Wednesday, December 22, 2010

പള്ളിമുക്കിലെ കല്ല്യാണം മുടക്കികള്‍ ‍ആദ്യമായി ശ്വാസമെടുത്ത എന്റെ പള്ളിമുക്കിലേക്ക്  ഒരു ഗള്‍ഫുകാരനായി നാല് കൊല്ലത്തിനു ശേഷം ഞാനും എത്തി.  ഒരു പാട് കാലത്തെ ആഗ്രഹമായിരുന്നു  ഗള്‍ഫുകാരനായി കട്ടി ചെരിപ്പും സ്വര്‍ണ്ണ കളറു റാഡോ വാച്ചുമായി പള്ളിമുക്കില്‍  കുറച്ചാള്‍ക്കാരെ മുമ്പിലൂടെ ഒന്ന് വിലസുക. കൈയ്യില്‍ കായില്ലാത്ത കാരണം സ്വര്‍ണ്ണ കളറു റാഡോ വാച്ച്   ഒപ്പിക്കാനായില്ലെങ്കിലും   കൊട്ടിയോള് സൂറാബിന്റെ കൂടി പൂതി കാരണം ഒരു റെന്റ്-എ-കാര്‍ തരാക്കി.  

നിസ്ക്കാര തയമ്പുള്ള ആള്‍ക്കാര്‍ കുറവാണെങ്കിലും പള്ളിമുക്കിലെ മുക്കിലും മൂലയിലും ആറു പള്ളികള്‍. സുന്നികള്‍ക്കും,  മുജാഹിദീങ്ങള്‍ക്കും രണ്ടെണ്ണം വീതം,  ജമായത്തിനും, ആളില്ലെങ്കിലും  ചേകനൂര്‍ വിഭാഗത്തിനും ഓരോന്നു വീതം.  ഓരോ പള്ളിയുടെയും  തലപ്പത്ത് ഓരോ ഹാജിമാര്‍. അയമോക്കാന്റെ ചായ മക്കാനിയും, പള്ളിമുക്കിലെ പ്രധാന പയ്യന്‍സ്സായ പള്ളിക്കലെ ഹാജിമാരും നാട്ടില്‍  ഫയിമസാണ്. ഹജ്ജ് ചെയ്തവര്‍  കൊട്ടകണക്കിനുണ്ടെങ്കിലും പേരിനൊപ്പം ഹാജിയാര്‍ പട്ടം കിട്ടിയവര്‍ പള്ളിക്കലെ പ്രധാന പയ്യന്‍സിനു മാത്രം.

കാറും ഡ്രൈവ് ചെയ്തു ഞാന്‍ അയമോക്കാന്റെ മക്കാനിയില്‍ എത്തി. ആരു ഗള്‍ഫുന്നു വന്നാലും ആദ്യം  അയമോക്കാന്റെ മക്കാനിയില്‍ എത്തും. അത് പള്ളിമുക്കിലെ പതിവാണ്.
"അയമോക്ക, അസ്സലാമു അലൈക്കും,  ഒരു ചായ പോന്നോട്ടെ , ങ്ങളെ പെയിന്റും  നാവും ഇപ്പൊ വേണ്ട, പിന്നെ മതിട്ടോ. നേരല്ല, സൂറാബിനെയും കൊണ്ട് പട്ടിക്കാട്ടുക്ക് പോണം. ഓള് ഒരിങ്ങിക്കാ..."
(കാലി  പൊറാട്ടയില്‍  കഷ്ണമില്ലാത്ത ബീഫ്  കറി  കൂട്ടി കഴിക്കുന്നതിനു പള്ളിമുക്കില്‍ പെയിന്റ്ടി  എന്നാ പറയുക.)

 "ജ്ജ് പ്പോ ഗള്‍ഫ്ന്നു എന്നാ എത്തെയ്തു? ഞാനിതുവരെ അറിഞ്ഞിട്ടില്ല, അനക്കുപ്പോ അയമൂനെ പിടിച്ചൂല, ബല്ല്യ ആളയില്ലേ, പചെങ്കി അയമൂന്റെ ബുദ്ധ്യാ അന്റെ ഗള്‍ഫ്, അത് മറക്കണ്ടാ"

അയമോക്കാന്റെ തോണ്ടലു എന്തിനാ എന്ന് മനസ്സില്ലാക്കി, സൂറാബിന്റെ മോന്തായം കൂര്‍ത്താലും കുറച്ചു നേരം  അയമോക്കാന്റെ കത്തിക്ക് തല വെച്ച് കൊടുക്കാനുറപ്പിച്ചു.  ഞാന്‍ പെയിന്റ് കൂടി ഓര്‍ഡര്‍  ചെയ്തു   ഓരോന്ന് ആലോചിച്ചിരുന്നു.  


