Tuesday, April 28, 2020

നീർമാതളം പൂക്കുന്ന ക്യാമ്പസ്സ് സ്മരണകളിലൂടെ......





നീർമാതളം പൂത്ത കാലം....... ആമിയുടെ  അവിസ്മരണീയമായ  ബാല്യ സ്മരണകൾ അയവിറക്കി കൊണ്ടുള്ള അനശ്വര കൃതിയെ ഓർമ്മപെടുത്തും പോലെയുള്ള  ഒരു ഒത്തുകൂടൽ.  കഴിഞ്ഞയാഴ്ച   ജിദ്ദ ഷെറാട്ടൺ സെഹേലി റിസോർട്ടിൽ  നടന്ന 1986-88  മമ്പാട് കോളേജ് പ്രീ-ഡിഗ്രി ഗ്രൂപ്പിന്റെ മീറ്റ് ശരിക്കും ഒരു കലാലയ പുനർജനിയായി.  വിലക്കെടുക്കാൻ പറ്റാത്ത  ഒത്തിരിയൊത്തിരി  കാര്യങ്ങൾ ദൈവം  സൃഷ്ടിച്ചിട്ടുണ്ട്.  മഴയും,  കാറ്റും, വെളിച്ചവും, നിലാവുമെന്ന പോലെ കഴിഞ്ഞു പോയ ബാല്യത്തെ തിരികെ കൊണ്ടു  വരാൻ നമുക്കാർക്കും ആവില്ലല്ലോ.    മനസ്സുകൊണ്ടൊരു ബാല്യത്തിലേക്കുള്ള    പ്രയാണമായിരുന്നു ആ കൂടി ചേരൽ.  പ്രണയ നക്ഷത്രങ്ങള്‍ക്ക് നിലാവെളിച്ചം തൂകി മൂക സാക്ഷിയായ വാക മര  ചുവടും,  ലേഡീസ് കോർണറിലേക്കുള്ള എത്തിനോട്ടവും, കാന്റീനുമെല്ലാം അയവിറക്കികൊണ്ടൊരു പ്രണയ നിലാവായിരുന്നു 2017ന്റെ വിടവാങ്ങൽ മരുഭൂവിൽ ഞങ്ങൾക്ക് സമ്മാനിച്ചത്.



രണ്ടു വര്ഷം മുമ്പാണ് എന്റെ ക്ലാസ്സ്‌മേറ്റ് കൂടിയായ വണ്ടൂർ എലാട്ടുപറമ്പിൽ സാജിദ് ബാബു മുൻ  കൈയെടുത്തുകൊണ്ട്1986-1988 മമ്പാട് കോളേജ് പ്രീ -ഡിഗ്രി ഗ്രൂപ്പ് ഉടലെടുക്കുന്നത്.




സാജിത് ബാബുവിനോടൊപ്പം, ജാഫർ, സമീർ, ആസാദ്, ബഷീർ മമ്പാട്, ബഷീർ പരുത്തികുന്നൻ, സലിം,  ഹാഷിക്, മജീദ്, ഫൈസൽ,   മുജീബ്, ബഷീർലൗവ്‌ലി,   യൂനുസ്, ഫിറോസ്,നജീബ്, സാജിത് മൂപ്പൻ, ഹാരിസ്, ഹൈദർ,  റഷീദ്, അനീസ്,  മൻസൂർ, സാലിഹ്      മുനീർ മാസ്റ്റർ, ഷരീഫ, സാജിത, ഹഫ്സത്, ജാസ്മി,  ഹലീമ, ബീന, സറീന,   സന്ധ്യ, ഗീത,  ഡാർലി, ഡോളി,  ഷാഹിനി തുടങ്ങിയവരെല്ലാം സജീവമായി   പഴയ സതീർത്ഥരെ തേടി കൊണ്ടുള്ള പ്രയാണമാരംഭിച്ചപ്പോൾ  ഗ്രൂപ്പിന്റെ എണ്ണവും വണ്ണവും കൂടി വന്നു. ഇന്ത്യയിലെന്നപോലെ, ഗൾഫ്, യു കെ,   കാനഡ , അമേരിക്ക തുടങ്ങി  ലോകത്തിന്റെ വിവിധ ഭാഗങ്ങളിയിലുള്ള പഴയ കൂട്ടുക്കാർ ഓൺലൈൻ   ഗ്രൂപ്പിലൂടെയുള്ള ഒത്തു ചേരൽ പതിവാക്കിയപ്പോൾ  കാലത്തിന്റെ  ഒഴുക്കിൽ മറന്നു പോയ നൊസ്റ്റാൾജിയ പതുക്കെ പതുക്കെ ഉണർന്നു തുടങ്ങി. ഒകോടോബർ-നവമ്പർ മാസങ്ങളിൽ ജിദ്ദയിൽ നിന്നും അവധിയിൽ പോയ ജാഫർ തന്റെ അവധിയുടെ ഭൂരിഭാഗവും പഴയ സതീർത്ഥരെ തേടികൊണ്ടുള്ള യാത്രയിലായിരുന്നു.


കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സൗഹൃദത്തിന്റെ പാദസര നാദവുമായി മൂന്ന് നാല് മീറ്റുകളും കൊച്ചു കൊച്ചു യാത്രകളും നടന്നു.   

