Saturday, January 15, 2011

ഇന്നലെകളുടെ ഇരകള്‍




തണുത്തുറഞ്ഞ രാത്രിയില്‍ തിരുവനന്തപുരത്തെ റെയില്‍‍വെ പ്ലാറ്റുഫോമില്‍  നേരത്തെ എത്തിയതിനു സ്വയം ശപിച്ചു കൊണ്ട്  അവനീഷ്    ഒഴിഞ്ഞ കോണില്‍ അവളെ കാത്തിരുന്നു. പ്രൊഫഷണല്‍ പരീക്ഷക്കുള്ള കോച്ചിംഗ് ക്ലാസ്സിന് വന്ന അവനീഷ്, ക്ലാസ്സുകളെക്കാള്‍ ഇഷ്ട്ടപെട്ടത്‌    വിഷാദത്തിന്റെ  മുഖപ്രസാദവുമായി   കടന്നു വരുന്ന ശരണ്യയെയായിരുന്നു. ചുവന്ന റോസാ പൂക്കളുടെ ഇഷ്ട്ട തോഴിയായ അവള്‍ തന്‍റെ ഹൃദയത്തില്‍ സുഗന്ധം പരത്തുന്നത് അവന്‍   തിരിച്ചറിഞ്ഞു. മനസ്സിന്റെ  കോണില്‍  ഒളിഞ്ഞു കിടക്കുന്ന സ്നേഹം അവളോട്‌ തുറന്നു പറഞ്ഞപ്പോഴും മന്ദസ്മിതം തൂകിയ  ചെറു പുഞ്ചിരിയായിരുന്നു മറുപടി. ശരണ്യ അങ്ങെനെയായിരുന്നു, ആരോടും അടുപ്പമോ അകല്‍ച്ചയോ ഇല്ലാതെ ചുവന്ന റോസാ പൂക്കളുമായി സല്ലപിക്കാന്‍ സമയം കണ്ടെത്തുന്നവള്‍.   ശരണ്യക്ക്  ഷൊര്‍ണ്ണൂരിലേക്കും തനിക്കു  പട്ടാമ്പിയിലേക്കുമുളള      ടിക്കറ്റെടുത്ത്  അവനീഷ്  അവള്‍ക്കിഷ്ട്ടപെട്ട  ചുവന്ന റോസാ പൂക്കളുമായി അവളെ കാത്തിരുന്നു.           ഡിസംബറിന്റെ  കൂടെ  വിട പറയാന്‍ കൂട്ടാക്കാത്ത തണുപ്പിലും, ഉത്സാഹത്തോടെ അവന്റെ  കണ്ണുകള്‍  ശരണ്യയെ പരതി.  ഒരു പക്ഷെ ഇന്നവള്‍   ഒരു മറുപടി തരാതിരിക്കില്ല, അവനീഷ് സമാധാനിച്ചു. വൈകി ഓടുക എന്ന പതിവ് മലബാര്‍ എക്സ്പ്പ്രസ്സ് ഇത്തവണയും തെറ്റിക്കാത്തതില്‍ അവന്‍   സന്തോഷിച്ചു.

അവനീഷിന്റെ കാത്തിരിപ്പിനൊടുവില്‍ ട്രെയിന്‍ പ്ലാറ്റുഫോമില്‍ എത്തിയപ്പോഴേയ്ക്കും  പതിവ് വിഷാദങ്ങള്‍ക്ക് പകരമായി സന്തോഷത്തിന്റെ ചിരി വര്‍ണ്ണങ്ങളുമായി  ശരണ്യ ഓടിയെത്തി.  അവളുടെ കണ്‍ കടാക്ഷത്തിലെ പുഞ്ചിരിയില്‍ അവന്റെ   കാത്തിരിപ്പിന്റെ വേദന സുഖമുള്ള നോവായി മാറി. അല്‍പ്പം തിരക്കുണ്ടെങ്കിലും അവനീഷിനു   അഭിമുഖമായി തന്നെ അവള്‍ക്കും സീറ്റ് കിട്ടി.  പതിവ് വിട്ടു, വാതോരാതെയുള്ള അവളുടെ സംസാരങ്ങള്‍ക്ക് മുമ്പില്‍ അവനൊരു   കേള്‍വിക്കാരനായി മാറി. 

അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകളായി  കുറച്ചു ചെറുപ്പക്കാര്‍  കമ്പാര്‍ട്ടുമെന്റില്‍ വന്നു.   ട്രെയിനിന്റെ ചൂളം വിളിക്കൊപ്പം ചെറുപ്പക്കാരുടെ  അശ്ലീല ചുവയുള്ള  ഉറക്കാത്ത വാക്കുകളും, മദ്യത്തിന്റെ ദുര്‍ഗന്ധവും അവനീഷിനെക്കാള്‍ അവളെ അലസോരപ്പെടുത്തി.  കന്യകാത്വം ദഹിപ്പിക്കാന്‍ പോന്ന അവരുടെ നോട്ടങ്ങള്‍ക്കും ചിരികള്‍ക്കുമിടയില്‍  ‍ നിസ്സഹയായ ശരണ്യയ്ക്ക്  മുമ്പില്‍ ‍ ചിറകറ്റ പക്ഷിയായി അവന്‍   മാറി. ട്രെയിന്‍  പുറം കാഴ്ചകളെ ഓടി ഓടി പിന്നിലാക്കുംതോറും യുവാക്കളുടെ ആവേശം കൊടിമരം കയറാന്‍ തുടങ്ങിയപ്പോള്‍  അവനീഷിന്റെ  മുഷിഞ്ഞ ബാഗുമെടുത്തു അവള്‍ മുമ്പില്‍ ‍നടന്നു,  പറഞ്ഞു,

"അവനീഷേട്ടാ  വരൂ, നമുക്ക് അപ്പുറത്തെ കമ്പാര്‍ട്ടുമെന്റില്‍ ഇരിക്കാം."

 ഒന്നു അന്ധാളിച്ചെങ്കിലും അവളുടെ പിന്നാലെ അടുത്ത കമ്പാര്‍ട്ടുമെന്റില്‍ ഒഴിഞ്ഞ സീറ്റ്കള്‍ക്ക് വേണ്ടി അവനീഷ്   പരതി. തണുപ്പ് കാരണം ജാലകത്തിനടുത്തു  അനാഥമായി   കിടന്നിരുന്ന സീറ്റ് അവള്‍ കൈക്കലാക്കി. അടുത്തിരിക്കുന്ന അമ്മച്ചിയും അപ്പച്ചനും കുട്ടികളെ ഒന്നു അഡ്ജസ്റ്റ് ചെയ്തു അവനു കൂടി  സീറ്റ് ശരിയാക്കി.

"അവനീഷെട്ടന്‍, അതെനിക്കിഷ്ട്ടായിട്ടോ"

"അതൊരു നമ്പരാ,   ചിലപ്പോള്‍ രാത്രിയില്‍  യാത്ര ചെയ്യണമെങ്കില്‍ ഇതൊക്കെ വേണ്ടിവരും, അവനീഷ്," അവളുടെ കിളി മൊഴികള്‍.


ഓരോരോ കാര്യങ്ങള്‍ പറഞ്ഞു ചിരിച്ചും ചിന്തിപ്പിച്ചും  അവനീഷിന്റെ കണ്‍പോളകള്‍ക്ക്   വിശ്രമം നല്‍കാതെ ഉറക്കത്തെ അവള്‍ കവര്‍ന്നെടുത്തു.

 
 ഷൊര്‍ണ്ണൂര്‍ എത്തിയപ്പോള്‍ അവളെ യാത്രയാക്കാന്‍ വേണ്ടി അവനും  പുറത്തിറങ്ങി.  ട്രെയിന്‍ വീണ്ടും  ചൂളം വിളി തുടങ്ങിയപ്പോള്‍ അവളൊരു എഴുത്ത്   നിറ കണ്ണുകളോടെ  കൊടുത്തു.

"അവനീഷ്, നീ ചോദിച്ചതിനുള്ള മറുപടിയെല്ലാം ഇതിലുണ്ട് സാവധാനത്തില്‍ വായിക്കുക."

അവനീഷ് കരുതിവെച്ച ചുവന്ന റോസാപൂക്കള്‍ അവള്‍ക്കു  സമ്മാനിച്ചു,  ട്രെയിനില്‍ ഓടി കയറി,  പ്രതീക്ഷയോടെ വിറയാര്‍ന്ന കൈകളോടെ  ആറ്റുനോറ്റിരുന്ന  ആ എഴുത്ത്  വായിക്കാന്‍ തുടങ്ങി.

***********
അവനീഷിന്,

എന്നെന്നേക്കുമായി യാത്രാ മൊഴി ചൊല്ലുന്നതിനു മുമ്പായി അവനീഷിനു  എഴുതണമെന്നു   തോന്നി. ഞാന്‍ കണ്ടുമുട്ടിയവരില്‍ ഭൂരിഭാഗവും കാപട്യത്തിന്റെ മുഖം മൂടിയുടെ ആവരണത്തില്‍ പൊതിഞ്ഞ തിരിച്ചറിയാനാവാത്ത സുന്ദര മുഖങ്ങളായിരുന്നു.  അവനീഷ്    മുമ്പ് ചോദിച്ചുവല്ലോ, ജീവിതത്തില്‍ എന്നും നിന്റെ  സഖിയാകുവാന്‍ പറ്റുമോ എന്ന്. നിന്റെ  ചോദ്യത്തിന്റെ ഉത്തരം കടമായി ബാക്കിവെക്കാതെ ഇവിടെ കുറിച്ചുകൊണ്ട്  ഞാന്‍ യാത്രാമൊഴി ചൊല്ലുകയാണ്.

