Monday, February 13, 2012

സൂറാബിയുമൊത്തുള്ള എന്റെ വാലെന്റൈന്‍ സ്വപ്നങ്ങള്‍

മറ്റൊരു ഫെബ്രുവരി പതിന്നാല്, വാലെന്റൈന്‍ ഡേ ഹലാക്ക്‌ കൂടി കടന്നു വരുന്നു.  മുന്നൂറ്റി അറുപ്പതിന്നാല് ദിവസം തല്ലുകൂടാനും,   പ്രണയിക്കാന്‍  ഒരു ദിവസവും കൊടുത്ത് ഈ  എടങ്ങേറിന്റെ ഹലാക്ക്‌  മാര്‍ക്കറ്റു ചെയ്തു വിജയിപ്പിച്ച പണ്ടാറക്കാലന്മാരെ സമ്മതിക്കണം.
സൂറാബിന്റെ കൂടെ ഞാന്‍ പൊറുക്കാന്‍ തുടങ്ങിയതിന്റെ വാര്‍ഷികം  കൂടിയായ   ഫെബ്രുവരി  പതിന്നാലു എന്റെ തലയ്ക്കു മുകളിലൂടെ ആടി കളിക്കാന്‍  തുടങ്ങിയിട്ട് കൊല്ലം എത്രയായി ഒന്നും ശരിക്കും ഓര്‍മ്മയില്ല.  സിനിമ നടന്‍ രാജപ്പന്റെ പോലെ  വയസ്സ് കണ്ടു പിടിക്കും എന്ന് കരുതിയിട്ടൊന്നുമല്ല, കൊല്ലം ഓര്‍മ്മയില്ലാഞ്ഞിട്ടു തന്നെയാണ്.

കഴിഞ്ഞ കൊല്ലം ഫെബ്രുവരി പതിന്നാലിനു സൂറാബിക്ക് ഞാന്‍ കൊടുത്ത സമ്മാനത്തിന്റെ പൊല്ലാപ്പ് തീര്‍ക്കാന്‍പെട്ട പാട് ചില്ലറയൊന്നുമല്ല.  അന്ന് സൂത്രത്തില്‍ ബ്ലോഗിന്റെയും ലാപ് ടോപ്പിന്റെയും പാസ് വേര്‍ഡ്‌ മാറ്റി, ബ്ലോഗു പൂട്ടിയ സൂറാബിന്റെ കൈയ്യില്‍ നിന്നും പാസ് വേര്‍ഡും അട്ടത്തു പാത്തുവെച്ച ലാപ്ടോപ്പും  തിരിച്ചു കിട്ടാന്‍ കടിഞ്ഞി   പേറിന്റെ  നയിപ്പും ആലുക്കാസിലെ കടുമണി തൂക്കം പൊന്നുമെനിക്ക് ചെലവായി.

പണ്ടം വാങ്ങി തന്നാല്‍ പാസ്‌വേര്‍ഡു   തിരിച്ചു തരാമെന്ന  കരാറില്‍ അന്ന് ആലുക്കാസിലെത്തിയ സൂറാബി, ആലുക്കാസ് മൊത്തം കച്ചോടാക്കാന്‍ വന്ന മാതിരി ഓരോന്നോരോന്നു എടുത്തിടാന്‍ തുടങ്ങി. സൂറാബിന്റെ ആക്രാന്തം കണ്ടു എന്റെ മുഖത്തുള്ള ചോര നീരായി പോകാന്‍ തുടങ്ങി.  അവസാനം ഓള് എട്ടു പവന്റെ ഒരു മാലയില്‍ പിടി മുറുക്കി. പടച്ചോനെ, മരുഭൂമിയിലെ ആലുക്കാസില്‍ കൊല്ലി നനക്കാന്‍ വെള്ളം കിട്ടാതെ ഇരിക്കാന്‍ കസേര കാണാതെ ഞാന്‍ നിരാശനായി. തട്ടി കൂട്ടിയ കൈയിലെ  ചില്ലാനവും,  ക്രെഡിറ്റ്‌ കാര്‍ഡും മാറി മാറി നോക്കി മനക്കണക്കില്‍ മണ്ടനായ ഞാന്‍ ഉത്സാഹിച്ചു   കൂട്ടിട്ടും കൂട്ടിട്ടും ഒക്കിണില്ല. ഇതൊരു ക്രെഡിറ്റ്‌ കാര്‍ഡിലൊന്നും ഒതുങ്ങൂല.  മലയാളം ബ്ലോഗേര്‍സിന്റെ മൊത്തം പാസ്‌ വേര്‍ഡ്‌ സൂറാബി അടിച്ചോണ്ട് പോയില്ലല്ലോ എന്ന് ഞാന്‍ ആശ്വസിച്ചു.

