Thursday, February 14, 2013

കുഞ്ഞാമിനാന്റെ പേറ്റു നോവ്‌.

പെരക്ക് തീ പിടിച്ച പോലെ കുഞ്ഞാപ്പൂന്റെ  മണ്ടി പാച്ചിലും ഓള്യാട്ടലും കണ്ടവര്‍ കണ്ടവര്‍ അയമോക്കാന്റെ  മക്കാനി ലാക്കാക്കി പായാന്‍ തുടങ്ങി.  

"ഐത്രുമാന്‍ ഹാജിയാരെ മരോള് കുഞ്ഞാമിന പെറാന്‍   കൂട്ടാക്കെണില്ല"
അള്ളോ  ഓള്പ്പതു എന്ത് നിരീച്ചിട്ടാപ്പോ. ഇതത്ര നിസ്സാരാക്കി തള്ളാം പറ്റൂലല്ലോ,  പള്ളിമുക്കിലെ ഒട്ടുമുക്കാലും ആള്‍ക്കാര്‍ അയമോക്കാന്റെ മക്കാനിക്ക് നീങ്ങി തുടങ്ങി.                                                                                    

മക്കാനി അയമോക്കാന്റെ കോളാമ്പിയായ  കുഞ്ഞാപ്പു എന്തെങ്കിലും പറഞ്ഞുക്കെണെങ്കില്‍ അയിന്റെ ഡീറ്റയില്‍സ്  അയമൂന്റെക്കെണ്ടാകും. അതോണ്ടെന്നെ വേലൂന്റെ  കള്ളുഷാപ്പില് കാണാത്ത തിരക്ക് അയമോക്കാന്റെ മക്കാനിയില്‍ കാണപ്പെട്ടു.

 ഏഴു ‍ പെണ്  മക്കള്‍ക്ക്‌ ശേഷം ഐത്രുമാന്‍ ഹാജിയാര്‍ക്ക് കിട്ടിയ ഏക ആണ്‍തരി കരീമിന്റെ കെട്ടിയോള് കുഞ്ഞാമിനാക്ക് എന്തേപ്പോ പറ്റിയേത്‌,  ഹാജിയാരെ കുടുംബം അന്യം നിന്ന് പോകാതെ നോക്കേണ്ട ഓള് പത്താം മാസം പേറിനുള്ള ഡേറ്റ് കഴിഞ്ഞിട്ടും  പെറാന്‍കൂട്ടാക്കാതെ വാശീയും ചിത്താന്തോം പിടിച്ചിരിക്കുകയാണ്. പേറൊക്കെ സിനിമേല് വരെ  വീഡിയോ പിടിച്ചു കാട്ടി തരുന്ന കാലത്താപ്പോ ഓളെയീ നാമൂസു കാട്ടല്.

കല്ല്യാണം കഴിഞ്ഞു പത്തുകൊല്ലത്തിനു ശേഷം പള്ളേലുണ്ടായ  കുഞ്ഞാമിനാന്റെ കടിഞ്ഞൂല്‍ പേറു കിനാവു കണ്ടു ഹാജിയാര്‍  കൊറച്ചു കാലായി  കുത്തിയിരിക്കാന്‍ തോടങ്ങിയിട്ടു.  കുഞ്ഞാമിനാക്ക് പള്ളേലുണ്ടാകൂല, ഓള് മച്ചിയാണെന്നു, പള്ളിമുക്കിലാകെ പേറുടുക്കെണപാത്തും താത്തയും ഒത്താച്ചി മാളുമ്മൊക്കെ  പാടി നടക്കാന്‍ തോടങ്ങയിനു മുമ്പ് തന്നെ ഹാജിയാര് രണ്ടു കെട്ടാന്‍ കരീമിനോട് പറഞ്ഞതാണ്.