അമ്മയുടെ പ്രസവ വേദനകള്‍ക്ക് വിരാമമിട്ടു കൊണ്ട്   പിറന്നു വീണ ദിനം ഞാന്‍ ‍കണ്ടിട്ടില്ലാത്ത മുത്തച്ഛനും, മുത്തശ്ശിയും അപകട മരണം ഏറ്റു വാങ്ങി, എനിക്ക്  ചൊവ്വാദോഷമുള്ളവള്‍ എന്ന പേര് സമ്മാനിച്ചു.  പിന്നീട് നടക്കുന്ന ഓരോ വേണ്ടാദീനങ്ങളും എന്റെ പേരില്‍ കുറിക്കപെട്ടതോടെ ചൊവ്വാദോഷക്കാരി  എന്ന വിശേഷണം എന്നെക്കാള്‍ വളര്‍ന്നു  വലുതാവുകയായിരുന്നു.  ജീവിതത്തിന്റെ ഉയര്‍ച്ചകള്‍ തേടി   ബോംബയില്‍ ഇടയ്ക്കിടെ പോവുമായിരുന്ന അച്ഛന്‍, അമ്മയ്ക്ക് കൂടി മാറാരോഗം സമ്മാനിച്ചുകൊണ്ട്, എന്റെ ചൊവ്വാദോഷ ഡയറിയുടെ താളുകള്‍ എണ്ണം കൂട്ടി,  യാത്രയായി. പരിഹാസ്യങ്ങള്‍ക്കും, കുറ്റപെടുത്തലുകള്‍ക്കും മുമ്പില്‍  പിടിച്ചു നില്‍ക്കാനാവാതെ  അമ്മയും ഒരുനാള്‍ ഉറക്കമുണര്‍ന്നില്ല.     പിന്നീട് എനിക്ക്നേരെ നീണ്ട സഹായ  ഹസ്തങ്ങള്‍  പലതും  ശരീരത്തെയാണ് പ്രണയിക്കുന്നതെന്ന് ഞാന്‍ വേദനയോടെ മനസ്സിലാക്കി.

ചൊവ്വാദോഷത്തിന്റെ തണലില്‍ തീര്‍ത്തും ഒറ്റപെട്ടു ഇന്റര്‍നെറ്റില്‍ സമയം പോക്കിയ എനിക്ക് ആശ്വാസ വചനവുമായി   അതിര്‍ത്തികള്‍ക്കപ്പുറത്ത്  നിന്നൊരാള്‍  എത്തി.  ഹഫീസ്, പാക്കിസ്ഥാനിലെ 'വസുരിസ്ഥാനില്‍'   നിന്നും ഇന്ത്യയെ സ്നേഹിച്ചു, ഇന്ത്യയെ  മനസ്സിലാക്കി ഹഫീസ്. എന്‍റെ ചൊവ്വാദോഷ കഥകള്‍  അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും,  എന്നെക്കാള്‍ കൂടുതലായി ഇന്ത്യയെ കണ്ടെത്തിയ അവന്‍ അതെല്ലാം ചിരിച്ചു തള്ളി.    വാഗാ അതിര്‍വരമ്പുകള്‍ ഇടിച്ചു നിരത്തി ഇന്ത്യയും പാക്കിസ്ഥാനും ഒരൊറ്റ രാജ്യമായി തീരുന്നത് സ്വപ്നം കണ്ടിരുന്ന ഹഫീസ്,  അടുത്ത വേള്‍ഡ് കപ്പ്‌ ക്രിക്കറ്റ് സമയത്ത് ഇന്ത്യയിലെത്തുമെന്നും, അതുവരെ അവനു വേണ്ടി കാത്തിരിക്കണമെന്നും എഴുതി. ഇവിടെയെത്തിയാല്‍ പിന്നീടെന്തു, അതൊന്നും എനിക്കോ അവനോ അറിയാവുന്ന നിയമങ്ങള്‍ ആയിരുന്നില്ല.  ഒരുമിച്ചു ജീവിക്കാനായില്ലെങ്കില്‍ ഒരുമിച്ചു മരിക്കുക, എന്ന തീരുമാനത്തിലായിരുന്നു ഹഫീസ്.  കഴിഞ്ഞ ഒരു മാസമായി ഹഫീസുമായി ബന്ധം നഷ്ട്ടമായ എനിക്ക് രണ്ടു ദിവസം മുമ്പ് അവന്റെ സുഹൃത്തിന്റെ ഒരു മെസ്സേജ് കിട്ടി. പാക്കിസ്ഥാന്‍ അതിര്‍ത്തികളിലെ 'താലിബാനിസം' അമര്‍ച്ച ചെയ്യാനുള്ള അമേരിക്കന്‍ മിസൈയില്‍ വഴി തെറ്റി, ഹഫീസിന്റെ വീടിനു മുകളില്‍ പതിച്ചു.