നാലഞ്ചു കൊല്ലങ്ങള്‍ക്ക് മുമ്പ്  ‌ നാട്ടില്‍ നടന്ന കോലാഹലങ്ങള്‍. ഉറച്ചതും ഉറപ്പിച്ചതുമായ കല്ല്യാണങ്ങള്‍  എല്ലാം മുടങ്ങും, അല്ലെങ്കില്‍ ആരെങ്കിലും മുടക്കും. അയമോക്കാന്റെ  ഭാഷയില്‍ പറഞ്ഞാല്‍ നെയ്യും ബസളയുമുള്ള  പോത്ത് ബിരിയാണി ഓസിനു  കടിഞ്ഞു കയറ്റിയ കാലം മറന്നു. പള്ളിമുക്കിലെ ചെക്കന്മാരും ചെക്കികളും പുര നിറഞ്ഞു നിന്നു. പെണ്ണ് കെട്ടാത്ത ഞങ്ങള്‍ക്കെല്ലാം ബേജാറു മൂത്തു. ബ്രോക്കര്‍  കുഞ്ഞാപ്പൂന്റെ ബലൂണ്‍ പോലെ പുറത്തേക്കു വീര്‍ത്ത പള്ള കാറ്റ് പോയ ബലൂണ്‍  മാതിരി അകത്തേക്ക് തന്നെ തള്ളി.


 കാലം കുറച്ചു കഴിഞ്ഞു. എന്റെ കൂട്ടുകാരനായ സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം പടച്ചോന്റെ കുതറത്തോണ്ട് ഉറച്ചു. സല്‍പ്പേര് ബാപ്പുട്ടി, പള്ളിമുക്കിലെ ഏറ്റവും നല്ല ഒസ്സാന്‍ ചെക്കന്‍. ഓന്റെ അടുത്തു മുടി വെട്ടാന്‍ പോയാല്‍ മുടി മാത്രേ ഓന്‍ വെട്ടൂ. നാട്ടിലെ ബാക്കി ഒസ്സാന്മാരെ മാതിരി  ഉച്ചപടത്തിന്റെ  കമന്ററി  പോലെ എരിവും പുളിയുള്ള വര്‍ത്താനം കിട്ടൂല. അതിനു വേറെ  ഒസ്സാന്മാരെ നോക്കണം.  എന്‍റെ ക്ലാസ്സ്‌മേറ്റ് ആണെങ്കിലും  ബാപ്പുട്ടി ഡീസെന്റാണ്.  അഞ്ചു നേരം നിസ്ക്കാരോം പള്ളിയില്‍, തുണി മുട്ടിനും നെരിയാണിക്കും ഇടയില്‍. പള്ളിമുക്കിലെ ഏതു കുട്ടി ജനിച്ചാലും  ചെവിയില്‍ ആദ്യമായി ഓതുന്ന മന്ത്രമാണ് ബാപ്പുട്ടിനെ കണ്ടു  പഠിക്കാന്നുള്ളത്. ബാപ്പുട്ടിനെ കണ്ട് പഠിച്ചിന്‍, ബാപ്പുട്ടിനെ കണ്ടു പഠിച്ചിന്‍ എന്ന് കേട്ടു എന്റെക്കെ ചെവിക്കു തയമ്പ് പിടിച്ചിട്ടുണ്ട്.

