ഒരുപാടൊരുപാട് പറഞ്ഞു കേട്ട ഫര്സാന് ദ്വീപിലേക്ക് (നവംബര്‍ പതിനാറു) പെരുന്നാള്‍ നമസ്ക്കാരത്തിനു ശേഷം ഞങ്ങള്‍ പുറപ്പെട്ടു. സുഹൃത്തുക്കളായ അഞ്ചു ഫാമിലി, കുട്ടികളടക്കം ഇരുപത്തിയഞ്ച് പേര്. ഞങ്ങളുടെ ടൂര്‍ ലീഡര്‍ നാസര്‍ പൂക്കോട്ടുംപാടം ഏര്‍പ്പാടുചെയ്ത മിനി ബസ്സ് ഒന്‍പതു മണിക്ക് തന്നെ ജിദ്ദയില്‍ നിന്നും ജിസാന്‍ ലക്ഷ്യമാക്കി നീങ്ങി. ബസിനു ഫര്‍സാനിലെക്കുള്ള ടിക്കറ്റും, മടക്ക ടിക്കറ്റും ഞങ്ങളുടെ താമസവുമെല്ലാം ജിസാനിനടുത്തുള്ള അബുഹരീഷില്‍ ജോലിചെയുന്ന എന്റെ ബന്ധു ജാഫര്‍ ശരിയാക്കിയിരുന്നു. ഇക്കാമ കോപ്പി നേരത്തെ അയച്ചു കൊടുക്കാത്തത് കാരണം യാത്രക്കാരായ ഞങ്ങളുടെ ഷിപ്പിനുള്ള ടിക്കറ്റ് മുന്‍കൂര്‍ എടുക്കാന്‍ സാധിച്ചിരുന്നില്ല. ജിസാനില്‍ നിന്നും ദ്വീപിലേക്കുള്ള ഷിപ്പ് യാത്ര തികച്ചും സൗദി ഗവണ്മെന്റ് വക സൗ ജന്യമാണ്.
പുറംകാഴ്ചകളും, കുട്ടികളുടെ പാട്ടും മറ്റു കളികളുമായി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഉച്ചക്ക്ഞങ്ങള്‍ കൊണ്ടു വന്ന ചിക്കന്‍ ബിരിയാണി കഴിച്ചു. അഞ്ചു മണിക്ക് മുബായി ജിസാനില്‍ എത്തിയാല്‍ ഞങ്ങള്‍ക്കുള്ള ടിക്കറ്റ് കൂടി അഡ്വാന്‍സ് എടുക്കാം എന്ന ആഗ്രഹം നടപ്പാകില്ല എന്ന് മനസിലാക്കിയതോടെ ഞങ്ങള്‍ യാത്ര അല്‍പ്പം സാവധാനത്തിലാക്കി. ജിസാന്‍ റോഡില്‍ നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റര്‍ മാറിയുള്ള അബൂഹരീഷ് കണ്ടു പിടിക്കാന്‍ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഞങ്ങള്‍ ഏഴു മണിയോടെ അബൂഹരീഷിലെ റൊമാനിയ ഹോട്ടലില്‍ എത്തി. പുതിയ ഹോട്ടല്‍ ആയതു കാരണം നല്ല വൃത്തിയും വെടിപ്പുമുണ്ടായിരുന്നു.
ജിസാനില്‍ എത്തിയപ്പോഴാണ് എന്റെ സുഹൃത്ത് റഹീം ഫാമിലിയുടെ ഇക്കാമ എടുത്തിട്ടില്ല എന്ന വിവരം അറിയുന്നത്. കോപ്പിയും കൈയ്യില്‍ കരുതിയിട്ടില്ല. ഷിപ്പിനുള്ള ടിക്കറ്റ് കിട്ടണമെങ്കില്‍ പാസ്പോര്‍ട്ട് അല്ലെങ്കില്‍ ഇക്കാമ വേണമെന്ന് ജാഫര്‍ പറഞ്ഞു. കോപ്പി യാണെങ്കില്‍ സ്റ്റാമ്പ് ചെയ്യണം. റഹീം അവന്റെ ഓഫീസുമായി ബന്ധപെട്ടു ഇക്കാമ ഫാക്സ് ചെയ്യിപ്പിച്ചു.
ജിസാനില്‍ എത്തിയപ്പോഴാണ് എന്റെ സുഹൃത്ത് റഹീം ഫാമിലിയുടെ ഇക്കാമ എടുത്തിട്ടില്ല എന്ന വിവരം അറിയുന്നത്. കോപ്പിയും കൈയ്യില്‍ കരുതിയിട്ടില്ല. ഷിപ്പിനുള്ള ടിക്കറ്റ് കിട്ടണമെങ്കില്‍ പാസ്പോര്‍ട്ട് അല്ലെങ്കില്‍ ഇക്കാമ വേണമെന്ന് ജാഫര്‍ പറഞ്ഞു. കോപ്പി യാണെങ്കില്‍ സ്റ്റാമ്പ് ചെയ്യണം. റഹീം അവന്റെ ഓഫീസുമായി ബന്ധപെട്ടു ഇക്കാമ ഫാക്സ് ചെയ്യിപ്പിച്ചു.
