Showing posts with label കഥ/അനുഭവങ്ങള്‍‍/പലവക. Show all posts
Showing posts with label കഥ/അനുഭവങ്ങള്‍‍/പലവക. Show all posts

Thursday, February 14, 2013

കുഞ്ഞാമിനാന്റെ പേറ്റു നോവ്‌.

പെരക്ക് തീ പിടിച്ച പോലെ കുഞ്ഞാപ്പൂന്റെ  മണ്ടി പാച്ചിലും ഓള്യാട്ടലും കണ്ടവര്‍ കണ്ടവര്‍ അയമോക്കാന്റെ  മക്കാനി ലാക്കാക്കി പായാന്‍ തുടങ്ങി.  

"ഐത്രുമാന്‍ ഹാജിയാരെ മരോള് കുഞ്ഞാമിന പെറാന്‍   കൂട്ടാക്കെണില്ല"
അള്ളോ  ഓള്പ്പതു എന്ത് നിരീച്ചിട്ടാപ്പോ. ഇതത്ര നിസ്സാരാക്കി തള്ളാം പറ്റൂലല്ലോ,  പള്ളിമുക്കിലെ ഒട്ടുമുക്കാലും ആള്‍ക്കാര്‍ അയമോക്കാന്റെ മക്കാനിക്ക് നീങ്ങി തുടങ്ങി.                                                                                    

മക്കാനി അയമോക്കാന്റെ കോളാമ്പിയായ  കുഞ്ഞാപ്പു എന്തെങ്കിലും പറഞ്ഞുക്കെണെങ്കില്‍ അയിന്റെ ഡീറ്റയില്‍സ്  അയമൂന്റെക്കെണ്ടാകും. അതോണ്ടെന്നെ വേലൂന്റെ  കള്ളുഷാപ്പില് കാണാത്ത തിരക്ക് അയമോക്കാന്റെ മക്കാനിയില്‍ കാണപ്പെട്ടു.

 ഏഴു ‍ പെണ്  മക്കള്‍ക്ക്‌ ശേഷം ഐത്രുമാന്‍ ഹാജിയാര്‍ക്ക് കിട്ടിയ ഏക ആണ്‍തരി കരീമിന്റെ കെട്ടിയോള് കുഞ്ഞാമിനാക്ക് എന്തേപ്പോ പറ്റിയേത്‌,  ഹാജിയാരെ കുടുംബം അന്യം നിന്ന് പോകാതെ നോക്കേണ്ട ഓള് പത്താം മാസം പേറിനുള്ള ഡേറ്റ് കഴിഞ്ഞിട്ടും  പെറാന്‍കൂട്ടാക്കാതെ വാശീയും ചിത്താന്തോം പിടിച്ചിരിക്കുകയാണ്. പേറൊക്കെ സിനിമേല് വരെ  വീഡിയോ പിടിച്ചു കാട്ടി തരുന്ന കാലത്താപ്പോ ഓളെയീ നാമൂസു കാട്ടല്.

കല്ല്യാണം കഴിഞ്ഞു പത്തുകൊല്ലത്തിനു ശേഷം പള്ളേലുണ്ടായ  കുഞ്ഞാമിനാന്റെ കടിഞ്ഞൂല്‍ പേറു കിനാവു കണ്ടു ഹാജിയാര്‍  കൊറച്ചു കാലായി  കുത്തിയിരിക്കാന്‍ തോടങ്ങിയിട്ടു.  കുഞ്ഞാമിനാക്ക് പള്ളേലുണ്ടാകൂല, ഓള് മച്ചിയാണെന്നു, പള്ളിമുക്കിലാകെ പേറുടുക്കെണപാത്തും താത്തയും ഒത്താച്ചി മാളുമ്മൊക്കെ  പാടി നടക്കാന്‍ തോടങ്ങയിനു മുമ്പ് തന്നെ ഹാജിയാര് രണ്ടു കെട്ടാന്‍ കരീമിനോട് പറഞ്ഞതാണ്.

"കൊയപ്പം കുഞ്ഞാമിനക്കല്ല, കരീമിനാ, ഓലെ രണ്ടാളെയും എടപ്പാളിലെ പെറാത്തോല് പെറാന്‍ പോണ ആസുപത്രീക്ക് കൊണ്ടോണം. കുഞ്ഞാമിനാന്റെ  ഇമ്മ ആയിശാത്ത  വിസ്താരം പറഞ്ഞു തുടങ്ങി.
 
പോരാത്തതിന് പുട്ടിനു തേങ്ങ ഇടുണ പോലെ ഓളെ ഏട്ടത്തിമാരുടെ ഒന്നടവിട്ടുള്ള പേറു കാരണം ആമിനാന്റെ വീടിന്റെ മുമ്പിലെ ബസ്സ്‌ സ്റ്റോപ്പിന്റെ പേര് തന്നെ ബസ്സുകാര് 'കൊയമ്പുംപടി' അങ്ങാടി എന്നാക്കി മാറ്റിയ കാലമാണ്.


പള്ളിമുക്കിലെ കന്നാളെ എടക്കര ചന്തക്ക്  കൊണ്ടോണ  പോലെ എടപ്പാള്‍ക്ക് പോകാന്‍ വേറെ  ആളെ  നോക്കാന്‍ പറഞ്ഞു കരീമു കുഞ്ഞാമിനാനെയും കൊണ്ട് അക്കരയ്ക്കു പറന്നു.

അക്കരെക്ക്ത്തി രണ്ടു മൂന്ന് മാസം കഴിഞ്ഞപ്പോ, കുഞ്ഞാമിനാക്ക് മാസകുളി തെറ്റി.  ഹാജിയാരെ തറവാട് റേഷന്‍ കാര്‍ഡിലും അന്യം നിന്ന് പോകൂലാ,  കുഞ്ഞാമിനാക്ക്  കുളി തെറ്റിയ വാര്‍ത്ത പള്ളിമുക്കിലാകെ പരന്നു.

കുഞ്ഞാമിനയും കരീമും നാട്ടിലെത്തി.  മാരുതി സിഫ്ട്ടില്‍ സിഫ്ടല്ലാതെ രണ്ടാളും കൂടി ഡോക്ടറെ കണ്ടു. കുഴപ്പമില്ല,   ആണ്‍ കുട്ടി തന്നെ. തറവാടിന്റെ മാനം കുഞ്ഞാമിന കാത്തു.


കുഞ്ഞാമിനാനെ പേറ്റിനു കൂട്ടി കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴാണ് കരീമിന് പിരാന്തിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയതു.

കുഞ്ഞാമിനാന്റെ  പള്ള കാണല്‍ ചടങ്ങോ, പേറിന് കൂട്ടി കൊണ്ട് പോകല്‍ ചടങ്ങോ ഉണ്ടാക്കാന്‍ കരീമു സമ്മതിക്കുന്നില്ല.  ഈ കുന്ത്രാണ്ടങ്ങളൊന്നുമില്ലാതെ  ഓള് പെറാണെങ്കില്‍ മതി.     കരീമിന്റെ വാശി ഹാജിയാരെ വരെ  ശുണ്ടി പിടിപ്പിച്ചു.

"കരീമേ, ഇജു മാണ്ടാത്ത കുണ്ടാമണ്ടിക്ക് തല വെക്കണ്ട.  അന്റെ കെട്ട്യോള് പെറൂല. പള്ളി മുക്കിലെ ഇന്ന് വരെ പേറ്റിനു കൂട്ടി കൊണ്ടോകാതെ ആരും പെറ്റിട്ടില്ല,   അനയ്ക്കിപ്പോ ആചാരങ്ങളോടുള്ള മഞ്ഞാളം കളി നല്ലോണം കൂടീട്ടുണ്ട്.  കഴിഞ്ഞ കൊല്ലം മോല്യാര് തന്ന ബര്‍ക്കത്തുള്ള മുടി കഴുകിയ വെള്ളം തട്ടി കളഞ്ഞപ്പോളെ നമ്മള് നിരീച്ചതാ ഇജു ഗള്‍ഫില്‍ പോയത് നമ്മളെ ദീന് എരപ്പാക്കി ബടക്കാനാണ്".

കരീം  ആരെയും  കാത്തു നില്‍ക്കാതെ കുഞ്ഞാമിനാനെ  ഓളെ വീട്ടിക്കു കൊണ്ട് ചെന്നാക്കി.  "പത്താം മാസം ഇജു പെറും.  ബേജാറാകണ്ട", കരീമു കെട്ടിയോളെ സമാധാനിപ്പിച്ചു അക്കരയ്ക്കു മടങ്ങി.

കുഞ്ഞാമിനാനെ പെറാന്‍ വേണ്ടി ഹോസ്പിറ്റലില്‍ ആക്കി. ഡോക്ടറും പേറുടുക്കെണ   പാത്തും താത്തയും പഠിച്ചത് പതിനെട്ടും  പയറ്റീട്ടും  കുഞ്ഞാമിന പെറാന്‍ കൂട്ടാക്കാതെ വാശിയിലായി. ഓള്‍ക്ക് പ്രസവ വേദന വരുന്നില്ല.

അയമോക്കാന്റെ മക്കാനിലെ വാര്‍ത്ത നാട്ടില്‍ പാട്ടായി. കുഞ്ഞാമിനാന്റെ പള്ള ആരും കാണാത്തോണ്ട് ഓള്‍ക്ക്  പള്ളേലുണ്ടോ എന്ന കാര്യം തന്നെ സംശയമായി.

ഹാജിയാര്‍ കരീമിനെ ഫോണ്‍ ചെയ്തു, ടിക്കറ്റും റീ എന്ട്രിയും ശരിയാക്കി, സ്വയം പിരാകി കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ ഇറങ്ങേണ്ട കരീമു എയര്‍ഇന്ത്യയില്‍  ഒന്ന് വട്ടം കറങ്ങി മംഗലാപുരത്തിറങ്ങി, കുഞ്ഞാമിനാനെ  കാണാന്‍ പാഞ്ഞു.

