Friday, November 23, 2012

ആവിഷ്ക്കാര, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വ്രണിത മുഖങ്ങള്‍


ഡിസംബറോടു കൂടി ചരിത്രമാകുന്ന 2012 ബാക്കി വെച്ച് പോകുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വ്രണിത മുഖങ്ങള്‍ ലോക മനസാക്ഷിക്ക് മുമ്പില്‍ പരിഹാര ക്രിയകളില്ലാത്ത ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള രക്ത പങ്കിലവും അല്ലാതെയുമുള്ള മുറവിളികള്‍ കൊണ്ട് മുഖരിതമായ അന്താരാഷ്‌ട്ര സമൂഹങ്ങളിലെല്ലാം പ്രതീക്ഷയുടെ തീ നാളങ്ങള്‍ അണഞ്ഞു കൊണ്ടിരിക്കുന്ന വ്രണിത മുഖങ്ങളെ നമുക്ക് ദര്‍ശിക്കാനാവും.
  
ജന്മ നാട്ടില്‍ ജീവിക്കാനുള്ള ജന്മാവകാശത്തിനായി, അധിനിവേശത്തിനെതിരെ   വര്‍ഷങ്ങളായി പട പൊരുതി മരിച്ചുവീണു കൊണ്ടിരിക്കുന്ന പലസ്തീനിയിലെയും ഗാസയിലേയും അശാന്തി തീരങ്ങളുടെ ശവപറമ്പില്‍ മരിച്ചു ജീവിക്കുന്ന നിസ്സഹായരായ സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന നിഷ്കളങ്ക സമൂഹം, പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയതിന് സ്കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി താലിബാന്‍ തീവ്രവാദികളാല്‍  ആക്രമിക്കപെട്ട 14 കാരിയായ മലാല, ദൈവത്തിന്റെ  സ്വന്തം നാട്ടില്‍ താന്‍ വിശ്വസിച്ച പാര്‍ട്ടിയിലെ ആശയ വ്യതിയാനത്തിന്റെ പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ചതിനാല്‍ 51  വെട്ടുകള്‍‍ക്കിരയായി ക്രൂരമായി കൊലചെയ്യപെട്ട TP ചന്ദ്രശേഖരന്‍,   'ബാല്‍ താക്കറെയുടെ' മരണത്തിന്റെ പേരില്‍ നടന്ന മുംബൈ ബന്ദിനെതിരെ ഫയിസ്ബുക്കില്‍ വിയോജനകുറിപ്പെഴുതിയ പെണ്‍കുട്ടി ഷഹീന്‍ ദാദയും, കുറിപ്പിന് ലൈക്കടിച്ച കൂട്ടുകാരി റിനു ശ്രീനിവാസനും,    ട്വിറ്ററില്‍ ചൈനീസ്‌ പാര്‍ട്ടി  കോണ്‍ഗ്രസ്സിനെ കുറിച്ച് തമാശയെഴുതിയതിനു ബീജിങ്ങില്‍   അറസ്റ്റിലായ സായിസിയാവോബിംഗ്  തുടങ്ങിയവരെല്ലാം ആവിഷ്ക്കാര, അഭിപ്രായ  സ്വാതന്ത്ര്യത്തിന്റെ വ്രണിത മുഖങ്ങളായി ഉത്തരം കാണപ്പെടാത്ത  ചോദ്യ ചിഹ്നങ്ങളായി ചരിത്ര താളുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

ഷഹീന്‍ ദാദ: ഞങ്ങള്‍ ശിരസ്സ്‌ കുനിക്കുന്നു!

കാര്‍ട്ടൂണിസ്സ്റ്റായി ജീവിതം തുടങ്ങി, തീവ്ര ഹിന്ദുത്വ മറാത്തി വാദത്തിന്റെ അപ്പോസ്തലനായി പേരെടുത്ത 'ബാല്‍ താക്കറെയുടെ' മരണത്തിന്റെ പേരില്‍ നടന്ന മുംബൈ ബന്ദിനെതിരെ ഫയിസ്ബുക്കില്‍ വിയോജനകുറിപ്പെഴുതിയ പെണ്‍കുട്ടി ഷഹീന്‍ ദാദയും, കുറിപ്പിന് ലൈക്കടിച്ച കൂട്ടുകാരി റിനു ശ്രീനിവാസും ആവിഷ്ക്കാര, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഇന്ത്യന്‍ വ്രണിത മുഖങ്ങള്‍ ആയി നമുക്കുമുമ്പില്‍ നില്‍ക്കുന്നു.
ബന്ദുകളെയും ഹര്‍ത്താലുകളെയും ജനങ്ങള്‍ വരിക്കുന്നത് അവയോടുള്ള പ്രണയം കൊണ്ടല്ലെന്നും, മറ്റൊരു ചോയിസ് മുമ്പിലില്ലാത്ത ഭയചികിത സമൂഹത്തിന്റെ നിസ്സഹായാതകൊണ്ടാണെന്നും രത്ന ചുരുക്കമുള്ള ഫയിസ് ബുക്ക്‌ കുറിപ്പിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട സംഭവം ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ അപമാനമാണ്. ആവിഷ്ക്കാര, അഭിപ്രായ, വ്യക്തി   സ്വാതന്ത്ര്യത്തിന്റെ വിളഭൂമിയെന്ന് കേട്ടിഘോഷിക്കപെടുന്ന ഭാരതത്തില്‍‍, 'മലാല' സംഭവം ആഘോഷമാക്കിയെടുത്ത ഇന്ത്യന്‍ മാധ്യമങ്ങളും, സോഷ്യല്‍ മീഡിയകളും ഷഹീന്‍ ദാദ അറസ്റ്റു ചെയ്യപെട്ട സംഭവത്തില്‍ കാണിച്ച ഉദാസീനതയുടെ വേരുകള്‍ ചെന്നെത്തുക ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണ മൊഴികളിലെക്കാവും.
ആള്‍ ദൈവങ്ങളുടെ പറുദീസയായ നമ്മുടെ നാട്ടില്‍‍, ജീവിച്ചിരുന്ന താക്കറെയെക്കാള്‍ അപകടകാരിയാവും മരിച്ച താക്കറെയെന്ന തിരിച്ചറിവുമൂലം, സുരക്ഷിതമായ ജീവിതമാണ് പ്രധാനമെന്ന് മനസ്സിലാക്കി, തന്റെ ക്ലിനിക്ക് തകര്‍ത്ത 'ദൈവ ദാസന്മാര്‍ക്കെതിരെ' പരാതിയില്ലെന്ന് പറഞ്ഞ ഷഹീന്‍ ദാദയുടെ അമ്മാവന്‍ ഡോക്ടര്‍ അബ്ദുള്ള ദാദയുടെ പാതകള്‍ പിന്തുടര്‍ന്ന് അറസ്റ്റു ചെയ്യപെട്ട പെണ്‍കുട്ടികള്‍ തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങിടപെട്ട സംഭവം അങ്ങേയറ്റം ഖേദകരമാവുന്നു.

മുംബയില്‍ നടന്ന ബന്ദില്‍ രാജാവ് നഗ്നനാണെന്ന സത്യം ലോക മനസാക്ഷിക്കു മുമ്പില്‍ ‍ അവതരിപ്പിക്കാന്‍ ഷഹീന്‍ ദാദയുടെ കമെന്റിനു കഴിഞ്ഞുവെങ്കിലും, അതിന്റെ പേരില്‍ അവര്‍ക്ക് അനുഭവിക്കേണ്ടിവന്ന കഷ്ട്ടതകള്‍ ലജ്ജാവഹം തന്നെ.
ഇന്ത്യയിലെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍, സിനിമയിലെയും ക്രിക്കറ്റിലെയും വമ്പന്മാരുമെല്ലാം താക്കറെ ഗീതങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നപ്പോള്‍, രാജാവിന്റെ നഗ്നതയിലെക്കുള്ള ചൂണ്ടു പലകയായെങ്കിലും കൂടുതല്‍ ശ്രദ്ധിക്കപെടാതെ പോവുമായിരുന്ന ഒരു കമന്റിനെ ജന സമൂഹത്തിന്റെ മുമ്പിലെത്തിച്ച മുംബൈ പോലീസിലെ 'അതി ബുദ്ധിമാന്‍മാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ യശ്ശസുയര്‍ത്തന്‍ ബന്ധപെട്ടവര്‍ തയ്യാറാവണം.

ഇന്ത്യന്‍ ഭരണ ഘടനക്ക് വിരുദ്ധമായ മണ്ണിന്റെ മക്കള്‍ വാദത്തിന്റെ പിതാവായ ബാല്‍ താക്കറെയുടെ ചരമത്തില്‍ അനുശോചിക്കാനാവില്ലെന്നു കുറിപ്പെഴുതുകയും (The Hindu) ഷഹീന് ദാദക്ക് നേരെ നടന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ പ്രതികരിക്കുകയും ചെയ്ത പ്രസ് കൌണ്സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും, സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് മര്‍ക്കണ്ടേയ കട്ജുവിനോട് നമോവാകാമേകി കൊണ്ട് നിഷ്കളങ്കരായ ഷഹീന്‍ ദാദമാര്‍ക്കും ലൈക്കര്‍മാര്‍ക്കും നീതി ലഭിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ.