അങ്ങെനെയുള്ള സല്‍പ്പേര് ബാപ്പുട്ടിന്റെ നിക്കാഹു കഴിഞ്ഞു. ഈ കല്ല്യാണമെങ്കിലും എങ്ങനെയെങ്കിലും നടന്നാല്‍ മതിയായിരുന്നു. തലേ ദിവസം ഞങ്ങളെല്ലാം സജീവമായി. കല്ല്യാണത്തിനു അന്ന് മൈക്ക് സെറ്റ് പതിവാണ്.  കണ്ണിനു ചന്തം തരുന്ന പെണ്‍കുട്ട്യാളുടെ മുമ്പില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി ഏതു ചെക്കനും ഒന്നു പാടിനോക്കും.  കഴുത രാഗമായാലും 'എന്റെയൊക്കെ ബ്ലോഗിന്  കമന്‍റിണ പോലെ'  പരസ്പരം നന്നായിന്നു പറഞ്ഞു പുളിമെ കയറ്റി  പൊക്കും.  

മൈക്ക സെറ്റ് കൊണ്ടുവരാന്‍ അങ്ങാടിയില്‍ ജീപ്പെടുത്തു   പോയി, മടങ്ങും വഴി ഞാന്‍  അയമോക്കാന്റെ  മക്കാനിയില്‍ കാലി അടിക്കാന്‍ വേണ്ടി ഒന്നു കയറി. കറ പിടിച്ച സമാവറിന്റെ ഉള്ളില്‍ തിരികിയ രണ്ടു മാസം പഴക്കമുള്ള ചായപൊടി സഞ്ചിയിലെ ചായയും അയമോക്കാന്റെ  നാക്കും സഹിച്ചോണ്ടിരിക്കുന്നതിനിടയില്‍ ബാപ്പുട്ടി മക്കാനിയില്‍ വന്നു. 

അയമോക്ക ബാപ്പുട്ടിക്കു കൂടി ഒരു കാലി എടുത്തു.

"കല്ല്യാണം ആയിട്ട് അനക്കൊരു ചൂടും ച്ചുക്കാന്തിം ഇല്ലല്ലോ, അന്റെ മോന്തക്കെന്താ കടന്നാല്‍ കുത്ത്യോ   ബാപ്പുട്ടീ"

 അയമോക്കാന്റെ  ചോദ്യത്തിനു ബാപ്പുട്ടിന്റെ മറുപടി കണ്ണീരായിരുന്നു. ഞാന്‍ പടച്ചോനെയും അയമോക്ക ബദിരീങ്ങളെയും  ഒപ്പം വിളിച്ചു. ബാപ്പുട്ടിന്റെ കല്ല്യാണോം മുടങ്ങി. പള്ളിമുക്കിലെ ചെറുപ്പക്കാരായ ഞങ്ങള്‍  അണ്ടി പോയ അണ്ണാനെ പോലെ നിരാശരായി. പെണ്ണ് കെട്ടാനുള്ള പൂതിയൊക്കെ പതുക്കെ, പതുക്കെ  ഊതി കെടുത്തി.

പണിയൊന്നുമില്ലാതെ  തെക്കും വടക്കും നോക്കി 'തേരാ പാരാ' നടക്കുന്നതിനിടയില്‍ എനിക്ക് ഗള്‍ഫില്‍ പോകാന്‍ ആശ മൂത്തു. കയ്യില്‍ കാശില്ല, ബാപ്പ വേണ്ട വിധം സഹകരിക്കുന്നില്ല. കാര്യം ഞാന്‍ അയമോക്കാനെ അറിയിച്ചു. 

"ജ്ജെ എങ്ങനെങ്കിലും ഒരു പെണ്ണ് കെട്ടി ഓളെ പണ്ടോം പണോം കൊണ്ടു അക്കരയ്ക്കു പൊയിക്കോ" അയമോക്കാന്റെ ഉപദേശം.

അയമോക്ക, കല്ല്യാണം പള്ളിമുക്കിലോ..... ങ്ങള് പള്ളിമുക്കിലെ നടക്കണ കാര്യം പറയിന്‍. പിന്നെല്ലാതെ.

"ജ്ജെ കാര്യം അന്റെ ഗള്‍ഫ്  എളാപ്പാനെ ഏല്‍പ്പിച്ചോ,  ബാക്കി ഓന്‍ നോക്കിക്കൊളൂം,  ഓന്‍പ്പോ ഗള്‍ഫൂന്നും കുറ്റിയും ബെരും പറിച്ച് പോന്നതല്ലേ."