കുഞ്ഞാമിന വാക്ക് പാലിച്ചു, ഓള് പ്രസവിച്ചില്ല, പെറാന്‍ കൂട്ടാക്കാത്ത കുഞ്ഞാമിനാനാന്റെ പള്ള പൊളിച്ചു ഡോക്ടര്‍ കുട്ടിനെ പുറത്തെടുത്തു.   IC റൂമില്‍ നിന്നും AC റൂമിലെത്തിയ കുഞ്ഞാമിന വാക്ക് പാലിച്ച  ചിരിയുമായി കരീമിനെ നേരിട്ടു.  ഇനിയൊരിക്കലും പേറ്റിനു കൂട്ടി കൊണ്ടാകാതെ ഇജു പ്രസവിക്കരുതെന്നു പറഞ്ഞു കരീമു കുഞ്ഞാമിനാനെ വാരി പുണര്‍ന്നു.

പള്ളിമുക്കിലെ നാട്ടു നടപ്പ് കരീമിനി തെറ്റിക്കൂല ഓന്‍ നന്നായി.   കുഞ്ഞാപ്പൂന്റെ  ഒള്യാട്ടെല് കേട്ട് കൊണ്ട് അയമോക്കാന്റെ മക്കാനി അന്നും പൊടി പൊടിച്ചു.

===================================================================
 വാമൊഴി :
' എന്റെ പെണ്ണ് പെറ്റു ' എന്ന് തനി മലയാളം പറഞ്ഞിരുന്ന മലയാളി ' ഭാര്യ പ്രസവിച്ചു ' എന്ന് സംസ്‌കൃതം പറയാന്‍ തുടങ്ങിയപ്പോള്‍ ' പെണ്ണും ' ' പേറും ' ഗ്രാമ്യ പദങ്ങളായി ഇകഴ്ത്തപ്പെടുകയാണുണ്ടായത്. ഇപ്പോള്‍ മലയാളിയുടെ നിത്യവ്യവഹാരത്തില്‍ കൂടുതല്‍ അന്തസ്സുള്ള പ്രയോഗം ' വൈഫിന്റെ ഡെലിവറി' കഴിഞ്ഞു എന്നതായിരിക്കുന്നു. ( സാറാ ജോസഫ് ) വാചക മേള - മലയാള മനോരമ
 ====================================================================



Thursday, June 2, 2011

പള്ളിമുക്ക് ഫലിതങ്ങള്‍.





പള്ളിമുക്ക് ഫലിതങ്ങള്‍.

ഞാന്‍ കണ്ടതും കേട്ടതുമായ എന്റെ നാടുമായി (ചെറുകോട്)  സാമ്യമുള്ള നാട്ടു   ഫലിതങ്ങളില്‍ ചിലത് നിങ്ങളുമായി പങ്കു വെക്കുന്നു. 

1 . കുഞ്ഞാലി ഹാജി ചില നേരമ്പോക്കുകള്‍:

 ഹാജിയാര്‍ക്ക് വന്ന സമന്‍സ്. 

ഞങ്ങളുടെ നാട്ടിലെ പ്രധാനിയായിരുന്നു  ഞങ്ങള്‍ക്കെല്ലാം പ്രിയങ്കരനായിരുന്ന ശ്രീ  കുഞ്ഞാലി ഹാജി.  മൂപ്പരെ കുട്ടികള്‍ കുഞ്ഞലാക്ക എന്നും, വലിയവര്‍ ഹാജിയാര്‍ എന്നുമാണ് ബഹുമാനത്തോടെ വിളിച്ചിരുന്നത്‌. 


വലിയൊരു  സുഹൃത്   വലയത്തിനുടമയായ  ഹാജിയാര്‍ അഞ്ചു നേരവും പള്ളിയില്‍ നിന്ന് തന്നെ നമസ്ക്കരിക്കുന്നതില്‍  കണിശത കാണിച്ചിരുന്നു. നാട്ടില്‍ ഒരു റൈസ്മില്‍ ഉടമ കൂടിയായ ഹാജിയാര്‍  ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'സ്റ്റാര്‍' ആയി നടക്കുന്ന കാലത്താണത്‌ സംഭവിച്ചത്.

ഒരിക്കല്‍ ഒരു അറസ്റ്റു വാറണ്ടുമായി പോലീസുകാരന്‍   കുഞ്ഞാലി ഹാജിയെ തിരഞ്ഞു വന്നു. നാട്ടിലെ പ്രമാണിമാരെല്ലാം അഡ്രസ്‌ നോക്കി, തെറ്റിയിട്ടില്ല സമന്‍സ് ഹാജിയാര്‍ക്ക് തന്നെ.   സിനിമാ ഹാളില്‍ നിന്നും പുക വലിച്ചതാ കേസ് അതും ഒരു ഉച്ച പടത്തിന്. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ച് പോലീസുകാരന്റെ പിന്നാലെ ഹാജിയാരുടെ അടുത്തേയ്ക്ക് നീങ്ങി. പരദൂഷണത്തില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടാനായി ശ്രമം നടത്തുന്നവരില്‍ ചിലര്‍ അടക്കം പറഞ്ഞു തുടങ്ങി.  

ഹാജിയാര്‍ പോലീസുകാരന്റെ  കൈ പിടിച്ചു അങ്ങാടിയിലൂടെ ആകെ നടന്നു, തന്നെ അറസ്റ്റു ചെയ്യാന്‍ വന്നതും, അതിന്റെ കാരണവും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.  സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടിയ പോലീസുകാരന്‍  എങ്ങിനെയെങ്കിലും ഒന്ന് തടി എടുത്താല്‍ മതി എന്നായി. ജീവിതത്തില്‍ ഹാജിയാര്‍ സിനിമയും കണ്ടിട്ടില്ല, പുകയും വലിച്ചിട്ടില്ല സമന്‍സ് കൊടുക്കാതെ അതുവഴി വന്ന ബസ്സില്‍ ചാടി കയറി അയാള്‍ സ്ഥലം വിട്ടു.  ഹാജിയാരുടെ ആമീനെ പിടിച്ചുള്ള നടത്തത്തെക്കാള്‍  രസകരമായി ഇപ്പോഴും തോന്നുന്നത് ആരായിരിക്കും പോലീസ് പിടിച്ചപ്പോള്‍ കൃത്യമായി ഹാജിയാരുടെ പേരും അഡ്രസ്സും പറഞ്ഞു കൊടുത്തു തടിതപ്പിയ  വിരുതന്‍
 ****************************************

ലീഗ് ഹൈ പവര്‍ മീറ്റിങ്ങില്‍ ഹാജിയാര്‍. 

കോഴിക്കോട് ലീഗ് ഹൈ പവര്‍ കമ്മിറ്റി കൂടുന്നു. ബാബറി മസ്ജിദ് പൊളിച്ച സംഭവം ചര്‍ച്ച ചെയുകയാണ്. പാണക്കാട് തങ്ങളെ കൂടാതെ   MP MLA  തുടങ്ങി ക്ഷണിക്കപെട്ട ആളുകള്‍ക്ക് മാത്രം പ്രവേശനം.   ലീഗിന്റെ  പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ മാത്രമായ കുഞ്ഞാലി     ഹാജി കോഴിക്കോട്ടെ  മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തി.  ഗേറ്റ് മാന്‍ ഹാജിയാരെ തടഞ്ഞു നിര്‍ത്തി.  MP , MLA  എന്നിവര്‍ക്കെ പ്രവേശനമുള്ളു  എന്ന് പറഞ്ഞു.  തോളിലിരിക്കുന്ന മുണ്ട് കുടഞ്ഞു ഞാന്‍ പിന്നെ  അന്റെ ഒലക്കയാണോടാ  എന്ന് ചോദിച്ചു ഹാജിയാര്‍ കയര്‍ത്തു.  മൂപ്പരും ഏതോ ഒരു  MP യോ MLA യോ ആയിരിക്കുമെന്ന് കരുതി ഗേറ്റ്മാന്‍ ഭവ്യതയോടെ ഗേറ്റ് തുറന്നു  ബഹുമാന പുരസ്ക്കരം ഹാജിയാരെ മീറ്റിംഗ് ഹാളിലേയ്ക്ക് ആനയിച്ചു.
*******************************************

ഓസിനൊരു ബിരിയാണി 

ഒരിക്കല്‍ നമ്മുടെ ഹാജിയാര്‍ അങ്ങാടിയിലുള്ള തന്‍റെ വീട്ടില്‍ ബീഫ് ബിരിയാണി ഉണ്ടാക്കി വഴിയില്‍ പോകുന്നയെല്ലാവരെയും വിളിച്ചു സല്‍ക്കരിച്ചു. ഞാനും കൊതി മൂത്ത് ആ ബിരിയാണി ആര്‍ത്തിയോടെ കഴിച്ചു. ഭക്ഷണം കഴിച്ച  ശേഷം  ഹാജിയാര്‍ ഒരു വെള്ള പേപ്പറില്‍ പേര് എഴുതാന്‍ പറഞ്ഞു.
അടുത്ത ദിവസത്തെ പത്രം കണ്ടപ്പോള്‍ ഞങ്ങള്‍  അന്തം വിട്ടത്, പേര്  സഹിതം.ബിരിയാണി കഴിച്ചവരെല്ലാം ഹാജിയാരുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതായി വാര്‍ത്ത.
*******************************************

2 കോയ ഫലിതങ്ങള്‍:

കടന്നു വരൂ കോയാ

എന്നെക്കാള്‍   സീനിയര്‍ ആണെങ്കിലും  ഉമ്മര്‍ കോയ എന്റെ  ഫ്രണ്ട് ആണ്. ഇപ്പോള്‍ കൂയന്‍ റിയാദില്‍ ജോലി ചെയ്യുന്നു.  കോയ സ്കൂളില്‍ പഠിക്കുന്ന സമയം. നേരം വൈകി ക്ലാസ്സിലേയ്ക്ക് വന്ന കോയ ക്ലാസ്സില്‍ കയറാന്‍ ടീച്ചറിന്റെ  അനുമതിക്കായി വാതില്‍ക്കല്‍ കാത്ത് നിന്നു.


