Friday, November 23, 2012

ആവിഷ്ക്കാര, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വ്രണിത മുഖങ്ങള്‍


താക്കറെയുടെ മരണം: ബന്ദിനെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച യുവതികള്‍ അറസ്റ്റില്‍ഡിസംബറോടു കൂടി ചരിത്രമാകുന്ന 2012 ബാക്കി വെച്ച് പോകുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വ്രണിത മുഖങ്ങള്‍ ലോക മനസാക്ഷിക്ക് മുമ്പില്‍ പരിഹാര ക്രിയകളില്ലാത്ത ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള രക്ത പങ്കിലവും അല്ലാതെയുമുള്ള മുറവിളികള്‍ കൊണ്ട് മുഖരിതമായ അന്താരാഷ്‌ട്ര സമൂഹങ്ങളിലെല്ലാം പ്രതീക്ഷയുടെ തീ നാളങ്ങള്‍ അണഞ്ഞു കൊണ്ടിരിക്കുന്ന വ്രണിത മുഖങ്ങളെ നമുക്ക് ദര്‍ശിക്കാനാവും.
  
ജന്മ നാട്ടില്‍ ജീവിക്കാനുള്ള ജന്മാവകാശത്തിനായി, അധിനിവേശത്തിനെതിരെ   വര്‍ഷങ്ങളായി പട പൊരുതി മരിച്ചുവീണു കൊണ്ടിരിക്കുന്ന പലസ്തീനിയിലെയും ഗാസയിലേയും അശാന്തി തീരങ്ങളുടെ ശവപറമ്പില്‍ മരിച്ചു ജീവിക്കുന്ന നിസ്സഹായരായ സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന നിഷ്കളങ്ക സമൂഹം, പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയതിന് സ്കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി താലിബാന്‍ തീവ്രവാദികളാല്‍  ആക്രമിക്കപെട്ട 14 കാരിയായ മലാല, ദൈവത്തിന്റെ  സ്വന്തം നാട്ടില്‍ താന്‍ വിശ്വസിച്ച പാര്‍ട്ടിയിലെ ആശയ വ്യതിയാനത്തിന്റെ പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ചതിനാല്‍ 51  വെട്ടുകള്‍‍ക്കിരയായി ക്രൂരമായി കൊലചെയ്യപെട്ട TP ചന്ദ്രശേഖരന്‍,   'ബാല്‍ താക്കറെയുടെ' മരണത്തിന്റെ പേരില്‍ നടന്ന മുംബൈ ബന്ദിനെതിരെ ഫയിസ്ബുക്കില്‍ വിയോജനകുറിപ്പെഴുതിയ പെണ്‍കുട്ടി ഷഹീന്‍ ദാദയും, കുറിപ്പിന് ലൈക്കടിച്ച കൂട്ടുകാരി റിനു ശ്രീനിവാസനും,    ട്വിറ്ററില്‍ ചൈനീസ്‌ പാര്‍ട്ടി  കോണ്‍ഗ്രസ്സിനെ കുറിച്ച് തമാശയെഴുതിയതിനു ബീജിങ്ങില്‍   അറസ്റ്റിലായ സായിസിയാവോബിംഗ്  തുടങ്ങിയവരെല്ലാം ആവിഷ്ക്കാര, അഭിപ്രായ  സ്വാതന്ത്ര്യത്തിന്റെ വ്രണിത മുഖങ്ങളായി ഉത്തരം കാണപ്പെടാത്ത  ചോദ്യ ചിഹ്നങ്ങളായി ചരിത്ര താളുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

ഷഹീന്‍ ദാദ: ഞങ്ങള്‍ ശിരസ്സ്‌ കുനിക്കുന്നു!