മലാല യൂസഫ്സായി - പാക്കിസ്ഥാനില്‍ നിന്നൊരു മാലാഖ:


 മലാല എന്ന പേര് ഇന്ന് ഏതൊരാള്‍ക്കും സുപരിചിതമാണ്. പെണ്‍കുട്ടികളുടെ പഠിക്കാനായുള്ള അവകാശത്തെകുറിച്ച് തുറന്നെഴുതിയതിനാണ് പാക്കിസ്ഥാനിലെ താലിബാന്‍ തീവ്രവാദികള്‍ വിദ്യാര്‍ഥിനിയായ മലാലയെ ഒക്ടോബര്‍ ഒന്‍പതിന് സ്കൂള്‍ വാനില്‍ നിന്നും പിടിച്ചിറക്കി വെടിവെച്ചത്. തീവ്രവാദികള്‍ ഉതിര്‍ത്ത വെടിയുണ്ടകളില്‍ നിന്നും തലനാരിഴക്ക് രക്ഷപെട്ട മലാല അതീവ ഗുരുതാരവസ്ഥയില്‍ ബ്രിട്ടനില്‍ ചികിത്സയില്‍ കഴിയുകയാണ്.
പാക്കിസ്ഥാനിലെ സ്വാത്തില്‍ താലിബാന്‍കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടിയപ്പോള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി ബ്ലോഗിലൂടെയും മറ്റും തന്റെ ആശയാവിഷ്ക്കാരങ്ങള്‍ക്ക് സഫലീകരണം കണ്ടെത്താന്‍ ശ്രമിച്ചതിന്റെ പേരിലാണ് മലാല ആക്രമിക്കപ്പെട്ടത്.
വിഷാദം നിറഞ്ഞവള്‍ എന്ന് പേരിനു അര്‍ത്ഥമുള്ള 'മലാല' താലിബാന്‍ തീവ്ര വാദത്തിന്റെ തോക്കില്‍മുനയില്‍നിന്നുതിര്‍ന്ന വെടിയുണ്ടകള്‍ക്ക് തലകുനിക്കാതെ ലോകമെമ്പാടുമുളള പെണ്‍കുട്ടികള്‍ക്ക് പ്രോത്സാഹനത്തിന്റെയും പ്രചോദനത്തിന്‍റെയും പ്രതിരൂപമായി നിലനില്‍ക്കുന്നു. വേള്‍ഡ് പീസ് ആന്റ് പ്രോസ്പിരിറ്റി ഫൌണ്ടേഷന്റെ ധീരതയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയായ മലാല വേഗം സുഖം പ്രാപിച്ചു വരട്ടെ.
ജനിച്ചു വീഴുമ്പോള്‍ തന്നെ മരിച്ചു വീഴാന്‍ വിധിക്കപ്പെട്ടവര്‍:


ജീവിക്കാനുള്ള അവകാശത്തിനായുള്ള  പലസ്തീന്‍ ജനതയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള  പോരാട്ടം ഇന്നും തുടരുകയാണ്.  മനുഷ്യാവകാശത്തിന്മേലുള്ള  ഇസ്രായില്‍ന്റെ കടന്നു കയറ്റത്തിന്റെ ജീവന്‍ തുടിക്കുന്ന തെളിവുകളായി ഗാസയില്‍ മരിച്ചു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മൃതശരീര കൂമ്പാരങ്ങളെ സാക്ഷിയാക്കിയെങ്കിലും 'മാനിഷാദ'  പറയാനുള്ള ചങ്കൂറ്റം ഐക്യ രാഷ്ട്ര സഭയ്ക്കോ (ക്ഷമിക്കണം - അങ്ങിനെ ഒരു സഭഉണ്ടോ എന്നറിയില്ല) മറ്റു ലോക രാഷ്ട്രങ്ങള്‍ക്കോ ഇല്ലാതെ പോയി.  അമേരിക്കയുടെയും ഇസ്രെയിലിന്റെയും ചൊല്‍പ്പടിക്ക് നില്‍ക്കുന്ന 'നോക്കുകുത്തികള്‍ക്ക്'  മര്‍ദ്ദിതരുടെ രോദനങ്ങള്‍ക്ക്‌ ചെവികൊടുക്കാനോ ശാശ്വത പരിഹാരം കാണാനോ കഴിയാത്തതില്‍ അത്ഭുതപെടാനില്ല.
അഭയാര്‍ഥി ക്യാമ്പിലെ നിസ്സഹായരായ മൂവായിരത്തില്‍പരം പേരെ കൊന്നൊടുക്കുകയും, പീരങ്കികളും മിസൈലുകളും പായിച്ചു പലസ്തീന്‍ ജനതയുടെ ആരാച്ചാരായി മാറിയ അധിനിവേശ രാജാവ്,   2006 മുതല്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ 'കോമ അവസ്ഥയില്‍' മരിക്കാതെ ജീവിക്കുന്ന ഇസ്രയിലിന്റെ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ വെല്ലുന്ന പിന്തുടര്ച്ചക്കാരില്‍ നിന്നും പലസ്തീന്‍ ജനതയ്ക്ക് നീതി ലഭിക്കും എന്ന് തോന്നുന്നില്ല.

 ചരിത്ര സത്യങ്ങളെ വികലമാക്കി കൊണ്ട്,  അമേരിക്കന്‍ ഭാഷയില്‍ പറഞ്ഞാല്‍ "സ്വയം രക്ഷയ്ക്കായുള്ള ഇസ്രെയിലിന്റെ ബോംബാക്രമണത്തില്‍" ശവ പറമ്പായി മാറിയ ഗാസയിലെ നിരാലംബരും നിസ്സഹായരുമായ ജനവിഭാഗത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഇസ്രായില്‍ അധിനിവേശത്തില്‍ നിന്നും പലസ്തീന്‍ ജനതയ്ക്ക് മോചനമേകാന്‍ ഒറ്റപെട്ട അപശബ്ധങ്ങള്‍ക്ക് പകരം കൂട്ടായ ജനകീയ മുന്നേറ്റം ലോക രാഷ്ട്രങ്ങളില്‍ ഉടലെടുക്കാത്തിടത്തോളം കാലം ജനിച്ചു വീഴുമ്പോള്‍ തന്നെ മരിച്ചു വീഴാന്‍ വിധിക്കപെട്ട ഒരു സമൂഹമായി മാറി കഴിഞ്ഞ  പലസ്തീന്‍ ജനതയുടെ രോദനങ്ങള്‍ക്ക് അറുതിയുണ്ടാവില്ല. അമേരിക്കയിലും ഇസ്രെയിലും (ജനുവരി 2013 )  തിരെഞ്ഞെടുപ്പ് വരുമ്പോഴെല്ലാം  പശ്ചിമേഷ്യയില് അസ്സമാധാനത്തിന്റെ വിത്തുകള്‍ പാകിയുള്ള പ്രാകൃതമായ ഈ കൊലവിളി കണ്ടു കണ്ണും കാതും കൊട്ടിയടക്കാതെ ലോക രാഷ്ട്രങ്ങള്‍ക്ക്  ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ.  
TP ചന്ദ്രശേഖരന്‍ - ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ രക്ത സാക്ഷി.

താന്‍ വിശ്വസിച്ച പാര്‍ട്ടിയിലെ ആശയ വ്യതിയാനത്തിന്റെ പേരില്‍ സിപിഎം നോട് വിടപറഞ്ഞു റവലൂഷനറി പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ച ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകം ദൈവത്തിന്റെ നാട്ടില്‍ നടന്ന ആവിഷക്കാര സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെച്ച നഗ്നമായ കൈയേറ്റമായിരുന്നു. കൊന്നവരെയും കൊല്ലിച്ചവരെയും തിരിച്ചരിറിഞ്ഞുവെങ്കിലും  മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച ഈ മൃഗീയതയുടെ കാരണക്കാരായവര്‍ക്കുള്ള മാതൃകാ പരമായ ശിക്ഷാ നടപടികള്‍ ഉടനടി ഉണ്ടാവേണ്ടാതാകുന്നു.

അതെ, ചന്ദ്രശേഖരന്റെ ഭാര്യ രമ പറഞ്ഞ പോലെ വാളുകള്‍ കൊണ്ടോ തോക്കുകള്‍ കൊണ്ടോ  നടപ്പാക്കുന്ന ആവിഷ്ക്കാരങ്ങളുടെ ഫാസിസ്റ്റ് രീതി കൊണ്ട് ആളുകളെ 'കൊല്ലാനാവും പക്ഷെ തോല്‍പ്പിക്കാനാവില്ല.'   ലോകത്തെമ്പാടും നടന്നു കൊണ്ടിരുക്കുന്ന അക്രമങ്ങള്‍ കൊണ്ടൊന്നും,  ജന്മാവകാശമായ സ്വാതന്ത്ര്യം വിലക്കപെടാന്‍ ആര്‍ക്കും സാധ്യമാവില്ല
.

*************************************************

Monday, February 13, 2012

സൂറാബിയുമൊത്തുള്ള എന്റെ വാലെന്റൈന്‍ സ്വപ്നങ്ങള്‍

മറ്റൊരു ഫെബ്രുവരി പതിന്നാല്, വാലെന്റൈന്‍ ഡേ ഹലാക്ക്‌ കൂടി കടന്നു വരുന്നു.  മുന്നൂറ്റി അറുപ്പതിന്നാല് ദിവസം തല്ലുകൂടാനും,   പ്രണയിക്കാന്‍  ഒരു ദിവസവും കൊടുത്ത് ഈ  എടങ്ങേറിന്റെ ഹലാക്ക്‌  മാര്‍ക്കറ്റു ചെയ്തു വിജയിപ്പിച്ച പണ്ടാറക്കാലന്മാരെ സമ്മതിക്കണം.
സൂറാബിന്റെ കൂടെ ഞാന്‍ പൊറുക്കാന്‍ തുടങ്ങിയതിന്റെ വാര്‍ഷികം  കൂടിയായ   ഫെബ്രുവരി  പതിന്നാലു എന്റെ തലയ്ക്കു മുകളിലൂടെ ആടി കളിക്കാന്‍  തുടങ്ങിയിട്ട് കൊല്ലം എത്രയായി ഒന്നും ശരിക്കും ഓര്‍മ്മയില്ല.  സിനിമ നടന്‍ രാജപ്പന്റെ പോലെ  വയസ്സ് കണ്ടു പിടിക്കും എന്ന് കരുതിയിട്ടൊന്നുമല്ല, കൊല്ലം ഓര്‍മ്മയില്ലാഞ്ഞിട്ടു തന്നെയാണ്.

കഴിഞ്ഞ കൊല്ലം ഫെബ്രുവരി പതിന്നാലിനു സൂറാബിക്ക് ഞാന്‍ കൊടുത്ത സമ്മാനത്തിന്റെ പൊല്ലാപ്പ് തീര്‍ക്കാന്‍പെട്ട പാട് ചില്ലറയൊന്നുമല്ല.  അന്ന് സൂത്രത്തില്‍ ബ്ലോഗിന്റെയും ലാപ് ടോപ്പിന്റെയും പാസ് വേര്‍ഡ്‌ മാറ്റി, ബ്ലോഗു പൂട്ടിയ സൂറാബിന്റെ കൈയ്യില്‍ നിന്നും പാസ് വേര്‍ഡും അട്ടത്തു പാത്തുവെച്ച ലാപ്ടോപ്പും  തിരിച്ചു കിട്ടാന്‍ കടിഞ്ഞി   പേറിന്റെ  നയിപ്പും ആലുക്കാസിലെ കടുമണി തൂക്കം പൊന്നുമെനിക്ക് ചെലവായി.