സര്‍ എന്ന വിളി കേട്ട ഉടനെ ടീച്ചര്‍ കോയയോട് കടന്നു വരൂ എന്ന് പറഞ്ഞു. കൈയിലുള്ള പുസ്തകം അവിടെ വെച്ച് കോയ തറയില്‍ കിടന്നു ഉരുണ്ടു ഉരുണ്ടു ക്ലാസ്സില്‍ എത്തി. തന്റെ വാക്കിനെ അപ്പടി അനുസരിച്ച ശിഷ്യന്റെ അഭ്യാസം കണ്ടു ടീച്ചറും കുട്ടികള്‍ക്കൊപ്പം പൊട്ടി ചിരിച്ചു!
*******************************************

നല്ലൊരു ഫുട്ബോള്‍ കളിക്കാരനായിരുന്നു കോയ. ചെറുകോട്ട് തെറ്റില്ലാത്തൊരു സെവന്‍സ് ഫുട്ബാള്‍ ടീം അന്നും ഇന്നുമുണ്ട്.  നാട്ടിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ പയ്യനായ കോയയുടെ ശരീരം വളരെ മെലിഞ്ഞിട്ടാണ്.  ഒരിക്കല്‍ മലപ്പുറം ജില്ലയിലെ പൂങ്ങോട് ചെറുകോടു യാസും   നിലമ്പൂര്‍ യാസും തമ്മില്‍ സെമിഫൈനല്‍ മത്സരം നടക്കുന്നു. കോയ അടിച്ച ഒരു ഗോളിന് ഞങ്ങള്‍ മുമ്പിട്ടു  നില്‍ക്കുന്നു. കാണികളെ കോരി തരിപ്പിച്ചു  നല്ല ഫോമിലായ കോയ പന്തുമായി മുന്നേറുന്നു. .  അപ്പോള്‍ കാണികളില്‍ ഒരു കാക്കയുടെ വക കമെന്റ്:"ഈ കുട്ടി കുറച്ചു തിന്നാന്‍ കൂടി ഉള്ളിടത്താണെങ്കില്‍  പിന്നേയ അവനെ ആര്‍ക്കും പിടിച്ചാല്‍ കിട്ടുകയില്ല!


*******************************************

3 )  എന്റെ പോസ്റ്റില്‍ വീണ നാല് ഗോളുകള്‍.

ഒരിക്കല്‍ ചെറുകോടും മലപ്പുറവും തമ്മില്‍ തിരുവാലിയില്‍ സെവന്‍സ് ഫുട്ബാള്‍  നടക്കുന്നു. ഞങ്ങളുടെ ഗോള്‍ കീപ്പര്‍ അന്ന് പുറത്തു കല്യാണത്തിന് പോയിരുക്കുകയാണ്.  ടീമില്‍ ഗോള്‍ കീപ്പര്‍ അടക്കം ഞങ്ങള്‍ എട്ടു പേര്‍ മാത്രം. കളി തുടങ്ങാന്‍ സമയമായിട്ടും ഗോള്‍ കീപ്പര്‍ എത്തിയില്ല. ഞങ്ങള്‍ ആകെ വിഷമിച്ചു. കൂട്ടത്തിലെ നല്ല കളിക്കാരനായ എന്റെ കൂട്ടുകാരന്‍ മുഹമ്മദു ഗോള്‍ വലയം കാക്കാം എന്ന് ഏറ്റു. ഒന്നാം പകുതി വരെ ഞങ്ങള്‍ പിടിച്ചു നിന്നു. (1-1) രണ്ടാം പകുതിയില്‍ മുഹമ്മദിനു  കളിക്കാന്‍ ആശ മൂത്ത്, ഇനി നീ പോസ്റ്റില്‍ നിന്നോ ഞാന്‍  കളിക്കാം എന്ന് പറഞ്ഞു എന്നെ പോസ്റ്റില്‍ നിറുത്തി. അന്ന് വരെ പോസ്റ്റില്‍ നില്‍ക്കാത്ത എന്റെ പോസ്റ്റില്‍ ഇരുപതു  മിനിട്ടിനുള്ളില്‍ നാല് ഗോളുകള്‍. എന്റെ തവള പിടുത്തം കണ്ടു കാണികളില്‍ ഒരു കാക്കയുടെ കമെന്റു,

"മനേ നീ ആ ജഴ്സി അഴിച്ചു ക്രോസ് ബാറില്‍ ഇട്ടു ഇങ്ങോട്ട് കേറി പോര്. ജഴ്സി തടുത്തോള്ളും ബാക്കി ഗോളുകള്‍.കളി ഒന്ന് തീര്‍ന്നു കിട്ടാന്‍ അന്ന് ഞാനും കാണികളും പെടാപാട് പെട്ടു
  
 *******************************************

Saturday, January 15, 2011

ഇന്നലെകളുടെ ഇരകള്‍




തണുത്തുറഞ്ഞ രാത്രിയില്‍ തിരുവനന്തപുരത്തെ റെയില്‍‍വെ പ്ലാറ്റുഫോമില്‍  നേരത്തെ എത്തിയതിനു സ്വയം ശപിച്ചു കൊണ്ട്  അവനീഷ്    ഒഴിഞ്ഞ കോണില്‍ അവളെ കാത്തിരുന്നു. പ്രൊഫഷണല്‍ പരീക്ഷക്കുള്ള കോച്ചിംഗ് ക്ലാസ്സിന് വന്ന അവനീഷ്, ക്ലാസ്സുകളെക്കാള്‍ ഇഷ്ട്ടപെട്ടത്‌    വിഷാദത്തിന്റെ  മുഖപ്രസാദവുമായി   കടന്നു വരുന്ന ശരണ്യയെയായിരുന്നു. ചുവന്ന റോസാ പൂക്കളുടെ ഇഷ്ട്ട തോഴിയായ അവള്‍ തന്‍റെ ഹൃദയത്തില്‍ സുഗന്ധം പരത്തുന്നത് അവന്‍   തിരിച്ചറിഞ്ഞു. മനസ്സിന്റെ  കോണില്‍  ഒളിഞ്ഞു കിടക്കുന്ന സ്നേഹം അവളോട്‌ തുറന്നു പറഞ്ഞപ്പോഴും മന്ദസ്മിതം തൂകിയ  ചെറു പുഞ്ചിരിയായിരുന്നു മറുപടി. ശരണ്യ അങ്ങെനെയായിരുന്നു, ആരോടും അടുപ്പമോ അകല്‍ച്ചയോ ഇല്ലാതെ ചുവന്ന റോസാ പൂക്കളുമായി സല്ലപിക്കാന്‍ സമയം കണ്ടെത്തുന്നവള്‍.   ശരണ്യക്ക്  ഷൊര്‍ണ്ണൂരിലേക്കും തനിക്കു  പട്ടാമ്പിയിലേക്കുമുളള      ടിക്കറ്റെടുത്ത്  അവനീഷ്  അവള്‍ക്കിഷ്ട്ടപെട്ട  ചുവന്ന റോസാ പൂക്കളുമായി അവളെ കാത്തിരുന്നു.           ഡിസംബറിന്റെ  കൂടെ  വിട പറയാന്‍ കൂട്ടാക്കാത്ത തണുപ്പിലും, ഉത്സാഹത്തോടെ അവന്റെ  കണ്ണുകള്‍  ശരണ്യയെ പരതി.  ഒരു പക്ഷെ ഇന്നവള്‍   ഒരു മറുപടി തരാതിരിക്കില്ല, അവനീഷ് സമാധാനിച്ചു. വൈകി ഓടുക എന്ന പതിവ് മലബാര്‍ എക്സ്പ്പ്രസ്സ് ഇത്തവണയും തെറ്റിക്കാത്തതില്‍ അവന്‍   സന്തോഷിച്ചു.

അവനീഷിന്റെ കാത്തിരിപ്പിനൊടുവില്‍ ട്രെയിന്‍ പ്ലാറ്റുഫോമില്‍ എത്തിയപ്പോഴേയ്ക്കും  പതിവ് വിഷാദങ്ങള്‍ക്ക് പകരമായി സന്തോഷത്തിന്റെ ചിരി വര്‍ണ്ണങ്ങളുമായി  ശരണ്യ ഓടിയെത്തി.  അവളുടെ കണ്‍ കടാക്ഷത്തിലെ പുഞ്ചിരിയില്‍ അവന്റെ   കാത്തിരിപ്പിന്റെ വേദന സുഖമുള്ള നോവായി മാറി. അല്‍പ്പം തിരക്കുണ്ടെങ്കിലും അവനീഷിനു   അഭിമുഖമായി തന്നെ അവള്‍ക്കും സീറ്റ് കിട്ടി.  പതിവ് വിട്ടു, വാതോരാതെയുള്ള അവളുടെ സംസാരങ്ങള്‍ക്ക് മുമ്പില്‍ അവനൊരു   കേള്‍വിക്കാരനായി മാറി. 

അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകളായി  കുറച്ചു ചെറുപ്പക്കാര്‍  കമ്പാര്‍ട്ടുമെന്റില്‍ വന്നു.   ട്രെയിനിന്റെ ചൂളം വിളിക്കൊപ്പം ചെറുപ്പക്കാരുടെ  അശ്ലീല ചുവയുള്ള  ഉറക്കാത്ത വാക്കുകളും, മദ്യത്തിന്റെ ദുര്‍ഗന്ധവും അവനീഷിനെക്കാള്‍ അവളെ അലസോരപ്പെടുത്തി.  കന്യകാത്വം ദഹിപ്പിക്കാന്‍ പോന്ന അവരുടെ നോട്ടങ്ങള്‍ക്കും ചിരികള്‍ക്കുമിടയില്‍  ‍ നിസ്സഹയായ ശരണ്യയ്ക്ക്  മുമ്പില്‍ ‍ ചിറകറ്റ പക്ഷിയായി അവന്‍   മാറി. ട്രെയിന്‍  പുറം കാഴ്ചകളെ ഓടി ഓടി പിന്നിലാക്കുംതോറും യുവാക്കളുടെ ആവേശം കൊടിമരം കയറാന്‍ തുടങ്ങിയപ്പോള്‍  അവനീഷിന്റെ  മുഷിഞ്ഞ ബാഗുമെടുത്തു അവള്‍ മുമ്പില്‍ ‍നടന്നു,  പറഞ്ഞു,

"അവനീഷേട്ടാ  വരൂ, നമുക്ക് അപ്പുറത്തെ കമ്പാര്‍ട്ടുമെന്റില്‍ ഇരിക്കാം."