ഞാന്‍ അയമോക്കാന്റെ സഹായത്താല്‍ എളാപ്പാനെ സോപ്പിട്ടു ചാക്കിലാക്കി. ബാപ്പാന്റെ പോക്കറ്റില്‍ നിന്നും ഇസ്ക്കിയതാണെങ്കിലും  എളാപ്പാന്റെ അന്നത്തെ പെയിന്റ് അടി എന്റെ വകയായിരുന്നു.

"എന്നെ കണ്ടാ തുള്ളിക്ക്‌മാറുണ   അനക്കിപ്പോ ഞാന്‍ വേണമല്ലേ. അന്റെ കല്ല്യാണം  നടക്കെണെങ്കില്‍  അന്നെക്കാളും മുന്തിയോനായ  സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം നടക്കണം. അത് നടന്നാല്‍ ഞാന്‍ ബാപ്പാനോട് വിഷയം പറയാം" എളാപ്പാന്റെ നിലപാടായിരുന്നു അത്.  

എന്നെപ്പോലെ പെണ്ണ് കെട്ടാന്‍ മൂത്തിരിക്കുന്ന ചെക്കന്മാരെയും കൂട്ടി ഞാന്‍ സല്‍പ്പേര് ബാപ്പുട്ടിന്റെ അടുത്തെത്തി. ബാപ്പുട്ടിന്റെ അടുത്ത സുഹൃത്ത് പേര് കൊണ്ട് മാത്രം സമ്പത്തുള്ള 'സമ്പത്തിനെയും' ബ്രോക്കര്‍  കുഞ്ഞാപ്പൂനേം ഒപ്പം കൂട്ടി. നീണ്ട വിസ്താരങ്ങള്‍ക്കൊടുവില്‍    ബാപ്പുട്ടി കല്ല്യാണത്തിനു സമ്മതിച്ചു. 

കാര്യങ്ങള്‍ ഞങ്ങള്‍ വളരെ രഹസ്യമാക്കി നീക്കി. ബാപ്പുട്ടിക്കു നിലമ്പൂരില്‍ നിന്നും പെണ്ണുറപ്പിച്ചു.    ആരും നിലമ്പൂര്‍ക്ക്   മണ്ടിപാഞ്ഞു  കല്ല്യാണം മുടക്കണ്ടാ എന്ന് കരുതി പെണ്ണു   ഞങ്ങള്‍ കൊണ്ടോട്ടിയില്‍ നിന്നാണെന്ന് നാട്ടില്‍ പറഞ്ഞു. എല്ലാവരെയും കല്ല്യാണത്തിനു  പാഞ്ഞു  നടന്നു  വിളിച്ചു,  എല്ലാ പള്ളികളിലും മാറി മാറി ഞങ്ങള്‍ നിസ്ക്കരിച്ചു,  ദുആ  ചെയ്തു.   മല്ലുകെട്ടാണെങ്കിലും ബ്രോക്കര്‍ കുഞ്ഞാപ്പൂനേം, കെട്ടിയോളെയും നല്ലോണം തീറ്റി പോറ്റി.

മൈക്ക സെറ്റും കാര്യങ്ങളുമായി കല്ല്യാണം ജോറാക്കി. ഉള്ളില്  തീയാണെങ്കിലും പതിനൊന്നു മണിക്ക് തന്നെ ബാപ്പുട്ടി പുതിയാപ്ല ഇറങ്ങി,  പെണ്ണിനേയും കൊണ്ട് ഒരു മണിക്ക് മടങ്ങി എത്തി. ഞങ്ങളൊക്കെ ഒന്നു നന്നായി ശ്വാസം വിട്ടു.   