കാര്‍ട്ടൂണിസ്സ്റ്റായി ജീവിതം തുടങ്ങി, തീവ്ര ഹിന്ദുത്വ മറാത്തി വാദത്തിന്റെ അപ്പോസ്തലനായി പേരെടുത്ത 'ബാല്‍ താക്കറെയുടെ' മരണത്തിന്റെ പേരില്‍ നടന്ന മുംബൈ ബന്ദിനെതിരെ ഫയിസ്ബുക്കില്‍ വിയോജനകുറിപ്പെഴുതിയ പെണ്‍കുട്ടി ഷഹീന്‍ ദാദയും, കുറിപ്പിന് ലൈക്കടിച്ച കൂട്ടുകാരി റിനു ശ്രീനിവാസും ആവിഷ്ക്കാര, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഇന്ത്യന്‍ വ്രണിത മുഖങ്ങള്‍ ആയി നമുക്കുമുമ്പില്‍ നില്‍ക്കുന്നു.
ബന്ദുകളെയും ഹര്‍ത്താലുകളെയും ജനങ്ങള്‍ വരിക്കുന്നത് അവയോടുള്ള പ്രണയം കൊണ്ടല്ലെന്നും, മറ്റൊരു ചോയിസ് മുമ്പിലില്ലാത്ത ഭയചികിത സമൂഹത്തിന്റെ നിസ്സഹായാതകൊണ്ടാണെന്നും രത്ന ചുരുക്കമുള്ള ഫയിസ് ബുക്ക്‌ കുറിപ്പിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട സംഭവം ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ അപമാനമാണ്. ആവിഷ്ക്കാര, അഭിപ്രായ, വ്യക്തി   സ്വാതന്ത്ര്യത്തിന്റെ വിളഭൂമിയെന്ന് കേട്ടിഘോഷിക്കപെടുന്ന ഭാരതത്തില്‍‍, 'മലാല' സംഭവം ആഘോഷമാക്കിയെടുത്ത ഇന്ത്യന്‍ മാധ്യമങ്ങളും, സോഷ്യല്‍ മീഡിയകളും ഷഹീന്‍ ദാദ അറസ്റ്റു ചെയ്യപെട്ട സംഭവത്തില്‍ കാണിച്ച ഉദാസീനതയുടെ വേരുകള്‍ ചെന്നെത്തുക ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണ മൊഴികളിലെക്കാവും.
ആള്‍ ദൈവങ്ങളുടെ പറുദീസയായ നമ്മുടെ നാട്ടില്‍‍, ജീവിച്ചിരുന്ന താക്കറെയെക്കാള്‍ അപകടകാരിയാവും മരിച്ച താക്കറെയെന്ന തിരിച്ചറിവുമൂലം, സുരക്ഷിതമായ ജീവിതമാണ് പ്രധാനമെന്ന് മനസ്സിലാക്കി, തന്റെ ക്ലിനിക്ക് തകര്‍ത്ത 'ദൈവ ദാസന്മാര്‍ക്കെതിരെ' പരാതിയില്ലെന്ന് പറഞ്ഞ ഷഹീന്‍ ദാദയുടെ അമ്മാവന്‍ ഡോക്ടര്‍ അബ്ദുള്ള ദാദയുടെ പാതകള്‍ പിന്തുടര്‍ന്ന് അറസ്റ്റു ചെയ്യപെട്ട പെണ്‍കുട്ടികള്‍ തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങിടപെട്ട സംഭവം അങ്ങേയറ്റം ഖേദകരമാവുന്നു.

മുംബയില്‍ നടന്ന ബന്ദില്‍ രാജാവ് നഗ്നനാണെന്ന സത്യം ലോക മനസാക്ഷിക്കു മുമ്പില്‍ ‍ അവതരിപ്പിക്കാന്‍ ഷഹീന്‍ ദാദയുടെ കമെന്റിനു കഴിഞ്ഞുവെങ്കിലും, അതിന്റെ പേരില്‍ അവര്‍ക്ക് അനുഭവിക്കേണ്ടിവന്ന കഷ്ട്ടതകള്‍ ലജ്ജാവഹം തന്നെ.
ഇന്ത്യയിലെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍, സിനിമയിലെയും ക്രിക്കറ്റിലെയും വമ്പന്മാരുമെല്ലാം താക്കറെ ഗീതങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നപ്പോള്‍, രാജാവിന്റെ നഗ്നതയിലെക്കുള്ള ചൂണ്ടു പലകയായെങ്കിലും കൂടുതല്‍ ശ്രദ്ധിക്കപെടാതെ പോവുമായിരുന്ന ഒരു കമന്റിനെ ജന സമൂഹത്തിന്റെ മുമ്പിലെത്തിച്ച മുംബൈ പോലീസിലെ 'അതി ബുദ്ധിമാന്‍മാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ യശ്ശസുയര്‍ത്തന്‍ ബന്ധപെട്ടവര്‍ തയ്യാറാവണം.