 ഒന്നു അന്ധാളിച്ചെങ്കിലും അവളുടെ പിന്നാലെ അടുത്ത കമ്പാര്‍ട്ടുമെന്റില്‍ ഒഴിഞ്ഞ സീറ്റ്കള്‍ക്ക് വേണ്ടി അവനീഷ്   പരതി. തണുപ്പ് കാരണം ജാലകത്തിനടുത്തു  അനാഥമായി   കിടന്നിരുന്ന സീറ്റ് അവള്‍ കൈക്കലാക്കി. അടുത്തിരിക്കുന്ന അമ്മച്ചിയും അപ്പച്ചനും കുട്ടികളെ ഒന്നു അഡ്ജസ്റ്റ് ചെയ്തു അവനു കൂടി  സീറ്റ് ശരിയാക്കി.

"അവനീഷെട്ടന്‍, അതെനിക്കിഷ്ട്ടായിട്ടോ"

"അതൊരു നമ്പരാ,   ചിലപ്പോള്‍ രാത്രിയില്‍  യാത്ര ചെയ്യണമെങ്കില്‍ ഇതൊക്കെ വേണ്ടിവരും, അവനീഷ്," അവളുടെ കിളി മൊഴികള്‍.


ഓരോരോ കാര്യങ്ങള്‍ പറഞ്ഞു ചിരിച്ചും ചിന്തിപ്പിച്ചും  അവനീഷിന്റെ കണ്‍പോളകള്‍ക്ക്   വിശ്രമം നല്‍കാതെ ഉറക്കത്തെ അവള്‍ കവര്‍ന്നെടുത്തു.

 
 ഷൊര്‍ണ്ണൂര്‍ എത്തിയപ്പോള്‍ അവളെ യാത്രയാക്കാന്‍ വേണ്ടി അവനും  പുറത്തിറങ്ങി.  ട്രെയിന്‍ വീണ്ടും  ചൂളം വിളി തുടങ്ങിയപ്പോള്‍ അവളൊരു എഴുത്ത്   നിറ കണ്ണുകളോടെ  കൊടുത്തു.

"അവനീഷ്, നീ ചോദിച്ചതിനുള്ള മറുപടിയെല്ലാം ഇതിലുണ്ട് സാവധാനത്തില്‍ വായിക്കുക."

അവനീഷ് കരുതിവെച്ച ചുവന്ന റോസാപൂക്കള്‍ അവള്‍ക്കു  സമ്മാനിച്ചു,  ട്രെയിനില്‍ ഓടി കയറി,  പ്രതീക്ഷയോടെ വിറയാര്‍ന്ന കൈകളോടെ  ആറ്റുനോറ്റിരുന്ന  ആ എഴുത്ത്  വായിക്കാന്‍ തുടങ്ങി.

***********
അവനീഷിന്,

എന്നെന്നേക്കുമായി യാത്രാ മൊഴി ചൊല്ലുന്നതിനു മുമ്പായി അവനീഷിനു  എഴുതണമെന്നു   തോന്നി. ഞാന്‍ കണ്ടുമുട്ടിയവരില്‍ ഭൂരിഭാഗവും കാപട്യത്തിന്റെ മുഖം മൂടിയുടെ ആവരണത്തില്‍ പൊതിഞ്ഞ തിരിച്ചറിയാനാവാത്ത സുന്ദര മുഖങ്ങളായിരുന്നു.  അവനീഷ്    മുമ്പ് ചോദിച്ചുവല്ലോ, ജീവിതത്തില്‍ എന്നും നിന്റെ  സഖിയാകുവാന്‍ പറ്റുമോ എന്ന്. നിന്റെ  ചോദ്യത്തിന്റെ ഉത്തരം കടമായി ബാക്കിവെക്കാതെ ഇവിടെ കുറിച്ചുകൊണ്ട്  ഞാന്‍ യാത്രാമൊഴി ചൊല്ലുകയാണ്.

അമ്മയുടെ പ്രസവ വേദനകള്‍ക്ക് വിരാമമിട്ടു കൊണ്ട്   പിറന്നു വീണ ദിനം ഞാന്‍ ‍കണ്ടിട്ടില്ലാത്ത മുത്തച്ഛനും, മുത്തശ്ശിയും അപകട മരണം ഏറ്റു വാങ്ങി, എനിക്ക്  ചൊവ്വാദോഷമുള്ളവള്‍ എന്ന പേര് സമ്മാനിച്ചു.  പിന്നീട് നടക്കുന്ന ഓരോ വേണ്ടാദീനങ്ങളും എന്റെ പേരില്‍ കുറിക്കപെട്ടതോടെ ചൊവ്വാദോഷക്കാരി  എന്ന വിശേഷണം എന്നെക്കാള്‍ വളര്‍ന്നു  വലുതാവുകയായിരുന്നു.  ജീവിതത്തിന്റെ ഉയര്‍ച്ചകള്‍ തേടി   ബോംബയില്‍ ഇടയ്ക്കിടെ പോവുമായിരുന്ന അച്ഛന്‍, അമ്മയ്ക്ക് കൂടി മാറാരോഗം സമ്മാനിച്ചുകൊണ്ട്, എന്റെ ചൊവ്വാദോഷ ഡയറിയുടെ താളുകള്‍ എണ്ണം കൂട്ടി,  യാത്രയായി. പരിഹാസ്യങ്ങള്‍ക്കും, കുറ്റപെടുത്തലുകള്‍ക്കും മുമ്പില്‍  പിടിച്ചു നില്‍ക്കാനാവാതെ  അമ്മയും ഒരുനാള്‍ ഉറക്കമുണര്‍ന്നില്ല.     പിന്നീട് എനിക്ക്നേരെ നീണ്ട സഹായ  ഹസ്തങ്ങള്‍  പലതും  ശരീരത്തെയാണ് പ്രണയിക്കുന്നതെന്ന് ഞാന്‍ വേദനയോടെ മനസ്സിലാക്കി.

ചൊവ്വാദോഷത്തിന്റെ തണലില്‍ തീര്‍ത്തും ഒറ്റപെട്ടു ഇന്റര്‍നെറ്റില്‍ സമയം പോക്കിയ എനിക്ക് ആശ്വാസ വചനവുമായി   അതിര്‍ത്തികള്‍ക്കപ്പുറത്ത്  നിന്നൊരാള്‍  എത്തി.  ഹഫീസ്, പാക്കിസ്ഥാനിലെ 'വസുരിസ്ഥാനില്‍'   നിന്നും ഇന്ത്യയെ സ്നേഹിച്ചു, ഇന്ത്യയെ  മനസ്സിലാക്കി ഹഫീസ്. എന്‍റെ ചൊവ്വാദോഷ കഥകള്‍  അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും,  എന്നെക്കാള്‍ കൂടുതലായി ഇന്ത്യയെ കണ്ടെത്തിയ അവന്‍ അതെല്ലാം ചിരിച്ചു തള്ളി.    വാഗാ അതിര്‍വരമ്പുകള്‍ ഇടിച്ചു നിരത്തി ഇന്ത്യയും പാക്കിസ്ഥാനും ഒരൊറ്റ രാജ്യമായി തീരുന്നത് സ്വപ്നം കണ്ടിരുന്ന ഹഫീസ്,  അടുത്ത വേള്‍ഡ് കപ്പ്‌ ക്രിക്കറ്റ് സമയത്ത് ഇന്ത്യയിലെത്തുമെന്നും, അതുവരെ അവനു വേണ്ടി കാത്തിരിക്കണമെന്നും എഴുതി. ഇവിടെയെത്തിയാല്‍ പിന്നീടെന്തു, അതൊന്നും എനിക്കോ അവനോ അറിയാവുന്ന നിയമങ്ങള്‍ ആയിരുന്നില്ല.  ഒരുമിച്ചു ജീവിക്കാനായില്ലെങ്കില്‍ ഒരുമിച്ചു മരിക്കുക, എന്ന തീരുമാനത്തിലായിരുന്നു ഹഫീസ്.  കഴിഞ്ഞ ഒരു മാസമായി ഹഫീസുമായി ബന്ധം നഷ്ട്ടമായ എനിക്ക് രണ്ടു ദിവസം മുമ്പ് അവന്റെ സുഹൃത്തിന്റെ ഒരു മെസ്സേജ് കിട്ടി. പാക്കിസ്ഥാന്‍ അതിര്‍ത്തികളിലെ 'താലിബാനിസം' അമര്‍ച്ച ചെയ്യാനുള്ള അമേരിക്കന്‍ മിസൈയില്‍ വഴി തെറ്റി, ഹഫീസിന്റെ വീടിനു മുകളില്‍ പതിച്ചു.


ഒരുമിച്ചു മരിക്കാനുള്ള  ഞങ്ങളുടെ ആഗ്രഹം പോലും എന്‍റെ ചൊവ്വാദോഷം പട്ടടയില്‍ മുക്കി,  ഹഫീസ്, എന്നെ തനിച്ചാക്കി പറന്നു പോയി.  എനിക്കും  പോകുവാനുള്ള സമയമായി.

മനസ്സും ശരീരവും കളങ്കപ്പെടാതെ ഞാന്‍ പോവട്ടെ.  ഒരിറ്റു സ്നേഹത്തിനും സ്വാന്തനത്തിനും ദാഹിച്ച സമയമെല്ലാം കഴിഞ്ഞു.  എരിഞ്ഞടങ്ങിയ  സ്വപ്നകനലുകള്‍ നീറി പുകയാത്ത വിധം തണുത്തിരിക്കുന്നു.   ട്രെയിന്‍ യാത്രയാവുന്നതോടെ, തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ പട്ടികയിലേയ്ക്ക്, ശരണ്യയും   അവളുടെ ചൊവ്വാദോഷവും യാത്രയാവുകയാണ്.  മതത്തിന്റെയോ, ജാതിയുടെയോ, രാഷ്ട്രങ്ങളുടെയോ അതിരുകളില്ലാത്ത ലോകത്ത് ത്രിവര്‍ണ്ണ പതാകയുമായി ഒരാള്‍  എന്നെ കാത്തിരിക്കുന്നു എന്ന സായൂജ്യത്തോടെ ഞാന്‍ പോകുന്നു.