"ഇതൊക്കെ ബോറാ സൂറാബി, അനക്കിത് ചേരൂല, സിമ്പിള്‍ മോഡലാ അനക്ക് ചേരാ."  എട്ടു പവന്റെ മാലക്കു പകരം ഞാനൊരു തൂങ്ങല്‍ ഇല്ലാത്ത കമ്മല്‍ കാണിച്ചു  കൊടുത്തു.


  "നോക്ക്യാ,   ഈ സിമ്പിള്‍ കമ്മല്‍ അനക്ക് നന്നായി ചേരും.  അനക്കറിയാലോ  ഞാനൊരു സിമ്പിള്‍ ഇഷ്ട്ടപെടുന്ന ആളാണെന്ന കാര്യം."

"പൂ  ഇങ്ങളെ ഒടുക്കത്തെ ഒരു സിമ്പിള്‍, കാര്യം വരുമ്പോ ഇങ്ങക്കൊരു  സിമ്പിളാകലാ,  ആ  പഴയ പരിപ്പ് അവടെ തന്നെ വെച്ചോളിന്‍, എന്നെ കെട്ടിയപ്പോ എന്റെ ബാപ്പാന്റെ കൈയില്‍ നിന്നും പണ്ടോം പണോം വാങ്ങിയപ്പോ ഈ സിമ്പിളാകലൊന്നും അന്ന് കണ്ടില്ലല്ലോ,"

ഓളെ ബാപ്പാന്റെ കൈയ്യില്‍ നിന്നും കാലി ചായക്ക്‌ പോലും രണ്ടു മുക്കാല് ഇന്നേ വരെ കിട്ടാത്ത ഞാന്‍ സൂറാബിന്റെ പെര്‍ഫോര്‍മന്‍സ് കണ്ടു ശ്വാസം ഉള്ളിലേക്ക് തന്നെ വലിച്ചു.

സൂറാബി എന്നെ താങ്ങിയത് കേട്ട് ആലുക്കാസിലെ മുക്കാലിന് കൊള്ളാത്ത  എരപ്പന്‍ സയില്സ്മാന്‍ എന്നെ ഒന്ന് ആക്കി ചിരിച്ചത് കണ്ടോപ്പോ ഓന്റെ കുറ്റിക്കിട്ട്   രണ്ടു പൊട്ടിക്കാന്‍ തോന്നിയെങ്കിലും എന്റെ കായിക ബലം ശരിക്കും അറിയുന്ന ഞാന്‍ അടങ്ങി, സൂറാബിനെ മെരുക്കാന്‍ നോക്കി.  അല്ലെങ്കിലെ വിളര്‍ത്ത എന്റെ ശരീരം ഒന്നുകൂടി വിളര്‍ത്തു വിയര്‍ക്കണ കണ്ട സൂറാബിന്റെ മനം അവസാനം ഒന്ന് അയഞ്ഞു, ഓള് ഞാന്‍ കാണിച്ചു കൊടുത്ത കമ്മലെടുത്തു നോക്കി. ഞാന്‍ ഓളെ ചെവിയില്‍ ആലുക്കാസിലെ ഇബിലീസ്കള്‍   കേള്‍ക്കാതെ മന്ത്രിച്ചു,

"ഇത് അനക്ക് നല്ല പോലെ ചേരും, അന്റെ മൊഞ്ച് ഒന്നൂടെ കൂടും. പോരാത്തതിന് ഇന്ന് ഭക്ഷണം ഉണ്ടാക്കണ്ട, ബ്രോസ്റ്റു വാങ്ങാം. "

ഓളെ മൂന്ത കടന്നല് കുത്തി ബടക്കായെങ്കിലും സൂറാബി കടുമണി തൂക്കം പൊന്നു  വാങ്ങി എന്റെ മാറ്റിയ പാസ് വേര്‍ഡുകളും ലാപ്ടോപ്പും തിരിച്ചു തന്നു. 
  