ഇന്ത്യന്‍ ഭരണ ഘടനക്ക് വിരുദ്ധമായ മണ്ണിന്റെ മക്കള്‍ വാദത്തിന്റെ പിതാവായ ബാല്‍ താക്കറെയുടെ ചരമത്തില്‍ അനുശോചിക്കാനാവില്ലെന്നു കുറിപ്പെഴുതുകയും (The Hindu) ഷഹീന് ദാദക്ക് നേരെ നടന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ പ്രതികരിക്കുകയും ചെയ്ത പ്രസ് കൌണ്സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും, സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് മര്‍ക്കണ്ടേയ കട്ജുവിനോട് നമോവാകാമേകി കൊണ്ട് നിഷ്കളങ്കരായ ഷഹീന്‍ ദാദമാര്‍ക്കും ലൈക്കര്‍മാര്‍ക്കും നീതി ലഭിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ.

മലാല യൂസഫ്സായി - പാക്കിസ്ഥാനില്‍ നിന്നൊരു മാലാഖ:


 മലാല എന്ന പേര് ഇന്ന് ഏതൊരാള്‍ക്കും സുപരിചിതമാണ്. പെണ്‍കുട്ടികളുടെ പഠിക്കാനായുള്ള അവകാശത്തെകുറിച്ച് തുറന്നെഴുതിയതിനാണ് പാക്കിസ്ഥാനിലെ താലിബാന്‍ തീവ്രവാദികള്‍ വിദ്യാര്‍ഥിനിയായ മലാലയെ ഒക്ടോബര്‍ ഒന്‍പതിന് സ്കൂള്‍ വാനില്‍ നിന്നും പിടിച്ചിറക്കി വെടിവെച്ചത്. തീവ്രവാദികള്‍ ഉതിര്‍ത്ത വെടിയുണ്ടകളില്‍ നിന്നും തലനാരിഴക്ക് രക്ഷപെട്ട മലാല അതീവ ഗുരുതാരവസ്ഥയില്‍ ബ്രിട്ടനില്‍ ചികിത്സയില്‍ കഴിയുകയാണ്.
പാക്കിസ്ഥാനിലെ സ്വാത്തില്‍ താലിബാന്‍കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടിയപ്പോള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി ബ്ലോഗിലൂടെയും മറ്റും തന്റെ ആശയാവിഷ്ക്കാരങ്ങള്‍ക്ക് സഫലീകരണം കണ്ടെത്താന്‍ ശ്രമിച്ചതിന്റെ പേരിലാണ് മലാല ആക്രമിക്കപ്പെട്ടത്.
വിഷാദം നിറഞ്ഞവള്‍ എന്ന് പേരിനു അര്‍ത്ഥമുള്ള 'മലാല' താലിബാന്‍ തീവ്ര വാദത്തിന്റെ തോക്കില്‍മുനയില്‍നിന്നുതിര്‍ന്ന വെടിയുണ്ടകള്‍ക്ക് തലകുനിക്കാതെ ലോകമെമ്പാടുമുളള പെണ്‍കുട്ടികള്‍ക്ക് പ്രോത്സാഹനത്തിന്റെയും പ്രചോദനത്തിന്‍റെയും പ്രതിരൂപമായി നിലനില്‍ക്കുന്നു. വേള്‍ഡ് പീസ് ആന്റ് പ്രോസ്പിരിറ്റി ഫൌണ്ടേഷന്റെ ധീരതയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയായ മലാല വേഗം സുഖം പ്രാപിച്ചു വരട്ടെ.
 
ജനിച്ചു വീഴുമ്പോള്‍ തന്നെ മരിച്ചു വീഴാന്‍ വിധിക്കപ്പെട്ടവര്‍:
ജീവിക്കാനുള്ള അവകാശത്തിനായുള്ള  പലസ്തീന്‍ ജനതയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള  പോരാട്ടം ഇന്നും തുടരുകയാണ്.  മനുഷ്യാവകാശത്തിന്മേലുള്ള  ഇസ്രായില്‍ന്റെ കടന്നു കയറ്റത്തിന്റെ ജീവന്‍ തുടിക്കുന്ന തെളിവുകളായി ഗാസയില്‍ മരിച്ചു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മൃതശരീര കൂമ്പാരങ്ങളെ സാക്ഷിയാക്കിയെങ്കിലും 'മാനിഷാദ'  പറയാനുള്ള ചങ്കൂറ്റം ഐക്യ രാഷ്ട്ര സഭയ്ക്കോ (ക്ഷമിക്കണം - അങ്ങിനെ ഒരു സഭഉണ്ടോ എന്നറിയില്ല) മറ്റു ലോക രാഷ്ട്രങ്ങള്‍ക്കോ ഇല്ലാതെ പോയി.  അമേരിക്കയുടെയും ഇസ്രെയിലിന്റെയും ചൊല്‍പ്പടിക്ക് നില്‍ക്കുന്ന 'നോക്കുകുത്തികള്‍ക്ക്'  മര്‍ദ്ദിതരുടെ രോദനങ്ങള്‍ക്ക്‌ ചെവികൊടുക്കാനോ ശാശ്വത പരിഹാരം കാണാനോ കഴിയാത്തതില്‍ അത്ഭുതപെടാനില്ല.
 