പണ്ടം വാങ്ങി തന്നാല്‍ പാസ്‌വേര്‍ഡു   തിരിച്ചു തരാമെന്ന  കരാറില്‍ അന്ന് ആലുക്കാസിലെത്തിയ സൂറാബി, ആലുക്കാസ് മൊത്തം കച്ചോടാക്കാന്‍ വന്ന മാതിരി ഓരോന്നോരോന്നു എടുത്തിടാന്‍ തുടങ്ങി. സൂറാബിന്റെ ആക്രാന്തം കണ്ടു എന്റെ മുഖത്തുള്ള ചോര നീരായി പോകാന്‍ തുടങ്ങി.  അവസാനം ഓള് എട്ടു പവന്റെ ഒരു മാലയില്‍ പിടി മുറുക്കി. പടച്ചോനെ, മരുഭൂമിയിലെ ആലുക്കാസില്‍ കൊല്ലി നനക്കാന്‍ വെള്ളം കിട്ടാതെ ഇരിക്കാന്‍ കസേര കാണാതെ ഞാന്‍ നിരാശനായി. തട്ടി കൂട്ടിയ കൈയിലെ  ചില്ലാനവും,  ക്രെഡിറ്റ്‌ കാര്‍ഡും മാറി മാറി നോക്കി മനക്കണക്കില്‍ മണ്ടനായ ഞാന്‍ ഉത്സാഹിച്ചു   കൂട്ടിട്ടും കൂട്ടിട്ടും ഒക്കിണില്ല. ഇതൊരു ക്രെഡിറ്റ്‌ കാര്‍ഡിലൊന്നും ഒതുങ്ങൂല.  മലയാളം ബ്ലോഗേര്‍സിന്റെ മൊത്തം പാസ്‌ വേര്‍ഡ്‌ സൂറാബി അടിച്ചോണ്ട് പോയില്ലല്ലോ എന്ന് ഞാന്‍ ആശ്വസിച്ചു.

"ഇതൊക്കെ ബോറാ സൂറാബി, അനക്കിത് ചേരൂല, സിമ്പിള്‍ മോഡലാ അനക്ക് ചേരാ."  എട്ടു പവന്റെ മാലക്കു പകരം ഞാനൊരു തൂങ്ങല്‍ ഇല്ലാത്ത കമ്മല്‍ കാണിച്ചു  കൊടുത്തു.


  "നോക്ക്യാ,   ഈ സിമ്പിള്‍ കമ്മല്‍ അനക്ക് നന്നായി ചേരും.  അനക്കറിയാലോ  ഞാനൊരു സിമ്പിള്‍ ഇഷ്ട്ടപെടുന്ന ആളാണെന്ന കാര്യം."

"പൂ  ഇങ്ങളെ ഒടുക്കത്തെ ഒരു സിമ്പിള്‍, കാര്യം വരുമ്പോ ഇങ്ങക്കൊരു  സിമ്പിളാകലാ,  ആ  പഴയ പരിപ്പ് അവടെ തന്നെ വെച്ചോളിന്‍, എന്നെ കെട്ടിയപ്പോ എന്റെ ബാപ്പാന്റെ കൈയില്‍ നിന്നും പണ്ടോം പണോം വാങ്ങിയപ്പോ ഈ സിമ്പിളാകലൊന്നും അന്ന് കണ്ടില്ലല്ലോ,"

ഓളെ ബാപ്പാന്റെ കൈയ്യില്‍ നിന്നും കാലി ചായക്ക്‌ പോലും രണ്ടു മുക്കാല് ഇന്നേ വരെ കിട്ടാത്ത ഞാന്‍ സൂറാബിന്റെ പെര്‍ഫോര്‍മന്‍സ് കണ്ടു ശ്വാസം ഉള്ളിലേക്ക് തന്നെ വലിച്ചു.

സൂറാബി എന്നെ താങ്ങിയത് കേട്ട് ആലുക്കാസിലെ മുക്കാലിന് കൊള്ളാത്ത  എരപ്പന്‍ സയില്സ്മാന്‍ എന്നെ ഒന്ന് ആക്കി ചിരിച്ചത് കണ്ടോപ്പോ ഓന്റെ കുറ്റിക്കിട്ട്   രണ്ടു പൊട്ടിക്കാന്‍ തോന്നിയെങ്കിലും എന്റെ കായിക ബലം ശരിക്കും അറിയുന്ന ഞാന്‍ അടങ്ങി, സൂറാബിനെ മെരുക്കാന്‍ നോക്കി.  അല്ലെങ്കിലെ വിളര്‍ത്ത എന്റെ ശരീരം ഒന്നുകൂടി വിളര്‍ത്തു വിയര്‍ക്കണ കണ്ട സൂറാബിന്റെ മനം അവസാനം ഒന്ന് അയഞ്ഞു, ഓള് ഞാന്‍ കാണിച്ചു കൊടുത്ത കമ്മലെടുത്തു നോക്കി. ഞാന്‍ ഓളെ ചെവിയില്‍ ആലുക്കാസിലെ ഇബിലീസ്കള്‍   കേള്‍ക്കാതെ മന്ത്രിച്ചു,

"ഇത് അനക്ക് നല്ല പോലെ ചേരും, അന്റെ മൊഞ്ച് ഒന്നൂടെ കൂടും. പോരാത്തതിന് ഇന്ന് ഭക്ഷണം ഉണ്ടാക്കണ്ട, ബ്രോസ്റ്റു വാങ്ങാം. "

ഓളെ മൂന്ത കടന്നല് കുത്തി ബടക്കായെങ്കിലും സൂറാബി കടുമണി തൂക്കം പൊന്നു  വാങ്ങി എന്റെ മാറ്റിയ പാസ് വേര്‍ഡുകളും ലാപ്ടോപ്പും തിരിച്ചു തന്നു. 
  
അത് കൊണ്ട് തന്നെ ഇത്തവണ എന്റെ പ്രിയപ്പെട്ട ഡോള്ബിയെയും DIG യെയും  വെറുതെ വിട്ടുകൊണ്ട്, 'സൂറാബി', 'ചീറാബിയായി' കൊലവെറി   നടത്തൂലാ   എന്ന വിശ്വാസത്തോടെ  സൂറാബിയുമൊത്തുള്ള എന്റെ ആദ്യത്തെ  വാലന്റൈന്‍   സ്വപ്നങ്ങള്‍ സമര്‍പ്പിക്കുന്നു.  

ഗള്‍ഫില്‍ നിന്നും പെണ്ണ് കെട്ടാനുള്ള പൂതിയുമായി രണ്ടു മാസത്തെ ലീവിന് പള്ളിമുക്കിലെത്തിയ ഞാന്‍ ഒരു ചെറിയ പെരുന്നാള്‍ സുദിനത്തിലാണ് സൂറാബിനെ   പെണ്ണ് കാണാന്‍ പോകുന്നത്. പെരുന്നാള്‍ ദിനത്തില്‍ മൂന്നു മണിയോടെ പേരില്‍ മാപ്പിള കൊത്തിവെക്കാത്ത ഞങ്ങളുടെ തറവാട് വക ബ്രോക്കര്‍,  പട്ടര്‍ എന്ന ഓമന പേരില്‍ അറിയപ്പെടുന്ന പട്ടരു മയമ്മാക്ക വന്നു.     പെരുന്നാള്‍ അല്ലേ എന്നെ ചെത്താന്‍ വന്നതാകും എന്ന് കരുതി അമ്പതു മനസ്സില്‍ കണ്ടു ഒരു നൂറു ഉറുപ്പികയെടുത്തു നീട്ടി കൊടുത്തു. എന്റെ അപ്പോഴത്തെയിരുപ്പു വശം അനുസരിച്ച് മൂപ്പരെയെനിക്ക് തെറ്റിക്കാന്‍ പറ്റൂലല്ലോ.

"ഇതൊക്കെ പിന്നെ മതീടാന്നും പറഞ്ഞു പട്ടര്‍ ഞാന്‍ കൊടുക്കുന്നതിനു മുമ്പ് കായി വാങ്ങി പോക്കറ്റിലാക്കി. ഇജ്ജു വേഗം റെഡിയാകു,  പട്ടിക്കാട് ഒരു പെണ്ണുണ്ട്, പോയി നോക്കാം."

പട്ടിക്കാടെന്നു   കേട്ടപ്പോ എന്റെ നെഞ്ച് ഒന്ന് പിടച്ചു.  അന്ന് പള്ളിമുക്കിലെ ചെക്കന്മാരുടെയിടയില്‍ ‍ വെട്ടിക്കാട്ടിരിയും, പട്ടിക്കാടുമാണ് ഏറ്റവും വലിയ കണ്‍ട്രി സ്ഥലങ്ങള്‍. പിന്നെ പൂക്കോട്ടൂരും, കൂരാടും.     പട്ടിക്കാടിന്റെ പേര് അന്നൊക്കെ ഏതു സന്തോഷ്‌ പണ്ഡിറ്റിന്റെ   സിനിമയിലുമുണ്ടാകുന്ന കാലമാണ്.   കഴിയുന്നതും ഞങ്ങള്‍ ഈ നാല് സ്ഥലവും ഒഴിവാക്കുകയാണ് പതിവ്. പൂക്കോട്ടൂരില്‍ നിന്നും പെണ്ണുകെട്ടിയ എന്റെ ഒരെളാപ്പാന്റെ ആദ്യ കാല ഹലാക്ക്‌ ഞാന്‍ കണ്ടറിഞ്ഞതാണ്.     പെണ്ണിന്റെ വീട് എവിടേന്ന് ചോദിച്ചാല്‍ മൂപ്പര് മഞ്ചേരി അടുത്ത്, അല്ലെങ്കില്‍ മലപ്പുറം അടുത്ത് എന്നൊക്കെയാ മറുപടി പറഞ്ഞു തടി തപ്പും.  

മക്കാറാക്കലിന്റെ   ഉസ്താദായ എന്റെ   അനുജന്റെ നാക്കിനു ചെകിട് കൊടുക്കാതെ ഞാനും പട്ടരും കിട്ടിയ രണ്ടു ദോസ്തുമാരും കൂടി ‍ പട്ടിക്കാടെങ്കില്‍ പട്ടിക്കാട്ടില്‍ക്ക് പെണ്ണ് കാണാന്‍ പോയി.  ക്ലാസ്സെടുക്കാന്‍ മിടുക്കരായ എന്റെ പെങ്ങളുടെയും അനുജന്റെയും ക്ലാസ് കാരണം  പേന്റിടാന്‍ മടിയുള്ള ഞാന്‍ തുണി മാറ്റി പട്ടിക്കാട്ടില്‍ക്ക്   പേന്റിട്ടുകൊണ്ട് പെണ്ണ് കാണാന്‍ പോയി.

പട്ടിക്കാട് എത്താനായി, പോക്കറ്റിലുള്ള ചീര്‍പ്പെടുത്തു മുടി ഞാന്‍ അതി   വിശാലമായ  എന്റെ നെറ്റിയില്‍ ‍  മാമാട്ടി സ്റ്റൈലില്‍ പരത്തിവെച്ചു. 