ഒരുമിച്ചു മരിക്കാനുള്ള  ഞങ്ങളുടെ ആഗ്രഹം പോലും എന്‍റെ ചൊവ്വാദോഷം പട്ടടയില്‍ മുക്കി,  ഹഫീസ്, എന്നെ തനിച്ചാക്കി പറന്നു പോയി.  എനിക്കും  പോകുവാനുള്ള സമയമായി.

മനസ്സും ശരീരവും കളങ്കപ്പെടാതെ ഞാന്‍ പോവട്ടെ.  ഒരിറ്റു സ്നേഹത്തിനും സ്വാന്തനത്തിനും ദാഹിച്ച സമയമെല്ലാം കഴിഞ്ഞു.  എരിഞ്ഞടങ്ങിയ  സ്വപ്നകനലുകള്‍ നീറി പുകയാത്ത വിധം തണുത്തിരിക്കുന്നു.   ട്രെയിന്‍ യാത്രയാവുന്നതോടെ, തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ പട്ടികയിലേയ്ക്ക്, ശരണ്യയും   അവളുടെ ചൊവ്വാദോഷവും യാത്രയാവുകയാണ്.  മതത്തിന്റെയോ, ജാതിയുടെയോ, രാഷ്ട്രങ്ങളുടെയോ അതിരുകളില്ലാത്ത ലോകത്ത് ത്രിവര്‍ണ്ണ പതാകയുമായി ഒരാള്‍  എന്നെ കാത്തിരിക്കുന്നു എന്ന സായൂജ്യത്തോടെ ഞാന്‍ പോകുന്നു.

എന്ന് ശരണ്യ.
***********

നിലവിളിച്ചുകൊണ്ട്   അവനീഷ്   ഓടികൊണ്ടിരുന്ന ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തി, ചാടിയിറങ്ങി പിറകിലേക്ക് ഓടി. കാണാനാഗ്രഹിക്കാത്ത ഒരാള്‍ക്കൂട്ടം ട്രാക്കില്‍ കൂടി നില്‍ക്കുന്നു. ആള്‍ക്കൂട്ടത്തെ തിക്കി തിരക്കി അവനൊന്നു പാളി  നോക്കി. തിരിച്ചറിയാനാവാത്ത വിധം വികൃതമായ ശരണ്യയുടെ മൃതശരീരം. അവളുടെ അറ്റുപോയ കൈകളില്‍ രക്തത്തില്‍ പൊതിഞ്ഞു  താന്‍ സമ്മാനിച്ച ചുവന്ന റോസാപൂക്കള്‍.  ഒന്നേ നോക്കിയതൊള്ളൂ. ആര്‍ത്ത  നാദത്തോടെ ഓര്‍മകളില്ലാത്ത ലോകത്തേക്ക്  മറിഞ്ഞു വീണ അവനെ ആരൊക്കെയോ താങ്ങിയെടുത്തു.

50 comments:

  1. ശരണ്യയെയും അവനീഷിനെയും {അവനീഷ് നല്ല ചന്തമുള്ള പേര്.} പല തവണ കേട്ടിട്ടുണ്ടെങ്കിലും വായിക്കാന്‍ ഒരു സുഖം അനുഭവപ്പെട്ടു.
    പിന്നെ, ശരണ്യയുടെ കത്തിന് ഒരല്പം അതിശയോക്തിയില്ലേ എന്നൊരഭിപ്രായം ഉണ്ട്. ഈ ചൊവ്വാ ദോഷത്തെ സഹായിക്കാന്‍ അമേരിക്കയുടെ ബോംബും തയ്യാറാകുന്നുവെന്നത്‌. പുതിയ സഖ്യം രൂപപ്പെടുന്നതിന്‍റെ ലക്ഷണമാണ് എന്ന് തോന്നുന്നു. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം വൃഥാവിലാവില്ലാ എന്ന് അവര്‍ക്കും നമുക്കാശ്വസിക്കാം.