ഫാമിലിയെ കൂടി ഉൾകൊള്ളിച്ചുകൊണ്ടുള്ള ഓരോ മീറ്റിലും യാത്രയിലും കാലത്തിന്റെ കുത്തൊഴുക്കിൽ ചിതലരിച്ചു തുടങ്ങിയ ക്യാമ്പസ് ഓർമ്മകൾക്കൊപ്പം, അറ്റുപോയ കണ്ണികൾ കോർത്തിണക്കി കൊണ്ട്  പുതു പുത്തൻ സ്വപ്നങ്ങളുടെയും ആശകളുടെയും ജാലകങ്ങൾ തുറക്കപെടുകയായിരുന്നു. മീറ്റുകൾക്കൊപ്പം പരിധിയിൽ നിന്ന് കൊണ്ടുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങളും  കൂടി ഗ്രൂപ്പിൽ അതിഥിയായി ചേർന്നപ്പോൾ സ്‌നേഹത്തോടൊപ്പം കാരുണ്യവും കൂടി ഗ്രൂപ്പിന് തണലേകി.  ഒറ്റപെടലുകളുടെയും ഒറ്റപെടുത്തലുകളുടെയും ഡിജിറ്റൽ യുഗത്തിൽ, ജാതി, മത, രാഷ്ട്രീയത്തിനധീതമായ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഉറവിടമായാണ് ഗ്രൂപ്പിനെ എല്ലാവരും കണ്ടത്.
 അജ്ഞാതമായ ആശങ്കയുടെ തീരത്തിലൂടെ ഒഴുകുന്ന ഗൾഫ് പ്രവാസത്തിലെ പിരിമുറുക്കങ്ങൾക്കിടയിൽ നാട്ടിലെ മീറ്റിനോടൊപ്പിച്ചു ഡിസംബർ അവസാനം ജിദ്ദ ഒബഹൂർ  ഷെറാട്ടൺ സെഹേലി റിസോർട്ടിൽ 86-88 ഗ്രൂപ്പിലെ ജിദ്ദ പ്രവാസികളും ഒരുമിച്ചു കൂടി. 
 മന്ത്-എൻഡ്, ഇയർ എൻഡ്, വാറ്റ് ലെസ്സ് എൻഡ് ഇങ്ങെനെ ഒരു പാടു എൻഡുകൾക്കിടയിൽ നിന്നും ഒരുവിധം രക്ഷപ്പെട്ടു വൈകുന്നേരം ആറുമണിയോടെ  മീറ്റിനു പോവാനുള്ള ആവേശത്തോടെ റൂമിലെത്തി.  എല്ലാവരോടും റെഡിയായി നിൽക്കാൻ ഇടയ്ക്കിടെ ഓർമ്മപെടുത്തിയത് കൊണ്ടാവാം സാവധാനം ഒരുങ്ങുന്ന എന്റെ പട്ടിക്കാട്ടുകാരി പ്രിയതമ വരെ ഒരുങ്ങിയിരിക്കുന്നു.  സമീറും ജാഫുമൊക്കെ പുട്ടിയിട്ടു മൊഞ്ചനായിട്ടാണ് വരവ് എന്നറിയാവുന്നതു കൊണ്ടു തന്നെ അന്ന് വരെ ഉപയോഗിക്കാത്ത പുട്ടിയൊക്കെ ഞാനും തപ്പി നോക്കി.   ഷർട്ടും, ടീ ഷർട്ടും മാറി മാറി അണിഞ്ഞു കണ്ണാടി നോക്കിയപ്പപ്പോൾ  കെട്ടിയോളുടെ വകയൊരു കൊട്ട്.   പ്രാണ പ്രേയസികളെല്ലാം  നാട്ടിലല്ലേ. ആരാ കാട്ടാന ഇതൊക്കെ.  ഇല്ലെങ്കിലും പട്ടിക്കാട്ടുകാർ ഇങ്ങെനെയാ.  ഏത് കുറ്റി കാട്ടിലൊളിചാലും കെട്ടിയോനോടായാലും ശരി പന്ജ്ജ് ഡയലോഗുകൾക്കു കുറവുണ്ടാവില്ല.
ഒരുവിധം ഒരുങ്ങി ഞാൻ എന്റെ നാട്ടുകാരനും സ്കൂൾ കോളേജ് മേയ്റ്റ്സ്  കൂടിയായ കൂട്ടുകാരൻ ആസാദിനെ വിളിച്ചു.   ഞങ്ങൾ ഒരു ഏഴുമണിയോടെ റൂമിൽ നിന്നും റിസോർട് ലക്ഷ്യമാക്കി  നീങ്ങി. ഗൂഗിൾ സഹായത്തോടെ റിസോർട്ടിലെത്തിയപ്പോൾ അവിടെ ജാഫർ, ഹാഷിഖ്  ,   സമീറും ഫാമിലിയും , ബഷീറും ഫാമിലിയും  വാശി തീർക്കാനോ ആശ തീർക്കാനോ എന്നറിയില്ല മത്സരിച്ചു ഫോട്ടോയും സെൽഫിയും എടുക്കുന്നു .   രാത്രി കാലങ്ങളിലും കൂളിംഗ് ഗ്ലാസിന് ഉപയാഗമുണ്ടാവുമെന്നു  മനസ്സിലാക്കി തന്ന ജാഫുവിനെ  മനസ്സാ സ്തുതിച്ചു കൊണ്ട്   ഞങ്ങളും അവരുടെ കൂടെ കൂടി. 
പതുക്കെ പതുക്കെ  ഹാരിസ് വണ്ടൂർ, മജീദ് കാളികാവ്  ജുബൈലിൽ നിന്നും 1400 കിലോ മീറ്റർ വാഹനമോടിച്ചു ബ്രൈറ്റ് ഹാരിസ്, ഗ്രൂപ്പിലെ ഗായകനായ ബഷീർ മമ്പാട്, മൻസൂർ , മുജീബ്  എന്നിവരൊക്കെ എത്തി തുടങ്ങി. തണുപ്പുള്ള നിലാവിൽ ഞങ്ങൾ ബീച്ചിലേക്ക് കടൽ കാണാനിറങ്ങി.  കടലിനെ തഴുകി വരുന്ന ഇളംകാറ്റ് ഓർമ ചെപ്പുകൾ തുറന്നു വെച്ച ഞങ്ങളുടെ ശരീരത്തെ തണുപ്പിച്ചു. 
കരയെ ചുംബിച്ചു മടങ്ങുന്ന കടലിന്റെ  ഭംഗി ആസ്വദിച്ച്  പഴയകാല ഓർമ്മകൾ, വാട്ടസ്  ഗ്രൂപ്പ് വിശേഷങ്ങൾ പങ്കുവെച്ചു ഞങ്ങൾ ഭക്ഷണം കഴിക്കാനായി റിസോർട്ടിലേക്കു തന്നെ മടങ്ങി.
വാട്സപ്പിൽ ഞങ്ങളുടെ ഗ്രൂപ്പിന് പാരയായി ഞങ്ങളുടെ പ്രിയതമകൾക്കു കൂടിയൊരു  ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു.  മുൻ പരിചയമുള്ള ഞങ്ങളുടെ നല്ല പാതിമാർ ഉണ്ടാക്കികൊണ്ടുവന്ന  ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പായി.  ലൈലാ സമീറിന്റെ  ചിക്കൻ മന്തി,  ആഷിക്കിന്റെ  ബീഫ് വരട്ട്,  ഷിബില ബഷീറിന്റെ . നെയ്ച്ചോറും  അട പ്രഥമനും, റജുല ഷാനവാസിന്റെ ചിക്കൻ  കറി,  പപ്പടം,  സാലഡ്, പോറാട്ട തുടങ്ങിയ വിഭവങ്ങൾ.
ഭക്ഷണത്തിനു ശേഷം കലാ പരിപാടികളുടെ ഊഴമായി.  പാടാൻ മുട്ടി നിൽക്കുന്ന ബഷീറിന് മുമ്പിൽ ഞങ്ങൾ വഴി മാറി കൊടുത്തു.  ബഷീറിന്റെ പാട്ടിനൊപ്പം കുട്ടികളുടെ പാട്ടും ഡാൻസുമൊക്കെയായി പരിപാടി കൊഴുത്തു.  ഇടക്ക് ഗ്രൂപ്പിന്റെ ലോഗോ പ്രകാശനവും കേക്ക് മുറിയും.  86/88 ഗ്രൂപ്പിനെ സജീവമാകാൻ പങ്കു വഹിച്ച ജാഫറിനുള്ള  റിയാദ് ടീമിന്റെ   ഉപഹാരം ഹാരിസ് ബ്രയിറ്റ് കൈ മാറി.
 