"കൊയപ്പം കുഞ്ഞാമിനക്കല്ല, കരീമിനാ, ഓലെ രണ്ടാളെയും എടപ്പാളിലെ പെറാത്തോല് പെറാന്‍ പോണ ആസുപത്രീക്ക് കൊണ്ടോണം. കുഞ്ഞാമിനാന്റെ  ഇമ്മ ആയിശാത്ത  വിസ്താരം പറഞ്ഞു തുടങ്ങി.
 
പോരാത്തതിന് പുട്ടിനു തേങ്ങ ഇടുണ പോലെ ഓളെ ഏട്ടത്തിമാരുടെ ഒന്നടവിട്ടുള്ള പേറു കാരണം ആമിനാന്റെ വീടിന്റെ മുമ്പിലെ ബസ്സ്‌ സ്റ്റോപ്പിന്റെ പേര് തന്നെ ബസ്സുകാര് 'കൊയമ്പുംപടി' അങ്ങാടി എന്നാക്കി മാറ്റിയ കാലമാണ്.


പള്ളിമുക്കിലെ കന്നാളെ എടക്കര ചന്തക്ക്  കൊണ്ടോണ  പോലെ എടപ്പാള്‍ക്ക് പോകാന്‍ വേറെ  ആളെ  നോക്കാന്‍ പറഞ്ഞു കരീമു കുഞ്ഞാമിനാനെയും കൊണ്ട് അക്കരയ്ക്കു പറന്നു.

അക്കരെക്ക്ത്തി രണ്ടു മൂന്ന് മാസം കഴിഞ്ഞപ്പോ, കുഞ്ഞാമിനാക്ക് മാസകുളി തെറ്റി.  ഹാജിയാരെ തറവാട് റേഷന്‍ കാര്‍ഡിലും അന്യം നിന്ന് പോകൂലാ,  കുഞ്ഞാമിനാക്ക്  കുളി തെറ്റിയ വാര്‍ത്ത പള്ളിമുക്കിലാകെ പരന്നു.

കുഞ്ഞാമിനയും കരീമും നാട്ടിലെത്തി.  മാരുതി സിഫ്ട്ടില്‍ സിഫ്ടല്ലാതെ രണ്ടാളും കൂടി ഡോക്ടറെ കണ്ടു. കുഴപ്പമില്ല,   ആണ്‍ കുട്ടി തന്നെ. തറവാടിന്റെ മാനം കുഞ്ഞാമിന കാത്തു.


കുഞ്ഞാമിനാനെ പേറ്റിനു കൂട്ടി കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴാണ് കരീമിന് പിരാന്തിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയതു.

കുഞ്ഞാമിനാന്റെ  പള്ള കാണല്‍ ചടങ്ങോ, പേറിന് കൂട്ടി കൊണ്ട് പോകല്‍ ചടങ്ങോ ഉണ്ടാക്കാന്‍ കരീമു സമ്മതിക്കുന്നില്ല.  ഈ കുന്ത്രാണ്ടങ്ങളൊന്നുമില്ലാതെ  ഓള് പെറാണെങ്കില്‍ മതി.     കരീമിന്റെ വാശി ഹാജിയാരെ വരെ  ശുണ്ടി പിടിപ്പിച്ചു.

"കരീമേ, ഇജു മാണ്ടാത്ത കുണ്ടാമണ്ടിക്ക് തല വെക്കണ്ട.  അന്റെ കെട്ട്യോള് പെറൂല. പള്ളി മുക്കിലെ ഇന്ന് വരെ പേറ്റിനു കൂട്ടി കൊണ്ടോകാതെ ആരും പെറ്റിട്ടില്ല,   അനയ്ക്കിപ്പോ ആചാരങ്ങളോടുള്ള മഞ്ഞാളം കളി നല്ലോണം കൂടീട്ടുണ്ട്.  കഴിഞ്ഞ കൊല്ലം മോല്യാര് തന്ന ബര്‍ക്കത്തുള്ള മുടി കഴുകിയ വെള്ളം തട്ടി കളഞ്ഞപ്പോളെ നമ്മള് നിരീച്ചതാ ഇജു ഗള്‍ഫില്‍ പോയത് നമ്മളെ ദീന് എരപ്പാക്കി ബടക്കാനാണ്".