    ReplyDelete
  2. എന്റെ "ചതിക്കുഴി"ക്ക് അനോണി comment പോലെ ഒരു ലവ് ജിഹാദിന് വഴിയോരുക്കിയില്ല അല്ലെ? ഷാനവാസ് .....
    "ചൊവ്വാ ദോഷം " അതാണല്ലോ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ പിടിച്ചിരിക്കുന്ന രോഗം...
    എത്ര പെണ്‍കുട്ടികള്‍ വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ ഈ ദോഷം കാരണം ജീവിതം ഹോമിക്കപ്പെടുന്നുണ്ട്..

    എന്തായാലും വായിച്ചിരിക്കാന്‍ നല്ല സുഖം ...... നന്നായി അവതരിപ്പിച്ചു...
    അഭിനന്ദനങ്ങള്‍ .......

    ReplyDelete
  3. വളരെ ഹൃദയ സ്പര്‍ശിയായ കഥ..

    ReplyDelete
  4. നമൂസ് പറഞ്ഞ പോലെ കത്തിലെ അതിശയോക്തി മാറ്റിവെച്ചാലും കഥ നന്നായി ഇളയോടന്‍ ,
    അതിര്‍ത്തി കടന്നു വന്ന പ്രണയത്തിനും ഉണ്ട് ഭംഗി. ദുരന്തത്തെ സ്വയം വരിച്ചു മാഞ്ഞുപോയ ശരണ്യയും അതിന്റെ വേദന പേറുന്ന അവിനാഷും ഒരു നൊമ്പരമായി മനസ്സില്‍ ബാക്കിയാകുന്നു.
    ആശംസകള്‍

    ReplyDelete
  5. വായിക്കാന്‍ നല്ല രസമുള്ള കഥ
    ഒരു ചൊവ്വാ ദോഷക്കാരിയുടെ വിഷാദം, ഒരു കാമുകന്റെ കാത്തിരിപ്പ്,അതിര്‍വരമ്പ് കളില്ലാത്ത പ്രണയം
    ഇതിനൊക്കെ പുറമേ അല്പം നൊമ്പരങ്ങളും
    ആശംസകള്‍ ഇളയോടന്‍

    ReplyDelete
  6. കഥ നന്നായി, ഹാഫിസിനെപ്പോലോരാള്‍ പാകിസ്ഥാനിലുണ്ടോ എന്ന് മാത്രമാണെന്റെ സംശയം!

    ReplyDelete
  7. 'ചൊവ്വാദോഷം' ബലിയാടാക്കപ്പെടാന്‍ മറ്റൊരുമാര്‍ഗ്ഗം.
    തടസ്സം മാറാന്‍ മനുഷ്യക്കുരുതി നടത്തുന്നതുപോലുള്ള വിശ്വാസം. ഇതിന്റെയെല്ലാം പേരില്‍ ഹോമിക്കപ്പെടുന്നത് ശരണ്യയെ പോലുള്ള പാവം പെണ്‍കുട്ടികള്‍........

    നല്ല വായനാനുഭവം.
    എല്ലാ ആശംസകളും!

    ReplyDelete
  8. എളയോടാ ഇങ്ങള്‍ എളയോടന്‍ അല്ല മൂത്തോടന്‍ ആണ്‍ മലബാര്‍ ട്രെയിനിന്റെ നീളത്തില്‍ എന്നെ ചിന്തിപ്പിച് എന്റെ വീടിന്റെ അടുത്തുണ്ട് ഒരു ചൊവ്വ ദോഷക്കാരി 2 അനിയത്തി മാരെയും താലികെട്ടും മക്കളുടെ മിന്നുകെട്ടും കയിഞ്ഞിട്ടും ഒരു ജിവിതം ലഭിക്കാത്ത ചൊവ്വ ദോഷത്തിന്റെ ജീവിക്കുന്ന രക്ത സാക്ഷി ആധുനികം ഉത്തരാധുനികം എന്നൊക്കെ പറയുന്ന ഈ സമയത്തും ഇതൊക്കെ നിലനില്‍ക്കുന്നു എന്നുള്ളത് വേദനാജനകം തന്നെ
    എയുത്തും അപരമായി ലോവ്ജിഹാധും താലിബാനിസവും കള്ള കമുകരെയും യാത്രയിലെ നോളകളുടെ ശല്യത്ഹെയും ഓക്കേ പരാമര്‍ശിച്ചു നല്ല വര നല്ലവര നല്ല വര

    ReplyDelete
  9. വളരെ ഹൃദ്യമായ വിവരണം.പക്ഷെ ഹഫീസ് എന്ന ഒരു വ്യക്തിയുടെ കാര്യത്തില്‍ മാത്രം അല്പം അതിശയോക്തിയില്ലേ എന്നൊരു സംശയം..

    തുടര്‍ന്നും എഴുതുക..

    ReplyDelete
  10. ഇന്നലെകളുടെ ഇരകള്‍..... tittle super! wishes 4 u!