പട്ടരെ പിന്നാലെ ഞങ്ങള്‍ പെണ്ണിന്റെ വീട്ടില്‍ കയറി ഞാന്‍ ഒരു സലാം കാച്ചി. എന്റെ വെയിറ്റ് കൂടാന്‍ വേണ്ടി  സലാം  ഞാന്‍ കാച്ചിയാല്‍  മതിയെന്ന് ഞാനും  ബ്രോക്കറും   തമ്മിലുള്ള അഡ്ജസ്റ്റ്മെന്റായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍   സൂറാബി മൂന്നു പ്രാവശ്യമായി ഞങ്ങളുടെ മുമ്പില്‍ വന്നു. ആദ്യം ചായ, പിന്നെ ഒരു പ്ലേറ്റില്‍  ഒരു നേന്ത്ര പഴം കലാവിരുതോടെ അതി ഭംഗിയായി തൊലി കളയാതെ പന്ത്രണ്ടു സമ കഷ്ണമാക്കിയത്, മൂന്നാമത്തെ വരവില്‍  കുറച്ചു ചിപ്സും വെച്ച് സൂറാബി  കോട്ടിക്കു അടികിട്ടിയ മാതിരി തിരിച്ചുപോയി.     ചായ കുടിച്ചു സൂറാബിന്റെ വീട്ടിലെ ആണുങ്ങളുടെ ചോദ്യങ്ങള്‍ നേരിട്ടു  ഒരു വിധം അഡ്ജസ്റ്റ് ചെയ്തിരിക്കുമ്പോഴാണ്   സൂറാബിന്റെ ആങ്ങള എന്നെ മാത്രം അകത്തേക്ക് വിളിച്ചു.   ജീവിതത്തിലാദ്യമായി പെണ്ണുങ്ങളുടെ ഇന്റര്‍വ്യൂ ബോര്‍ഡിന് മുമ്പില്‍ ഞാന്‍ പ്രത്യക്ഷപ്പെട്ടു.  സൂറാബി, ഓളെ ഉമ്മ, ഒന്ന് രണ്ടു ഏട്ടത്തിമാര്‍, പറയുന്നതിന് കമെന്റിടാതെ, പറയാത്തതിനു മുഴുവന്‍ കമെന്റും, ലൈക്കുമിടുന്ന  നബീസ താത്ത, സൂറാബിനെ അന്നും ഇന്നും എന്നും ഉപദേശിച്ചു നന്നാക്കുന്ന ഓളെ കുഞ്ഞെളെമ്മ,   പിന്നെ ഓളെ ഒരു അമ്മായിന്റെ മകന്‍ പേരിലും പോക്കറ്റിലും തലയിലും പൈസക്കാരനായ മണി.  ഇരിക്കാന്‍ സീറ്റ് വെയ്ക്കാത്ത റൂമില്‍  ചുമര് ചാരി നിന്ന്  ഞാന്‍ എല്ലാവര്‍ക്കുമായി സലാം കൊടുത്തു.  എന്റെ സലാം  കേട്ടയുടന്റെ നബീസ  താത്താന്റെ കമെന്റു വന്നു.

 "സലാമു ഉച്ചയ്ക്ക് വന്നു പോയി,  ഇനി നാളെ വരും." 

നബീസ താത്താന്റെ കമെന്റും ലയിക്കും പേടിച്ചു ഞാന്‍ ഓരോരുത്തരെയായി നേരിട്ടു.     ഇടയ്ക്കിടെ മുഹബത്തു മൂത്ത് ഓളെ  അമ്മായിന്റെ കാര്യപ്രാപ്തിയുള്ള മകന്‍    മണി എന്റെ തോളില്‍   പിടിക്കുന്ന പോലെ എനിക്ക് തോന്നി. 

ലൈക്കാനുള്ള ഉപകരണമായ ഫയിസ്സു ബുക്ക്‌ കണ്ടു പിടിചിട്ടില്ലെങ്കിലും  ഞാനും സൂറാബിയും  പരസ്പ്പരം ഒന്ന് ലൈക്കി.  ഇന്റര്‍വ്യൂയെല്ലാം  കഴിഞ്ഞു നബീസ താത്ത കേള്‍ക്കാതെ പതുക്കെ  ഒരു സലാം കൂടി കൊടുത്ത് മടങ്ങി പോരും വഴി, സൂറാബിന്റെ  കുടുംബക്കാരുടെ വീട്ടില്‍ സൂറാബിനെ ലൈക്കിയ വിവരം പറഞ്ഞു ഞാന്‍ പള്ളിമുക്കില്‍ തിരിച്ചെത്തി.

പെണ്ണിനെ എനിക്ക് പറ്റിയ സ്ഥിതിക്ക് സൂറാബിനെ കാണാന്‍ പെണ്ണുങ്ങള്‍ പോകാന്‍ തീരുമാനിച്ചു.   ആണിന് പറ്റിയാലും ശരി രണ്ടു കുടുംബത്തിലെയും പെണ്ണുങ്ങള്‍ക്ക്‌ കൂടി ചെക്കനേയും പെണ്ണിനേയും പറ്റിയെങ്കിലെ പള്ളിമുക്കിലും പട്ടിക്കാടുമൊക്കെ  അന്ന് കല്യാണം നടക്കുകയുള്ളൂ പള്ളിമുക്കിലെ അന്നത്തെ  കല്യാണം മുടക്കികളെക്കാള്‍  എനിക്ക് പേടി ചെക്കന് ഇഷ്ട്ടപെട്ട പെണ്ണിന്റെ കുറ്റം കാണാന്‍ പോകുന്ന ഇത്തരം പെണ്ണുങ്ങളെയാണ്. അത് കൊണ്ട് തന്നെ പെണ്ണിനെ കാണാന്‍ പോകുന്ന പെണ്ണുങ്ങളുടെ എണ്ണം നാലായി ചുരുക്കി.  മനസ്സില്‍ ലഡുവും    നെഞ്ചില്‍ പെരുംപറയുമായി .  സൂറാബിനെ കാണാന്‍ പോകുന്ന   എട്ടു കണ്ണുകളില്‍ നിന്നും സൂറാബി രക്ഷപെടെട്ടെ എന്ന പ്രാര്‍ത്ഥനയുമായി ഞാനെന്റെ  നിസ്ക്കാര നേരം നീട്ടി കൊണ്ടിരിക്കുമ്പോഴാണ് മുറ്റത്തൊരു കാറിന്റെ ശബ്ദം. ഞാന്‍ ജന്നലിലൂടെ പുറത്തേക്കു നോക്കി,

റാംജി റാവു സ്പീക്കിങ്ങില്‍  സായികുമാറിനെ പിടിക്കാന്‍ പോണ മാമുക്കോയയുടെ കാറിന്റെ റീമേക്ക് സീന്‍ പോലെ ഒരു അബാസ‍ഡര്‍
കാറില്‍ കുത്തി നിറച്ചിരുന്ന ഒരു പത്തു പതിനഞ്ചു പേര്‍ പുറത്തേക്കു ചാടുന്നു. ചാട്ടാളി പരല് പോലെ ആദ്യം ചാടിയ ആളെ കണ്ടു ഞാന്‍ ഞെട്ടി പടച്ചോനെ വിളിച്ചു. സൂറാബിന്റെ ആങ്ങള, പിന്നെ ഓളെ ബാപ്പ, ഓരോരുത്തരായി ഇറങ്ങി.  പള്ളിമുക്കിലെ കല്ല്യാണം  മുടക്കികളെ ഞാന്‍ മാനത്തു കണ്ടു എന്റെ ഉപ്പാന്റെ കൂടെ പുറത്തിറങ്ങി.  വന്നവരെ അകത്തേക്ക് കഷണിച്ചു, ഞാന്‍ വെള്ളം കുടിക്കാന്‍ പാഞ്ഞു. എന്റെ ബേജാറു കണ്ടു ഉപ്പ പിന്നാലെ വന്നു പറഞ്ഞു, "അവര് കല്ല്യാണമുറപ്പിക്കാന്‍ വന്നതാ,  മുടക്കാനല്ല. "

പടച്ചോന്‍ കാത്തു, ആരും മുടക്കീട്ടില്ല,  പള്ളിമുക്കിലെക്കാള്‍  വീര്യം കൂടിയ കല്ല്യാണം മുടക്കികള്‍ പട്ടിക്കാടുണ്ടെന്നു എനിക്ക് മനസ്സിലായി. വിവരം അറിഞ്ഞു എന്റെ   എളാപ്പാരൊക്കെയെത്തി, കല്ല്യാണം ഒരാഴ്ച കഴിഞ്ഞു  ഫെബ്രുവരി പതിന്നാലിനു നടത്താന്‍ തീരുമാനിച്ചു.   പെണ്ണുങ്ങള്‍ക്ക്  കുറ്റം കണ്ടു പിടിക്കാന്‍ ചാന്‍സ് കൊടുക്കാതെ സൂറാബി അതി ബുദ്ധി കാട്ടിയതില്‍ എന്റെ കുടുംബത്തിലെ പെണ്ണുങ്ങള്‍ക്ക്‌ നിരാശയായി.   എന്തായാലും പിറ്റേ ദിവസം ചടങ്ങിനു നാലിന് പകരം എല്ലാ പെണ്ണുങ്ങളെയും സൂറാബിന്റെ വീട്ടില്‍ക്ക്‌ പറഞ്ഞയച്ചു.  കുറ്റം കാണാന്‍ ചാന്സില്ലാതെ സൂറാബിന്റെ ഉമ്മാന്റെ ഡോള്‍ബി സിസ്റ്റം ആസ്വദിച്ചു അവരെല്ലാം മടങ്ങിയെത്തി.


അങ്ങിനെ സൂറാബിന്റെയും എന്റെയും കല്ല്യാണം ഫെബ്രുവരി പതിന്നാലിനു കഴിഞ്ഞു.  കല്ല്യാണം കഴിഞ്ഞു ഓളെ വീട്ടില്‍ ഞാന്‍ പോയപ്പോള്‍ ഓള് വീടിന്റെ ചുമരില്‍ ഒരു വര കാണിച്ചു തന്നു.   പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ എന്റെ ഉയരം ചുമരില്‍ പേന കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു,  തലയില്‍ പണം കായ്ക്കുന്ന മരം കൊണ്ട് നടക്കെണ ‍ ഓളെ അമ്മായിന്റെ മകന്‍ പെണ്ണ് കാണാന്‍ വന്നപ്പോള്‍ മുഹബത്തു മൂത്ത് എന്റെ തോളില്‍ പിടിക്കെണ   പോലെ കാണിച്ചു അടയാളപ്പെടുത്തിയതാണ്.  ഓന്റെ തലെന്റുള്ളിലെ സാഹസം കണ്ടാല്‍ കരുതും ഞാന്‍ വല്ല കുള്ളന്മാരുടെ അത്ഭുത ദ്വീപില്‍ നിന്നാണ് പെണ്ണ് കാണാന്‍ വന്നത്.  റേഷന്‍ ഷാപ്പില്‍ കുറച്ചു കാലം പണിയെടുത്ത കാരണം ഓന്‍ എന്റെ അളവില്‍ രണ്ടിഞ്ചു കുറച്ചെങ്കിലും  ചുമരിലും 'എന്റെ തലയിലും വര വരച്ച' സൂറാബിന്റെ  വീട്ടുകാരുടെ ബുദ്ധിയില്‍ ഞാന്‍ അഭിമാനം കൊണ്ടു.