എന്ന് ശരണ്യ.
***********

നിലവിളിച്ചുകൊണ്ട്   അവനീഷ്   ഓടികൊണ്ടിരുന്ന ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തി, ചാടിയിറങ്ങി പിറകിലേക്ക് ഓടി. കാണാനാഗ്രഹിക്കാത്ത ഒരാള്‍ക്കൂട്ടം ട്രാക്കില്‍ കൂടി നില്‍ക്കുന്നു. ആള്‍ക്കൂട്ടത്തെ തിക്കി തിരക്കി അവനൊന്നു പാളി  നോക്കി. തിരിച്ചറിയാനാവാത്ത വിധം വികൃതമായ ശരണ്യയുടെ മൃതശരീരം. അവളുടെ അറ്റുപോയ കൈകളില്‍ രക്തത്തില്‍ പൊതിഞ്ഞു  താന്‍ സമ്മാനിച്ച ചുവന്ന റോസാപൂക്കള്‍.  ഒന്നേ നോക്കിയതൊള്ളൂ. ആര്‍ത്ത  നാദത്തോടെ ഓര്‍മകളില്ലാത്ത ലോകത്തേക്ക്  മറിഞ്ഞു വീണ അവനെ ആരൊക്കെയോ താങ്ങിയെടുത്തു.

Wednesday, December 22, 2010

പള്ളിമുക്കിലെ കല്ല്യാണം മുടക്കികള്‍ ‍



ആദ്യമായി ശ്വാസമെടുത്ത എന്റെ പള്ളിമുക്കിലേക്ക്  ഒരു ഗള്‍ഫുകാരനായി നാല് കൊല്ലത്തിനു ശേഷം ഞാനും എത്തി.  ഒരു പാട് കാലത്തെ ആഗ്രഹമായിരുന്നു  ഗള്‍ഫുകാരനായി കട്ടി ചെരിപ്പും സ്വര്‍ണ്ണ കളറു റാഡോ വാച്ചുമായി പള്ളിമുക്കില്‍  കുറച്ചാള്‍ക്കാരെ മുമ്പിലൂടെ ഒന്ന് വിലസുക. കൈയ്യില്‍ കായില്ലാത്ത കാരണം സ്വര്‍ണ്ണ കളറു റാഡോ വാച്ച്   ഒപ്പിക്കാനായില്ലെങ്കിലും   കൊട്ടിയോള് സൂറാബിന്റെ കൂടി പൂതി കാരണം ഒരു റെന്റ്-എ-കാര്‍ തരാക്കി.  

നിസ്ക്കാര തയമ്പുള്ള ആള്‍ക്കാര്‍ കുറവാണെങ്കിലും പള്ളിമുക്കിലെ മുക്കിലും മൂലയിലും ആറു പള്ളികള്‍. സുന്നികള്‍ക്കും,  മുജാഹിദീങ്ങള്‍ക്കും രണ്ടെണ്ണം വീതം,  ജമായത്തിനും, ആളില്ലെങ്കിലും  ചേകനൂര്‍ വിഭാഗത്തിനും ഓരോന്നു വീതം.  ഓരോ പള്ളിയുടെയും  തലപ്പത്ത് ഓരോ ഹാജിമാര്‍. അയമോക്കാന്റെ ചായ മക്കാനിയും, പള്ളിമുക്കിലെ പ്രധാന പയ്യന്‍സ്സായ പള്ളിക്കലെ ഹാജിമാരും നാട്ടില്‍  ഫയിമസാണ്. ഹജ്ജ് ചെയ്തവര്‍  കൊട്ടകണക്കിനുണ്ടെങ്കിലും പേരിനൊപ്പം ഹാജിയാര്‍ പട്ടം കിട്ടിയവര്‍ പള്ളിക്കലെ പ്രധാന പയ്യന്‍സിനു മാത്രം.

കാറും ഡ്രൈവ് ചെയ്തു ഞാന്‍ അയമോക്കാന്റെ മക്കാനിയില്‍ എത്തി. ആരു ഗള്‍ഫുന്നു വന്നാലും ആദ്യം  അയമോക്കാന്റെ മക്കാനിയില്‍ എത്തും. അത് പള്ളിമുക്കിലെ പതിവാണ്.
"അയമോക്ക, അസ്സലാമു അലൈക്കും,  ഒരു ചായ പോന്നോട്ടെ , ങ്ങളെ പെയിന്റും  നാവും ഇപ്പൊ വേണ്ട, പിന്നെ മതിട്ടോ. നേരല്ല, സൂറാബിനെയും കൊണ്ട് പട്ടിക്കാട്ടുക്ക് പോണം. ഓള് ഒരിങ്ങിക്കാ..."
(കാലി  പൊറാട്ടയില്‍  കഷ്ണമില്ലാത്ത ബീഫ്  കറി  കൂട്ടി കഴിക്കുന്നതിനു പള്ളിമുക്കില്‍ പെയിന്റ്ടി  എന്നാ പറയുക.)

 "ജ്ജ് പ്പോ ഗള്‍ഫ്ന്നു എന്നാ എത്തെയ്തു? ഞാനിതുവരെ അറിഞ്ഞിട്ടില്ല, അനക്കുപ്പോ അയമൂനെ പിടിച്ചൂല, ബല്ല്യ ആളയില്ലേ, പചെങ്കി അയമൂന്റെ ബുദ്ധ്യാ അന്റെ ഗള്‍ഫ്, അത് മറക്കണ്ടാ"

അയമോക്കാന്റെ തോണ്ടലു എന്തിനാ എന്ന് മനസ്സില്ലാക്കി, സൂറാബിന്റെ മോന്തായം കൂര്‍ത്താലും കുറച്ചു നേരം  അയമോക്കാന്റെ കത്തിക്ക് തല വെച്ച് കൊടുക്കാനുറപ്പിച്ചു.  ഞാന്‍ പെയിന്റ് കൂടി ഓര്‍ഡര്‍  ചെയ്തു   ഓരോന്ന് ആലോചിച്ചിരുന്നു.  


നാലഞ്ചു കൊല്ലങ്ങള്‍ക്ക് മുമ്പ്  ‌ നാട്ടില്‍ നടന്ന കോലാഹലങ്ങള്‍. ഉറച്ചതും ഉറപ്പിച്ചതുമായ കല്ല്യാണങ്ങള്‍  എല്ലാം മുടങ്ങും, അല്ലെങ്കില്‍ ആരെങ്കിലും മുടക്കും. അയമോക്കാന്റെ  ഭാഷയില്‍ പറഞ്ഞാല്‍ നെയ്യും ബസളയുമുള്ള  പോത്ത് ബിരിയാണി ഓസിനു  കടിഞ്ഞു കയറ്റിയ കാലം മറന്നു. പള്ളിമുക്കിലെ ചെക്കന്മാരും ചെക്കികളും പുര നിറഞ്ഞു നിന്നു. പെണ്ണ് കെട്ടാത്ത ഞങ്ങള്‍ക്കെല്ലാം ബേജാറു മൂത്തു. ബ്രോക്കര്‍  കുഞ്ഞാപ്പൂന്റെ ബലൂണ്‍ പോലെ പുറത്തേക്കു വീര്‍ത്ത പള്ള കാറ്റ് പോയ ബലൂണ്‍  മാതിരി അകത്തേക്ക് തന്നെ തള്ളി.


 കാലം കുറച്ചു കഴിഞ്ഞു. എന്റെ കൂട്ടുകാരനായ സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം പടച്ചോന്റെ കുതറത്തോണ്ട് ഉറച്ചു. സല്‍പ്പേര് ബാപ്പുട്ടി, പള്ളിമുക്കിലെ ഏറ്റവും നല്ല ഒസ്സാന്‍ ചെക്കന്‍. ഓന്റെ അടുത്തു മുടി വെട്ടാന്‍ പോയാല്‍ മുടി മാത്രേ ഓന്‍ വെട്ടൂ. നാട്ടിലെ ബാക്കി ഒസ്സാന്മാരെ മാതിരി  ഉച്ചപടത്തിന്റെ  കമന്ററി  പോലെ എരിവും പുളിയുള്ള വര്‍ത്താനം കിട്ടൂല. അതിനു വേറെ  ഒസ്സാന്മാരെ നോക്കണം.  എന്‍റെ ക്ലാസ്സ്‌മേറ്റ് ആണെങ്കിലും  ബാപ്പുട്ടി ഡീസെന്റാണ്.  അഞ്ചു നേരം നിസ്ക്കാരോം പള്ളിയില്‍, തുണി മുട്ടിനും നെരിയാണിക്കും ഇടയില്‍. പള്ളിമുക്കിലെ ഏതു കുട്ടി ജനിച്ചാലും  ചെവിയില്‍ ആദ്യമായി ഓതുന്ന മന്ത്രമാണ് ബാപ്പുട്ടിനെ കണ്ടു  പഠിക്കാന്നുള്ളത്. ബാപ്പുട്ടിനെ കണ്ട് പഠിച്ചിന്‍, ബാപ്പുട്ടിനെ കണ്ടു പഠിച്ചിന്‍ എന്ന് കേട്ടു എന്റെക്കെ ചെവിക്കു തയമ്പ് പിടിച്ചിട്ടുണ്ട്.

അങ്ങെനെയുള്ള സല്‍പ്പേര് ബാപ്പുട്ടിന്റെ നിക്കാഹു കഴിഞ്ഞു. ഈ കല്ല്യാണമെങ്കിലും എങ്ങനെയെങ്കിലും നടന്നാല്‍ മതിയായിരുന്നു. തലേ ദിവസം ഞങ്ങളെല്ലാം സജീവമായി. കല്ല്യാണത്തിനു അന്ന് മൈക്ക് സെറ്റ് പതിവാണ്.  കണ്ണിനു ചന്തം തരുന്ന പെണ്‍കുട്ട്യാളുടെ മുമ്പില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി ഏതു ചെക്കനും ഒന്നു പാടിനോക്കും.  കഴുത രാഗമായാലും 'എന്റെയൊക്കെ ബ്ലോഗിന്  കമന്‍റിണ പോലെ'  പരസ്പരം നന്നായിന്നു പറഞ്ഞു പുളിമെ കയറ്റി  പൊക്കും.  

