെണ്ണിനെ കാണാന്‍ പോകുന്ന പെണ്ണുങ്ങളുടെ എണ്ണം നാലായി ചുരുക്കി.  മനസ്സില്‍ ലഡുവും    നെഞ്ചില്‍ പെരുംപറയുമായി .  സൂറാബിനെ കാണാന്‍ പോകുന്ന   എട്ടു കണ്ണുകളില്‍ നിന്നും സൂറാബി രക്ഷപെടെട്ടെ എന്ന പ്രാര്‍ത്ഥനയുമായി ഞാനെന്റെ  നിസ്ക്കാര നേരം നീട്ടി കൊണ്ടിരിക്കുമ്പോഴാണ് മുറ്റത്തൊരു കാറിന്റെ ശബ്ദം. ഞാന്‍ ജന്നലിലൂടെ പുറത്തേക്കു നോക്കി,

റാംജി റാവു സ്പീക്കിങ്ങില്‍  സായികുമാറിനെ പിടിക്കാന്‍ പോണ മാമുക്കോയയുടെ കാറിന്റെ റീമേക്ക് സീന്‍ പോലെ ഒരു അബാസ‍ഡര്‍
കാറില്‍ കുത്തി നിറച്ചിരുന്ന ഒരു പത്തു പതിനഞ്ചു പേര്‍ പുറത്തേക്കു ചാടുന്നു. ചാട്ടാളി പരല് പോലെ ആദ്യം ചാടിയ ആളെ കണ്ടു ഞാന്‍ ഞെട്ടി പടച്ചോനെ വിളിച്ചു. സൂറാബിന്റെ ആങ്ങള, പിന്നെ ഓളെ ബാപ്പ, ഓരോരുത്തരായി ഇറങ്ങി.  പള്ളിമുക്കിലെ കല്ല്യാണം  മുടക്കികളെ ഞാന്‍ മാനത്തു കണ്ടു എന്റെ ഉപ്പാന്റെ കൂടെ പുറത്തിറങ്ങി.  വന്നവരെ അകത്തേക്ക് കഷണിച്ചു, ഞാന്‍ വെള്ളം കുടിക്കാന്‍ പാഞ്ഞു. എന്റെ ബേജാറു കണ്ടു ഉപ്പ പിന്നാലെ വന്നു പറഞ്ഞു, "അവര് കല്ല്യാണമുറപ്പിക്കാന്‍ വന്നതാ,  മുടക്കാനല്ല. "

പടച്ചോന്‍ കാത്തു, ആരും മുടക്കീട്ടില്ല,  പള്ളിമുക്കിലെക്കാള്‍  വീര്യം കൂടിയ കല്ല്യാണം മുടക്കികള്‍ പട്ടിക്കാടുണ്ടെന്നു എനിക്ക് മനസ്സിലായി. വിവരം അറിഞ്ഞു എന്റെ   എളാപ്പാരൊക്കെയെത്തി, കല്ല്യാണം ഒരാഴ്ച കഴിഞ്ഞു  ഫെബ്രുവരി പതിന്നാലിനു നടത്താന്‍ തീരുമാനിച്ചു.   പെണ്ണുങ്ങള്‍ക്ക്  കുറ്റം കണ്ടു പിടിക്കാന്‍ ചാന്‍സ് കൊടുക്കാതെ സൂറാബി അതി ബുദ്ധി കാട്ടിയതില്‍ എന്റെ കുടുംബത്തിലെ പെണ്ണുങ്ങള്‍ക്ക്‌ നിരാശയായി.   എന്തായാലും പിറ്റേ ദിവസം ചടങ്ങിനു നാലിന് പകരം എല്ലാ പെണ്ണുങ്ങളെയും സൂറാബിന്റെ വീട്ടില്‍ക്ക്‌ പറഞ്ഞയച്ചു.  കുറ്റം കാണാന്‍ ചാന്സില്ലാതെ സൂറാബിന്റെ ഉമ്മാന്റെ ഡോള്‍ബി സിസ്റ്റം ആസ്വദിച്ചു അവരെല്ലാം മടങ്ങിയെത്തി.