അങ്ങിനെ ആദ്യത്തെ ഫെബ്രുവരി പതിന്നാലിനു ശേഷം ഒരുപാട് ഫെബ്രുവരി  പതിന്നാല്,  സൂറാബി വിചാരിച്ചാല്‍ പോലും ഒന്ന് പോലും  ഓളെ മറക്കാന്‍ അയക്കാതെ ഈ ഹലാക്കിന്റെ അവിലും കഞ്ഞി മാര്‍ക്കറ്റു ചെയ്യുന്ന എല്ലാ മാധ്യമ ചാനലുകാര്‍ക്കും പ്രണാമത്തോടെ ഇന്നെങ്കിലും ഞാന്‍ ബാല്‍ താക്കെര്‍ക്ക് ജയ്‌ വിളിക്കാന്‍ പോകട്ടെ.

(ചിത്രം: ഗൂഗിള്‍)

Friday, January 20, 2012

ഡല്‍ഹി രാജ വീഥിയിലൂടെ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണ സിരാ കേന്ദ്രമായ ഡല്‍ഹി കുട്ടിക്കാലം മുതലേ എന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളുടെ വര്‍ണ്ണരാജി കൊണ്ട് മഴവില്ല്  തീര്‍ക്കുമായിരുന്നു. എന്റെ ഓര്‍മ്മകളിലെ സ്വപ്നമായിരുന്ന ഡല്‍ഹി സന്ദര്‍ശനം സഫലമായത് ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ്.


അതിനു ശേഷം ഒരിക്കല്‍ കൂടി ഞാന്‍ എന്റെ സ്വപ്ന രാജകുമാരിയെ കാണാന്‍ പോവുകയാണ്. ഞങ്ങളുടെ ശ്രീ നഗര്‍ യാത്രയുടെ ഭാഗമായി മൂന്നു ദിവസം ഡല്‍ഹി കൂടി കാണാന്‍ വേണ്ടി നീക്കിവെച്ചിരുന്നു.  സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നും ജൂലൈ ഏഴിന് രാവിലെ പത്തു മണിക്ക് ഞങ്ങള്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങി.
ഡല്‍ഹി എയര്‍പോര്‍ട്ടിലെ സൗകര്യങ്ങള്‍ മറ്റേതൊരു അന്താരാഷ്‌ട്ര വിമാന താവളത്തിനോടും കിട പിടിക്കുന്നതാണ്.  ഇമിഗ്രേഷന്‍, കസ്റ്റംസ് എന്നിവ അതിവേഗം കഴിച്ചു ഞങ്ങള്‍ പുറത്തിറങ്ങി. മൂന്നു ഫാമിലി, എന്നെ കൂടാതെ സുഹൃത്തുക്കളായ നാസര്‍ മേലേതില്‍, റഹീം പത്തു തറ എന്നിവരും കുട്ടികളുമടക്കം പതിനഞ്ചു പേര്‍.

എയര്‍ പോര്‍ട്ടിനു പുറത്തു ഞങ്ങളെ കാത്തിരുന്ന ടൂര്‍ഓപ്പറെറ്ററുടെ ബസ്സില്‍ ഡല്‍ഹിയിലെ ഹരി നഗറിലുള്ള ന്യൂ പാര്‍ക്ക്‌ പ്ലാസ ഹോട്ടലിലേക്ക് വഴിയോര കാഴ്ചകള്‍ കണ്ടു കൊണ്ട് നീങ്ങി.  അഞ്ചാറു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഡല്‍ഹിയിലേക്കുള്ള എന്റെ രണ്ടാം വരവ്, ഡല്‍ഹി ഒന്ന് കൂടി സുന്ദരിയായിരിക്കുന്നു. മുമ്പ് നിര്‍മ്മാണത്തിലിരുന്ന ഫ്ലൈ ഓവറുകളെല്ലാം പണികഴിഞ്ഞു, വീഥികള്‍ സുന്ദരിയായി, തലയെടുപ്പുള്ള തലസ്ഥാന നഗരിയായി ഡല്‍ഹി മാറി കഴിഞ്ഞു.  പന്ത്രണ്ടു മണിയോടെ ഹോട്ടലില്‍ ചെക്കിന്‍ ചെയ്തു, നാല് മണിവരെ ഞങ്ങള്‍ ഊണും വിശ്രമവുമായി കൂടി. 

ഇന്ത്യാഗേറ്റ് 

നാല് മണിക്ക് ഡല്‍ഹിയിലെ പ്രസിദ്ധമായ സായാഹ്ന സംഗമ വേദിയായ 
ഇന്ത്യാഗേറ്റ്  ലക്ഷ്യമാക്കി നീങ്ങി.
1921 ല്‍   എഡ്വിന്‍ല്യൂട്ടനാണ്  ഇന്ത്യാഗേറ്റ് ഡിസൈന്‍ ചെയ്തത്. 42 മീറ്റര്‍ ഉയരത്തിലുള്ള 'All India War Memmorial' എന്ന് കൂടി അറിയപ്പെടുന്ന ഇന്ത്യാഗേറ്റ് ഒന്നാം ലോക മഹായുദ്ധ കാലത്തും, മൂന്നാം ആഗ്ലോ അഫ്ഘാന്‍ യുദ്ധ കാലത്തും സ്വജീവന്‍ ബലിയര്‍പ്പിച്ച ജവാന്മാരുടെ സ്മരണ നില നിര്‍ത്തുന്നു. ഇന്ത്യ ഗേറ്റിന്റെ ആര്‍ച്ചിനു സമീപമായി 1971 ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധകാലത്ത് ജീവത്യാഗം ചെയ്ത ധീര ജവാന്മാരുടെ മരിക്കാത്ത ഓര്‍മ്മകളായി രാവും പകലും അമര്‍ ജ്യോതി കത്തികൊണ്ടിരിക്കുന്നു.  "വന്ദേ മാതരം", ഒരു വേള എന്റെ ചിന്തകള്‍ ആ ധീര ജവാന്മാരുടെ ആത്മ ത്യാഗത്തെയോര്‍ത്തു. 

പിന്നീട് ഞങ്ങള്‍ ചരിത്രങ്ങള്‍ സംസാരിക്കുന്ന ഇന്ത്യാഗേറ്റിനു ചുറ്റുമുള്ള പുല്‍ തകിടുകളിലേക്ക് നീങ്ങി. അസ്തമയ സൂര്യന്റെ ഇടക്കിടെയുള്ള ഒളിഞ്ഞു നോട്ടം പുല്‍ തകിടുകളെ കൂടുതല്‍ മനോഹാരിതമാക്കുന്നതോടൊപ്പം ഇന്ത്യാഗേറ്റിലേക്കുള്ള ജന പ്രവാഹവും കൂടി കൂടി വന്നു. കുട്ടികളും, മുതിര്‍ന്നവരും തങ്ങളുടെ സായാഹ്നങ്ങളെ ഉല്ലാസ പൂരിതമാക്കാന്‍ വേണ്ടി ഡല്‍ഹിയിലെ ഏറ്റവും മനോഹര വിശ്രമ സാങ്കേതങ്ങളിലൊന്നായ ഇന്ത്യാഗേറ്റിലേക്കു പ്രവഹിക്കുകയാണ്. ഇവിടെ നിന്നും രാഷ്ട്രപതി ഭവന്‍, പാര്‍ലിമെന്റു മന്ദിരം, തുടങ്ങിയവയെല്ലാം നമുക്ക് കാണാവുന്നാതാണ്.  സൂര്യാസ്തമയത്തോടെ ഇന്ത്യാഗേറ്റിനു ചുറ്റും ഫാമിലിയും കുട്ടികളുമടക്കമുള്ള ജന സഹസ്ര സംഗമം നല്ലൊരു കാഴ്ച തന്നെ.

ഇന്ത്യ ഗേറ്റിനു സമീപത്തുള്ള കുട്ടികളുടെ പാര്‍ക്കില്‍ കൂടി അല്‍പ്പ സമയം ചെലവഴിച്ചു അടുത്ത ദിവസത്തെ വിശദമായ ഡല്‍ഹി സന്ദര്‍ശനത്തിനുള്ള പൊന്‍പുലരിയെ സ്വപ്നം കണ്ടുകൊണ്ടു  രാത്രി എട്ടുമണിയോടെ ഞങ്ങള്‍ ഹോട്ടലില്‍ തിരിച്ചെത്തി.

ജമമസ്ജിദ്:

രാവിലെ പ്രാതല്‍ കഴിച്ചു എട്ടുമണിയോടെ  ഇന്ത്യയിലെ  ഏറ്റവും വലിയ മുസ്ലിം പള്ളിയായ ജമ മസ്ജിദ് ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി.  ഡല്‍ഹിയിലെ അന്നത്തെ പ്രഭാതത്തെ വിളിച്ചുണ ര്‍ത്തിയ ചാറ്റല്‍ മഴ മസ്ജിദിലെത്തിയതോടെ വഴിമാറി പോയി.

1650 ല്‍  മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ പണി കഴിപ്പിച്ച ജമ മസ്ജിദ് അതിന്റെ നിര്‍മ്മാണ ചാരുതികൊണ്ട് തലയെടുപ്പോടെ ആയിരങ്ങളെ ഇന്നും ആകര്‍ഷിക്കുന്നു.  സ്വദേശികളെ പോലെ തന്നെ വിദേശികളും മസ്ജിദ് ചുറ്റി നടന്നു, ശില്‍പ്പ ചാരുതിയുടെ മനം മയക്കുന്ന ഫോട്ടോകള്‍ ഓര്‍മ്മ കുറിപ്പുകളായിയെടുത്തു വെക്കുന്നു. സൂര്യോദയത്തിനു അര മണിക്കൂറിനു ശേഷം അസ്തമയത്തിനു അര മണിക്കൂര്‍ മുമ്പ് വരെ അമുസ്ലിങ്ങള്‍ക്കും ജമ മസ്ജിദില്‍ പ്രവേശനമുണ്ട്. 