അഭയാര്‍ഥി ക്യാമ്പിലെ നിസ്സഹായരായ മൂവായിരത്തില്‍പരം പേരെ കൊന്നൊടുക്കുകയും, പീരങ്കികളും മിസൈലുകളും പായിച്ചു പലസ്തീന്‍ ജനതയുടെ ആരാച്ചാരായി മാറിയ അധിനിവേശ രാജാവ്,   2006 മുതല്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ 'കോമ അവസ്ഥയില്‍' മരിക്കാതെ ജീവിക്കുന്ന ഇസ്രയിലിന്റെ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ വെല്ലുന്ന പിന്തുടര്ച്ചക്കാരില്‍ നിന്നും പലസ്തീന്‍ ജനതയ്ക്ക് നീതി ലഭിക്കും എന്ന് തോന്നുന്നില്ല.

Share widely please! 
ലോകം കാണട്ടെ , ഇസ്രായേല്‍ ക്രൂരതകള്‍.....
പിഞ്ചു കുഞ്ഞുങ്ങളെ പോലും ആയുധം ഉണ്ട് എന്ന് സംശയം ജനിപ്പിച്ചു കൊല്ലാന്‍ കാരണം കണ്ടെത്തുന്ന യാങ്കിക്കഴുത ....!!  ചരിത്ര സത്യങ്ങളെ വികലമാക്കി കൊണ്ട്,  അമേരിക്കന്‍ ഭാഷയില്‍ പറഞ്ഞാല്‍ "സ്വയം രക്ഷയ്ക്കായുള്ള ഇസ്രെയിലിന്റെ ബോംബാക്രമണത്തില്‍" ശവ പറമ്പായി മാറിയ ഗാസയിലെ നിരാലംബരും നിസ്സഹായരുമായ ജനവിഭാഗത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഇസ്രായില്‍ അധിനിവേശത്തില്‍ നിന്നും പലസ്തീന്‍ ജനതയ്ക്ക് മോചനമേകാന്‍ ഒറ്റപെട്ട അപശബ്ധങ്ങള്‍ക്ക് പകരം കൂട്ടായ ജനകീയ മുന്നേറ്റം ലോക രാഷ്ട്രങ്ങളില്‍ ഉടലെടുക്കാത്തിടത്തോളം കാലം ജനിച്ചു വീഴുമ്പോള്‍ തന്നെ മരിച്ചു വീഴാന്‍ വിധിക്കപെട്ട ഒരു സമൂഹമായി മാറി കഴിഞ്ഞ  പലസ്തീന്‍ ജനതയുടെ രോദനങ്ങള്‍ക്ക് അറുതിയുണ്ടാവില്ല. അമേരിക്കയിലും ഇസ്രെയിലും (ജനുവരി 2013 )  തിരെഞ്ഞെടുപ്പ് വരുമ്പോഴെല്ലാം  പശ്ചിമേഷ്യയില് അസ്സമാധാനത്തിന്റെ വിത്തുകള്‍ പാകിയുള്ള പ്രാകൃതമായ ഈ കൊലവിളി കണ്ടു കണ്ണും കാതും കൊട്ടിയടക്കാതെ ലോക രാഷ്ട്രങ്ങള്‍ക്ക്  ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ.  
 
TP ചന്ദ്രശേഖരന്‍ - ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ രക്ത സാക്ഷി.

താന്‍ വിശ്വസിച്ച പാര്‍ട്ടിയിലെ ആശയ വ്യതിയാനത്തിന്റെ പേരില്‍ സിപിഎം നോട് വിടപറഞ്ഞു റവലൂഷനറി പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ച ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകം ദൈവത്തിന്റെ നാട്ടില്‍ നടന്ന ആവിഷക്കാര സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെച്ച നഗ്നമായ കൈയേറ്റമായിരുന്നു.   കൊന്നവരെയും കൊല്ലിച്ചവരെയും തിരിച്ചരിറിഞ്ഞുവെങ്കിലും  മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച ഈ മൃഗീയതയുടെ കാരണക്കാരായവര്‍ക്കുള്ള മാതൃകാ പരമായ ശിക്ഷാ നടപടികള്‍ ഉടനടി ഉണ്ടാവേണ്ടാതാകുന്നു.