    പ്രൊഫഷണല്‍ പരീക്ഷ ethannu koodi vyakthamaakkamaayirunnu !
    pinne ചൊവ്വാദോഷമുള്ളവള്‍.... ee kaalaththu athonnu illa maashe! ee katha nadakkunnathu eppozha?

    ReplyDelete
  11. കൊള്ളാം നല്ല എഴുത്ത്, ജീര്‍ണിച്ച വിശ്വാസങ്ങക്ക് മേല്‍ ഒരു തിരുത്തെഴുത്ത്

    ReplyDelete
  12. ശാസ്ത്രം മുന്നോട്ടും വിശ്വാസം പീറകിലോട്ടും ഓടുന്ന കാലമാണിത്.
    ഹഫീസുമാരും ശരണ്യകളും ഇക്കാലത്ത് ഉണ്ടാകുന്നതിന്ന് ഓമനപ്പേരുകള്‍ കല്‍പ്പിക്കുന്ന കാലം..

    കഥ നന്നായി, ഇഷ്ടപ്പെട്ടു.

    ReplyDelete
  13. നല്ല കഥ....... നല്ല ഭാഷ... കഥാലോകത്ത് താങ്കൾക്ക് വളരെ നല്ലൊരു ഭാവി ആശംസിക്കുന്നു. ഇനിയും എഴുത്ത് തുടരുക.... ഭാവുകങ്ങളോടെ............

    ReplyDelete
  14. കഥ നന്നായിരിക്കുന്നു... ആദ്യമായാണ്‌ ഇവിടെ, ഇനിയും വരാം...

    ReplyDelete
  15. വളരെ നന്നായി വായിച്ചു ഇളയോടന്‍സഖാവേ...ഇന്നത്തെ കാലത്ത് അല്പം പണം വാരി എറിഞ്ഞാല്‍ ചൊവ്വാ ദോഷത്തെ കയ്യിലടപ്പിച്ചു തരുന്ന ജ്യോത്സന്മാര്‍ ഉണ്ട കേട്ടാ...വിശ്വാസം അതല്ലേ എല്ലാം..."രാവിലെ കാറെടുത്ത് പോകുമ്പോള്‍ ഒരു പൂച്ച റോഡില്‍ ചത്ത്‌ കിടക്കുന്നത് കണ്ടു..ആ പൂച്ചയ്ക്ക് ഏത് പൂച്ചയെയാണോ കനികണ്ടത് ,എന്ന് ആലോചിചു പോയി"എന്നത് പോലെയാണ് എല്ലാം ..

    ReplyDelete
  16. സഖാവെ നല്ലകഥ. അല്പം കൂടി എഡിറ്റിംഗ് ശ്രദ്ധിക്കണ്ടേ! ഒന്ന് കൂടി അടുക്കി ക്രമീകരിച്ച്! നല്ല പ്രമേയം. കൊച്ചു വായനക്ക് നല്ലതുതന്നെ. ചിത്രം അതി മനോഹരം.

    ReplyDelete
  17. അതിരുകളില്ലാത്ത പ്രണയം...കൊളളാം....പറഞ്ഞ രീതിയും....

    ReplyDelete
  18. കഥ നന്നായി വെത്യസ്തത തോന്നി
    വായിച്ചു മടുത്തു ഞാന്‍
    അല്‍പം ആറ്റി കുറുക്കി പറയാമായിരുന്നു

    ReplyDelete
  19. നല്ല കഥ.ഹൃദ്യമായ വിവരണം.ശരണ്യയും,അവിനാഷും ഒരു നൊമ്പരമായി മനസില്‍ നിറയുന്നു

    ReplyDelete
  20. ഇത് ഒന്ന് വായിച്ചു ഒന്ന് കൂടി വായിക്കണം നാളെ. എന്നിട്ടേ കമന്റിടാന്‍ പറ്റൂ. ശരിക്ക് വായിക്കാതെ കമന്റിടാന്‍ എനിക്ക് ഇനി തീരെ ചാന്‍സ് ഇല്ലല്ലോ.

    ReplyDelete
  21. ഹൃദയ സ്പര്‍ശിയായ കഥ...

    ReplyDelete
  22. കഥാഗതി മനോഹരമായി മുന്നേറുന്നുണ്ട്. ചോവ്വാദോഷത്തെ രാജ്യം കടത്തണ്ടായിരുന്നു. എല്ലാവിധ ആശംസകളും.

    ReplyDelete
  23. oh ma goooood...... u r superb.....hatts off 2 u...................superb title...........overol a nice touching story........expecting more frm u................

    ReplyDelete
  24. നന്നായി കഥ.ശരിക്കും മനസ്സിൽ തട്ടി.