അത് കൊണ്ട് തന്നെ ഇത്തവണ എന്റെ പ്രിയപ്പെട്ട ഡോള്ബിയെയും DIG യെയും  വെറുതെ വിട്ടുകൊണ്ട്, 'സൂറാബി', 'ചീറാബിയായി' കൊലവെറി   നടത്തൂലാ   എന്ന വിശ്വാസത്തോടെ  സൂറാബിയുമൊത്തുള്ള എന്റെ ആദ്യത്തെ  വാലന്റൈന്‍   സ്വപ്നങ്ങള്‍ സമര്‍പ്പിക്കുന്നു.  

ഗള്‍ഫില്‍ നിന്നും പെണ്ണ് കെട്ടാനുള്ള പൂതിയുമായി രണ്ടു മാസത്തെ ലീവിന് പള്ളിമുക്കിലെത്തിയ ഞാന്‍ ഒരു ചെറിയ പെരുന്നാള്‍ സുദിനത്തിലാണ് സൂറാബിനെ   പെണ്ണ് കാണാന്‍ പോകുന്നത്. പെരുന്നാള്‍ ദിനത്തില്‍ മൂന്നു മണിയോടെ പേരില്‍ മാപ്പിള കൊത്തിവെക്കാത്ത ഞങ്ങളുടെ തറവാട് വക ബ്രോക്കര്‍,  പട്ടര്‍ എന്ന ഓമന പേരില്‍ അറിയപ്പെടുന്ന പട്ടരു മയമ്മാക്ക വന്നു.     പെരുന്നാള്‍ അല്ലേ എന്നെ ചെത്താന്‍ വന്നതാകും എന്ന് കരുതി അമ്പതു മനസ്സില്‍ കണ്ടു ഒരു നൂറു ഉറുപ്പികയെടുത്തു നീട്ടി കൊടുത്തു. എന്റെ അപ്പോഴത്തെയിരുപ്പു വശം അനുസരിച്ച് മൂപ്പരെയെനിക്ക് തെറ്റിക്കാന്‍ പറ്റൂലല്ലോ.

"ഇതൊക്കെ പിന്നെ മതീടാന്നും പറഞ്ഞു പട്ടര്‍ ഞാന്‍ കൊടുക്കുന്നതിനു മുമ്പ് കായി വാങ്ങി പോക്കറ്റിലാക്കി. ഇജ്ജു വേഗം റെഡിയാകു,  പട്ടിക്കാട് ഒരു പെണ്ണുണ്ട്, പോയി നോക്കാം."

പട്ടിക്കാടെന്നു   കേട്ടപ്പോ എന്റെ നെഞ്ച് ഒന്ന് പിടച്ചു.  അന്ന് പള്ളിമുക്കിലെ ചെക്കന്മാരുടെയിടയില്‍ ‍ വെട്ടിക്കാട്ടിരിയും, പട്ടിക്കാടുമാണ് ഏറ്റവും വലിയ കണ്‍ട്രി സ്ഥലങ്ങള്‍. പിന്നെ പൂക്കോട്ടൂരും, കൂരാടും.     പട്ടിക്കാടിന്റെ പേര് അന്നൊക്കെ ഏതു സന്തോഷ്‌ പണ്ഡിറ്റിന്റെ   സിനിമയിലുമുണ്ടാകുന്ന കാലമാണ്.   കഴിയുന്നതും ഞങ്ങള്‍ ഈ നാല് സ്ഥലവും ഒഴിവാക്കുകയാണ് പതിവ്. പൂക്കോട്ടൂരില്‍ നിന്നും പെണ്ണുകെട്ടിയ എന്റെ ഒരെളാപ്പാന്റെ ആദ്യ കാല ഹലാക്ക്‌ ഞാന്‍ കണ്ടറിഞ്ഞതാണ്.     പെണ്ണിന്റെ വീട് എവിടേന്ന് ചോദിച്ചാല്‍ മൂപ്പര് മഞ്ചേരി അടുത്ത്, അല്ലെങ്കില്‍ മലപ്പുറം അടുത്ത് എന്നൊക്കെയാ മറുപടി പറഞ്ഞു തടി തപ്പും.  

മക്കാറാക്കലിന്റെ   ഉസ്താദായ എന്റെ   അനുജന്റെ നാക്കിനു ചെകിട് കൊടുക്കാതെ ഞാനും പട്ടരും കിട്ടിയ രണ്ടു ദോസ്തുമാരും കൂടി ‍ പട്ടിക്കാടെങ്കില്‍ പട്ടിക്കാട്ടില്‍ക്ക് പെണ്ണ് കാണാന്‍ പോയി.  ക്ലാസ്സെടുക്കാന്‍ മിടുക്കരായ എന്റെ പെങ്ങളുടെയും അനുജന്റെയും ക്ലാസ് കാരണം  പേന്റിടാന്‍ മടിയുള്ള ഞാന്‍ തുണി മാറ്റി പട്ടിക്കാട്ടില്‍ക്ക്   പേന്റിട്ടുകൊണ്ട് പെണ്ണ് കാണാന്‍ പോയി.