അങ്ങിനെ സൂറാബിന്റെയും എന്റെയും കല്ല്യാണം ഫെബ്രുവരി പതിന്നാലിനു കഴിഞ്ഞു.  കല്ല്യാണം കഴിഞ്ഞു ഓളെ വീട്ടില്‍ ഞാന്‍ പോയപ്പോള്‍ ഓള് വീടിന്റെ ചുമരില്‍ ഒരു വര കാണിച്ചു തന്നു.   പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ എന്റെ ഉയരം ചുമരില്‍ പേന കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു,  തലയില്‍ പണം കായ്ക്കുന്ന മരം കൊണ്ട് നടക്കെണ ‍ ഓളെ അമ്മായിന്റെ മകന്‍ പെണ്ണ് കാണാന്‍ വന്നപ്പോള്‍ മുഹബത്തു മൂത്ത് എന്റെ തോളില്‍ പിടിക്കെണ   പോലെ കാണിച്ചു അടയാളപ്പെടുത്തിയതാണ്.  ഓന്റെ തലെന്റുള്ളിലെ സാഹസം കണ്ടാല്‍ കരുതും ഞാന്‍ വല്ല കുള്ളന്മാരുടെ അത്ഭുത ദ്വീപില്‍ നിന്നാണ് പെണ്ണ് കാണാന്‍ വന്നത്.  റേഷന്‍ ഷാപ്പില്‍ കുറച്ചു കാലം പണിയെടുത്ത കാരണം ഓന്‍ എന്റെ അളവില്‍ രണ്ടിഞ്ചു കുറച്ചെങ്കിലും  ചുമരിലും 'എന്റെ തലയിലും വര വരച്ച' സൂറാബിന്റെ  വീട്ടുകാരുടെ ബുദ്ധിയില്‍ ഞാന്‍ അഭിമാനം കൊണ്ടു.

അങ്ങിനെ ആദ്യത്തെ ഫെബ്രുവരി പതിന്നാലിനു ശേഷം ഒരുപാട് ഫെബ്രുവരി  പതിന്നാല്,  സൂറാബി വിചാരിച്ചാല്‍ പോലും ഒന്ന് പോലും  ഓളെ മറക്കാന്‍ അയക്കാതെ ഈ ഹലാക്കിന്റെ അവിലും കഞ്ഞി മാര്‍ക്കറ്റു ചെയ്യുന്ന എല്ലാ മാധ്യമ ചാനലുകാര്‍ക്കും പ്രണാമത്തോടെ ഇന്നെങ്കിലും ഞാന്‍ ബാല്‍ താക്കെര്‍ക്ക് ജയ്‌ വിളിക്കാന്‍ പോകട്ടെ.

(ചിത്രം: ഗൂഗിള്‍)

Sunday, February 13, 2011

വാലന്‍ന്റൈന്‍ ഡേയും, സൂറാബിയും പിന്നെ ഞാനും



പടച്ചോനെ, നാളെ ഫെബ്രുവരി പതിന്നാലാണ്.  ഈ ഹലാക്കിന്റെ അവിലും കഞ്ഞി  കണ്ടുപിടിച്ച ഹറാം പിറന്നോരെ നേരിട്ടൊന്നു കിട്ടിയിരുന്നെങ്കില്‍. ‍ ഇന്ന് ഓഫീസില്‍ ഇരുന്നിട്ടൊരു ഇരിക്കപൊറുതിയില്ല. ചാറ്റാനും ചീറ്റാനും വയ്യ. ഇതൊന്നു പോസ്റ്റാന്‍ എങ്കിലും കഴിഞ്ഞാല്‍ മതിയായിരുന്നു.