ചെങ്കോട്ട:
ജമ മസ്ജിദ് കണ്ടിറങ്ങി ഞങ്ങള്‍ നേരെ ചെങ്കോട്ടയിലേക്കു നീങ്ങി. മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ചെങ്കോട്ട  പണി കഴിപ്പിച്ചത്.  മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരി 1638  ല്‍  ആഗ്രയില്‍ നിന്നും ഡല്‍ഹിയിലേക്കു മാറ്റിയപ്പോഴാണ്‌ ചെങ്കോട്ട  പണികഴിപ്പിക്കുന്നത്. ചെങ്കോട്ടയില്‍ പാറി പാറിക്കുന്ന ത്രിവര്‍ണ്ണ പതാകയെ കണ്ടു, കുട്ടിക്കാലത്ത് കേട്ട് മടുത്ത  മുദ്രാവാക്യം 'ചെങ്കോട്ടയിലും കൊടി പാറിപ്പിക്കും'  ഒരു നിമഷം   ഓര്‍ത്തു പോയി.

രാജ്ഘട്ട്:

File:Gandhi Memorial.jpgപിന്നീട് ഞങ്ങള്‍ രാഷ്ട്ര പിതാവ്  മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ് ഘട്ടില്‍ എത്തി.  ഒരു രാജ്യത്തിന്റെ  സ്വാതന്ത്ര്യ  സ്വപ്നങ്ങള്‍ക്ക്  ജീവന്‍ നല്‍കി   സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ അഹിംസയിലൂടെ പടപൊരുതി വിജയിച്ച മാഹാത്മാവിന്റെ ആത്മാവിനു നിത്യ ശാന്തി പകരാന്‍ സ്വദേശികളും വിദേശികളും രാജ്ഘട്ടിലേക്ക് അനസ്യൂതം എത്തി കൊണ്ടിരിക്കുന്നു. വിശാലമായ രാജ് ഘട്ടിലെ പച്ച പുല്‍മേടുകള്‍ കയറി ഞങ്ങള്‍ മഹാത്മാവിന്റെ അടുത്തെത്തി ഒരു നിമിഷം മൌനമായി പ്രാര്‍ഥിച്ചു.  1948 ജനുവരി 31നു നാഥൂറാം വിനായക് ഗോഡ്സെ
എന്ന മത ഭ്രാന്തന്റെ വെടിയേറ്റ്‌ ജീവത്യാഗം ചെയ്ത മഹാത്മാവിനോട് നിറ കണ്ണുകളോടെ  വിട വാങ്ങി.

ലോകസഭയും രാജ്യസഭയും:

Parliament Of India: APPSC MATERIAL: CONSTITUTION OF INDIAമാഹാത്മാവിനോട് വിടവാങ്ങി ബസ്സില്‍ കയറെവേ, പാര്‍ലിമെന്റ് മന്ദിരത്തിനകത്തേക്ക് പ്രവേശിക്കാനുള്ള ഞങ്ങള്‍ പതിനഞ്ചു പേര്‍ക്കുള്ള അനുമതി ശരിയായതായി ഫോണ്‍ വന്നു. ഉടനെ തന്നെ  ലോക ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ത്യന്‍  പാര്‍ലിമെന്റ് ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി.  പാര്‍ലിമെന്റ് മന്ദിരത്തിന്റെ അടുത്തു ബസ്സ് പാര്‍ക്കു ചെയ്തു ഞങ്ങള്‍ സെക്യൂരിറ്റി ചെക്കപ്പിനായി  നീങ്ങി.  മൊബൈല്‍ ഫോണുകള്‍,   ക്യാമറകള്‍ തുടങ്ങിയവയെല്ലാം അവിടെ വാങ്ങി വെച്ച് ഓരോരുത്തരെയായി  പാര്‍ലിമെന്റിനകത്തേക്ക് പ്രവേശിക്കാനുള്ള കാവാടത്തിലേക്ക് പറഞ്ഞയച്ചു.  പതിനഞ്ചു പേരുള്ള ഞങ്ങളുടെ സംഘത്തിന്റെ പാസ് എന്റെ  പേരിലായിരുന്നു. എന്റെ ഫോട്ടോയെടുത്തു അഡ്രെസ്സ് വാങ്ങി രജിസ്റ്ററില്‍   ഒപ്പുവെപ്പിച്ചു. പത്തു മിനിട്ട് കാത്തിരുന്നു, പാസ് റെഡിയായി.  പാര്‍ലിമെന്റ് നടക്കുന്ന സമയമല്ലെങ്കിലും  ആകാംക്ഷയോടെ  ഞങ്ങള്‍ ഓരോരുത്തരായി പാര്‍ലിമെന്റ് വളപ്പിലേക്ക് പ്രവേശിച്ചു.

ഞങ്ങളുടെ ഗൈഡ് അടക്കം പതിനാറു പേര്‍ ഉണ്ടായിരുന്നു.  ഗൈഡിന്റെ  പേര് വിവരം നേരത്തെ അറിയാത്തതിനാല്‍ അയാള്‍ക്കുള്ള പാസ് എടുത്തിരുന്നില്ല. എങ്കിലും അയാളും ഞങ്ങളുടെ കൂടെ അകത്തേക്ക് പ്രവേശിച്ചു.  വിശാലമായ പാര്‍ലിമെന്റ് മന്ദിരത്തിന്റെ വളപ്പിലൂടെ നടക്കുമ്പോഴാണ്  കൂട്ടത്തിലുള്ള എന്റെ സ്നേഹിതന്‍ നാസര്‍ മേലേതില്‍  കൂടെയില്ലായെന്നു ശ്രദ്ധയില്‍പെട്ടത്. ഞങ്ങളുടെ  കൂടെയുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് പാരതി പറഞ്ഞു, അയാള്‍ ലിസ്റ്റ് നോക്കി ആളെ  എണ്ണി, ടൂര്‍ ഗൈഡ് അടക്കം പതിനഞ്ചു പേര്‍. അയാള്‍ കൈ മലര്‍ത്തി. എന്ത് ചെയ്യണമെന്നറിയാതെ ശങ്കിച്ചു നില്‍ക്കുമ്പോഴാണ്  ഞങ്ങള്‍ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ ആരോടും പറയാതെ മൂത്രമൊഴിക്കാന്‍ പോയ  നാസര്‍ ഒരു വിധം പ്രവേശന കവാടത്തിലുള്ള സെക്യൂരിറ്റിക്കാരെ പറഞ്ഞു ബോധ്യപ്പെടുത്തി  അകത്തേക്ക് പ്രവേശിച്ചു.  പണ്ട് ലീഡര്‍ കെ കരുണാകരന്‍ മൂത്രമൊഴിക്കാന്‍ പോയ സമയത്ത് മുരളീധരന് പാര്‍ലിമെന്റ് മന്ദിരത്തിനകത്തേക്ക് പാസ് കിട്ടിയ പോലെ നാസര്‍ മൂത്ര മൊഴിക്കാന്‍ പോയ സമയത്ത്  ഞങ്ങളുടെ ടൂര്‍ ഗൈഡിനു  അകത്തേക്ക് പ്രവേശിക്കാന്‍ ആയി. അങ്ങിനെ പതിനഞ്ചു പേരുടെ പാസുമായി ഞങ്ങള്‍ പതിനാറു പേര്‍ മന്ദിരത്തിനകത്തേക്ക് പ്രവേശിച്ചു. പാസില്ലാതെ ഒരാള്‍ക്ക് പാര്‍ലിമെന്റ് മന്ദിരത്തില്‍ അന്ന് പ്രവേശിക്കാനായത് വലിയൊരു സെക്യൂരിറ്റി വീഴ്ചയായിട്ടാണ് പിന്നീടെനിക്ക് തോന്നിയത്.

Parliament Of India: YehIndia: Parliament of Indiaഞങ്ങള്‍ ആദ്യം പാര്‍ലിമെന്റ്മന്ദിരത്തിന്റെ  പുറത്തെ കാഴ്ചകള്‍ നടന്നു കണ്ടു. മുമ്പ്  പാര്‍ലിമെന്റ് ആക്രമണമുണ്ടായ സ്ഥലവും മറ്റും ഞങ്ങളുടെ
കൂടെ ഉണ്ടായിരുന്ന ഒഫീഷ്യല്‍ വിവരിച്ചു തന്നു. പിന്നീട് ഞങ്ങള്‍ ഇന്ത്യന്‍   പാര്‍ലിമെന്റിന്  അകത്തേക്ക് പ്രവേശിച്ചു.  അവിടെയുള്ള ടീവിയില്‍ എന്റെ പേരും പടവും കാണിക്കുന്നു, ആദ്യമൊന്നു അന്ധാളിച്ചു, പിന്നീട് മനസ്സിലായി അപ്പോള്‍ വിസിറ്റ് ചെയ്യുന്നത് ഞാനും  എന്റെ കൂടെയുള്ള പതിനഞ്ചു പേരുമാണ് എന്നാണു അത് കാണിക്കുന്നത്.   ഒഫീഷ്യല്‍  ഞങ്ങള്‍‍ക്ക്   പാര്‍ലിമെന്റ് കൂടുന്നതും ഓരോരുത്തരുടെ ഇരിപ്പിടവും, വോട്ടിംഗ് നടക്കുന്ന രീതിയും മറ്റും വിശദമാക്കി തന്നു.

ലോകസഭ കണ്ടിറങ്ങിയ  ഞങ്ങള്‍  പാര്‍ലിമെന്റ് വളപ്പില്‍ തന്നെയുള്ള
രാജ്യസഭ കാണാനായി പോയി.  അങ്ങെനെ സഭ കൂടാത്ത സമയത്താണെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ രണ്ടു സഭകളും ഞങ്ങള്‍ കണ്ടിറങ്ങി പുറത്തു വന്നു,  രാഷ്ട്രപതി ഭവനും പരിസരവുമെല്ലാം പുറത്തു നിന്ന് കണ്ടു, രണ്ടു മണിയോടെ ഉച്ച ഭക്ഷണം കഴിച്ചു.