പെണ്ണ് കൊണ്ടോട്ടിയില്‍ നിന്നല്ല നിലമ്പൂരില്‍ നിന്നാണ്ന്നറിഞ്ഞു  നാട്ടിലെ പ്രമാണിമാരൊക്കെ  മൂക്കത്ത് വിരല്‍   വെച്ചിരിക്കുന്നതിനിടയില്‍  മൈക്ക  സെറ്റില്‍ പാട്ട് നിര്‍ത്തി സമ്പത്തിന്റെ വക ഒരു കാസറ്റ്.  നാട്ടിലെ മൂപ്പന്മാര്‍ക്ക് ബാപ്പുട്ടിന്റെ പെണ്ണ് വീട്ടുകാരെന്ന മട്ടില്‍ സമ്പത്ത് ഫോണ്‍  വിളിച്ചു റെക്കോര്‍ഡ്‌ ചെയ്ത കാസറ്റ്.  സമ്പത്തിന്റെ  "തലയിലെ സമ്പത്ത്" കേട്ടു   എല്ലാരും ഞെട്ടി. ബാപ്പുട്ടിനെ പറ്റി   ഓരോരുത്തര്‍  പറഞ്ഞത്  കേട്ടാല്‍ ഓന്റെ വെല്ല്യാപ്പാന്റെ പെണ്ണിനെ  വരെ മൊഴി ചൊല്ലും. അഭിപ്രായം പറഞ്ഞ പ്രധാന പയ്യന്‍സൊക്കെ പതുക്കെ തലയില്‍ മുണ്ടിട്ടു  സ്ഥലം കാലിയാക്കി. അയമോക്ക മാത്രം അഭിപ്രായത്തിലും ബുദ്ധി കാട്ടി. "കല്ല്യാണ വിസയമൊന്നും അയമ്മു ഫോണിലൂടെ പറയൂല നേരിട്ട് ബരിന്‍" അയമോക്ക തടി കാത്തു.   ഞങ്ങള്‍ ബാപ്പുട്ടിനെയും പെണ്ണിനേയും കൂട്ടി കല്ല്യാണം മുടക്കികളുടെ പിന്നാലെ   കൂക്കി വിളിച്ചു ജാഥ നടത്തി.

സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം കഴിഞ്ഞതോടെ  ഞങ്ങള്‍ ഉഷാറായി. കല്ല്യാണ  മുടക്കികള്‍ക്ക് താക്കീതായി സമ്പത്തിന്റെ ഫ്ലക്സ് ബോര്‍ഡ്‌ നാട്ടില്‍ തൂക്കി. എന്റെ കല്ല്യാണം കഴിഞ്ഞു. സൂറാബിന്റെ  പണ്ടം വിറ്റു  ഞാന്‍ ഗള്‍ഫിലെത്തി,  നാല് കൊല്ലത്തിനു ശേഷം  ഒരു ഗള്‍ഫ്കാരനായി പള്ളിമുക്കിലെത്തി. 

അയമോക്കാനോട് എനിക്ക് കടപ്പാടുണ്ടല്ലോ. പൊറാട്ടയും ചായയും അടിച്ചു അയമോക്കാന്റെ മക്കാനിയില്‍ നിന്നും ഇറങ്ങി.  കാറില്‍ കയറുന്നതിനു മുമ്പായി, അയമോക്കാന്റെ നാക്കിനെ മെരുക്കാന്‍ വാങ്ങിയ പത്തു റിയാലിന്റെ അത്തറും  കള്ളി തുണിയും അയമോക്കാക്ക് കൊടുക്കാന്‍ ഞാന്‍ മറന്നില്ല. 

================================================================
ഇതിലുപയോഗിചിരിക്കുന്ന ചില പദങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ ആവശ്യപെട്ട പ്രകാരം  പരിചയപെടുത്തുന്നു:

നിക്കാഹ് : മുസ്ലിം വിവാഹ നിയമ പ്രകാരം  നിക്കാഹു കഴിഞ്ഞാല്‍ വധു നിയമ പ്രകാരം വരന്റെ സ്വന്തമായി. ബാക്കിയുള്ളതെല്ലാം വെറും ചടങ്ങുകള്‍. നിക്കാഹു കഴിഞ്ഞാലും ചില  വിവാഹം മുടങ്ങാറുണ്ട്,(മൊഴി ചൊല്ലും)
മൊഴി ചൊല്ലുക: വിവാഹ മോചനം നടത്തുക.
ഒസ്സാന്‍: ബാര്‍ബര്‍
പെയിന്റ് അടി: പള്ളിമുക്കിലെ ലോക്കല്‍ പ്രയോഗം: (കാലി  പൊറാട്ടയില്‍  കഷ്ണമില്ലാത്ത ബീഫ്  കറി  കൂട്ടി കഴിക്കുന്നതിനു പള്ളിമുക്കില്‍ പെയിന്റ്ടി  എന്നാ പറയുക.)
=================================================================