ഫെബ്രുവരി പതിന്നാല്‌, ഇങ്ങള് കരുതുംപോലെ നമ്മക്കും എന്‍റെ കെട്ടിയോള് പട്ടിക്കാട്ടുക്കാരത്തി  സൂറാബിക്കും അത് വാലന്‍ന്റൈന്‍    ഡേ മാത്രമല്ല. സൂറാബിനെ എന്‍റെ തലയില് കെട്ടി വെച്ചതിന്റെ വാര്‍ഷികം കൂടിയാണ്.   സൂറാബിക്കും, ഓളെ ബാപ്പാക്കും ഫെബ്രുവരി പതിന്നാല്‌  ആഘോഷമാണ്.  എനിക്കും, ബാല്‍ താക്കര്‍ക്കും ഇതൊന്നും പിടിക്കൂല.  കൊല്ലങ്ങളായി ഞാനും താക്കറെയും   ഫെബ്രുവരി പതിന്നാലൊരു  കരിദിനമാക്കി  കൊണ്ടാടുകയാണ് പതിവ്. 

കഴിഞ്ഞ ഫെബ്രുവരി പതിന്നാലിനു സൂറാബിക്ക്   കൊടുത്ത സമ്മാനം ഓള്‍ക്ക്  അത്ര രസിച്ചിട്ടില്ല.  അന്ന് ഞാന്‍ ഓളെ ഒരു പാക്കറ്റ് ഗ്യാലക്സി  ചോക്ലേറ്റില്‍   തള്ളിടാന്‍ നോക്കിയെങ്കിലും ഏശിയില്ല. ചോക്ലേറ്റ് വാങ്ങി ഓളെ കാണാതെ  അത് പാത്തു വെച്ച്, ഞാന്‍ ഷട്ടില്‍ കളിക്കാന്‍ പോയി. മടങ്ങി വന്നപ്പോള്‍ തന്നെ മനസ്സിലായി സൂറാബി ശരിയല്ല എന്ന്,  ഓള്‍ക്ക് കരുതിയ ഗിഫ്റ്റ് കുട്ടിയാള്   തിന്നു  കുരുവാക്കിയിരിക്കുന്നു.  ഓളെ കോടിയ മൂന്ത ഒന്ന്  നന്നാക്കാന്‍  പതിനെട്ടു അടവും പയറ്റി. പിന്നെ സൂറാബിക്ക് ഈ മുട്ടായി ഗിഫ്റ്റ് ഒന്നും പോര.  വാലന്‍ന്റൈന്‍ ഡേയും വിവാഹ വാര്‍ഷികവും  ഒരുമിച്ചായത് കൊണ്ടു   ഓള്‍ക്ക് രണ്ടു ഗിഫ്റ്റ്  വേണം എന്നാ ഓളെ വിചാരം. നേരം വെളുത്തു ചങ്ങന്‍  കോഴികള്‍   കൂവുന്നതിനു മുമ്പ്  ഫോണിലൂടെ ചില പിടക്കോഴികള്‍ കൂവാന്‍ തുടങ്ങും.  ഗിഫ്റ്റ് എന്തു കിട്ടിയെടീ എന്നും ചോദിച്ചു മേനി പറയാനും നമീമത്തു പറയാനും.   മജ്ജത്തു കട്ടില്‍മേല്‍  മൂക്കില് പഞ്ഞി വെച്ചു   പോകുമ്പോളായാലും  മേനി പറയാന്‍   ഇക്കൂട്ടര്‍ക്ക് ഗിഫ്റ്റ് വേണ്ടി വരും. ഓളെ  ഏട്ടത്തി ആബിദാക്കും, ഒപ്പം പഠിച്ച ഷഹര്‍ബാനും ഫൌസിക്കും കിട്ടുന്ന ഓരോരോ ഗിഫ്റ്റ് കഥകള്‍ കേട്ടു എനിക്ക് മനം മടുത്തിട്ടുണ്ട്.

ഇത്തവണയെങ്കിലും  ആര്‍ക്കും കിട്ടാത്ത നല്ലൊരു ഗിഫ്റ്റ് സൂറാബിക്ക് കൊടുക്കണം. അതുകൊണ്ടു  സകല 'ഫയിസുവിനെയും' മനസ്സില്‍ ധ്യാനിച്ച്‌ ഇതൊന്നെഴുതാന്‍ തീരുമാനിച്ചത്. ഇതോടു കൂടി ഗിഫ്റ്റിനോടുള്ള  ആക്ക്രാന്തം സൂറാബി നിറുത്തും.  ഞാന്‍ മനസ്സില്‍   ഊറ്റം കൊണ്ടു.