കരീം  ആരെയും  കാത്തു നില്‍ക്കാതെ കുഞ്ഞാമിനാനെ  ഓളെ വീട്ടിക്കു കൊണ്ട് ചെന്നാക്കി.  "പത്താം മാസം ഇജു പെറും.  ബേജാറാകണ്ട", കരീമു കെട്ടിയോളെ സമാധാനിപ്പിച്ചു അക്കരയ്ക്കു മടങ്ങി.

കുഞ്ഞാമിനാനെ പെറാന്‍ വേണ്ടി ഹോസ്പിറ്റലില്‍ ആക്കി. ഡോക്ടറും പേറുടുക്കെണ   പാത്തും താത്തയും പഠിച്ചത് പതിനെട്ടും  പയറ്റീട്ടും  കുഞ്ഞാമിന പെറാന്‍ കൂട്ടാക്കാതെ വാശിയിലായി. ഓള്‍ക്ക് പ്രസവ വേദന വരുന്നില്ല.

അയമോക്കാന്റെ മക്കാനിലെ വാര്‍ത്ത നാട്ടില്‍ പാട്ടായി. കുഞ്ഞാമിനാന്റെ പള്ള ആരും കാണാത്തോണ്ട് ഓള്‍ക്ക്  പള്ളേലുണ്ടോ എന്ന കാര്യം തന്നെ സംശയമായി.

ഹാജിയാര്‍ കരീമിനെ ഫോണ്‍ ചെയ്തു, ടിക്കറ്റും റീ എന്ട്രിയും ശരിയാക്കി, സ്വയം പിരാകി കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ ഇറങ്ങേണ്ട കരീമു എയര്‍ഇന്ത്യയില്‍  ഒന്ന് വട്ടം കറങ്ങി മംഗലാപുരത്തിറങ്ങി, കുഞ്ഞാമിനാനെ  കാണാന്‍ പാഞ്ഞു.

കുഞ്ഞാമിന വാക്ക് പാലിച്ചു, ഓള് പ്രസവിച്ചില്ല, പെറാന്‍ കൂട്ടാക്കാത്ത കുഞ്ഞാമിനാനാന്റെ പള്ള പൊളിച്ചു ഡോക്ടര്‍ കുട്ടിനെ പുറത്തെടുത്തു.   IC റൂമില്‍ നിന്നും AC റൂമിലെത്തിയ കുഞ്ഞാമിന വാക്ക് പാലിച്ച  ചിരിയുമായി കരീമിനെ നേരിട്ടു.  ഇനിയൊരിക്കലും പേറ്റിനു കൂട്ടി കൊണ്ടാകാതെ ഇജു പ്രസവിക്കരുതെന്നു പറഞ്ഞു കരീമു കുഞ്ഞാമിനാനെ വാരി പുണര്‍ന്നു.

പള്ളിമുക്കിലെ നാട്ടു നടപ്പ് കരീമിനി തെറ്റിക്കൂല ഓന്‍ നന്നായി.   കുഞ്ഞാപ്പൂന്റെ  ഒള്യാട്ടെല് കേട്ട് കൊണ്ട് അയമോക്കാന്റെ മക്കാനി അന്നും പൊടി പൊടിച്ചു.

===================================================================
 വാമൊഴി :
' എന്റെ പെണ്ണ് പെറ്റു ' എന്ന് തനി മലയാളം പറഞ്ഞിരുന്ന മലയാളി ' ഭാര്യ പ്രസവിച്ചു ' എന്ന് സംസ്‌കൃതം പറയാന്‍ തുടങ്ങിയപ്പോള്‍ ' പെണ്ണും ' ' പേറും ' ഗ്രാമ്യ പദങ്ങളായി ഇകഴ്ത്തപ്പെടുകയാണുണ്ടായത്. ഇപ്പോള്‍ മലയാളിയുടെ നിത്യവ്യവഹാരത്തില്‍ കൂടുതല്‍ അന്തസ്സുള്ള പ്രയോഗം ' വൈഫിന്റെ ഡെലിവറി' കഴിഞ്ഞു എന്നതായിരിക്കുന്നു. ( സാറാ ജോസഫ് ) വാചക മേള - മലയാള മനോരമ
 ====================================================================26 comments:

 1. കരീം ആള് കൊള്ളാമല്ലോ.
  അതിനിടയിലും എയര്‍ ഇന്ത്യ വട്ടം കറക്കി മംഗലാപുറത്തേക്ക് കൊണ്ടുപോയി അല്ലേ.