    ReplyDelete
  25. നേരെ ചൊവ്വേ കല്യാണം കഴിക്കണമെങ്കില്‍ ചൊവ്വാദോഷം. മറു കണ്ടം ചാടിയാലോ, മതങ്ങളുടെയും രാജ്യങ്ങളുടെയും വേലിക്കെട്ടുകള്‍. എന്ത് ചെയ്യാം. നല്ല കഥ.

    ReplyDelete
  26. ഇത് ബഹുവിധ മാനങ്ങളുള്ള ഒരു കഥയാണ്.
    മനുഷ്യന്‍ വരച്ചു വെച്ച അതിര്‍ത്തികള്‍ വ്യാജമാണെന്നും, അത് ആരുടെയൊക്കെയോ താത്പര്യപൂരണത്തിന് വേണ്ടി പാവം ജനതയുടെ പട്ടടക്കുമേല്‍ മാത്രം പടുത്തതാണെന്നും വിവരമുള്ളവര്‍ എന്നും പറഞ്ഞിട്ടുണ്ട്.
    മനോഹരമായ ഒരു പ്രണയകഥയിലൂടെ ഇതെഴുതിയയാലള്‍ അത് വീണ്ടും പറഞ്ഞിരിക്കുന്നു. പിന്നെ അധിനിവേശത്തിന്റെ നിഷ്ടൂരമുഖം അത് വേറെയുമുണ്ട്. ചുരുക്കത്തില്‍ എന്റെ പേജില്‍ ഞാന്‍ A roy യുടെതായി കൊടുത്ത ആ വാക്കുകള്‍ ഇവിടെ ആവര്‍ത്തിക്കാന്‍ തോന്നുകയാണ്:
    "Nationalism of one kind or another was the cause of most of the genocide of the twentieth century. Flags are bits of colored cloth that governments use first to shrink-wrap people's brains and then as ceremonial shrouds to bury the dead."

    ReplyDelete
  27. oru kunju kathayil samoohathile orupaadu kaaryangal paranju.... touching story... aashamsakal...

    ReplyDelete
  28. സങ്കടായി..
    ഇങ്ങിനെ എത്ര എത്ര മിസ്സൈലുകള്‍ എത്ര എത്ര സ്വപ്നങ്ങളുടെ കടയ്ക്കല്‍ കത്തി വെക്കുന്നു..

    ReplyDelete
  29. ഷാനവാസ് ,, ചൊവ്വാദ്ദോഷമുള്ള കഥാപാത്രങ്ങളെ കണ്ട് പഴകിയതാണെങ്കിലും ശരണ്യയുടെ കത്തിലൂടെ ഒരു വിത്യസ്ഥത കൊണ്ട് വരാന്‍ കഴിഞ്ഞു ... അതുകൊണ്ട് തന്നെ കഥ നന്നായി .

    നല്ല വായനാ സുഖം ....( വായന ശരിക്കും ഒഴുകുകയായിരുന്നു)

    ReplyDelete
  30. ഒരല്പം മുമ്പേ ആ എഴുത്ത് അത് കയ്യില്‍ കിട്ട്യെങ്കില്‍ ,,,

    പലതും പറഞ്ഞു ഈ എഴുത്ത്, ചൊവ്വാ ദോഷം, അന്ധവിശ്വാസം, കാപട്യത്തിന്റെ മുഖം മൂടി, പെണ്‍ക്കുട്ടികള്‍ യാത്രയില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍, അച്ഛന്‍ ചെയ്ത തെറ്റ് അമ്മയെയും വേട്ട ആടിയത് etc etc

    അനുഭവം എന്ന് ഉദ്ദേശിച്ചത് ?

    ReplyDelete
  31. എന്റെ ബ്ലോഗുകള്‍ താല്‍പ്പര്യത്തോടെ വായിച്ചതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നതിനും നന്ദി.താങ്കളുടെ ബ്ലോഗും ഞാന്‍ സന്ദര്‍ശിച്ചു. നന്നായിട്ടുണ്ട്

    ReplyDelete
  32. തീം പഴയതാണെങ്കിലും എഴുത്തില്‍ ഒരു പുതുമയുണ്ട്. നല്ല കഥ തന്നെ.

    ReplyDelete
  33. വളരെ നന്നായിരിക്കുന്നു... നിങ്ങളുടെ ബ്ലോഗ്ഗുകള്‍ sasneham.net -ല്‍ കൂടി പോസ്റ്റ്‌ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നു

    ReplyDelete
  34. രചനാരീതി വളരെ നന്നായി..എന്നാല്‍ ഹഫീസ് എന്ന കഥാപാത്രത്തിന് ഒരു അതിഭാവുകത്വമുള്ളതായി തോന്നുന്നു.