ഒരു ഫെബ്രുവരി പതിന്നാലിനാണ്  എന്റെയും, സൂറാബിന്റെയും കല്ല്യാണം കഴിഞ്ഞത്.  കല്ല്യാണവും, തക്കാരവുമൊക്കെ കേമമായി  കഴിഞ്ഞപ്പളാ    അതിലും വല്യ ഹലാക്ക്‌ വരുന്നത്. ഒരു രാത്രി സൂറാബിന്റെ പട്ടിക്കാട്ടു രാപ്പാര്‍ക്കണം. ഹജ്ജിനു പോകുമ്പോ മീനായിലെ രാപ്പാര്‍ക്കല്‍ തെറ്റിച്ചാലും, കല്ല്യാണം കഴിഞ്ഞാല്‍ കെട്ടിയോളുടെ വീട്ടിലെ രാപ്പാര്‍ക്കല്‍ പള്ളിമുക്കിലെ (പള്ളിമുക്ക് ) എന്‍റെ  നാട്ടുകാര്‍ക്കും സൂറാബിന്റെ പട്ടിക്കാട്ടാര്‍ക്കും  ഫര്‍ളായ (നിര്‍ബന്ധമായ)  കാര്യമാണ്. ലീവില്ലെങ്കിലും പണി പോയാലും ശരി പട്ടിക്കാട്ടു പോയി രാപ്പാര്‍ക്കണമെന്നു   എന്‍റെ ഉമ്മച്ചിയും ശഠിച്ചു.  പോരാത്തതിന്  സൂറാബിന്റെ  ബാപ്പാന്റെ നിക്കാത്ത ഫോണ്‍ വിളിയും. മൂപ്പര് പെന്‍ഷന്‍ പറ്റിയ  DIG.  പോലീസിനെ കാണുമ്പോ തന്നെ മുട്ടു കാലു  കൂട്ടി അടിക്കിണ എനിക്ക് DIGന്നു  കേട്ടാല്‍ പിന്നെ പറയാനുണ്ടോ. (മൂപ്പര് പോലീസ് DIG അല്ല, DIG വകുപ്പ്  വേറെയാണെന്ന്  ഞാന്‍ മനസ്സിലാക്കിയത് ഈ അടുത്ത  കാലത്താണ്).

അവസാനം  സൂറാബി ഓളെ മുഹബ്ബത്ത് മൂത്തു, എനിക്ക് വാങ്ങി   തന്ന ഫുള്‍ കൈ കുപ്പായവും  ജീന്‍സും കുത്തി കയറ്റി എന്‍റെ പള്ളിമുക്കുന്നു പെണ്‍  വീട്ടില് രാപ്പാര്‍ക്കാന്‍  ഞാനും പോയി.   എന്‍റെ ജീവിതത്തിലെ ആദ്യ ഫുള്‍ കൈ കുപ്പായമിടല്‍  കര്‍മ്മം സൂറാബിന്റെ കാര്‍മികത്വത്തില്‍ അന്ന് നടന്നു.  ഓളെ വല്യ പൂതിയായിരുന്നു പുത്യാപ്ല ഫുള്‍ കൈ കുപ്പായമിടുകന്നുള്ളത്.   പോരാത്തതിന് ഓളെ  അഞ്ചു ഏട്ടത്ത്യാളെ മാപ്പ്ളാരും ഫുള്‍ കൈയാ.  ഞാന്‍ അതുവരെ  ഇടാത്ത ഫുള്‍ കൈ കുപ്പായം ഇട്ടു പോണത് കണ്ടു എന്‍റെ പെങ്ങളും അനുജനും, സൂറാബി എന്നെ കുപ്പിലാക്കിന്നു  കരുതി  ചുണ്ടില്‍ കുശു കുശുത്തു.