പിന്നെ എല്ലാവരും ഒന്ന് വിശദമായ പരിചയം പുതുക്കൽ, ഫാമിലി, കുട്ടികൾ കോളേജ് കാലത്തെ വിശേഷങ്ങൾ  റാഗിംഗ് പോലെ ഓരോരുത്തരോടായി ചോദ്യങ്ങൾ.   കൂട്ടത്തിൽ പ്രീഡിഗ്രി കാലത്തു തന്നെ പെണ്ണ് കെട്ടാൻ ഭാഗ്യം സിദ്ധിച്ച മജീദിന്റെ കഥയും,  സ്വന്തം  ആംബുലൻസ് ഓടിച്ചു കോളേജിലെത്തിയ ബ്രയിറ്റ് ഹാരിസിന്റെ കഥയും, , വണ്ടൂർ ഹാരിസിന്റെ ബെൻസ് കഥയുമൊക്കെ ഒന്നുകൂടെ എല്ലാവരെയും പഴയ കാലത്തേക്ക് കൊണ്ടുപോയി.
 
സമയം മൂന്നര - നേരം പുലരാനായി. അപ്പോളാണ് മജീദും ഹാരിസുമൊക്കെ ചീട്ടുപെട്ടി പുറത്തെടുത്തത്. കളി അറിയാത്ത കാരണം കൊണ്ട് കളി ഹറാമാക്കി ജാഫറും ഞാനും ഉറങ്ങാൻ കിടന്നു. സ്വിമ്മിങ് പൂളിലെ ശബ്ദം കേട്ടു എണീറ്റ് നോക്കിയപ്പോൾ എല്ലാ കളി വീരന്മാരും ഉറങ്ങുകയാണ്.  ഞാൻ എന്റെ മോനെയും കൂടി പൂളിൽ ഇറങ്ങി.  കുറച്ചു കഴിഞ്ഞപ്പോൾ, സമീർ, മജീദ്, ജാഫർ,  ബഷീർ  തുടങ്ങിയവരൊക്കെ സെൽഫി  മാനിയ പിടിപെട്ടു  ക്യാമറയുമായി ബീച്ചിലേയ്ക്ക് നീങ്ങുന്നു.   ഇനിയും സ്വിമ്മിങ് പൂളിലിരുന്നാൽ ഫൂളാവുമെമെന്നു മനസ്സിലാക്കി ഫോട്ടോമാനിയയോട് കൂടി ഞാനും അവരോടൊപ്പം കൂടി. നീണ്ട ഫോട്ടോ സെഷന് ശേഷം ഞങ്ങളെല്ലാവരും സ്വിമ്മിങ് പൂളിലേക്ക് തന്നെ  മടങ്ങിയെത്തി.


ബാർബിക്യു ഒരുക്കിവെച്ച ചിക്കന്റെ കൂവലു കേട്ടു ഞങ്ങൾ കുളി മതിയാക്കി ചിക്കൻ ചുടാൻ തുടങ്ങി.   വെള്ളിയാഴ്ച ജുമാ നമസ്ക്കാരം കഴിഞ്ഞു ഭക്ഷണ  ശേഷം   ബഷീർ   ഒന്നുകൂടി പാടി.  കൂടെ എന്റെ പ്രിയതമ റജുലയും. 
വിട വാങ്ങാനുള്ള സമയമായി.  ഒരു പാട് നാളത്തെ സൗഹൃദവും കലാലയ സ്വപ്നങ്ങളും  മോഹങ്ങളും മോഹഭംഗങ്ങളും അയവിറക്കി തിരിച്ചു പിടിക്കാനാവാത്ത മധുര നൊമ്പര കാറ്റുമായി മടങ്ങുവാൻ നേരത്ത് പരുത്തികുന്നനു  കടലിനോടു ചാരി ഒരു ഫോട്ടോ കൂടി  വേണമെന്ന ആഗ്രഹം.   ഞങ്ങൾ വീണ്ടും ബീച്ചിൽ പോയി.  തിരകൾക്കൊപ്പം അടിച്ചു വരുന്ന ഇളം കാറ്റ് ഞങ്ങളുടെ മനസ്സിനെന്ന പോലെ  ശരീരത്തെയും തണുപ്പിച്ചു.
പഴയ കലാലയ സ്മരണകളെ അയവിറക്കി തിരിച്ചു പോരുമ്പോൾ മനസ്സറിയാത്ത ആത്മ നൊമ്പരമായി ആ ഈരടികൾ കടന്നു വന്നു കൊണ്ടേയിരുന്നു......


“എന്നും എന്റെ ഓർമ്മകളിൽ ഓടി വരും നൊമ്പരം അനുരാഗ സുന്ദരം....അതി രൂപ ഗോപുരം എൻ ജീവിതാമൃതം ഈ കലാലയം”................




=======================================================================
2017 ൽ എഴുതിയതാണ്.  എന്തുകൊണ്ടോ പോസ്റ്റാകാൻ  മടിച്ചു.  പാകേഷേ ഈ കൊറോണ കാലത്തു ഇതൊന്നു പൊടിതട്ടി എടുക്കാൻ തോന്നി. പഴയ പോസ്റ്റ് ആയതു കൊണ്ട് തന്നെ പുതിയ സുഹൃത്തുക്കളെ  പ്രതിപാദിച്ചിട്ടില്ല. . ക്ഷമിക്കുമല്ലോ.  എല്ലാവര്ക്കും നല്ല നമസ്ക്കാരം.