മൈക്ക സെറ്റ് കൊണ്ടുവരാന്‍ അങ്ങാടിയില്‍ ജീപ്പെടുത്തു   പോയി, മടങ്ങും വഴി ഞാന്‍  അയമോക്കാന്റെ  മക്കാനിയില്‍ കാലി അടിക്കാന്‍ വേണ്ടി ഒന്നു കയറി. കറ പിടിച്ച സമാവറിന്റെ ഉള്ളില്‍ തിരികിയ രണ്ടു മാസം പഴക്കമുള്ള ചായപൊടി സഞ്ചിയിലെ ചായയും അയമോക്കാന്റെ  നാക്കും സഹിച്ചോണ്ടിരിക്കുന്നതിനിടയില്‍ ബാപ്പുട്ടി മക്കാനിയില്‍ വന്നു. 

അയമോക്ക ബാപ്പുട്ടിക്കു കൂടി ഒരു കാലി എടുത്തു.

"കല്ല്യാണം ആയിട്ട് അനക്കൊരു ചൂടും ച്ചുക്കാന്തിം ഇല്ലല്ലോ, അന്റെ മോന്തക്കെന്താ കടന്നാല്‍ കുത്ത്യോ   ബാപ്പുട്ടീ"

 അയമോക്കാന്റെ  ചോദ്യത്തിനു ബാപ്പുട്ടിന്റെ മറുപടി കണ്ണീരായിരുന്നു. ഞാന്‍ പടച്ചോനെയും അയമോക്ക ബദിരീങ്ങളെയും  ഒപ്പം വിളിച്ചു. ബാപ്പുട്ടിന്റെ കല്ല്യാണോം മുടങ്ങി. പള്ളിമുക്കിലെ ചെറുപ്പക്കാരായ ഞങ്ങള്‍  അണ്ടി പോയ അണ്ണാനെ പോലെ നിരാശരായി. പെണ്ണ് കെട്ടാനുള്ള പൂതിയൊക്കെ പതുക്കെ, പതുക്കെ  ഊതി കെടുത്തി.

പണിയൊന്നുമില്ലാതെ  തെക്കും വടക്കും നോക്കി 'തേരാ പാരാ' നടക്കുന്നതിനിടയില്‍ എനിക്ക് ഗള്‍ഫില്‍ പോകാന്‍ ആശ മൂത്തു. കയ്യില്‍ കാശില്ല, ബാപ്പ വേണ്ട വിധം സഹകരിക്കുന്നില്ല. കാര്യം ഞാന്‍ അയമോക്കാനെ അറിയിച്ചു. 

"ജ്ജെ എങ്ങനെങ്കിലും ഒരു പെണ്ണ് കെട്ടി ഓളെ പണ്ടോം പണോം കൊണ്ടു അക്കരയ്ക്കു പൊയിക്കോ" അയമോക്കാന്റെ ഉപദേശം.

അയമോക്ക, കല്ല്യാണം പള്ളിമുക്കിലോ..... ങ്ങള് പള്ളിമുക്കിലെ നടക്കണ കാര്യം പറയിന്‍. പിന്നെല്ലാതെ.

"ജ്ജെ കാര്യം അന്റെ ഗള്‍ഫ്  എളാപ്പാനെ ഏല്‍പ്പിച്ചോ,  ബാക്കി ഓന്‍ നോക്കിക്കൊളൂം,  ഓന്‍പ്പോ ഗള്‍ഫൂന്നും കുറ്റിയും ബെരും പറിച്ച് പോന്നതല്ലേ."

ഞാന്‍ അയമോക്കാന്റെ സഹായത്താല്‍ എളാപ്പാനെ സോപ്പിട്ടു ചാക്കിലാക്കി. ബാപ്പാന്റെ പോക്കറ്റില്‍ നിന്നും ഇസ്ക്കിയതാണെങ്കിലും  എളാപ്പാന്റെ അന്നത്തെ പെയിന്റ് അടി എന്റെ വകയായിരുന്നു.

"എന്നെ കണ്ടാ തുള്ളിക്ക്‌മാറുണ   അനക്കിപ്പോ ഞാന്‍ വേണമല്ലേ. അന്റെ കല്ല്യാണം  നടക്കെണെങ്കില്‍  അന്നെക്കാളും മുന്തിയോനായ  സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം നടക്കണം. അത് നടന്നാല്‍ ഞാന്‍ ബാപ്പാനോട് വിഷയം പറയാം" എളാപ്പാന്റെ നിലപാടായിരുന്നു അത്.  

എന്നെപ്പോലെ പെണ്ണ് കെട്ടാന്‍ മൂത്തിരിക്കുന്ന ചെക്കന്മാരെയും കൂട്ടി ഞാന്‍ സല്‍പ്പേര് ബാപ്പുട്ടിന്റെ അടുത്തെത്തി. ബാപ്പുട്ടിന്റെ അടുത്ത സുഹൃത്ത് പേര് കൊണ്ട് മാത്രം സമ്പത്തുള്ള 'സമ്പത്തിനെയും' ബ്രോക്കര്‍  കുഞ്ഞാപ്പൂനേം ഒപ്പം കൂട്ടി. നീണ്ട വിസ്താരങ്ങള്‍ക്കൊടുവില്‍    ബാപ്പുട്ടി കല്ല്യാണത്തിനു സമ്മതിച്ചു. 

കാര്യങ്ങള്‍ ഞങ്ങള്‍ വളരെ രഹസ്യമാക്കി നീക്കി. ബാപ്പുട്ടിക്കു നിലമ്പൂരില്‍ നിന്നും പെണ്ണുറപ്പിച്ചു.    ആരും നിലമ്പൂര്‍ക്ക്   മണ്ടിപാഞ്ഞു  കല്ല്യാണം മുടക്കണ്ടാ എന്ന് കരുതി പെണ്ണു   ഞങ്ങള്‍ കൊണ്ടോട്ടിയില്‍ നിന്നാണെന്ന് നാട്ടില്‍ പറഞ്ഞു. എല്ലാവരെയും കല്ല്യാണത്തിനു  പാഞ്ഞു  നടന്നു  വിളിച്ചു,  എല്ലാ പള്ളികളിലും മാറി മാറി ഞങ്ങള്‍ നിസ്ക്കരിച്ചു,  ദുആ  ചെയ്തു.   മല്ലുകെട്ടാണെങ്കിലും ബ്രോക്കര്‍ കുഞ്ഞാപ്പൂനേം, കെട്ടിയോളെയും നല്ലോണം തീറ്റി പോറ്റി.

മൈക്ക സെറ്റും കാര്യങ്ങളുമായി കല്ല്യാണം ജോറാക്കി. ഉള്ളില്  തീയാണെങ്കിലും പതിനൊന്നു മണിക്ക് തന്നെ ബാപ്പുട്ടി പുതിയാപ്ല ഇറങ്ങി,  പെണ്ണിനേയും കൊണ്ട് ഒരു മണിക്ക് മടങ്ങി എത്തി. ഞങ്ങളൊക്കെ ഒന്നു നന്നായി ശ്വാസം വിട്ടു.   

പെണ്ണ് കൊണ്ടോട്ടിയില്‍ നിന്നല്ല നിലമ്പൂരില്‍ നിന്നാണ്ന്നറിഞ്ഞു  നാട്ടിലെ പ്രമാണിമാരൊക്കെ  മൂക്കത്ത് വിരല്‍   വെച്ചിരിക്കുന്നതിനിടയില്‍  മൈക്ക  സെറ്റില്‍ പാട്ട് നിര്‍ത്തി സമ്പത്തിന്റെ വക ഒരു കാസറ്റ്.  നാട്ടിലെ മൂപ്പന്മാര്‍ക്ക് ബാപ്പുട്ടിന്റെ പെണ്ണ് വീട്ടുകാരെന്ന മട്ടില്‍ സമ്പത്ത് ഫോണ്‍  വിളിച്ചു റെക്കോര്‍ഡ്‌ ചെയ്ത കാസറ്റ്.  സമ്പത്തിന്റെ  "തലയിലെ സമ്പത്ത്" കേട്ടു   എല്ലാരും ഞെട്ടി. ബാപ്പുട്ടിനെ പറ്റി   ഓരോരുത്തര്‍  പറഞ്ഞത്  കേട്ടാല്‍ ഓന്റെ വെല്ല്യാപ്പാന്റെ പെണ്ണിനെ  വരെ മൊഴി ചൊല്ലും. അഭിപ്രായം പറഞ്ഞ പ്രധാന പയ്യന്‍സൊക്കെ പതുക്കെ തലയില്‍ മുണ്ടിട്ടു  സ്ഥലം കാലിയാക്കി. അയമോക്ക മാത്രം അഭിപ്രായത്തിലും ബുദ്ധി കാട്ടി. "കല്ല്യാണ വിസയമൊന്നും അയമ്മു ഫോണിലൂടെ പറയൂല നേരിട്ട് ബരിന്‍" അയമോക്ക തടി കാത്തു.   ഞങ്ങള്‍ ബാപ്പുട്ടിനെയും പെണ്ണിനേയും കൂട്ടി കല്ല്യാണം മുടക്കികളുടെ പിന്നാലെ   കൂക്കി വിളിച്ചു ജാഥ നടത്തി.

സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം കഴിഞ്ഞതോടെ  ഞങ്ങള്‍ ഉഷാറായി. കല്ല്യാണ  മുടക്കികള്‍ക്ക് താക്കീതായി സമ്പത്തിന്റെ ഫ്ലക്സ് ബോര്‍ഡ്‌ നാട്ടില്‍ തൂക്കി. എന്റെ കല്ല്യാണം കഴിഞ്ഞു. സൂറാബിന്റെ  പണ്ടം വിറ്റു  ഞാന്‍ ഗള്‍ഫിലെത്തി,  നാല് കൊല്ലത്തിനു ശേഷം  ഒരു ഗള്‍ഫ്കാരനായി പള്ളിമുക്കിലെത്തി. 