വൈകുന്നേരം ആറു  മണിയോടെ ഞാനും സൂറാബിയും പട്ടിക്കാട്  എത്തി. പുതിയ മരോനെ സ്വീകരിക്കാന്‍ മുറ്റം നിറച്ചും തുറുപ്പ കണ്ണുകളുമായി  ഒരുപാട്  ആള്‍ക്കാര്‍.  ഒരു നഴ്സറി സ്ക്കൂളിലെ മാതിരി   പത്തു മുപ്പതു    കുട്ടികള്‍ മൂക്ക് ഒലിപ്പിച്ചും ഒലിപ്പിച്ചാതെയും നില്‍ക്കണ്‍ത്    കണ്ടു ഞാന്‍ അന്തം വിട്ടു.   ഈ കുട്ട്യാളു മുഴുവന്‍ ഓളെ  ഏട്ടത്ത്യാളെ കുട്ടികള്‍.   പിന്നെ അമ്മോച്ചന്‍,  ഡോള്‍ബി സൌണ്ട് സിസ്റ്റം ഇന്നും കാത്തു പോരുന്ന അമ്മായിമ്മ, സൂറാബിന്റെ അഞ്ചു ഏട്ടത്ത്യാളും കെട്ടിയോന്മാരും,  പിന്നെ എത്ര എങ്ങിനെയായാലും പോലത്തെ 'ചെറിയ വര്‍ത്താനത്തിനു' മാത്രം  തൊള്ള തൊറക്കെണ ഓളെ നാത്തൂന്‍, കൂടാതെ  പറഞ്ഞത്  മാത്രം  കേള്‍ക്കാതെ പറയാത്തത് മുഴുവന്‍ കേള്‍ക്കുന്ന നബീസതാത്ത.    എല്ലാര്‍ക്കും കൈയും കാലും കൊടുത്ത് ഞാന്‍ ഒരു അരിക്കായി. ഫുള്‍ കൈ കുപ്പായമിട്ടതിന്റെ പൊറുതികേട്‌ വേറെയും.

ജിദ്ദയുടെ  ഉള്ളതും ഇല്ലാത്തതുമായ പോരിഷയും മറ്റും പറഞ്ഞു ഡോള്‍ബി കൊണ്ടു വന്ന കരിക്കിന്‍ വെള്ളം കുടിച്ചു ‍ഞാന്‍  ഒരുവിധം പിടിച്ചു നിന്നു .   രാത്രിയായി, ഭക്ഷണത്തിന്റെ നല്ല മണമുണ്ടെങ്കിലും തിന്നാന്‍ തരാള്ള കൂട്ടല്ല. എന്‍റെ പള്ളന്റെ ഉള്ളുന്നു ഓരോ ഒച്ചയും  വിളിയും തുടങ്ങി.

"മോല്ല്യാര് മദ്രസ്സയിലെ രാത്രി പഠിപ്പിച്ചല് കഴിഞ്ഞ് വന്നിട്ടേ ചോറ് വളംബൂ, അതാ പട്ടിക്കാട്ടുത്തെ നാട്ടു നടപ്പ്,  ഇങ്ങളെ  ഒടുക്കത്തെ ഒരു  ബേജാറു,  മന്‍സ ഒന്ന് സമാധാനിച്ചിന്‍, സൂറാബി പറഞ്ഞു."