Tuesday, December 7, 2010

ഉണ്ണി നമ്പൂതിരിയുടെ വേളി
സന്ധ്യാ സമയത്ത് കാലം തെറ്റി വന്ന കാറ്റും മഴയൊന്നും ഉണ്ണിനമ്പൂതിരി അറിയുന്നുണ്ടായിരുന്നില്ല. ‍മേഘങ്ങള്‍ക്കിടയില്‍  ഒളിഞ്ഞിരിക്കുന്ന    സൂര്യനെയും  കാത്തിരിക്കുകയാണ് അയാള്‍. ഏകാന്തതയിലെ ഒറ്റപെടലുകളോ     ഒറ്റപെടുത്തലുകളോ   അയാളെ അലട്ടിയില്ല. ജന്മസുകൃതം പോലെ കിട്ടിയ നമ്പൂതിരിപട്ടം  അര്‍ഹതയുള്ള ജോലികള്‍ക്ക് വിലങ്ങായി  നിന്നപ്പോഴും വിതുമ്പിയില്ല.  ഒരു ഭ്രാന്തനെപ്പോലെ    സൂര്യാസ്തമയ   സന്ധ്യകളെ അയാള്‍ പ്രണയിച്ചു. ദീപം കൊളുത്തല്‍ കാലങ്ങളായി  പതിവില്ലെങ്കിലും സന്ധ്യാ സമയത്തെ വര്‍ണ്ണ രാജികള്‍  ആയിരം നിറ ദീപങ്ങളായി അനുഭവപെട്ടു. അസ്തമയ സൂര്യനിലൂടെ   അനശ്വര പ്രണയത്തിന്റെ സങ്കല്പ ലോകത്തിലയാള്‍   കഴിഞ്ഞ പത്തു വര്‍ഷമായി  തന്റെ പ്രണയിനി സന്ധ്യയുമായി  സംവദിക്കുന്നു.


ഡിഗ്രി ക്ലാസ്സില്‍ വെച്ചാണ് ഉണ്ണി  സന്ധ്യയെ  ആദ്യമായി  കാണുന്നത്. ക്ലാസ്സിലെത്തിയപ്പോള്‍ കാമ്പസ്സിന്റെ    വേഷ പകിട്ടില്‍ പങ്കു ചേരാതെ ഗ്രാമീണതയുടെ ശാലീനതയായി ഒരു മന്ദഹാസത്തോടെ അവള്‍ വന്നു.  സന്ധ്യയുടെ വരവോടെ ഉണ്ണിയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി.    ക്ലാസ്  മുറികളെക്കാള്‍  കാമ്പസ്സിന്റെ വാകമര ചുവടുകളെ  പ്രണയിച്ചിരുന്ന  അയാള്‍  പതുക്കെ പതുക്കെ  അവളുടെ  സാമീപ്യത്തിനായി  ക്ലാസുകളില്‍ കയറി തുടങ്ങി. നഷ്ടപെട്ട ക്ലാസ് നോട്ടുകള്‍ അവളില്‍നിന്നും പകര്‍ത്തിയെഴുതു‍മ്പോള്‍   മനപൂര്‍വ്വമെന്നോണം   അവളുടെ പുസ്തകത്തില്‍  എന്തെങ്കിലുമൊന്നു വരച്ചിടല്‍ പതിവാക്കി.   നമ്പൂതിരിസത്തിന്റെ   അലയൊടികള്‍  അവശേഷിക്കുന്നെങ്കിലും   അമ്മ തമ്പുരാട്ടിയെ കൊണ്ടയാള്‍  അവള്‍ക്കു  വേണ്ടി  ഓണം ആഘോഷമാക്കി. പക്ഷേ അവളെ നഷ്ടപെടുമോ എന്ന  ഭയത്താല്‍ ഒരിക്കലും അയാള്‍   അവളുടെ മുമ്പില്‍   മനസ്സ്   തുറന്നില്ല. 