Sunday, December 15, 2019

എന്റെ ഇന്ത്യ

















രാവേറെ ചെന്നു
അശാന്തമായാത്മാവുറക്കം
വരാതെഴുന്നേറ്റു
വീണ്ടുമൊരു വിഭജനം
തെരുവുകൾ കത്തുന്നു
വെടിയൊച്ചകൾക്കിടയിൽ
ജീവനായി കേഴുന്നു കുട്ടികൾ

ഗാന്ധിയെ കാണണം
നെറ്റിയിലെ തഴമ്പു കൊണ്ട്
ഇന്ത്യാ  ഗേറ്റിലൊന്നു തടവണം
കാടു മൂടിയ പള്ളി തൊടിയിൽ
കാവലാളാവാതെ ആത്മാവിറങ്ങി

പക്ഷെ....
ഇന്ത്യാ ഗേറ്റിനു ചുറ്റിലും
ദിനോസറുകളട്ടഹാസം മുഴക്കുന്നു
ആത്മാവ് നേരെയോടി
ഗാന്ധിയെ  കാണാൻ 

പക്ഷെ.....
ഗാന്ധിയെ  വീണ്ടും വധിച്ചു
നൃത്തമാടുന്നു ചുറ്റിലും
അഭിനവ ഗോദ്സെമാർ

മടങ്ങാമിനി
കല്ലറയിലേക്കു തന്നെ
പൗരത്വം തേടി
പള്ളിക്കാട്ടിൽ വരുന്നിടം
വരേക്കെങ്കിലും
ഉറങ്ങാം അശാന്തമായി

പക്ഷെ
മരിച്ചു കൊണ്ടിരിക്കുന്നു
എന്റെ ഇന്ത്യ,  സ്വപ്നങ്ങളിലെ ഇന്ത്യ...

Tuesday, December 10, 2019

പൗരത്വമെ, നമോവാകം!!



ഡിസംബർ പത്ത്
മനുഷ്യാവകാശ ദിനം
പരതുന്നു നാട്ടിലാകെ
പൂർവികരെ
സ്വത്വം തേടിയലയുന്നു
ജനം തെരുവിൽ

മതമെന്ന മതിൽ കെട്ടി
തരം തിരിച്ചവർക്കറിയില്ല
എൻ സ്വത്വത്തെക്കാൾ
വലുതാണെനിക്കീ ഭൂമി

വെള്ളക്കാരോടുമുട്ടി
ചോരവാർന്നൊരു
തെരുവിലാണെങ്കിലും
ഭീതിയില്ലാതൊന്നു
തല ചായ്ച്ചുറങ്ങാൻ
വേണമൊരിടമെനിക്കും

ജനിച്ചു വീണൊരിടം
മരിച്ചു വീഴാൻ
കൊതിക്കും മനസ്സിൻ
ചാപല്യമോർത്തു
ചിരിക്കും പൗരത്വമെ ...
നിനക്ക് നമോവാകം!!
========================

December 9, 2019: രാജ്യത്തെ മതേതരത്വത്തെ നോക്കി കുത്തിയാക്കുന്ന വ്യക്തമായ അജൻഡയോടു കൂടി പൗരത്വ ബിൽ ലോകസഭ പാസ്സാക്കി.

Monday, December 9, 2019

'ഇന്നിന്റെ അമ്മ'












സ്വന്തം കുഞ്ഞിനെ
കശ്‌മലർക്കു
പിച്ചി ചീന്തി
കത്തി കരിയിച്ചു
ഇരയാക്കിടാതെ

എരിയും മനസ്സുമായി
പെട്രോളിൽ  കുതിർത്തു
തീ നാളമാക്കാൻ
കൊതിച്ചൊരമ്മയാണ്
'ഇന്നിന്റെ അമ്മ'

നൊന്തു പെറ്റൊരമ്മക്കറിയാം
വെന്തു പോവും 
കുഞ്ഞിൻ നോവുകൾ
===================================



Note: ഉന്നാവോയിലും ഹൈദ്രാബാദിലുമടക്കം രാജ്യത്തു വർധിച്ചു വരുന്ന  പീഡന കൊലകളിൽ നിന്നും  രക്ഷ നേടാനായി ഡെൽഹിൽ ആറു വയസ്സുള്ള സ്വന്തം പെൺകുഞ്ഞിന്നെ 'അമ്മ പെട്രോളൊഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു - Dec 7, 2019

Sunday, December 8, 2019

മാനിഷാദ













അവൾ
കരഞ്ഞില്ല
പിടഞ്ഞില്ല
നില വിളിച്ചില്ല
അറിയാം
ഇതാണെൻ വിധി
ഞെട്ടറ്റു പോയൊരു
നീതി ബോധത്തിനാൽ
ചുട്ടു ചാമ്പലാവാൻ
വിധിക്കപ്പെട്ടവൾ
ആരുമില്ല, ചൊല്ലാൻ
"മാനിഷാദ"

വീഴുന്നു
കണ്ണീർ മഴ
മാനത്തുനിന്നും
അടുത്തയിരയും
വള കിലുക്കം നിലച്ചു
മാനത്തിനായി
ചുട്ടെരിക്കപ്പെടുമ്പോൾ
തുരുമ്പിച്ചൊരു  നീതിബോധത്തെ
ചുട്ടെരിക്കാനാരുമില്ലെന്നറിഞ്ഞവൾ
വീഴ്ത്തുന്നു കണ്ണീർ മാനത്തുനിന്നും
====================================





Nov 30, 2019: ഹൈദരാബാദ് വെറ്റിനറി ഡോക്ടറെ കൂട്ട ബലാൽസംഘം ചെയ്തു കത്തിച്ചു കളഞ്ഞു. 

Tuesday, December 3, 2019

പ്രണയം

















പ്രണയമായിരുന്നു
നിൻ കണ്ണുകൾ
കൺ പീലികൾ
കവിളുകൾ
അലസമാം തോളിൽ
തൂങ്ങിയ മുടിയിഴകളിൽ
കാണാതൊളിപ്പിച്ച
ഹൃദയാനുരാഗങ്ങൾ

പെയ്തു തീർന്ന
മഴ തുള്ളിപോലൊരു
മഴ കിനാവായി
കാണാ മറയത്തെങ്ങോ
മറഞ്ഞിരിക്കും  പ്രണയം
കുളിർ കാറ്റിൽ പെയ്യും
മഞ്ഞു മഴപോൽ
തഴുകി തലോടിടാൻ വന്നിടട്ടെ.