കുത്തബ്മീനാര്‍:

ഉച്ച ഭക്ഷണത്തിനു ശേഷം ആദ്യം പോയത് ഡല്‍ഹി മെട്രോ ട്രെയിനില്‍ കയറാനാണ്. കുട്ടികളും മുതിര്‍ന്നവരും കൊച്ചിയുടെ സ്വപ്നമായ  മെട്രോ ആസ്വദിച്ചു, കുത്തബ് മിനാര്‍ ലക്ഷ്യമാക്കി നീങ്ങി.
72 .5 മീറ്റര്‍ 234  അടി  ഉയരമുള്ള ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ  ഗോപുരമായ  കുത്തബ് മിനാര്‍ 1199 ല് കുത്തബുത്തീന്‍ ഐബക്കാണ്  ഈ അത്ഭുത പ്രതിഭാസം നിര്‍മ്മിച്ചത്.  ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള Brick Tower  ആയ കുത്തബ് മിനാറിനു അടുത്ത്   ഞങ്ങളുടെ   ബസ്സെത്തുന്നതിനും മുമ്പ് തന്നെ  ദൂരെ നിന്നും ഉയരത്തിലുള്ള മിനാരം തലയെടുപ്പോടെ ഞങ്ങളെ സ്വോഗതമോതുന്നുണ്ടായിരുന്നു.  ബസ്സ്‌  പാര്‍ക്ക് ചെയ്തു  ഞങ്ങള്‍ പത്തു രൂപയുടെ പ്രവേശന ടിക്കറ്റെടുത്തു ലോക ചരിത്രത്തിലെ ഇന്ത്യന്‍ സംഭാവനയായ കുത്തബ് മിനാറിനടുത്തു പതുക്കെ പതുക്കെ നടന്നെത്തി.   അഞ്ചു നിലകളുള്ള പുരാതന വാസ്തു ശില്‍പ്പ വിദ്യയുടെ ഒളി മങ്ങാത്ത  അതി മനോഹരമായ ഈ ഗോപുരം ഞങ്ങളെ ശരിക്കും ആകര്‍ഷിച്ചു.

മിനാറിന്റെ ഭംഗി ആസ്വദിച്ചു ഞങ്ങള്‍  പിന്നീട് കുത്തബ്  കോമ്പൌണ്ടിലുള്ള ഖുവ്വത്തില്‍  ഇസ്ലാം എന്ന പള്ളിയുടെ അടുത്തേക്ക് നീങ്ങി.  കാലപഴക്കം ബാക്കി വെച്ച പള്ളിയുടെ നിര്‍മ്മാണവും അതി മനോഹരം തന്നെ.

അലാവുദീന്‍ ഖില്‍ജി നിര്‍മ്മാണം തുടങ്ങി 1316  അദ്ദേഹത്തിന്റെ മരണത്തോടെ നിര്‍മ്മാണം ഉപേക്ഷിച്ച അല  മിനാര്‍, അദ്ദേഹം തന്നെ  നിര്‍മ്മിച്ച മദ്രസ എന്നിവ കണ്ട ശേഷം, ഡല്‍ഹിയുടെ രണ്ടാം സുല്‍ത്താനായിരുന്ന ഇല്തുമിഷ്,  ടര്‍ക്കിസ്ഥാനില്‍ നിന്നും AD 1500  ല ഇന്ത്യയിലെത്തിയ  ഇമാം സാം എന്നിവരുടെ ശവകുടീരം   കണ്ടു.


 7 .21  ഉയരവും 6 ടണ്‍ ഭാരവുമുള്ള Iron Pillar  കൂടി കാമറയില്‍ പകര്‍ത്തി. 

കുത്തബ് മിനാറും പരിസരവും കണ്കുളിര്‍ക്കെ കണ്ട ഞങ്ങള്‍ അടുത്ത ലക്ഷ്യമായ ലോട്ടസ്  ടെമ്പിളിലേക്ക്   (LOTUS TEMPLE )  നീങ്ങുന്നതിനു മുമ്പ് അല്‍പ്പ സമയം അവിടെയുള്ള മനോഹരമായ പുല്തകിടില്‍ അല്‍പ്പ സമയം വിശ്രമിച്ചു.  

ലോട്ടസ് ടെമ്പിള്‍:
 
പിന്നീടു ഞങ്ങള്‍ പേര് പോലെ മനോഹരമായ ഭായി ഹൌസ് ഓഫ് വര്‍ഷിപ്പ് എന്നറിയപ്പെടുന്ന ലോട്ടസ് ടെമ്പിള്‍ ലക്ഷ്യമാക്കി നീങ്ങി.  ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന്റെയും,   മത സൌഹാര്‍തത്തിന്റെയും  സാഹോദര്യത്തിന്റെയും പ്രതീകമായി ഇവിടം ശോഭിക്കുന്നു. മാനുഷികതക്ക് പ്രാധാന്യമുള്ള ഇവിടെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവര്ക്കും പ്രവേശനം, നിശബ്ദമായി പ്രാര്‍ഥിക്കാം

നിശബ്ദതയുടെ അലങ്കാരമായ ടെമ്പിളിലേക്കുള്ള  ക്യൂവില്‍ സ്ഥാനം പിടിച്ചു ഞങ്ങള്‍ പതുക്കെ അകത്തു പ്രവേശിച്ചു.  വിശാലമായ ഇരിപ്പിടങ്ങളില്‍ നിശബ്ദതയെ ധ്യാനിച്ച്‌ നിരവധിയാളുകള്‍.  വിശ്വാസികളും അവിശ്വാസികളും ആ കൂട്ടത്തില്‍ കാണും, പക്ഷെ അവരെല്ലാം നിശബ്ദതതയെ പുണരുന്നതില്‍‍ ഒരുമിച്ചു. ഇന്ത്യാ മഹാരാജ്യത്തിന്റെ മഹത്തായ പൈതൃക പ്രതീകമായ അവിടെ നിന്നും മൌനികളായി ഞങ്ങള്‍ പുറത്തിറങ്ങി, അല്‍പ്പ നേരം വിശ്രമിച്ചു. 

ഡല്‍ഹിയില്‍ ചെറുതോതില്‍ ഷോപ്പിംഗ്‌ നടത്തി ഞങ്ങള്‍ ഹോട്ടലില്‍ എട്ടുമണിയോടെ മടങ്ങിയെത്തി. അടുത്ത പ്രഭാതം താജ് മഹല്‍ ലോകാത്ഭുതത്തെ നേരില്‍ കാണാനുള്ളതാണ്.  താജിനെ സ്വപ്നം കണ്ടു പതുക്കെ പതുക്കെ ഞങ്ങള്‍ കണ്ണുകള്‍ക്ക്‌ വിശ്രമം നല്‍കി.

സാഫല്യമേകി ആഗ്രയിലൂടൊരു ദിനം.

രാവിലെ ഏഴു മണിയോടെ ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്നും 250  കിലോമീറ്റര്‍ ദൂരമുള്ള ആഗ്ര ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. ഞങ്ങള്‍ പതിനഞ്ചു പേര്‍ അടങ്ങിയ ബസ്സ്‌  ഡല്‍ഹി നഗരത്തില്‍ ട്രാഫിക് തിരക്ക് ആവുന്നതിനു മുന്‍പേ നഗരത്തെ പിന്നിലാക്കി പുറം കാഴ്ചകള്‍ കാണിച്ചു കൊണ്ട് ആഗ്രയിലേക്ക് കുതിച്ചു കൊണ്ടിരുന്നു. പ്രണയത്തിനു കാവ്യാത്മകത നല്‍കിയ
അനശ്വരപ്രണയ സൌധം കാണാനുള്ള യാത്രയായത് കൊണ്ടാവും പ്രകൃതിപോലും ഇടക്കൊരു ചാറ്റല്‍ മഴ നലികി കൊണ്ട് അന്തരീക്ഷത്തെ ഒന്ന് കൂടെ മനോഹരിതമാക്കി.  പതിനൊന്നു മണിയോടെ ആഗ്രയിലെത്തിയ ഞങ്ങള്‍ ആദ്യം പോയത് മുഗള്‍ ഭരണത്തിന്റെ ജീവിക്കുന്ന മറ്റൊരു പ്രതിബിംബമായ ആഗ്ര ഫോര്‍ട്ട്‌ കാണാനാണ്.

ആഗ്രാഫോര്‍ട്ട്‌:

പന്ത്രണ്ടു മണിയോടെ
ഇരുപതു രൂപയുടെ ടിക്കറ്റെടുത്ത് ഞങ്ങള്‍ ആഗ്ര ഫോര്‍ട്ടില്‍ കയറി. വെട്ടി തിളങ്ങുന്ന സൂര്യ കിരണങ്ങള്‍ ഞങ്ങളിലെ ആവേശം തെല്ലും ചോര്‍ത്തിയില്ല.  നിര്‍മ്മാണ ചാരുതിയില്‍ ഇസ്ലാമിക്, പേര്‍ഷ്യന്‍ ഹിന്ദു സംസ്ക്കാരങ്ങളുടെ സമ്മിശ്ര പ്രതീകങ്ങള്‍ ആഗ്ര ഫോര്‍ട്ടില്‍ ദര്‍ശിക്കാനാവും.  ചെങ്കല്ല് കൊണ്ടും മാര്‍ബിള്‍ കൊണ്ടും പണി കഴിപ്പിച്ച ആഗ്ര ഫോര്‍ട്ട്‌  മുഗള്‍ ഭരണാധികാരികളുടെ ദാര്‍ശനിക  വീക്ഷണത്തിന്റെയും വിസ്മയപ്പെടുത്തുന്ന  നിര്‍മ്മാണ ചാരുതിയുടെയും  ഉത്തമോദാഹരണമാകുന്നു.  മുഗള്‍ ഭരണാധികാരികളായ അക്ബര്‍ ചക്രവര്‍ത്തി,  അക്ബറിന് ശേഷം വന്ന ജാഹാന്ഗീര്‍, ഷാജഹാന്‍ എന്നിവരെല്ലാം അവരുടെതായ സംഭാവനകള്‍ ആഗ്രഫോര്‍ട്ടില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഫോര്‍ട്ടില്‍ നിന്നും നോക്കിയാല്‍ താജ്മഹലിന്റെ മനോഹാരമായ ദൃശ്യം കാണാനാവും. ഇവിടെയാണ്‌ ഔറംഗസീബ് ഷാജഹാനെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്.

ലോക ടൂറിസത്തിലെ ഇന്ത്യന്‍ നിറ സാന്നിധ്യമായ താജ്മഹല്‍ എന്ന അത്ഭുത പ്രതിഭാസത്തെ കാണാനുള്ള വെബലോടുകൂടി ആഗ്രഫോര്‍ട്ടിലെ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ പുറത്തിറങ്ങി.

താജ്മഹല്‍ - ലോക ടൂറിസത്തിനു  ഇന്ത്യന്‍ തിലക കുറി:

രണ്ടു മണിയോടെ ഞങ്ങള്‍,  മുഗള്‍ ഭരണാധികാരിയായ ഷാജഹാന്‍ ചക്രവര്‍ത്തി  1631ല് മരണപ്പെട്ട തന്റെ പ്രിയതമ മുംതാസ് മഹലിനോടുള്ള അനശ്വര പ്രണയ പ്രതീകമായി പണി കഴിപ്പിച്ച  താജ്മഹലിന്റെ അടുത്തെത്തി.   ഇരുപതു രൂപയുടെ ടിക്കറ്റെടുത്ത്  താജ് കോമ്പൌണ്ടില്‍ പ്രവേശിച്ചു.  