കാലം ആരെയും കാത്തു നില്‍ക്കാതെയുള്ള  പ്രയാണത്തിനിടയില്‍  അയാളുടെ കലാലയ ജീവിതത്തിനു വിരാമം കുറിക്കാനുള്ള മണി മുഴക്കമായി തുടങ്ങി. ചിന്തകള്‍ക്ക് വിശ്രമമില്ലാത്ത ഒരു  ദിനം       ഒട്ടനവധി പ്രണയ നക്ഷത്രങ്ങള്‍ക്ക് നിലാവെളിച്ചം തൂകി മൂക സാക്ഷിയായ വാക മരചുവട്ടിലെക്ക‍യാള്‍   നടന്നു നീങ്ങി. വിടവാങ്ങലിന്റെ അനിവാര്യതയെന്നോണം മരത്തിന്റെ ഇലകളില്‍ ഭൂരിഭാഗവും പഴുത്തിരിക്കുന്നതും  നോക്കിയിരിക്കുമ്പോള്‍ സന്ധ്യ അരികിലേക്ക്  വരുന്നത് കണ്ടു. ചിര പരിചിതമായ  മന്ദഹാസത്തോടൊപ്പം  അവളിലെ കണ്ണുകളില്‍   അതുവരെ കാണാത്ത ഒരു തിളക്കം  കാണാനായി.

"ഉണ്ണിയുടെ ഇഷ്ട ദേവന്‍ ആരാ?"

അവളുടെ  ചോദ്യത്തിന് മുമ്പില്‍  പതറാതെ   അമ്പല പറമ്പിലെ ആല്‍മര ചുവട്ടില്‍ അസ്തമയ സൂര്യനെ കണ്ണും നട്ടിരിക്കുമായിരുന്ന അയാള്‍  ഉത്തരം നല്‍കി.

"സന്ധ്യാ സമയങ്ങളെ വര്‍ണ്ണപൂരിതമാക്കുന്ന  സൂര്യ ദേവന്‍"

പെടുന്നനെ  അയാളുടെ കരം  കവര്‍ന്നെടുത്തു ചോദിച്ചു,  "സന്ധ്യകളെ സ്നേഹിക്കുന്ന ഉണ്ണിക്കു ഈ സന്ധ്യയെ കൂടി സ്നേഹിച്ചു കൂടെ?" 

വര്‍ഷങ്ങളായി താന്‍ കേള്‍ക്കാനും പറയാനും കൊതിച്ച ചോദ്യം. അയാള്‍ മറ്റേതോ ലോകത്തേക്ക് യാത്രയായി.   പൂണൂല്‍ സുകൃതത്തിന്‍റെ   മാറാലയില്‍ പിടിച്ചിരിക്കുന്ന കാരണവന്മാരില്‍ എത്തപ്പെട്ടു. കണ്ണടച്ച്  ‍ അറിയാതെ ഇല്ല, ഇല്ല എന്നയാള്‍  പുലമ്പി കൊണ്ടിരുന്നു.

പരിസരബോധം എപ്പോഴോ വീണു  കിട്ടി കണ്‍ തുറന്നു നോക്കിയപ്പോള്‍ നനവില്‍ കുതിര്‍ന്ന ഒരു കടലാസ് തുണ്ടില്‍  ഇപ്രകാരം വായിച്ചു.

"ഉണ്ണിക്കെന്നെ ഇഷ്ടമില്ലെങ്കില്‍ ഉണ്ണിയില്ലാത്ത ലോകത്തേക്ക് ഞാന്‍ പോകുന്നു"

അയാള്‍ നിലവിളികളോടെ അവളെ നാല് ദിക്കിലും തിരഞ്ഞു.  ക്ലാസ്സ്‌ മുറികളുടെ  അടക്കപ്പെട്ട ജാലകങ്ങള്‍ പ്രതീക്ഷയോടെ തുറന്നു നോക്കി, വരാന്തകള്‍,  സ്ഥിര സംഗമ കോര്‍ണറുകള്‍, ലാബ്, ലൈബ്രറി,  , കോളേജു മുഴുവന്‍ ഭ്രാന്തനെ പോലെ  അലറി വിളിച്ചു  സന്ധ്യയെ പരതി.