അയമോക്കാനോട് എനിക്ക് കടപ്പാടുണ്ടല്ലോ. പൊറാട്ടയും ചായയും അടിച്ചു അയമോക്കാന്റെ മക്കാനിയില്‍ നിന്നും ഇറങ്ങി.  കാറില്‍ കയറുന്നതിനു മുമ്പായി, അയമോക്കാന്റെ നാക്കിനെ മെരുക്കാന്‍ വാങ്ങിയ പത്തു റിയാലിന്റെ അത്തറും  കള്ളി തുണിയും അയമോക്കാക്ക് കൊടുക്കാന്‍ ഞാന്‍ മറന്നില്ല. 

================================================================
ഇതിലുപയോഗിചിരിക്കുന്ന ചില പദങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ ആവശ്യപെട്ട പ്രകാരം  പരിചയപെടുത്തുന്നു:

നിക്കാഹ് : മുസ്ലിം വിവാഹ നിയമ പ്രകാരം  നിക്കാഹു കഴിഞ്ഞാല്‍ വധു നിയമ പ്രകാരം വരന്റെ സ്വന്തമായി. ബാക്കിയുള്ളതെല്ലാം വെറും ചടങ്ങുകള്‍. നിക്കാഹു കഴിഞ്ഞാലും ചില  വിവാഹം മുടങ്ങാറുണ്ട്,(മൊഴി ചൊല്ലും)
മൊഴി ചൊല്ലുക: വിവാഹ മോചനം നടത്തുക.
ഒസ്സാന്‍: ബാര്‍ബര്‍
പെയിന്റ് അടി: പള്ളിമുക്കിലെ ലോക്കല്‍ പ്രയോഗം: (കാലി  പൊറാട്ടയില്‍  കഷ്ണമില്ലാത്ത ബീഫ്  കറി  കൂട്ടി കഴിക്കുന്നതിനു പള്ളിമുക്കില്‍ പെയിന്റ്ടി  എന്നാ പറയുക.)
=================================================================

Tuesday, December 7, 2010

ഉണ്ണി നമ്പൂതിരിയുടെ വേളി




സന്ധ്യാ സമയത്ത് കാലം തെറ്റി വന്ന കാറ്റും മഴയൊന്നും ഉണ്ണിനമ്പൂതിരി അറിയുന്നുണ്ടായിരുന്നില്ല. ‍മേഘങ്ങള്‍ക്കിടയില്‍  ഒളിഞ്ഞിരിക്കുന്ന    സൂര്യനെയും  കാത്തിരിക്കുകയാണ് അയാള്‍. ഏകാന്തതയിലെ ഒറ്റപെടലുകളോ     ഒറ്റപെടുത്തലുകളോ   അയാളെ അലട്ടിയില്ല. ജന്മസുകൃതം പോലെ കിട്ടിയ നമ്പൂതിരിപട്ടം  അര്‍ഹതയുള്ള ജോലികള്‍ക്ക് വിലങ്ങായി  നിന്നപ്പോഴും വിതുമ്പിയില്ല.  ഒരു ഭ്രാന്തനെപ്പോലെ    സൂര്യാസ്തമയ   സന്ധ്യകളെ അയാള്‍ പ്രണയിച്ചു. ദീപം കൊളുത്തല്‍ കാലങ്ങളായി  പതിവില്ലെങ്കിലും സന്ധ്യാ സമയത്തെ വര്‍ണ്ണ രാജികള്‍  ആയിരം നിറ ദീപങ്ങളായി അനുഭവപെട്ടു. അസ്തമയ സൂര്യനിലൂടെ   അനശ്വര പ്രണയത്തിന്റെ സങ്കല്പ ലോകത്തിലയാള്‍   കഴിഞ്ഞ പത്തു വര്‍ഷമായി  തന്റെ പ്രണയിനി സന്ധ്യയുമായി  സംവദിക്കുന്നു.


ഡിഗ്രി ക്ലാസ്സില്‍ വെച്ചാണ് ഉണ്ണി  സന്ധ്യയെ  ആദ്യമായി  കാണുന്നത്. ക്ലാസ്സിലെത്തിയപ്പോള്‍ കാമ്പസ്സിന്റെ    വേഷ പകിട്ടില്‍ പങ്കു ചേരാതെ ഗ്രാമീണതയുടെ ശാലീനതയായി ഒരു മന്ദഹാസത്തോടെ അവള്‍ വന്നു.  സന്ധ്യയുടെ വരവോടെ ഉണ്ണിയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി.    ക്ലാസ്  മുറികളെക്കാള്‍  കാമ്പസ്സിന്റെ വാകമര ചുവടുകളെ  പ്രണയിച്ചിരുന്ന  അയാള്‍  പതുക്കെ പതുക്കെ  അവളുടെ  സാമീപ്യത്തിനായി  ക്ലാസുകളില്‍ കയറി തുടങ്ങി. നഷ്ടപെട്ട ക്ലാസ് നോട്ടുകള്‍ അവളില്‍നിന്നും പകര്‍ത്തിയെഴുതു‍മ്പോള്‍   മനപൂര്‍വ്വമെന്നോണം   അവളുടെ പുസ്തകത്തില്‍  എന്തെങ്കിലുമൊന്നു വരച്ചിടല്‍ പതിവാക്കി.   നമ്പൂതിരിസത്തിന്റെ   അലയൊടികള്‍  അവശേഷിക്കുന്നെങ്കിലും   അമ്മ തമ്പുരാട്ടിയെ കൊണ്ടയാള്‍  അവള്‍ക്കു  വേണ്ടി  ഓണം ആഘോഷമാക്കി. പക്ഷേ അവളെ നഷ്ടപെടുമോ എന്ന  ഭയത്താല്‍ ഒരിക്കലും അയാള്‍   അവളുടെ മുമ്പില്‍   മനസ്സ്   തുറന്നില്ല. 


കാലം ആരെയും കാത്തു നില്‍ക്കാതെയുള്ള  പ്രയാണത്തിനിടയില്‍  അയാളുടെ കലാലയ ജീവിതത്തിനു വിരാമം കുറിക്കാനുള്ള മണി മുഴക്കമായി തുടങ്ങി. ചിന്തകള്‍ക്ക് വിശ്രമമില്ലാത്ത ഒരു  ദിനം       ഒട്ടനവധി പ്രണയ നക്ഷത്രങ്ങള്‍ക്ക് നിലാവെളിച്ചം തൂകി മൂക സാക്ഷിയായ വാക മരചുവട്ടിലെക്ക‍യാള്‍   നടന്നു നീങ്ങി. വിടവാങ്ങലിന്റെ അനിവാര്യതയെന്നോണം മരത്തിന്റെ ഇലകളില്‍ ഭൂരിഭാഗവും പഴുത്തിരിക്കുന്നതും  നോക്കിയിരിക്കുമ്പോള്‍ സന്ധ്യ അരികിലേക്ക്  വരുന്നത് കണ്ടു. ചിര പരിചിതമായ  മന്ദഹാസത്തോടൊപ്പം  അവളിലെ കണ്ണുകളില്‍   അതുവരെ കാണാത്ത ഒരു തിളക്കം  കാണാനായി.

"ഉണ്ണിയുടെ ഇഷ്ട ദേവന്‍ ആരാ?"

അവളുടെ  ചോദ്യത്തിന് മുമ്പില്‍  പതറാതെ   അമ്പല പറമ്പിലെ ആല്‍മര ചുവട്ടില്‍ അസ്തമയ സൂര്യനെ കണ്ണും നട്ടിരിക്കുമായിരുന്ന അയാള്‍  ഉത്തരം നല്‍കി.

"സന്ധ്യാ സമയങ്ങളെ വര്‍ണ്ണപൂരിതമാക്കുന്ന  സൂര്യ ദേവന്‍"

പെടുന്നനെ  അയാളുടെ കരം  കവര്‍ന്നെടുത്തു ചോദിച്ചു,  "സന്ധ്യകളെ സ്നേഹിക്കുന്ന ഉണ്ണിക്കു ഈ സന്ധ്യയെ കൂടി സ്നേഹിച്ചു കൂടെ?" 

വര്‍ഷങ്ങളായി താന്‍ കേള്‍ക്കാനും പറയാനും കൊതിച്ച ചോദ്യം. അയാള്‍ മറ്റേതോ ലോകത്തേക്ക് യാത്രയായി.   പൂണൂല്‍ സുകൃതത്തിന്‍റെ   മാറാലയില്‍ പിടിച്ചിരിക്കുന്ന കാരണവന്മാരില്‍ എത്തപ്പെട്ടു. കണ്ണടച്ച്  ‍ അറിയാതെ ഇല്ല, ഇല്ല എന്നയാള്‍  പുലമ്പി കൊണ്ടിരുന്നു.

പരിസരബോധം എപ്പോഴോ വീണു  കിട്ടി കണ്‍ തുറന്നു നോക്കിയപ്പോള്‍ നനവില്‍ കുതിര്‍ന്ന ഒരു കടലാസ് തുണ്ടില്‍  ഇപ്രകാരം വായിച്ചു.

"ഉണ്ണിക്കെന്നെ ഇഷ്ടമില്ലെങ്കില്‍ ഉണ്ണിയില്ലാത്ത ലോകത്തേക്ക് ഞാന്‍ പോകുന്നു"

അയാള്‍ നിലവിളികളോടെ അവളെ നാല് ദിക്കിലും തിരഞ്ഞു.  ക്ലാസ്സ്‌ മുറികളുടെ  അടക്കപ്പെട്ട ജാലകങ്ങള്‍ പ്രതീക്ഷയോടെ തുറന്നു നോക്കി, വരാന്തകള്‍,  സ്ഥിര സംഗമ കോര്‍ണറുകള്‍, ലാബ്, ലൈബ്രറി,  , കോളേജു മുഴുവന്‍ ഭ്രാന്തനെ പോലെ  അലറി വിളിച്ചു  സന്ധ്യയെ പരതി.