പെരുന്നാള്‍ സീസണ് കാരണം ഫര്സാനിലേക്ക് അന്ന് രണ്ടു ഷിപ്പ് ഉണ്ടായിരുന്നു. ഒന്ന് രാവിലെ ഏഴു മണിക്കും മറ്റൊന്ന് രാവിലെ പത്തു മണിക്കും. ഞങ്ങള്‍ ഏഴു മണിക്കുള്ള ഷിപ്പ് പിടിക്കാന്‍ തീരുമാനിച്ചു. അഞ്ചു മണിയോടെ ടിക്കറ്റ് കൌണ്ടറില്‍ എത്തി. അധികം ആളുകളില്ല ഞങ്ങള്‍ ആശ്വസിച്ചു. ടിക്കറ്റ് കൌണ്ടര്‍ തുറന്നപ്പോള്‍ പുരുഷന്മാരുടെ ഭാഗത്ത് പെട്ടെന്ന് നല്ല തിരക്ക്. വാഹനം കപ്പലില്‍ കയറ്റാനുള്ള അനുമതിയും യാത്രക്കാരുടെ ടിക്കറ്റുമെല്ലാം ഫ്രീയായതു കാരണം സീസണ് സമയത്തെ ദ്വീപിലേക്കുള്ള ടിക്കറ്റെടുക്കല്‍ ഒരു പണി തന്നെയാണ്. സ്ത്രീകള്‍ക്ക് പ്രത്യക കൌണ്ടര്‍ ഉള്ള കാര്യമറിഞ്ഞു ഞങ്ങള്‍ ടിക്കറ്റെടുക്കാന്‍ മങ്കമാരെ ഏര്പ്പാടാകി. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന ചൊല്ല് തികച്ചും യോജിക്കുന്നത് ഇവിടെയാണെന്ന് മനസ്സിലായി. സൌദിയിലെ സ്ഥിരം പല്ലവിയായ 'സിസ്റ്റം-ഡൌണ്‍കള്‍ക്കിടയില്‍' ഞങ്ങളും ടിക്കറ്റ് ശരിയാക്കി. ഫാക്സ് കോപ്പി കാരണം റഹീമിന്റെ ഫാമിലി ടിക്കറ്റ് കിട്ടിയില്ല. ഞങ്ങള്‍ ശരിക്കും വിഷമിച്ചു. അവസാനം കൂട്ടത്തിലെ കാര്യപ്രാപ്തിയായ ഇന്ത്യന്‍ എംബസി സ്കൂളിലെ അധ്യാപിക നസൂറ ടീച്ചര്‍ വീണ്ടും കൌണ്ടറില്‍ ചെന്നു. അറിയാവുന്ന അറബിയും ഇഗ്ലീഷും കാച്ചി ടീച്ചര്‍ ടിക്കറ്റ് ശരിയാക്കി സന്തോഷത്തോടെ പുറത്തു വന്നു.
ഞങ്ങള്‍ ബസ്സില്‍ കയറിഷിപ്പിനെ ലക്ഷ്യമാക്കി പോര്‍ട്ടിലേക്ക് നീങ്ങി. ഇടക്കൊരു ചെക്കിംഗ്, ഷിപ്പിനുള്ള ബസ് പാസും ഞങ്ങളുടെ ടിക്കറ്റും പരിശോധിച്ച് കടത്തി വിട്ടു. ഞങ്ങള്‍ ബസില്‍ നിന്നിറങ്ങി സെക്യൂരിറ്റി
ചെക്കിംഗ് കഴിഞ്ഞു ഷിപ്പില്‍ സീറ്റ് പിടിച്ചു. ഷിപ്പിലെ മുന്‍ ഭാഗത്തെ സീറ്റെല്ലാം നൂറുശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. സ്ത്രീ സംവരണം കണ്ടുപിടിച്ച മഹാന്മാരെ മനസ്സാ എതിര്‍ത്തുകൊണ്ടു പുരുഷന്മാര് ഷിപ്പിലെ ബാക്ക് സീറ്റില്‍ സ്ഥാനം പിടിച്ചു. ഞങ്ങളുടെ ബസ്സ് ഷിപ്പിലെ വാഹന പാര്‍കിങ്ങ്ല്‍ പാര്‍ക്ക് ചെയ്തു.

പുതിയ ഷിപ്പ്, കൃത്യം ഒരു മണിക്കൂര്‍ യാത്ര. വലിയ ഓളങ്ങളില്ലാതെ ശാന്തമായ ചെങ്കടല്‍.ഇതൊരു 'റെഡ്-സി' അല്ല 'ബ്ലൂ-സി' ആണെന്നേ കടല്‍ കണ്ടാല്‍ തോന്നുകയുള്ളൂ. അറ്റമില്ലാത്ത നീലതടാകം പോലെ പരന്നു കിടക്കുന്ന ചെങ്കടല്‍ കാഴ്ച അതിമനോഹരമാണ്. ഫര്സാനില് എത്തുന്നതിനു മുബായി കടലില്‍ മനോഹരമായ നിരവധി ചെറു ദ്വീപുകള്‍ (Islets) കണ്ടു. ഞങ്ങള്‍ കടല്‍ കാഴ്ചകള്‍ കണ്ടു ഫര്സാന് ദ്വീപില്‍ ഒന്‍പതു മണിയോടെ എത്തി.