മാസങ്ങള്‍ക്കൊടുവില്‍ ഒരു  സൂര്യാസ്തമയ    വേളയില്‍ പൂജാമന്ത്രങ്ങളുടെയും മരുന്നുകളുടെയും നടുവില്‍    ചിതലരിച്ചു കൊണ്ടിരിക്കുന്ന ഇല്ലത്തിന്റെ   നാല്‍  ചുവരുകള്‍ക്കിടയില്‍ വെച്ചയാള്‍ "അസ്തമയ സന്ധ്യയെ" വേളി  കഴിച്ചു. തന്‍റെ പ്രണയിനി  അസ്തമയ വര്‍ണ്ണ രാജിയില്‍  ലയിച്ചതാണെന്നു    വിശ്വസിച്ചു. ‍ അവളെ  വിട്ടു തരാനായി ഇഷ്ട ദേവനെ നോക്കി   കെഞ്ചി. ഓരോ പകലുകളും   സന്ധ്യാ സമയങ്ങളെ പ്രണയിച്ചു അവള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു. നാട്ടുകാര്‍ക്ക് അപ്പോഴേക്കും നടുവില്‍ മനയിലെ    അവസാന കണ്ണി ഒരു ഭ്രാന്തന്‍  നമ്പൂതിരിയായി മാറി
കഴിഞ്ഞിരുന്നു. 
=======================================
(ചിത്രം കടപ്പാട് : എന്‍റെ  സുഹൃത്തുക്കള്‍ ശ്രീജിത്ത്‌ (TKM എഞ്ചിനീയറിംഗ് കോളേജ്, കൊല്ലം & ചിക്കു (MES എഞ്ചിനീയറിംഗ് കോളേജ്, കുറ്റിപ്പുറം)  
=======================================

==============================================================

Wednesday, December 1, 2010

പൂഴികളുടെ തോഴന്‍ (കവിത)


ആരെന്നറിയാതെ, എന്തെന്നറിയാതെ

എന്തിനെയൊ   തിരയുന്നു ഭൂമിയില്‍
ഭൂമിയില്‍ ജാതനായ്‌ പോയതില്‍ പിന്നെ ‍
എന്നുമീ ഓട്ട തിടുക്കത്തിലായി ഞാന്‍

കാലങ്ങള്‍ കോലമായ് തീര്‍ത്തൊരു ‍ ദേഹത്തെ
കാണാതെ കണ്ടു ഞാന്‍ ഓടുന്നതിപ്പോഴും
എന്തെന്നറിയാതെ എന്തിനാന്നറിയാതെ
ഓടി തളര്‍ന്നു ‍ ജീവിത യാത്രയില്‍

ജീവിത  സൗഖ്യത്തിന്‍ മോഹവലയത്തില്‍
ഉയരങ്ങള്‍ തേടി ഞാനോടിയ വേളയില്‍
ഓടിയ പാതകള്‍ നോക്കി  ചിരിക്കുമ്പോള്‍
ഓട്ടത്തിന്‍ പൊരുളുകള്‍ തേടി ഞാന്‍ ഭൂമിയില്‍

ജീവിത പൊരുളുകള്‍ തേടി അലഞ്ഞു
ജീവിതം പാഴായി പോയതും കാണ്മൂ ഞാന്‍
ജീവിതം നശ്വരമാണെന്ന സത്യത്തെ
സ്വപ്നത്തില്‍ പോലും കാണുവാനായില്ല

ഓട്ടം നിലച്ചു ‍ പോകുന്ന  നേരത്ത്
ഓട്ടത്തിന്‍ പൊരുളുകള്‍ കാണാന്‍ തുടങ്ങുമോ?
എന്നുടെ സ്വപ്നങ്ങള്‍ ഓട്ടത്തിന്‍ നേട്ടങ്ങള്‍
എല്ലാം എനിക്കന്നു അന്യമായ് തീരുമോ?

മിണ്ടുവാന്‍ പോലും ത്രാണിയില്ലാതെ ‍
മണ്ടത്തരത്തിന്‍ അണയാത്ത ബിംബമായ്
യാത്രയായ് ഞാനന്ന് യാത്ര പറയാതെ
ഓട്ടത്തിന്‍ നേട്ടങ്ങള്‍ ഭൂമിയില്‍ ബാക്കിയായ്

ആരൊക്കെയോ എന്നെ താങ്ങി കിടത്തുന്നു
പൂഴികള്‍ കൊണ്ടെന്റെ ദേഹം മറയ്ക്കുന്നു
ഓടി തളര്‍ന്നു ഞാന്‍ ഒറ്റയ്ക്ക് പോകുമ്പോള്‍
പൂഴികള്‍ മാത്രമോ എന്നെ തുണക്കുവാന്‍ ? 
========================================================