Saturday, November 23, 2019

പാമ്പാണ് സത്യം













പാമ്പാണ് പാമ്പാണ്
പാമ്പാണ് സത്യം
തോരാതെ കേണവൾ
ജീവൻ തുടിക്കുവാൻ
കൊത്തിയപാമ്പിനെക്കാളും
വിഷം ചീറ്റിയാടി
ചുറ്റിലും കൊത്താതെ
കൊത്തിയ പാമ്പുകൾ

പേടിച്ചരണ്ടവൾ  നീലിമയായി
കേണവൾ കേണവൾ
പാമ്പാണ് സത്യം

പാമ്പിനെക്കാളും വിഷമായി മാറി
ചുറ്റുമിരുന്നവർ 'ആണിയെ' തേടി
വേദനകൊണ്ടു പുളയുന്ന നേരവും
അച്ഛനെ കാത്തവർ 'ആണികഥയുമായി'
ഓട്ടോയിൽ വന്നൊരു അച്ഛനെ കാത്തു
ഓട്ടം വരാതെ  ഓടിയൊളിച്ചവർ
കണ്ടൊരു ഡോക്ടറും രോഗം മറന്നു
നോക്കാതെ നോക്കാതെ ഓടിയൊളിച്ചവർ

പുഞ്ചിരി തൂകുവാനാവില്ലെനിക്കിനി
കണ്ണടക്കട്ടെ  യാത്രയാവാനായി
കൊത്താതെ കൊത്തിയ പാമ്പാണ്  സത്യം
പുഞ്ചിരി തൂകുവാനാവില്ലെനിക്കിനി.
======================================

Nov 20, 2019 : ക്ലാസ്സ്  മുറിയിൽ പാമ്പു കടിയേറ്റു മരിച്ച സുൽത്താൻ ബത്തേരി ഗവ.സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ്  ക്ലാസ് വിദ്യാർഥിനി ഷെഹ്‌ല മരണപ്പെട്ടു .

പാമ്പു കടിച്ചതാണെന്നു പറഞ്ഞിട്ടും സമയത്തു ഹോസ്പിറ്റലിൽ എത്തിക്കാതെ അദ്ധ്യാപകരും, വേണ്ട ചികിത്സ നൽകാതെ ഡോക്ടർമാരും അനാസ്ഥകാണിച്ചു.  

ഭയം










ഭയമാണെനിക്ക്......... ...
പേരുമെൻഉടയാടയും,
അധ്യാ 'പക' യും
കൂട്ടത്തിലെൻ നിഴലുകൾ
കൂടിയാടിയപ്പോൾ
നീതിബോധങ്ങൾക്കന്യമാം
നീതിയെ  തേടി  യാത്രയാവുന്നു

മാപ്പ്,  മോഹമില്ലെങ്കിലും
"ഭയമില്ലെനിക്കീ"
മരണത്തെ  പുൽകുവാൻ
ജീവിച്ചു തീർത്തപ്പോൾ 
കാണാത്ത നീതിയെ
തെളിയാൻ മടിക്കും
തിരികളിൽ തേടി
ഹാഷ്ടാഗുമായെൻ
ആത്മാവിനായി
കാണിക്ക വെക്കുന്നതെന്തിനാ നിങ്ങൾ?
=========================================




November 9th 2019,  ക്യാമ്പസിലെ അധ്യാപകരുടെയും മറ്റും പീഡനം സഹിക്കാതെ മദ്രാസ് IIT ഒന്നാം വർഷ വിദ്യാർത്ഥിനി  (ഫസ്റ്റ് റാങ്ക് ഹോൾഡർ)  പത്തൊമ്പതുകാരിയായ ഫാത്തിമ ലത്തീഫ് ദുരൂഹ സാഹചര്യത്തിൽ  മരണപ്പെടുന്നു. 

Wednesday, February 12, 2014

'വാലന്‍റൈന്‍ ഡേയും സൂറാബിയും, പിന്നെ തങ്ങളു കുട്ടിയും'

"മനുഷ്യാ, ഫെബ്രുവരി പതിന്നാലിന്റെ  കാര്യം ഇങ്ങള് മറക്കണ്ടാ." ഏതു പാതിരാവായാലും  ഫെബ്രുവരി പതിന്നാലു മറക്കണമെങ്കില്‍ സൂറാബി രണ്ടു ജന്മം ജനിക്കണം.   "കായി പോകും  എന്ന് കരുതി പണ്ടേ ഇങ്ങള് വാലെന്റൈന്‍  ഡേ ക്കു  എതിരാന്നു നമ്മക്കറിയാം, പക്ഷെ, എന്നെ കെട്ടിയ പതിന്നാലിന്റെ കാര്യം  മറക്കണ്ട". സത്യത്തില്‍ പൈസ ചെലവാകുന്ന സൂറാബിന്റെ  പതിന്നാലിന്റെ കാര്യമാ ഞാന്‍ മറക്കാന്‍ നോക്കാറ്. 
പുതിയ കലണ്ടറിൽ നിന്നും ഫെബ്രുവരി മാസത്തെ തന്നെ  കീറി കളഞ്ഞിട്ടും ഈ ഹലാക്കിന്റെ അവിലും കഞ്ഞി സൂറാബി അടുപ്പത്തു നിന്നും വാങ്ങി  വെക്കുന്ന മട്ടില്ല.   ഓള്‍ക്ക് വിവാഹ വാര്‍ഷികവും   വാലെന്റൈനും  പറഞ്ഞു ഗിഫ്റ്റ് കിട്ടിയേ തീരൂ. പോരാത്തതിന് മുണ്ടിയാൽ വരെ പീഡനമാകുന്ന  കാലമായതു കൊണ്ട് സൂറാബിനോട്   ഒരു മയത്തിലാണ് നില്ക്കാറുള്ളത്.     സ്നേഹിച്ചു കൊല്ലാന്‍ വേണ്ടി മാത്രമുണ്ടാക്കിയ   വാലെൻറ്റൈൻ ഡേ എന്നൊരു വല്ല്യടങ്ങേറ്  ദുനിയാവിലുണ്ടെന്നു മനസ്സിലാക്കാതെ ഫെബ്രുവരി പതിന്നാലിനു  പെണ്ണ് കെട്ടാന്‍ തോന്നിയ  മണ്ടത്തരത്തെ സ്വയം പിരാകി   ഷർട്ടിന്റെ  പോക്കറ്റ് നോക്കി.  പടച്ചോനെ കാര്യമായി ഒന്നുമില്ല, അത് കാലിയായി തന്നെ കിടക്കുകയാണ്.  അല്ലെങ്കിലും അത് കുറച്ചു കാലമായിട്ടു കാലി തന്നെയാണ്.