ഞാന്‍ കൂട്ടിലിട്ട മെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്‍റെ  കൊടല്  കരിയിണ മണം കേട്ടാവണം  മോല്ല്യാര്  രാത്രി പതിനൊന്നു മണിക്ക് ചൂട്ടും കത്തിച്ചു എത്തി.  മൂപ്പരെ ചെവിലെ അത്തറില് മുക്കിയ പഞ്ഞിന്റെ മണം ഏതു അടഞ്ഞ  മൂക്കിന്റെ  പാലവും തൊറപ്പിച്ചും.  മോല്ല്യാര്  വന്നതോടെ എന്‍റെ വെയിറ്റ് ഒക്കെ പോയി. സൂറാബിയും കൂട്ടരും ഭക്ഷണം എടുത്തു വെച്ചു.      നല്ല മട്ടന്‍ ബിരിയാണിയും ചിക്കന്‍ പൊരിച്ചതും.  ഉള്ള കോഴി കൊറക്  പൊരിച്ചത് മോല്ല്യാര്‍ക്ക്‌ കൊടുത്ത് അമോച്ചന്‍ ഭവ്യത കാട്ടി. ഭക്ഷണം കഴിഞ്ഞ് മോല്ല്യാര്  മൂപ്പരുടെ ജനറല്‍നോളട്ജിന്റെ   കിത്താബും കെട്ടഴിച്ചു,  ദുനിയാവിലും ആഹറത്തിലുള്ള സകലതും  എന്നെ പഠിപ്പിച്ചാന്‍  നോക്കി. രാത്രി പന്ത്രണ്ടരയോടെ മോല്ല്യാര്   എന്നെ കെട്ടി പിടിച്ചു മൂപ്പരെ താടിമലുള്ള   സുഗന്ധം കൂടി എനിക്ക് പകര്‍ന്നു തന്നു  സ്ഥലം കാലിയാക്കി.   സൂറാബിനെക്കാള്‍ ഹലാക്ക്‌ ഈ  മോല്ല്യാരാണെന്ന്  ഞാന്‍ മനസ്സിലാക്കി.  

എനിക്ക് എന്‍റെ പള്ളിമുക്കുക്ക് തിരിച്ചു പോകാന്‍ പൂതിയായി.  സൂറാബിനോട് വീട്ടിലേക്കു പോയാലോ എന്ന ചോദ്യം  അമോച്ചന്റെ  നോട്ടം കണ്ടു ഞാന്‍ ഉള്ളിലേക്ക്  തന്നെ മുണുങ്ങി.  പരീക്ഷക്ക്‌ പഠിക്കുന്ന കുട്ട്യാളെ പോലെ തിന്നു തീര്‍ത്ത മലയാള മനോരമ തിരിച്ചു മറിച്ചും  വായിക്കാന്‍ തുടങ്ങി.   അമോച്ചന്‍ എന്‍റെ ചുറ്റും  വലം വെച്ചു നടക്കുന്നു. ബഹുമാനം മൂത്തു ഞാന്‍ സോഫയില്‍ നിന്നും എണീറ്റപ്പോള്‍ മൂപ്പര് തന്റെ പണ പെട്ടി  സോഫക്കടിയില്‍ തിരുകി പറഞ്ഞു. കള്ളന്മാരുടെ കാലമാ, ഞാന്‍ ഇവിടെയാ പൈസ പാത്തുവെക്കല്‍.   സൂറാബിന്റെ പോലെ ഓളെ വീട്ടുകാര്‍ക്കും പടച്ചോന്‍ തല നെറച്ച് ബുദ്ധി കൊടുത്തതില്‍ ഞാന്‍ അതിയായി  സന്തോഷിച്ചു.