പട്ടിക്കാട് എത്താനായി, പോക്കറ്റിലുള്ള ചീര്‍പ്പെടുത്തു മുടി ഞാന്‍ അതി   വിശാലമായ  എന്റെ നെറ്റിയില്‍ ‍  മാമാട്ടി സ്റ്റൈലില്‍ പരത്തിവെച്ചു. 

പട്ടരെ പിന്നാലെ ഞങ്ങള്‍ പെണ്ണിന്റെ വീട്ടില്‍ കയറി ഞാന്‍ ഒരു സലാം കാച്ചി. എന്റെ വെയിറ്റ് കൂടാന്‍ വേണ്ടി  സലാം  ഞാന്‍ കാച്ചിയാല്‍  മതിയെന്ന് ഞാനും  ബ്രോക്കറും   തമ്മിലുള്ള അഡ്ജസ്റ്റ്മെന്റായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍   സൂറാബി മൂന്നു പ്രാവശ്യമായി ഞങ്ങളുടെ മുമ്പില്‍ വന്നു. ആദ്യം ചായ, പിന്നെ ഒരു പ്ലേറ്റില്‍  ഒരു നേന്ത്ര പഴം കലാവിരുതോടെ അതി ഭംഗിയായി തൊലി കളയാതെ പന്ത്രണ്ടു സമ കഷ്ണമാക്കിയത്, മൂന്നാമത്തെ വരവില്‍  കുറച്ചു ചിപ്സും വെച്ച് സൂറാബി  കോട്ടിക്കു അടികിട്ടിയ മാതിരി തിരിച്ചുപോയി.     ചായ കുടിച്ചു സൂറാബിന്റെ വീട്ടിലെ ആണുങ്ങളുടെ ചോദ്യങ്ങള്‍ നേരിട്ടു  ഒരു വിധം അഡ്ജസ്റ്റ് ചെയ്തിരിക്കുമ്പോഴാണ്   സൂറാബിന്റെ ആങ്ങള എന്നെ മാത്രം അകത്തേക്ക് വിളിച്ചു.   ജീവിതത്തിലാദ്യമായി പെണ്ണുങ്ങളുടെ ഇന്റര്‍വ്യൂ ബോര്‍ഡിന് മുമ്പില്‍ ഞാന്‍ പ്രത്യക്ഷപ്പെട്ടു.  സൂറാബി, ഓളെ ഉമ്മ, ഒന്ന് രണ്ടു ഏട്ടത്തിമാര്‍, പറയുന്നതിന് കമെന്റിടാതെ, പറയാത്തതിനു മുഴുവന്‍ കമെന്റും, ലൈക്കുമിടുന്ന  നബീസ താത്ത, സൂറാബിനെ അന്നും ഇന്നും എന്നും ഉപദേശിച്ചു നന്നാക്കുന്ന ഓളെ കുഞ്ഞെളെമ്മ,   പിന്നെ ഓളെ ഒരു അമ്മായിന്റെ മകന്‍ പേരിലും പോക്കറ്റിലും തലയിലും പൈസക്കാരനായ മണി.  ഇരിക്കാന്‍ സീറ്റ് വെയ്ക്കാത്ത റൂമില്‍  ചുമര് ചാരി നിന്ന്  ഞാന്‍ എല്ലാവര്‍ക്കുമായി സലാം കൊടുത്തു.  എന്റെ സലാം  കേട്ടയുടന്റെ നബീസ  താത്താന്റെ കമെന്റു വന്നു.

 "സലാമു ഉച്ചയ്ക്ക് വന്നു പോയി,  ഇനി നാളെ വരും." 

നബീസ താത്താന്റെ കമെന്റും ലയിക്കും പേടിച്ചു ഞാന്‍ ഓരോരുത്തരെയായി നേരിട്ടു.     ഇടയ്ക്കിടെ മുഹബത്തു മൂത്ത് ഓളെ  അമ്മായിന്റെ കാര്യപ്രാപ്തിയുള്ള മകന്‍    മണി എന്റെ തോളില്‍   പിടിക്കുന്ന പോലെ എനിക്ക് തോന്നി. 