    ReplyDelete
  35. നന്നായിട്ട് ഉണ്ട് !

    ReplyDelete
  36. വളരെ നന്നായി എഴുതി..അവതരണത്തിലൂടെ
    പുതുമ നിലനിര്‍ത്തി..ജീവസ്സുറ്റ കഥാപാത്രങ്ങള്‍
    കൂടുതല്‍ മിഴിവേകി..കഥകള്‍ ഇനിയും ഒഴുക്ട്ടെ..
    അഭിനന്ദനങ്ങള്‍..
    -----------------------------
    പുതിയ പോസ്റ്റിടുമ്പോള്‍ ഒന്നു mail
    അയക്കണേ ഏളയോടാ..

    ReplyDelete
  37. വിരഹം കൂടെപ്പിറപ്പായ പെണ്‍കുട്ടി, അവസാനം അവള്‍ തന്നെ വിധിച്ച മരണം ഏറ്റു വാങ്ങി വിട വാങ്ങുമ്പോള്‍, അവള്‍ ആഗ്രഹിച്ചിരിക്കുക തന്നെ ജീവന് തുല്യം സ്നേഹിച്ചതിന്റെ പേരില്‍ അല്ലെങ്കിലും ആകസ്മികതയുടെ പുള്ളിവെയില്‍ വീണു മരിച്ചവരുടെ പട്ടികയിലേക്ക്, അവനീഷിനെ കൂടി കൂട്ടണ്ട എന്നായിരിക്കും..ആ അര്‍ത്ഥത്തില്‍ കഥക്ക് നല്ലൊരു പരിസമാപ്തി നല്‍കാന്‍ ഷാനവാസിന് കഴിഞ്ഞു...

    ReplyDelete
  38. ശരണ്യയും അവനീഷും. നല്ല പേരുകള്‍.ഇവരെ പലയിടത്തും കണ്ടുമുട്ടിയിട്ടുണ്ട്. എങ്കിലും മൃതുവായ എഴുത്ത്‌ വളരെ സുഖം നല്‍കി.
    എങ്കിലും അവസാനം ശരണ്യയെ കൊല്ലാതെ അതിനെ അതിജീവിച്ച് ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചാല്‍ ഭംഗി കൂടില്ലേ.ഒരു സന്ദേശം കൂടി ആകില്ലേ എന്ന് തോന്നി.

    ReplyDelete
  39. ഞാന്‍ ഒന്നും അറിഞ്ഞില്ല... എന്നോടു ഒരു വാക്ക്‌ പറയാമായിരുന്നു :)

    കഥ ഇഷ്ടായി ...

    ReplyDelete
  40. ഇളയോടാ, പറയാതെ വയ്യ വരികൾ പ്രത്യേകിച്ചും തുടക്കത്തിലെ വരികൾ നല്ല മനോഹരമായിരുന്നു. മുമ്പു വായിച്ചത് വച്ച് ഒരു നല്ല കഥാകാരനുള്ള എല്ലാ കഴിവും താങ്കൾക്കുണ്ട്. ഈ കഥ വിശ്വസിക്കാൻ ഇത്തിരി പ്രയാസം തോന്നി. ഒന്നൂടെ നന്നാക്കാമായിരുന്നു. അതിനു കഴിയും എന്നു തന്നെയാണ് വിശ്വാസം. ഇനിയും എഴുതൂ.. വരാൻ വൈകിയതിൽ ക്ഷമിക്കുക.

    ReplyDelete
  41. ശരിക്കും മനസ്സില്‍ എവിടെയെല്ലാമോ സ്പര്‍ശിച്ചത് പോല്‍ തോന്നുന്നു...

    ReplyDelete
  42. നന്നായിരിക്കുന്നു ഷാനു....ഒരു വേദനയുടെ നിഴല്‍ മനസ്സിലൂടെ കടന്നുപൊയി....

    ReplyDelete
  43. വളരെ ഹൃദയ സ്പര്‍ശിയായ കഥ..

    ReplyDelete
  44. "എന്‍റെ ചൊവ്വാദോഷ കഥകള്‍ അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും,
    എന്നെക്കാള്‍ കൂടുതലായി ഇന്ത്യയെ കണ്ടെത്തിയ അവന്‍ അതെല്ലാം ചിരിച്ചു തള്ളി........."


    ഇത്തരം നന്മ നിറഞ്ഞ മനസ്സിന്റെ ഉടമകള്‍ ഇനിയും ഈ തൂലികയില്‍ പിറക്കട്ടെ ........
    ആശംസകള്‍

    ReplyDelete
  45. ഒരു സിനിമാ കഥ പോലെ!

    ReplyDelete

നിങ്ങളുടെ അഭിപ്രായം