പോരാത്തതിന് കഴിഞ്ഞ മാസം സൂറാബിന്റെ  ഒരു ഏട്ടത്തിന്റെ മകളെ കല്ല്യാണത്തിനു ഓളെ വാശി കാരണം  രണ്ടു കുട്ടികളെയും കൂട്ടി നാട്ടില്‍ പോയി വന്നത്.  ഇങ്ങളെ പെങ്ങളെ കുട്ടിന്റെ കല്ല്യാണത്തിനു ഇങ്ങള് പോണ മാതിരി തന്നെ എനിക്ക് ഇതിനു പോകണം. കൂടാതെ വാട്ട്സപ്പിലും ഫേസ്ബുക്കിലും    ഓളെ കൂട്ടക്കാരുടെ പുളിച്ചിത്തരങ്ങള്‍ 'ജൂർ' ടീമെന്ന പേരിൽ  ഒന്നിന് പിറകെ ഒന്നായി ലയിക്കും കമെന്റുമടിച്ചു പാറി പറക്കുകയാണ്.   റിമ്മിടോമ്മിന്റെ അടുത്തു നിന്നും പഠിച്ചെടുത്ത തുള്ളല്‍ പ്രസ്ഥാനം സൂറാബി എന്റടുത്തു ഇട തടവില്ലാതെയെടുത്തു,  ഒരു മുറുക്ക് അറങ്ങാതെ വന്നപ്പോ നെറ്റ് ആയ നെറ്റ് മുഴുവന്‍ തപ്പി പിടിച്ചു ഞാന്‍ ഏറ്റവും ചീപ് ആയി കിട്ടിയ എമിറേറ്റ്സ് എയർ ടിക്കറ്റെടുത്ത് സൂറാബിന്റെ  മോന്തായത്തിന്റെ കേടുപാടുകള്‍ ഒരു വിധം നന്നാക്കി.    ജീവിതത്തില്‍ ആദ്യമായിട്ടാ ജിദ്ദയില്‍ നിന്നും എയർ ഇന്ത്യയില്‍ അല്ലാതെയുള്ള നാട്ടില്‍ പോക്ക്.  എന്തായാലും കാലിക്കറ്റ്‌ ഇറങ്ങാനുള്ള ഫ്ലൈറ്റ്, എമിറേറ്റ്സ് ആയതു കൊണ്ട് കൊല്ലത്തിറങ്ങില്ല എന്നുറപ്പിച്ചു എയര്‍ ഇന്ത്യയെ ബഹിഷ്ക്കരിച്ച ഹുങ്കോടെ നാട്ടില്‍ പോകാനൊരുങ്ങി.

അങ്ങിനെ ജനുവരി 22 ബുധന്‍ ഞങ്ങള്‍ എയര്‍ പോര്‍ട്ടിലെത്തി.  എമിറേറ്റ്സ് എയർ  മൂന്ന് മണിക്കൂർ  വൈകിയാണ് പറക്കുകയെന്ന  അറിയിപ്പ് കിട്ടി.  ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എമിറേറ്റ്സ് ഫ്ലൈറ്റ് മിസ്സാവില്ല എന്ന് അധികൃതർ തന്ന  ഉറപ്പിൽ സൂറാബിയുമൊത്തു എയർപോർട്ടിൽ നേരം പോക്കി. ഓളെ അഞ്ചാറു ഏട്ടത്തിമാരുടെ പത്തു പതിനഞ്ചു പെങ്കുട്ട്യാളെ ഓർത്തു ഞാന്‍ നെടുവീര്‍പ്പിട്ടു.   പതിനഞ്ചു പേരെയും ഒരു സമൂഹ വിവാഹം നടത്തിയിരുന്നെങ്കിൽ ഒറ്റ നാട്ടില്‍ പോക്കിൽ  ഒതുക്കാമായിരുന്നു ഈ ഹലാക്ക്‌.  ‍ രാത്രി 8.30 നു പകരം ഫ്ലൈറ്റ് 12 മണിയോടെ പറന്നു ദുബായില്‍ മൂന്നരക്കിറങ്ങി. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് ചൊല്ല് പോലെ 3.40 നുള്ള എമിറേറ്റ്സ് കണക്ക്ഷന്‍ ഫ്ലൈറ്റ് സൂറാബിനെ    കാത്തു നില്‍ക്കാതെ കൃത്യ സമയത്ത് പറന്നുയര്‍ന്നു.  ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും ഫ്ലൈറ്റ് മിസ്സ്‌ ആയി.   

പടച്ചോനെ, എന്താ ചെയ്യുക, എയർപോർട്ടിൽ നല്ല ഒച്ചയും ബഹളവും,  എമിറേറ്റ്സിന്റെ മിക്ക ഫ്ലൈറ്റുകളും അന്ന് വൈകി പറക്കുക്കയാണ്, കൗണ്ടർ  സ്റ്റാഫ്‌ ഒരു മയവുമില്ലാതെ കിട്ടിയ ഫ്ലൈറ്റിനു മിസ്സായവര്‍ക്ക് പുതിയ ബോര്‍ഡിംഗ് കൊടുക്കുന്നു. ഞാനും ലൈനിൽ നിന്നു.  ഒരു മണിക്കൂറിനു ശേഷം എന്റെ ഊഴം  വന്നു, "സാർ, ഇപ്പോൾ ശരിയാക്കി തരാം."  ജീവിതത്തില്‍ ആദ്യമായി സൂറാബി കാരണം ഒരാളെന്നെ സാറെന്നു വിളിക്കുന്നു.  സാർ വിളിച്ചു എനിക്ക് കിട്ടിയ ബോര്‍ഡിംഗ് കണ്ടു ഞാന്‍ ഞെട്ടി. രണ്ടു ദിവസം കഴിഞ്ഞു ശനിയാഴ്ച രാത്രി കോഴിക്കോടെത്താം.  ഹോട്ടലുകളെല്ലാം  ഫുൾ  എന്ന് പറഞ്ഞു ആര്‍ക്കും  ഹോട്ടൽ  അക്കമൊടെഷൻ കൊടുക്കുന്നില്ല. എന്റെ പ്രശനം ഹോട്ടലായിരുന്നില്ല. ‍ അന്ന് തന്നെ പോവണം,  കല്ല്യാണം ശനിയാഴ്ചയാണ്.  ഞാൻ ‍ വീണ്ടും ലൈനിൽ  നിന്നു കൌണ്ടറില്‍ എത്തി, നോ രക്ഷ, ‍ സ്റ്റാഫ്‌ യാതൊരു മയവും കാണിക്കുന്നില്ല, മറ്റുള്ളവരെ പോലെ ഞാനും അല്‍പ്പം കയര്‍ത്തു നോക്കി. അവര്‍ പോലീസിനെ വിളിക്കുമെന്നു പറഞ്ഞു. പൊലീസെന്നു കേട്ടപ്പോൾ പത്തി മടക്കി, പതുക്കെ ഞാന്‍  ഉൾ വലിഞ്ഞു.  സൂറാബിയും കുട്ടികളും കിട്ടിയ കസേരയിൽ നല്ല കൂര്‍ക്കം വലിയാണ്. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ തലങ്ങും വിലങ്ങും എനിക്ക് പരിചയമുള്ളതും അല്ലാത്തതുമായ ഫ്രണ്ട്സിനെ മുഴുവൻ  ഫോണ്‍ ചെയ്തു വിളിച്ചുണർത്തി.  എമിറേറ്റ്സ്സിന്റെ മട്ടും  ഭാവവും മാറിയപ്പോള്‍ എയർ-ഇന്ത്യയെ  ആദ്യമായി ഒരിന്ത്യക്കാരൻ സ്തുതിച്ചു.