ടൌണില്‍ നിന്നും ഫര്സാന് ദ്വീപിലെ മനോഹരമായ ബീച്ചില്‍ ഞങ്ങള്‍ എത്തി. ഒരു കടല്‍ ആണെന്ന് ഒരിക്കലും തോന്നില്ല. നല്ലൊരു നീല തടാകം. കപ്പല്‍ യാത്രയെക്കാള്‍ എന്നെ ആകര്‍ഷിച്ചത് നീല കളറില്‍ മുങ്ങിയ ചെങ്കടലിന്റെ ശാന്ത ഘാംഭീര്യമായിരുന്നു. കടലിനു മുകളില്‍ ഒരു വശത്തായി നീണ്ട ഒരു പാലം. പാലത്തിനു ചുവട്ടില്‍ ബസ്സ് പാര്‍ക്ക് ചെയ്തു ഞങ്ങള്‍ കടലില്‍ ഇറങ്ങി. കുട്ടികളെല്ലാം നന്നായി നീല കടലില്‍ കുളിച്ചു രസിച്ചു. ഫര്സാന് ദ്വീപിലെ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ രണ്ടു മണിയോടെ പോര്‍ട്ടില്‍ എത്തി.
ടൂറിസത്തിന്റെ അനന്തമായ സാധ്യതകളുള്ള പ്രകൃതിയുടെ മനോഹാരിതയാല്‍ അനുഗ്രഹീതമായ ഫര്സാന് ദ്വീപിനെ വാണിജ്യ വല്ക്കരിക്കാതെ, അതിന്റെ നീലിമയില്‍ നിലനിര്‍ത്തുന്ന സൗദി ഭരണകൂടത്തെ നമിച്ചു കൊണ്ടു ഞങ്ങള്‍ കപ്പലില്‍ കയറി. രണ്ടര മണിക്ക് കപ്പല്‍ ജിസാനിലേക്ക് പുറപെട്ടു, നാല് മണിക്ക് ജിസാനില്‍ എത്തി.
ഭക്ഷണമെല്ലാം കഴിച്ചു ഞങ്ങള്‍ ജിദ്ദയെ ലക്ഷ്യമാക്കി തിരിച്ചു. വിരസമാകുമായിരുന്ന തിരിച്ചു വരവ് 'അണ്‍ഡാക്ഷരിയുടെ' ആഴങ്ങളിലേക്ക് ഊളിയിട്ടു ഞങ്ങള്‍ സരസമാക്കി. അങ്ങെനെ പ്രവാസ ലോകത്തെ മറ്റൊരു പെരുന്നാള്‍ കൂടി പ്രയാസമില്ലാതെ തരണം ചെയ്തു ഞങ്ങള്‍ ജിദ്ദയില്‍ സന്തോഷത്തോടെ മടങ്ങിയെത്തി.
ഈ യാത്രയില്‍ ശ്രദ്ധിക്കേണ്ടതും ഞങ്ങള്‍ക്ക് അനുഭവപ്പെട്ടതുമായ ചില കാര്യങ്ങള്‍ കൂടി:
- ഇക്കാമ, പാസ്പോര്‍ട്ട് (ഫാമിലിയുടെതടക്കം) എന്നിവയില്‍ ഏതെങ്കിലും ഒന്നു കരുതണം.
- കഴിയുന്നതും ഫര്സാന് ദ്വീപിലേക്കുള്ള ടിക്കറ്റ് മുന്‍കൂറായി എടുക്കുക, പ്രത്യേകിച്ചും സീസണ് സമയങ്ങളില്‍. ടിക്കറ്റ് കിട്ടിയിലെങ്കില്‍ ഒരിക്കലും സ്പീഡ് ബോട്ടില്‍ ദ്വീപിലേക്ക് യാത്ര തിരിക്കരുത്. സ്പീഡ് ബോട്ട് അപകടകരമാണ്, പ്രത്യേകിച്ചും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും.
- ഫര്‍സാനിന്റെ രമണീയത മതിവരോളം ആസ്വദിക്കാന്‍ ചുരുങ്ങിയത് ഒരു ദിവസമെങ്കിലും അവിടെ തങ്ങണം.
- ദ്വീപില്‍ ടാക്സി കിട്ടുമെങ്കിലും കഴിയുമെങ്കില്‍ നമ്മുടെ വാഹനം തന്നെ കൊണ്ടുപോകുക.
- 'അണ്ഡാക്ഷരി' ജയിക്കണമെങ്കില്‍ 'വ' അക്ഷരത്തില്‍ തുടങ്ങുന്ന കൂടുതല്‍ പാട്ടുകള്‍ മനപ്പാഠമാക്കണം!
ദ്വീപിലെ കടലൊഴിഞ്ഞ ഭാഗങ്ങള്‍ |