അതെ, ചന്ദ്രശേഖരന്റെ ഭാര്യ രമ പറഞ്ഞ പോലെ വാളുകള്‍ കൊണ്ടോ തോക്കുകള്‍ കൊണ്ടോ  നടപ്പാക്കുന്ന ആവിഷ്ക്കാരങ്ങളുടെ ഫാസിസ്റ്റ് രീതി കൊണ്ട് ആളുകളെ 'കൊല്ലാനാവും പക്ഷെ തോല്‍പ്പിക്കാനാവില്ല.'   ലോകത്തെമ്പാടും നടന്നു കൊണ്ടിരുക്കുന്ന അക്രമങ്ങള്‍ കൊണ്ടൊന്നും,  ജന്മാവകാശമായ സ്വാതന്ത്ര്യം വിലക്കപെടാന്‍ ആര്‍ക്കും സാധ്യമാവില്ല
.

*************************************************
 

16 comments:

 1. പ്രതിഷേധത്തിന്റെ ശബ്ദമുയർന്ന പോസ്റ്റിനു അഭിവാദ്യങ്ങൾ..

  ReplyDelete
 2. ഈ അന്ധകാരത്തിലും മുനിഞ്ഞു കത്തുന്ന കൈതിരികള്‍ ആണ് ഹിന്ദുവും ജസ്ടീസ് കട്ജുവും മറ്റും.. പക്ഷേ ഈ കൈതിരികളും നേര്‍ത്ത് നേര്‍ത്ത് വരികയാനെന്നുള്ളത് ചിന്താജനകമായ വസ്തുത തന്നെയാണ്.. ഞാന്‍ നിര്ത്തുന്നു.. അറസ്റ്റ് വന്നാലോ???

  ReplyDelete
 3. ബന്ദ് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞിരിക്കേ ബന്ദിനെ വിമര്‍ശിക്കുന്നത് കുറ്റമല്ല. താക്കറെയോടുള്ള അനാദരവായി ഈ വിമര്‍ശത്തെ കാണുന്നുണ്ടെങ്കില്‍ താക്കറെയെതന്നെ വിമര്‍ശിച്ചുകൊണ്ട് ആദ്യം രംഗത്തുവന്നത് പ്രസ് കൗണ്‍സില്‍ അധ്യക്ഷന്‍ മാര്‍കണ്ഠേയ കട്ജുവാണ്. ദി ഹിന്ദുവില്‍ അദ്ദേഹമെഴുതിയ ലേഖനത്തിന്‍െറ പേരില്‍ നടപടിയുണ്ടായില്ല. നടപടി സാധ്യവുമല്ല. പത്രത്തില്‍ അനുവദനീയമായത് ഫേസ്ബുക്കില്‍ അനുവദനീയമല്ലാതാകുന്നില്ല.2008ല്‍ പാര്‍ലമെന്‍റ് അറിയാതെ പാസാക്കിയെടുത്ത ഭേദഗതിയിലൂടെ 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടില്‍ കടന്നുകൂടിയതാണ് 66 എ എന്ന വകുപ്പ്. മറ്റുള്ളവര്‍ക്ക് അലോഹ്യമോ അസൗകര്യമോ ആയിത്തീരുന്ന എല്ലാ അഭിപ്രായപ്രകടനങ്ങളും ഈ വകുപ്പനുസരിച്ച് കുറ്റകരമാണ്. ചിന്തക്ക് വിലങ്ങിടുന്ന പൊലീസിന്‍െറ അസംസ്കൃതമായ മനസ്സില്‍ ഒരു ഏപ്രില്‍ ഫൂള്‍ ഫലിതം പോലും 66 എ അനുസരിച്ച് ജയില്‍ശിക്ഷക്കര്‍ഹമാകുന്ന കുറ്റമായിത്തീരും.

  ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും രണ്ടറ്റങ്ങളിലായി നിൽക്കുന്ന ജനാധിപത്യ ന്ത്യയിലെ ഇത്തരം കരിനിയമങ്ങൾ മാറ്റാൻ അമാന്തമെന്തിന്

  ReplyDelete
 4. ജനാധിപത്യ ബോധം ഉള്ളവരെ സംബന്ധിച്ച് അഭിപ്രായ സ്വാതന്ത്ര്യവും, വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുക എന്നത് പ്രധാന ഘടകമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ ആണ് സ്വതന്ത്ര്യമായി അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ അസീം ത്രിവേദി മുതല്‍ ഷഹീന്‍ ദാദ വരെയുള്ള നിവധി പേര്‍ ഇങ്ങനെ അറസ്റ്റുചെയ്യപ്പെടുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വലിയ പരിമതികള്‍ നിലനില്‍ക്കുന്ന ഇറാന്‍ മുതല്‍ സൗദി അറേബ്യ വരെയുള്ള യാഥാസ്ഥിത മത രാഷ്ട്രങ്ങളുടെയും, ചൈനയെപോലുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെയും അവസ്ഥയിലേക്ക് ചെറിയ അളവില്‍ എങ്കിലും ഇന്ത്യന്‍ ജനാധിപത്യവും മാറിപ്പോകുന്നു എന്നത് സ്വാതന്ത്ര്യ ബോധം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് ആശങ്കക്ക് വകനല്‍കുന്നു..!!

  ReplyDelete
 5. എത്രകാലം വായടപ്പിക്കാന്‍ കഴിയും ഭരണകൂടങ്ങള്‍ക്ക്...അല്ലെ കുറെ കാലത്തിനു ശേഷം നല്ലൊരു പോസ്റ്റ് ആശംസകള്‍ ഭായീ...എന്ത് കൊണ്ട് മാര്‍ക്കന്ടെയ കട്ജുവിനെതിരെ സംസാരിക്കാന്‍ അവര്‍ തുനിഞ്ഞില്ല?....എല്ലാം കളി അല്ലെ വെട്ടി മുറിക്കാനുള്ള കളി..

  ReplyDelete
 6. വായ് മൂടിക്കെട്ടുന്ന കാലം

  ReplyDelete
 7. പുതിയ വര്‍ഷത്തെ കൂടുതല്‍ പ്രതീക്ഷകളോറെടെ കാത്തിരിക്കാം.
  നല്ല പോസ്റ്റ്‌.

  ReplyDelete
 8. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ നാളുകളില്‍ അതിനെ ബലികഴിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത് പോയ വര്‍ഷത്തെ കറുത്ത പാടുകള്‍....

  ReplyDelete
 9. vikaarangal kaazchayum manassum karuppikkunna loakathinte chithram..

  ReplyDelete
 10. പ്രതികരണം സന്ദര്‍ഭോചിതമായി ..

  ReplyDelete
 11. 2012 അവസാനിക്കുമ്പോൾ ഓർമമിക്കപ്പെടേണ്ട ആവിഷ്കാര ലംഘനങ്ങൾ തന്നെയാണ് ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളത്. മനുഷ്യവാകാശ ലംഘനങ്ങൾ ജനാധിപത്യ ഭരണഘടനയിലുള്ള് ഇന്ത്യാ മഹാരാജ്യത്തും നടന്ന് കൊണ്ടിരിക്കുന്നു എന്നത് നിരീക്ഷിക്കേണ്ട കാര്യമാണ്. ആക്രമിച്ചും കൊന്നും അടിച്ചോടിച്ചും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.എഴുത്തിലൂടെയുള്ള പ്രതിഷേധം തുടരട്ടെ..ഏല്ലാ ആശംസകളും

  ReplyDelete
 12. ഇടവേളക്ക് ശേഷം ഇലയോടന്റെ ബ്ലോഗില്‍ വായിക്കുന്ന നല്ലൊരു പോസ്റ്റ്‌ !!

  ReplyDelete
 13. വളരെ നന്നായി ഈ തുറന്നു പറയല്‍..... ആശംസകള്‍........

  ReplyDelete
 14. തികച്ചും കാലികം ..

  വായിക്കാന്‍ വൈകി. നാട്ടില്‍ ആയിരുന്നു

  ReplyDelete
 15. വായിയ്ക്കാന്‍ വൈകി.

  നല്ല ലേഖനം

  ReplyDelete
 16. നന്നായി പറഞ്ഞിട്ടുണ്ട് കേട്ടൊ ഭായ്

  ReplyDelete

നിങ്ങളുടെ അഭിപ്രായം