എന്നാലും കള്ളന്‍ എന്ന് കേട്ടതോടെ ഞാന്‍ കുറേശ്ശെ ‍ പേടിക്കാന്‍ തുടങ്ങി. എന്‍റെ  രാത്രിയിലെ കള്ളനെ പിടുത്തം വളരെ ഫയിമസാണ് താനും. (കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കി യാല്‍  മതി). എന്തായാലും ഞാന്‍ ഉറങ്ങാന്‍ കിടന്നു.  ടോര്‍ച്ചും ഒരു കന്നാസ് വെള്ളവും, പിന്നെ ഒരു സീറോ ബള്‍ബും, ഇത്  മൂന്നുമുണ്ടായാലെ  എന്‍റെ ഉറക്കം മുറുകൂ. സൂറാബി കുടിക്കാന്‍ വെള്ളം മാത്രം കൊണ്ടു വന്നു. ടോര്‍ച്ചും, സീറോ ബള്‍ബുമില്ല. രണ്ടാമത് ടോര്‍ച്ചെടുക്കാന്‍  പോകാന്‍ ഞാന്‍ ഓളെ സമ്മതിച്ചില്ല.  പെണ്ണു വീട്ടുകാര് ഇവനൊരു പേടി തൊണ്ടനാന്നും പറഞ്ഞു കല്ല്യാണം മൊഴി ചൊല്ലിയാലോ.  ആറ്റു നോറ്റുണ്ടായ  കല്ല്യാണമാണ്, എന്‍റെ ഗമ ഇവിടെ കുറക്കാന്‍ പാടില്ല.   ഞാനും സൂറാബിയും  ഉറങ്ങാന്‍ കിടന്നു. ഉറക്കം വരാതെ  തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരു പരുവത്തിലായി. എവിടെയൊക്കെയോ കള്ളന്മാരുടെ  അശരീരികള്‍ കേട്ട് തുടങ്ങി. റൂമില്‍ സീറോ  ബള്‍ബില്ലാത്തതില്‍ ഞാന്‍ ‍ വിഷമിച്ചു, ബാല്‍ക്കണിയിലെ  ലൈറ്റ് ഓണ്‍ ചെയ്താല്‍  സീറോ ബള്‍ബിന്റെ മാതിരി  ഇരുണ്ട വെളിച്ചം റൂമില്‍ കിട്ടും എന്ന് പറഞ്ഞു സൂറാബി വാതില്‍ തുറന്നു ബാല്‍ക്കണിയിലെ ലൈറ്റ് ഓണ്‍ ചെയ്തു.

 മരോന്റെ  സൗകര്യാര്‍ത്ഥം താന്‍  ഓഫാക്കിയ ലൈറ്റ്   ഏതു ബലാലാ  ഓണാക്കെയ്തു എന്ന് ചോദിച്ചു എന്‍റെ ഡോള്‍ബി അമ്മായിമ്മ വന്നു  ലൈറ്റ് ഓഫ്‌ ചെയ്തു.  എനിക്ക് സത്യം പറയാന്‍ മനസ്സ് വന്നില്ല. സൂറാബി പോയി വീണ്ടും ലൈറ്റ് ഓണ്‍ ചെയ്തു. ആരെയൊക്കെയോ പിരാകി  കൊണ്ടു ഡോള്‍ബി  ഒന്നുകൂടി ലൈറ്റ് ഓഫ്‌ ചെയ്തു എന്നുറപ്പ് വരുത്തി  കിടന്നു. ഉറങ്ങാന്‍ കഴിയാത്ത ഞാന്‍  തന്നെ ഇത്തവണ പോയി വീണ്ടും  ലൈറ്റ് ഓണ്‍  ‍ചെയ്തു വന്നു.  സ്വിച്ച്  കേടാകും എന്നോട് കളിക്കണ്ട ബള്‍ബെ എന്നും പിറ് പിറുത്തു  ഡോള്‍ബിയും, അമോച്ഛനും  കൂടി ബള്‍ബ്‌ തന്നെ ഊരി   കൊണ്ടു പോയി.

എനിക്ക്  ഉര്‍ക്കമില്ലാ രാത്രി സമ്മാനിച്ച്‌ കൊണ്ടു എന്‍റെ ഡോള്‍ബിയും DIG  യും  കൂര്‍ക്കം  വലിച്ചുറങ്ങി. പിറ്റേ ദിവസം ഞാന്‍  മടങ്ങുമ്പോള്‍ അമോച്ചന്‍ ലൈറ്റ്  നന്നാക്കാന്‍ ആളെ തിരഞ്ഞു നടക്കുകയായിരുന്നു.

(എന്റെ സൂറാബിക്കു  ഞാന്‍ ഈ പഴയ ഒരു ഓര്‍മ്മ കുറിപ്പ് മറ്റൊരു ഫെബ്രുവരി പതിന്നാലിന്റെ  വിവാഹ വാര്‍ഷിക സമ്മാനമായി സമര്‍പ്പിക്കുന്നു. ഞാന്‍ പോവുന്നു, താക്കറെയുടെ അടുത്തേയ്ക്ക്, ഒരു കരി ദിനം കൂടി  ഞങ്ങള്‍ക്ക് ആഘോഷിക്കണമല്ലോ) .
=============================================================