ലൈക്കാനുള്ള ഉപകരണമായ ഫയിസ്സു ബുക്ക്‌ കണ്ടു പിടിചിട്ടില്ലെങ്കിലും  ഞാനും സൂറാബിയും  പരസ്പ്പരം ഒന്ന് ലൈക്കി.  ഇന്റര്‍വ്യൂയെല്ലാം  കഴിഞ്ഞു നബീസ താത്ത കേള്‍ക്കാതെ പതുക്കെ  ഒരു സലാം കൂടി കൊടുത്ത് മടങ്ങി പോരും വഴി, സൂറാബിന്റെ  കുടുംബക്കാരുടെ വീട്ടില്‍ സൂറാബിനെ ലൈക്കിയ വിവരം പറഞ്ഞു ഞാന്‍ പള്ളിമുക്കില്‍ തിരിച്ചെത്തി.

പെണ്ണിനെ എനിക്ക് പറ്റിയ സ്ഥിതിക്ക് സൂറാബിനെ കാണാന്‍ പെണ്ണുങ്ങള്‍ പോകാന്‍ തീരുമാനിച്ചു.   ആണിന് പറ്റിയാലും ശരി രണ്ടു കുടുംബത്തിലെയും പെണ്ണുങ്ങള്‍ക്ക്‌ കൂടി ചെക്കനേയും പെണ്ണിനേയും പറ്റിയെങ്കിലെ പള്ളിമുക്കിലും പട്ടിക്കാടുമൊക്കെ  അന്ന് കല്യാണം നടക്കുകയുള്ളൂ പള്ളിമുക്കിലെ അന്നത്തെ  കല്യാണം മുടക്കികളെക്കാള്‍  എനിക്ക് പേടി ചെക്കന് ഇഷ്ട്ടപെട്ട പെണ്ണിന്റെ കുറ്റം കാണാന്‍ പോകുന്ന ഇത്തരം പെണ്ണുങ്ങളെയാണ്. അത് കൊണ്ട് തന്നെ പെണ്ണിനെ കാണാന്‍ പോകുന്ന പെണ്ണുങ്ങളുടെ എണ്ണം നാലായി ചുരുക്കി.  മനസ്സില്‍ ലഡുവും    നെഞ്ചില്‍ പെരുംപറയുമായി .  സൂറാബിനെ കാണാന്‍ പോകുന്ന   എട്ടു കണ്ണുകളില്‍ നിന്നും സൂറാബി രക്ഷപെടെട്ടെ എന്ന പ്രാര്‍ത്ഥനയുമായി ഞാനെന്റെ  നിസ്ക്കാര നേരം നീട്ടി കൊണ്ടിരിക്കുമ്പോഴാണ് മുറ്റത്തൊരു കാറിന്റെ ശബ്ദം. ഞാന്‍ ജന്നലിലൂടെ പുറത്തേക്കു നോക്കി,

റാംജി റാവു സ്പീക്കിങ്ങില്‍  സായികുമാറിനെ പിടിക്കാന്‍ പോണ മാമുക്കോയയുടെ കാറിന്റെ റീമേക്ക് സീന്‍ പോലെ ഒരു അബാസ‍ഡര്‍
കാറില്‍ കുത്തി നിറച്ചിരുന്ന ഒരു പത്തു പതിനഞ്ചു പേര്‍ പുറത്തേക്കു ചാടുന്നു. ചാട്ടാളി പരല് പോലെ ആദ്യം ചാടിയ ആളെ കണ്ടു ഞാന്‍ ഞെട്ടി പടച്ചോനെ വിളിച്ചു. സൂറാബിന്റെ ആങ്ങള, പിന്നെ ഓളെ ബാപ്പ, ഓരോരുത്തരായി ഇറങ്ങി.  പള്ളിമുക്കിലെ കല്ല്യാണം  മുടക്കികളെ ഞാന്‍ മാനത്തു കണ്ടു എന്റെ ഉപ്പാന്റെ കൂടെ പുറത്തിറങ്ങി.  വന്നവരെ അകത്തേക്ക് കഷണിച്ചു, ഞാന്‍ വെള്ളം കുടിക്കാന്‍ പാഞ്ഞു. എന്റെ ബേജാറു കണ്ടു ഉപ്പ പിന്നാലെ വന്നു പറഞ്ഞു, "അവര് കല്ല്യാണമുറപ്പിക്കാന്‍ വന്നതാ,  മുടക്കാനല്ല. "