ലോക രാഷ്ട്ര സമുച്ചയത്തില്‍ ത്രിവര്‍ണ്ണ പതാകയുടെ യശസ്സുയര്‍ത്തുന്ന താജ്, ഏതൊരു സഞ്ചാരിയുടെയും മനം മയക്കുന്ന കാഴ്ചതന്നെ.  താജിനെ കണ്ട ഞങ്ങള്‍ സഭാകമ്പം പിടിച്ച കുട്ടികളെ പോലെ തലങ്ങും വിലങ്ങും ക്യാമറകളുടെ ഫ്ലാഷുകള്‍ മിന്നിച്ചു. പോസ് ചെയ്യാനുള്ള ഞങ്ങളുടെ അത്യാര്‍ത്തി കണ്ടു അടുത്തിരുന്ന ഫോട്ടൊഗ്രാഫെര്‍  ഞങ്ങളെ സഹായിച്ചു.  സ്റ്റില്‍ ക്യാമറയിലും വീഡിയോവിലും താജിനെ വോണ്ടുവോളം പകര്‍ത്തി, വീഡിയോ ക്യാമറ  ഞങ്ങള്‍ കൌണ്ടറില്‍ ഏല്‍പ്പിച്ചു. താജിനകത്തെക്ക് വീഡിയോ പ്രവേശിപ്പിക്കില്ല. താജിനെയും മുമ്പിലുള്ള അതിമനോഹര പൂന്തോട്ടവും കാമറയില്‍ പകര്‍ത്തി പതുക്കെ
പതുക്കെ ഞങ്ങള്‍ താജിന് വളരെ അടുത്തെത്തി. ഇനി ചെരുപ്പുകള്‍ക്ക് വിട, നഗ്ന പാദരായി  മന്ദം മന്ദം ഞങ്ങള്‍ താജിനടുത്തേക്ക് നീങ്ങി.  വര്‍ഷങ്ങള്‍  പഴക്കമുള്ള ശില്‍പ്പ ചാതുരിയുടെ ലാസ്യഭംഗി ആവോളം നുകര്‍ന്ന് ഞാന്‍ താജിന്റെ ചുമരുകളില്‍ തലോടി പതുക്കെ ഒന്ന് ചുംബിച്ചു.

ഈ മാനോഹര സൌധത്തിന്റെ അസാമാന്യ ഭംഗിയില്‍ അഭിമാനം പൂണ്ടു ഞാന്‍ ഷാജഹാന്‍ മുംതാസ് പ്രണയത്തെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട്  മുമ്പിലുള്ള ചെറിയൊരു ക്യൂവില്‍  സ്ഥാനം പിടിച്ചു. താജ്മഹാളിനുള്ളിലേക്ക് ഞങ്ങള്‍ പ്രവേശിക്കുകയാണ്, ആ പ്രണയ ജോഡികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖബര്‍സ്ഥാന്‍ അഥവാ ശവക്കല്ലറകള്‍ ഇവിടെയാണല്ലോ.  അല്ലാഹുവിന്റെ 90 തിരുനാമങ്ങള് ‍അറബിയില്‍  കൊത്തിവെച്ച താജിലെ ചുമരുകളിലെ ‍ ഖുര്‍ആന്‍  സൂക്തങ്ങള്‍ കൂടി വായിക്കാന്‍ ശ്രമിച്ചു കൊണ്ട് ഞങ്ങള്‍ മുന്നോട്ടു നീങ്ങി.

നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ഓര്‍മ്മിക്കപ്പെടുന്ന പ്രണയ ജോടികള്‍ അന്ത്യ വിശ്രമം കൊള്ളുന്ന ശവക്കല്ലറകള്‍ കണ്ടു പുറത്തിറങ്ങി, മട്ടുപ്പാവില്‍ അല്‍പ്പനേരം ഞങ്ങള്‍ വിശ്രമിച്ചു. താജിന് ചാരിയൊഴുകുന്ന യമുനാ നദിയെ തലോടി  കടന്നു വരുന്ന  അസ്തമയ കിരണങ്ങള്‍ താജിനെ കൂടുതല്‍ വര്‍ണ്ണാഭമാക്കി.

താജിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കൂടി കൂടി വരുന്നു.  സ്വദേശികളും വിദേശികളും മനോഹര കാഴ്ചകള്‍ പകര്‍ത്തുന്നതില്‍ മത്സരിക്കുന്നു. ശവക്കല്ലറകള്‍ കണ്ടിറങ്ങുന്ന പലരും ഞങ്ങളെ പോലെ  താജിന് പുറത്തു വിശ്രമിക്കുന്നു.  അല്‍പ്പ സമയത്തിനു ശേഷം ഞങ്ങള്‍ താജിന് മുമ്പിലുള്ള പൂന്തോട്ടത്തിലെത്തി.   മരങ്ങള്‍ക്കിടയില്‍ കൊക്കുരുമ്മി പ്രണയ ഗീതങ്ങള്‍ പൊഴിക്കുന്ന കിളികളുടെ കളകളാരവങ്ങള്‍ താജിലെ കാഴ്ചകള്‍ക്ക് കൂടുതല്‍ വര്‍ണ്ണം പകര്‍ന്നു.

1632 ല് പണി തുടങ്ങിയ താജില്‍,  22 വര്‍ഷക്കാലം പേര്‍ഷ്യ, യൂറോപ്പ് തുടങ്ങി നാനാ ദിക്കില്‍നിന്നുമുള്ള   ഇരുപതിനായിരം അതി വിദക്തരുടെ കരവിരുതും വിയര്‍പ്പും ഷാജഹാന്‍ എന്ന ഭരണാധികാരിയുടെ അടങ്ങാത്ത ഇച്ഛാശക്തിയും ദാര്‍ശനികതയും കൂടി ചേര്‍ന്ന അതി മനോഹാരമായ പ്രണയ കാവ്യമാണ് നമുക്ക് ദര്‍ശിക്കാനാവുക.  

ഷാജഹാന്റെ മരണ ശേഷം പുത്രന്‍ ഔറംഗസീബ് താജ് മഹാളില്‍ മുംതാസ് മഹാളിനടുത്തു തന്നെ ഷാജഹാന്റെയും ശവകുടീരം പണിതുകൊണ്ട് മരണശേഷവും ആ പ്രണയ ജോടികളെ ഒരുമിപ്പിച്ചു.

താജിന്റെ മനോഹാരിത മറ്റെങ്ങും    പകര്‍ത്തപെടാതിരിക്കാന്‍ ‍ വേണ്ടി താജിന്റെ   നിര്‍മ്മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളുടെ കൈ ഷാജഹാന്‍ ചക്രവര്‍ത്തി വെട്ടിമാറ്റി എന്ന കഥ കേട്ടിരുന്നു.  തൊഴിലാളികള്‍ക്ക് ചക്രവര്‍ത്തി  ആയുഷ്ക്കാലം മുഴുവന്‍ ജീവിക്കാനുള്ള പണവും പാരിതോഷികങ്ങളും സമ്മാനിച്ച്‌ താജിനോട് സാമ്യമുള്ള  നിര്‍മ്മാണ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് വിലക്കുകയായിരുന്നു.   ‍ തൊഴിലാളികളുടെ കൈ വെട്ടി മാറ്റിയെന്നു   ആലങ്കാരികമായി ആരോ പ്രയോഗിച്ച പ്രയോഗം പില്‍ക്കാലത്ത് വികലമായി ചിത്രീകരിക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.    


താജിലെ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ പുറത്തിറങ്ങി, ചെറുതായ
രീതിയില്‍ ഷോപ്പിംഗ്‌ നടത്തി. മാര്‍ബിളില്‍ പണിത താജിന്റെ വിലകൂടിയതും വില കുറഞ്ഞതുമായ നിരവധി മോഡലുകള്‍ നമുക്ക് വാങ്ങാന്‍ കിട്ടും. യാത്രകള്‍ ഓര്‍മ്മചെപ്പില്‍ ഒളി മങ്ങാതെ എന്നുമെന്നും നില്‍ക്കുമെങ്കിലും ഈ യാത്രയുടെ ഒളിമങ്ങാത്ത ഓര്‍മ്മസൂക്തങ്ങളായി ചിലതൊക്കെ വാങ്ങാന്‍ ഞങ്ങളും മറന്നില്ല.

Kashmir
ആഗ്രയോടും താജ് മഹാലിനോടും ഞങ്ങള്‍ സങ്കടത്തോടെ വിടവാങ്ങുകയാണ്.  അല്ലെങ്കിലും വിടവാങ്ങലുകളെല്ലാം ഒരുപാട്  ദുഖ സ്വപ്‌നങ്ങള്‍  ബാക്കിവെച്ചാണല്ലോ. കുറെയേറെ സ്വപ്നങ്ങള്‍ ആഗ്രയില്‍ ബാക്കിയാക്കി ഡല്‍ഹി ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. അടുത്ത പ്രഭാതം ഞങ്ങളെ വരവേല്‍ക്കുന്നത് ഇവിടെ ക്ലിക്കിയാല്‍ മതിയാകും.

കാശ്മീര്‍ എന്ന  ഭൂമിയിലെ സ്വര്‍ഗത്തിലേക്കുള്ള    യാത്രയിലെക്കാണ്. ജീവിതത്തിലെ മറക്കപ്പെടാനാവാത്ത എന്നുമെന്നും മനസ്സില്‍  താലോലിക്കുന്ന ആ സ്വപ്ന യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് 

പ്രവാസ ജീവിതത്തിലെ അസുല്ഭമായി കിട്ടുന്ന അവധി ദിനങ്ങള്‍ സന്തോഷകരമാക്കി കൊണ്ട് ഞങ്ങള്‍ അങ്ങിനെ  ഡല്‍ഹിയും ആഗ്രയും, കാശ്മീരും ചുറ്റിയടിച്ചു,  പ്രയാസങ്ങളോ, പരിഭവങ്ങളോ കൂടാതെ സുഖമായി  ദൈവത്തിന്റെ  സ്വന്തം നാട്ടില്‍ ദൈവാനുഗ്രഹത്താല്‍ തിരിച്ചെത്തി. ഇതിനു സഹായിച്ച ടൂര്‍ ഓപ്പറേറ്റര്‍മാരെ കൂടി സ്മരിച്ചു കൊണ്ട്,  മറ്റൊരു സുന്ദരമായ യാത്ര സ്വപ്നം കണ്ടു ജീവിതത്തിലെ യതാര്‍ത്ഥ വഞ്ചി പുണ്യങ്ങള്‍ പൂക്കുന്ന സൗദി അറേബ്യയില്‍ വീണ്ടും തുഴയുന്നു. പുണ്യങ്ങളോടൊപ്പം    ജീവിതവും പൂക്കട്ടെ എന്ന പ്രാര്‍ഥനയോടെ.