  ReplyDelete
 2. ഈ തമാശക്കഥയില് ഇളയോടന്‍ സ്വന്തം ഭാഷ മറക്കുന്ന ,മലയാളിയെ പരിഹസിക്കുന്നു.വേരുകളില്ലാത്ത ജനവിഭാഗത്തിന് എന്തു ഭാഷ,എന്തു സംസ്കാരം.?

  ReplyDelete
 3. കൊള്ളാം, ഇഷ്ടായി

  മുകളിലെ കമാന്റിൽ പറഞ്ഞത് ഇളയോടൻ ഭാഷ മറക്കുന്നു എന്നാണോ?
  ഏതാണ് ശെരിക്കുള്ള ഭാഷ? ഭാഷ എന്നത് കമ്മ്യൂണിക്കേഷനുവേണ്ടീയാണ് അത് എങ്ങനെ ആസ്വദിക്കുന്നു എന്നത് പല ആളുകൾക്കും പല രീതിയാണ്, ഞാൻ ഒരിക്കലും ശുദ്ധമലയാളത്തെ പൊക്കി പിടിക്കുന്നില്ല , താൻ ജനിച്ച് സ്ഥലത്തെ ഭാഷയെ ഞാൻ പറയൂ, അതാണ് പറയേണ്ടത്,

  ReplyDelete
 4. നല്ല രസായിട്ട് പറഞ്ഞു ഷാനവാസ് .
  ഒരു നാടന്‍ മക്കാനിയില്‍ ഇരുന്ന് തമാശക്കഥ കേള്‍ക്കുന്ന പോലെ .

  ReplyDelete
 5. നല്ലൊരു തമാശ കഥ പോലെ വായിച്ചു ...വളരെ വ്യത്യസ്തമായ രീതിയില്‍ എഴുതിക്കൊണ്ടിരിക്കുന്ന നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ഇനിയും വായനക്കാരായ ഞങ്ങളുടെ മനസ്സിലേക്ക് നിറയെ പോസ്റ്റുകളുമായി വരണം ..അതെന്നെ

  ReplyDelete
 6. കൊള്ളാം..ഒലാണ് പെണ്ണ്. ഇഷ്ടപ്പെട്ടു.

  ReplyDelete
 7. "ഞാനും കരീം പറഞ്ഞപോലെ ഓളെ വീട്ടിലോട്ട് പറഞ്ഞയച്ചു ഓള് പെറ്റ് എണീച്ചുവന്നു
  മൂന്നായപ്പോള്‍ ഓള് പറഞ്ഞു ഇനി ഞമ്മളെ ഇതിനു കിട്ടൂലാന്നു".
  ഒരു നാട്ടാചാരത്തെ തുറന്നു കാട്ടിയ പോസ്റ്റ്‌. കൊള്ളാം

  ReplyDelete
 8. തികച്ചും ഗ്രാമ്യ ഭാഷയില്‍ പറഞ്ഞ ഈ പ്രസവ കഥ രസിച്ചു വായിച്ചു.

  പലതും നഷ്ട്ടപ്പെട്ട കൂട്ടത്തില്‍ നമ്മുടെ ആ പഴയ ശൈലിയും പോയി...

  ReplyDelete
 9. ചിരിക്കാന്‍ ഒരുപാടുള്ള ഒരു പോസ്റ്റ്‌ ,കൂടെ പല അനാചാരങ്ങള്‍ക്കും നേരെയുള്ള ഒരു കൊട്ടും ,,,,തുടരട്ടെ പള്ളിമുക്കിലെ മക്കാനി കഥകള്‍ .