പടച്ചോന്‍ കാത്തു, ആരും മുടക്കീട്ടില്ല,  പള്ളിമുക്കിലെക്കാള്‍  വീര്യം കൂടിയ കല്ല്യാണം മുടക്കികള്‍ പട്ടിക്കാടുണ്ടെന്നു എനിക്ക് മനസ്സിലായി. വിവരം അറിഞ്ഞു എന്റെ   എളാപ്പാരൊക്കെയെത്തി, കല്ല്യാണം ഒരാഴ്ച കഴിഞ്ഞു  ഫെബ്രുവരി പതിന്നാലിനു നടത്താന്‍ തീരുമാനിച്ചു.   പെണ്ണുങ്ങള്‍ക്ക്  കുറ്റം കണ്ടു പിടിക്കാന്‍ ചാന്‍സ് കൊടുക്കാതെ സൂറാബി അതി ബുദ്ധി കാട്ടിയതില്‍ എന്റെ കുടുംബത്തിലെ പെണ്ണുങ്ങള്‍ക്ക്‌ നിരാശയായി.   എന്തായാലും പിറ്റേ ദിവസം ചടങ്ങിനു നാലിന് പകരം എല്ലാ പെണ്ണുങ്ങളെയും സൂറാബിന്റെ വീട്ടില്‍ക്ക്‌ പറഞ്ഞയച്ചു.  കുറ്റം കാണാന്‍ ചാന്സില്ലാതെ സൂറാബിന്റെ ഉമ്മാന്റെ ഡോള്‍ബി സിസ്റ്റം ആസ്വദിച്ചു അവരെല്ലാം മടങ്ങിയെത്തി.


അങ്ങിനെ സൂറാബിന്റെയും എന്റെയും കല്ല്യാണം ഫെബ്രുവരി പതിന്നാലിനു കഴിഞ്ഞു.  കല്ല്യാണം കഴിഞ്ഞു ഓളെ വീട്ടില്‍ ഞാന്‍ പോയപ്പോള്‍ ഓള് വീടിന്റെ ചുമരില്‍ ഒരു വര കാണിച്ചു തന്നു.   പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ എന്റെ ഉയരം ചുമരില്‍ പേന കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു,  തലയില്‍ പണം കായ്ക്കുന്ന മരം കൊണ്ട് നടക്കെണ ‍ ഓളെ അമ്മായിന്റെ മകന്‍ പെണ്ണ് കാണാന്‍ വന്നപ്പോള്‍ മുഹബത്തു മൂത്ത് എന്റെ തോളില്‍ പിടിക്കെണ   പോലെ കാണിച്ചു അടയാളപ്പെടുത്തിയതാണ്.  ഓന്റെ തലെന്റുള്ളിലെ സാഹസം കണ്ടാല്‍ കരുതും ഞാന്‍ വല്ല കുള്ളന്മാരുടെ അത്ഭുത ദ്വീപില്‍ നിന്നാണ് പെണ്ണ് കാണാന്‍ വന്നത്.  റേഷന്‍ ഷാപ്പില്‍ കുറച്ചു കാലം പണിയെടുത്ത കാരണം ഓന്‍ എന്റെ അളവില്‍ രണ്ടിഞ്ചു കുറച്ചെങ്കിലും  ചുമരിലും 'എന്റെ തലയിലും വര വരച്ച' സൂറാബിന്റെ  വീട്ടുകാരുടെ ബുദ്ധിയില്‍ ഞാന്‍ അഭിമാനം കൊണ്ടു.

അങ്ങിനെ ആദ്യത്തെ ഫെബ്രുവരി പതിന്നാലിനു ശേഷം ഒരുപാട് ഫെബ്രുവരി  പതിന്നാല്,  സൂറാബി വിചാരിച്ചാല്‍ പോലും ഒന്ന് പോലും  ഓളെ മറക്കാന്‍ അയക്കാതെ ഈ ഹലാക്കിന്റെ അവിലും കഞ്ഞി മാര്‍ക്കറ്റു ചെയ്യുന്ന എല്ലാ മാധ്യമ ചാനലുകാര്‍ക്കും പ്രണാമത്തോടെ ഇന്നെങ്കിലും ഞാന്‍ ബാല്‍ താക്കെര്‍ക്ക് ജയ്‌ വിളിക്കാന്‍ പോകട്ടെ.

(ചിത്രം: ഗൂഗിള്‍)