സൂറാബി കോട്ടുവായ ബാക്കിയാക്കി ഉറക്കമുണര്‍ന്നു. ഞാൻ  പതുക്കെ കാര്യം ഓളെ ചെവിയിൽ മന്ത്രിച്ചു. ശനിയാഴ്ചയെ  നാട്ടിലെത്തൂ എന്ന് കേട്ടതോടെ, സൂറാബിയിലെ റിമ്മി ടോമ്മി പുനർ ജനിച്ചു. എന്റെ കൈയ്യിൽ നിന്നും ശനിയാഴ്ച്ചക്കുള്ള ബോര്‍ഡിംഗ് കാര്‍ഡ് വലിച്ചെടുത്തു കൗണ്ടർ മാനേജറുടെ ‍  അടുത്തേക്കൊരു ഓട്ടം. ഹിന്ദിയും ഇംഗ്ലീഷും,  മദ്രസ്സയിൽ നിന്നും പഠിച്ചെടുത്ത അറബി-മലയാളവും കലര്‍ത്തി സൂറാബി നാല് ഡയലോഗ്.  പോലീസിനെ വിളിക്കുമെന്നു പറഞ്ഞു പേടിപ്പിച്ച മാനേജറുടെ മുമ്പിൽ സൂറാബിയുടെ പെര്‍ഫോര്‍മന്‍സ് കണ്ടു എന്റെ ശ്വാസം ഒരു നിമിഷം നിലച്ചു. സീറ്റില്ലാന്നു പറഞ്ഞു  എന്നോട്  തട്ടി കയറിയ  മാനേജർ ‍ അര മണിക്കൂര്‍ വെയിറ്റ് ചെയ്യാൻ പറഞ്ഞു ഞങ്ങളുടെ ടിക്കറ്റും ബോഡിംഗ് പാസുമായി പോയി. അരമണിക്കൂറിനകം അയാള്‍ പുതിയ ബോര്‍ഡിംഗ് കാര്‍ഡ്‌മായി തിരിച്ചു വന്നു. അന്ന് വ്യാഴം രാത്രിക്കുള്ള എമിറേറ്റ്സ്സിന്റെ ഫ്ലൈറ്റിൽ കോഴിക്കോടെത്താം, കൂടാതെ ഹോട്ടല്‍ അക്കമൊടെഷനും ശരിയാക്കിയിരിക്കുന്നു.  അന്ന് വരെ സൂറാബിന്റെ തുള്ളലിനെ പിരാകിയിരുന്ന  ഞാന്‍ ആദ്യമായി ആ തുള്ളലിനെ സ്തുതിച്ചു കൊണ്ട് സൂറാബിന്റെ അറബി- മലയാളത്തിനു 'കീഴൊതുങ്ങിയ' ചമ്മലോടെ ഹോട്ടലിലേക്ക് പോയി.

അങ്ങിനെ ഞങ്ങൾ വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തി.   അന്ന് വൈകുന്നേരം തന്നെ മൈലാഞ്ചി കല്ല്യാണത്തിനു പോകാനുള്ളത് കൊണ്ട് സൂറാബി മേക്കപ്പ് റൂമിൽ കയറി.   വൈകുന്നേരം ആറുമണിയോടെ ഞങ്ങള്‍ പട്ടിക്കാടുള്ള സൂറാബിന്റെ വീട്ടിലെത്തി.  അവിടെയുള്ളവരെല്ലാം ബ്യൂട്ടി  പാർലറിൽ ക്യൂ നില്‍ക്കുകയാണെന്നറിഞ്ഞപ്പോൾ    സൂറാബിക്കും കമ്പം ഒന്ന് മിനിക്ക് കൂട്ടാൻ.  നാച്ചുറൽ ബ്യൂട്ടികള്‍ക്ക് എന്തിനാ ബ്യൂട്ടി പാര്‍ലര്‍ എന്നും പറഞ്ഞു ഞാന്‍ ഓളെ ഏട്ടത്തിയുടെ കല്ല്യാണ  വീട്ടിലേക്കു വണ്ടി വിട്ടു. എന്റമ്മോ, അവിടെ എത്തിയപ്പോള്‍ അല്ലേ പൂരം, സൂറാബി ഒരു സ്റ്റാര്‍ ആയി മാറി, ടിക്കറ്റ് ശരിയാക്കിയ അവളുടെ വീമ്പു കേട്ടു എന്റെ കൂമ്പ് വാടി. പുളിച്ചു തരത്തിനു കൈയ്യും  കാലും വെച്ച് പാട്ടും ഡാൻസുമായി മൈലാഞ്ചി കല്ല്യാണം പൊടി പൊടിച്ചു.

കല്ല്യാണ ദിവസം നേരം വെളുത്തു.  നബീസ താത്തയൊഴികെ  ബാക്കിയെല്ലാ പെണ്ണുങ്ങളും തൊഴിലുറപ്പ്  പണിക്കാരെ മാതിരി  'ജൂർ  ടീമിന്റെ' വകയായുള്ള ചുവന്ന യൂണിഫോമിട്ടു  നല്ല ഒരുക്കത്തിലാണ്. നാട്ടിലെത്തിയാൽ എന്റെ ഇഷ്ടപെട്ട തുണിയും   കുപ്പായവുമിട്ടു  ഞാൻ  റെഡിയായിരുന്നപ്പോൾ സൂറാബി ഒരു പൊതി  എന്റെ മുമ്പില് നീട്ടി.    പതുക്കെ ഞാൻ പൊതി  തുറന്നു നോക്കി. പടച്ചോനെ, കഥാ പ്രസംഗക്കാരെ മാതിരി ഒരു നീളൻ ജുബ്ബ കണ്ടു ഞാൻ ഞെട്ടി, ദയനീയമായി സൂറാബിനെ നോക്കി.   " ആണുങ്ങൾക്കുള്ള  യൂണിഫോമാ.  എന്റെ  ആങ്ങള ഒക്കെ ഇതെന്നെ ഇട്ടത്.  ഇതൊക്കെ മനുഷ്യന്മാരെ ഡ്രസ്സ്‌ തന്നെ.  ഇങ്ങള് നാടൻ കാക്കാരെ മാതിരി   തുണി ഉടുത്തു കല്ല്യാണത്തിനു പോരണ്ടാ." സൂറാബി കുശു കുശുത്തു . 