  ReplyDelete
 10. തനി നാടന്‍
  ഒട്ടും കലര്‍പ്പില്ലാതെ

  രസമായി കേട്ടോ

  (എന്റെ ചെറുപ്പത്തില്‍ “വയറുകീറിയാ കൊച്ചിനെ എടുത്തത്” എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പൊഴല്ലേ സിസേറിയന്‍ എന്ന് എല്ലാരും പറഞ്ഞുതുടങ്ങിയത്)

  ReplyDelete
 11. ഷാനൂ...ആസ്വദിച്ചു...ചിരിച്ചു...നന്നായിട്ടുണ്ട്..

  ReplyDelete
 12. എളയോടനെ വലിയ ഒരു breakനു ശേഷമാണ് വായിക്കാന്‍ കിട്ടുന്നത്
  ഏതായാലും നന്നായി ആസ്വദിച്ചു ചിരിച്ചു

  ReplyDelete
 13. നല്ല രസായിട്ട് പറഞ്ഞു ഷാനവാസ് ...

  ReplyDelete
 14. കുഞാമിനാന്റെ പ്രസവം അസ്സലായി ..എന്തരായാലും അപ്പി നന്നായി എഴുതി ..ആശംസകള്‍ ..

  ReplyDelete
 15. കഥ നല്ലതാണ് പക്ഷെ അതിലും കൂടുതല്‍ എനിക്കിഷ്ടായത് ഇതു പറഞ്ഞിരിക്കുന്ന ഭാഷയാണ്‌ .ആശംസകള്‍ !

  ReplyDelete
 16. This comment has been removed by a blog administrator.

  ReplyDelete
 17. This comment has been removed by a blog administrator.

  ReplyDelete
 18. ചിരിക്കാന്‍ ഒരുപാടുള്ള ഒരു പോസ്റ്റ്‌ കൂടെ പല അനാചാരങ്ങള്‍ക്കും നേരെയുള്ള ഒരു മുന്നറിയിപ്പും .ആശംസകള്‍

  ReplyDelete
 19. സംഗതി ഉഷാറായിട്ടുണ്ട് .. ഇനിയും വരട്ടെ,, വെടിക്കെട്ടുകള്‍
  അഭിനന്ദനങ്ങള്‍..

  ReplyDelete
 20. പ്രയോഗങ്ങള്‍ രസിച്ചു :)

  ReplyDelete
 21. ജോറായിട്ടുണ്ട്

  ReplyDelete
 22. Superb . Keep writing .
  All the best

  ReplyDelete
 23. ഉഗ്രൻ നാട്ട് ഭാഷ വെച്ച് കലക്കിയിരിക്കുന്നൂ‍ൂ

  ReplyDelete
 24. എന്തൊക്കെയാ എളയോടാ ങ്ങള് പറഞ്ഞ് കൂട്ടണത്. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിടയില്‍ അന്തസില്ലാത്ത പൊട്ടിച്ചിരി വരുത്തിവെച്ച വിന എനിക്കേ അറിയൂ. ഞാന്‍ സത്യായിട്ടും ഇനി ഓഫീസ് ടൈമില്‍ ഇവിടെ വരില്ല. (പോരാത്തതിന് പുട്ടിനു തേങ്ങ ഇടുണ പോലെ ഓളെ ഏട്ടത്തിമാരുടെ ഒന്നടവിട്ടുള്ള പേറു കാരണം ആമിനാന്റെ വീടിന്റെ മുമ്പിലെ ബസ്സ്‌ സ്റ്റോപ്പിന്റെ പേര് തന്നെ ബസ്സുകാര് 'കൊയമ്പുംപടി' അങ്ങാടി എന്നാക്കി മാറ്റിയ കാലമാണ്.)

  ReplyDelete

നിങ്ങളുടെ അഭിപ്രായം