അല്ലെങ്കിൽ തന്നെ 'നിതാഖാത്ത്' കാരണം ഗൾഫുകാർക്ക് മാർക്കറ്റില്ലാത്ത  കാലം. സൂറാബിനോട് 'തർക്കിച്ചോമിയ' അധികമെടുക്കാതെ,    വാരഫലം  മൊത്തത്തിൽ  പോക്കാന്നു മനസ്സിലാക്കി ജീവിതത്തിലെ  ആദ്യത്തെ ജുബ്ബയിടൽ  കർമ്മം   അന്ന് നടത്തി. പെണ്ണ് ഓഡിറ്റോറിയത്തിലെത്തീട്ടും  സൂറാബിന്റെയും കൂട്ടരെയും   മൈക്കപ്പ്‌ തീരുന്ന  മട്ടില്ല.   അവസാനം കുറെ  മൈക്കപ്പ്‌ സാധനങ്ങൾ വണ്ടിയിൽ വാരിയിട്ടു സൂറാബിയും ഓളെ അഞ്ചാറ് ഏട്ടത്തിമാരും  ഓലെ കുട്ട്യാളും  ചുവന്ന യൂണിഫോമിട്ടു ചെങ്കടലാക്കി മാറ്റിയ   ഓഡിറ്റോറിയത്തിലെത്തി.


സൂറാബിയും  ഓളെ ഒരേയൊരു നാത്തൂനും മൈക്കപ്പിടലും പോട്ടമെടുക്കലുമായി  അങ്ങോട്ടും ഇങ്ങോട്ടും  മത്സരിച്ചു.  ഓലെ രണ്ടാളുമില്ലാത്ത   ഒരു പോട്ടം കിട്ടാൻ വേണ്ടി   ഫോട്ടോഗ്രാഫർ വല്ലാതെ മെനക്കെടുന്നത് കണ്ടപ്പൊ ഞാൻ രണ്ടാളെയും രണ്ടറ്റത്തു നിർത്തി  ഒഴിവാക്കിയാൽ മതിയെന്നു   അയാളുടെ ചെവിയിൽ  മന്ത്രിച്ചു.  കാണുന്നോർക്കൊക്കെ ചോദിക്കാനുള്ളത്  എയർപോർട്ടിൽ  സൂറാബി സ്റ്റാർ ആയ കാര്യം മാത്രം. ഞാൻ സൈക്കിളിൽ നിന്നും വീണ ചിരിയുമായി ഒരുഭാഗത്ത്‌ ഒതുങ്ങിയിരുന്നു. അതുവരെ  എന്റെ കൂടെയുണ്ടായിരുന്ന   മക്കളും, തലേന്ന് അവർക്ക് കിട്ടിയ  ഫ്രണ്ട്സിന്റെയൊപ്പം   പോയി.


അങ്ങിനെ കല്ല്യാണം ഭംഗിയായി കഴിഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോൾ കല്ല്യാണ ആൽബം കിട്ടി. സൂറാബിനെയും നാത്തൂനെയും  കടത്തി വെട്ടി മിക്ക ഫോട്ടോയിലും പുതിയൊരു അവതാരം, 'തങ്ങള് കുട്ടി'.  കല്ല്യാണ തലേന്നും അന്നും  സൂറാബിനെയും നാത്തൂനെയും തോൽ പ്പി ച്ചു സ്റ്റാർ ആയ തങ്ങളു കുട്ടി ആരാന്നറിയാനായി പിന്നെ പരക്കം  പാച്ചിൽ.  പട്ടിക്കാട്ടുകാർ കരുതി പെണ്ണിന്റെ  ബാപ്പാന്റെ വകുപ്പാണെന്ന്, ബാപ്പാന്റെ കൂട്ടക്കാർ കരുതി ഉമ്മാന്റെ ബാക്കിക്കാരാകും. അങ്ങെനെ  രണ്ടു കൂട്ടരും തങ്ങള് കുട്ടിയെ വേണ്ടതിലധികം പരിഗണിച്ചൂന്നു ആൽബം കിട്ടിയപ്പോൾ രണ്ടു കൂട്ടർക്കും  മനസ്സില്ലായി.


അവസാനം  തങ്ങൾ കുട്ടി ആരാന്നറിയാൻ വേണ്ടി എന്റെ ഏഴു  വയസ്സുള്ള മകനെ പിടിച്ചു 'കല്ല്യാണ ജൂർ ടീം ' ചോദ്യം ചെയ്തു. " അയിനു തങ്ങള് കുട്ടിനോട് ആരും   കല്ല്യാണമൊന്നും  പറഞ്ഞിട്ടില്ല, ഇവിടെത്തെ ഒച്ചയും വിളിയും കേട്ട് വന്നു നോക്കിയതാ. "ഓനോട്‌ ഡാൻസ് കളിക്കാനൊക്കെ ഞങ്ങൾ പറഞ്ഞതാ." 

എല്ലാരും നല്ല അഭിനയം, പിന്നെ  തങ്ങള് കുട്ടിയും വിട്ടു  കൊടുത്തില്ല. കൂട്ടത്തിൽ  കൂടി തകർത്തു അഭിനയിച്ചു.  സൂറാബിക്ക്  മാത്രമല്ല, വേണ്ടി വന്നാൽ തങ്ങള് കുട്ടിക്കും സ്റ്റാർ ആകാമെന്നു പട്ടിക്കാട്ടുകാർക്കു മനസില്ലാക്കി  കൊടുത്ത തങ്ങള് കുട്ടിയെ ഞാൻ മനസ്സിൽ സ്തുതിച്ചു.

പക്ഷെ  ഇതു കൊണ്ടൊന്നും സൂറാബി അടങ്ങൂല. ഓളെ ഗിഫ്റ്റും പിരാന്തിനു കായിക്കു വല്ലാതെ  മെനക്കേടില്ലാത്തത് വല്ലതും കിട്ടോന്നു തപ്പട്ടെ.