മാസങ്ങള്‍ക്കൊടുവില്‍ ഒരു  സൂര്യാസ്തമയ    വേളയില്‍ പൂജാമന്ത്രങ്ങളുടെയും മരുന്നുകളുടെയും നടുവില്‍    ചിതലരിച്ചു കൊണ്ടിരിക്കുന്ന ഇല്ലത്തിന്റെ   നാല്‍  ചുവരുകള്‍ക്കിടയില്‍ വെച്ചയാള്‍ "അസ്തമയ സന്ധ്യയെ" വേളി  കഴിച്ചു. തന്‍റെ പ്രണയിനി  അസ്തമയ വര്‍ണ്ണ രാജിയില്‍  ലയിച്ചതാണെന്നു    വിശ്വസിച്ചു. ‍ അവളെ  വിട്ടു തരാനായി ഇഷ്ട ദേവനെ നോക്കി   കെഞ്ചി. ഓരോ പകലുകളും   സന്ധ്യാ സമയങ്ങളെ പ്രണയിച്ചു അവള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു. നാട്ടുകാര്‍ക്ക് അപ്പോഴേക്കും നടുവില്‍ മനയിലെ    അവസാന കണ്ണി ഒരു ഭ്രാന്തന്‍  നമ്പൂതിരിയായി മാറി
കഴിഞ്ഞിരുന്നു. 
=======================================
(ചിത്രം കടപ്പാട് : എന്‍റെ  സുഹൃത്തുക്കള്‍ ശ്രീജിത്ത്‌ (TKM എഞ്ചിനീയറിംഗ് കോളേജ്, കൊല്ലം & ചിക്കു (MES എഞ്ചിനീയറിംഗ് കോളേജ്, കുറ്റിപ്പുറം)  
=======================================

==============================================================

Tuesday, November 9, 2010

അയമ്മോക്കാന്‍റെ വോട്ട്



അയമോക്ക നാട്ടില്‍ സുപരിചിതനാണ്. മക്കാനി അയ്മ്മൂനെയും ഓന്‍റെ നാക്കിനെയും മറക്കരുതെന്ന ചൊല്ല് തന്നെയുണ്ടെ നാട്ടില്‍. വര്‍ഷങ്ങളായി ചായക്കട നടത്തിയതിനു നാട്ടുകാര്‍ പതിച്ചു നല്‍കിയ പേരാണ് മക്കാനി അയമ്മു. ചായന്റൊപ്പം ഫ്രീയായി നല്ല എരിവും പുളിയുമുള്ള ന്യൂസും കിട്ടുന്നത്കൊണ്ടു മക്കാനിയില്‍ തിരക്കൊഴിഞ്ഞ നേരമില്ല.

അടുത്തകാലം വരെ അയമോക്കാക്ക് വലിയ മോഹങ്ങളോന്നുമില്ലായിരുന്നു. രാഹുല്‍ഗാന്ധി ഫാറൂഖ് കോളേജില്‍ നിന്നും മടങ്ങും വഴി ഏതോ ഒരു മക്കാനിയില്‍ കയറി ചായയും പൊറോട്ടയും കഴിച്ച വിവരം അയമോക്കയും കേട്ടറിഞ്ഞു. അന്ന് മുതല്‍ രാഹുല്‍ഗാന്ധി തന്‍റെ മക്കാനിക്കടുത്തുള്ള മമ്പാട്കോളേജില്‍ വരുന്നതും മക്കാനിയില്‍ ‍നിന്നൊരു ചായ കുടിക്കുന്നതും കിനാവ്‌കണ്ടാണ്‌ അയമ്മോക്കാന്‍റെ നേരം വെളുക്കുന്നത്‌ തന്നെ. കറപിടിച്ചതാണെങ്കിലും ഉള്ളതില്‍ വൃത്തിയുള്ള ഒരു ഗ്ലാസും ഒരു പൊറാട്ടയും എന്നും രാഹുല്‍ഗാന്ധിക്ക് വേണ്ടി മൂപ്പര്‍ നീക്കി വെക്കും. 'മക്കാനി ടാലണ്ടിനെയും' സാവധാനത്തില്‍ രാഹുല്‍ഗാന്ധി കണ്ടെത്തും എന്നൊക്കെ അയമ്മോക്കാ‍നെ ആരൊക്കൊയോ പറഞ്ഞു പിടിപ്പിച്ചിരുന്നു.



ഇലക്ഷന്‍ സമയത്താണ് അയമ്മോക്കാന്‍റെ ഡിമാണ്ട് കൂടുന്നത്.ഒരു പാര്‍ട്ടിയോടുംകൂറില്ലാത്ത അയമ്മോക്കാന്‍റെ വോട്ടിനും ആ (കു)പ്രസിദ്ധമായ നാക്കിനും വേണ്ടി നാട്ടില്‍ പിടിവലിയാകും. ഇരുപതുകൊല്ലം മുബാണതു സംഭവിച്ചത്. നാട്ടിലന്നു പഞ്ചായത്തിലക്ഷന്‍ നടക്കുന്നു. അയമ്മോക്കാന്റെ വാര്‍ഡില്‍ ശക്തമായ മത്സരം. കുഞ്ഞിരാമന്‍ മാസ്റ്ററും തന്‍റെ പറ്റുകാരന്‍ മോഇതീനും തമ്മില്‍ നല്ല മത്സരം. ഈ വാര്‍ഡില്‍ ജയിക്കുന്നവര്‍ പഞ്ചായത്ത്‌ ഭരിക്കും എന്ന നില വന്നു. വോട്ടിംഗ് അവസാനിക്കാന്‍ സെകണ്ടുകള്‍ ബാക്കി, അയമ്മോക്ക മക്കാനിയില്‍ നിന്നും   ബൂത്തിലേയ്ക്ക് വോട്ട്ചെയാന്‍ ഒറ്റൊരു ഓട്ടം. സമയപ്രശ്നം ചില കുബുദ്ധികള്‍ ഉന്നയിച്ചെങ്കിലും അവസാനം ബാലറ്റ് പേപ്പറില്‍ അയമ്മോക്ക വോട്ട് ചെയ്തു തന്‍റെ മക്കാനിയില്‍ എത്തി പ്രസിദ്ധമായ ആ പ്രവചനം നടത്തി.

"പറ്റു തീര്‍ക്കാത്ത പറ്റിക്കലാരന്‍ മൊഇതീനു വോട്ടില്ല, ജ്ജെ ഒരു വോട്ടിനു കുഞ്ഞിരാമന്‍ മാസ്റ്റ് ജയിച്ചു പഞ്ചായത്ത് ഭരിക്കും, ല്ലങ്കി അയമ്മു മജ്ജത്താകും, ങ്ങള് കണ്ടോളിന്‍"

വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ എല്ലാവരും ഞെട്ടി. അയമ്മൂന്‍റെ നാക്കിന്‍റെ മൂര്‍ച്ചം, മാസ്റ്റര്‍ ഒരു വോട്ടിനു ജയിച്ചിരിക്കുന്നു. അയമ്മൂന്‍റെ ഒരു വോട്ടു ബലത്തില്‍  വാര്‍ഡും പഞ്ചായത്ത് ഭരണവും കൈക്കലാക്കിയ മാസ്റ്ററും കൂട്ടരും അയമ്മോക്കാനെ നാട്ടിലൂടെ കൊണ്ടുനടന്നു തുള്ളിച്ചാടി. അയമ്മോക്കാന്‍റെ നാക്കിന്‍റെ ഊക്കു കണ്ടുംകൊണ്ടും അറിഞ്ഞ മോഇദീന്‍ ‍ മക്കാനി തല്ലി പൊളിച്ചു അരിശം തീര്‍ത്തു.


പതുക്കെ പതുക്കെ അയമോക്കാന്‍റെ വോട്ടിനും നാക്കിനും ആള്‍ക്കാര്‍ ചെവികൊടുത്ത്തുടങ്ങി. അയമോക്കാന്‍റെ വോട്ടു കിട്ടിയില്ലെങ്കിലും നാക്കെങ്കിലും കിട്ടാനായി ആള്‍ക്കാര്‍ പരക്കം പാഞ്ഞു. കഴിഞ്ഞ ലോകകപ്പ്‌ ഫുട്ബാളില്‍ അര്‍ജെന്ടീനയെയും ബ്രസീലിനെയും തോല്‍പ്പിച്ചത് നീരാളിയൊന്നുമല്ല, അയമോക്കാന്‍റെ നാക്കാണെന്നാ നാട്ടിലെ ‍ സംസാരം. അന്ന് മുതല്‍ അസൂയാലുക്കള്‍ ‍ മക്കാനി അയമ്മൂനെ കരിനാക്കാന്‍ അയമ്മു എന്നും വിളിച്ചു തുടങ്ങി.

മാക്കനിയുടെ മേല്‍ ആരെങ്കിലും കൈ വെക്കും എന്ന് കരുതി കഴിഞ്ഞ രണ്ടു പഞ്ചായത്ത്‌ ഇലക്ഷനിലും അയമ്മോക്ക വോട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഇത്തവണ അയമ്മോക്ക വോട്ട് ചെയ്യാന്‍ തീരുമാനിച്ചു. ആദ്യമായി വലതന്മാരുടെ സ്ഥാനാര്‍ഥിയായ വിജയരാജന്‍ ഒരു 'കൈ' സഹായം ചോദിച്ചു അയമ്മോക്കാന്‍റെ മര്‍മ്മം പിടിച്ചു. തന്നെ സഹായിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ മമ്പാട് കോളേജ് സന്ദര്‍ശനം ശരിയാക്കാം എന്ന വാഗ്ദാനവും, അത് വഴി മക്കാനിയിലെ ചായ കുടിയും.


അയമ്മോക്ക സമ്മതം മൂളി, "വോട്ട് അനക്കാ, നാക്ക് പിന്നെ അയമ്മു വോട്ട് ചെയ്തിട്ടേ എടുക്കൊള്ളൂ.  ഇജ്ജ്, ബേയജാറാകണ്ട................."

അയമ്മോക്കാന്‍റെ വോട്ടുറപ്പിച്ചകാര്യം നാട്ടില്‍ പാട്ടായി. ഇടതന്മാരും അയമ്മോക്കാനെ കാണാനെത്തി. "അയമോക്ക, വോട്ടും നാക്കും ഈ പ്രാവശ്യം എനിക്ക് തരണം" സ്ഥാനാര്‍ഥി ഉമ്മര്‍ അയമോക്കാനോട് പറഞ്ഞു. അയമ്മോക്ക രാഹുല്‍ഗാന്ധിയെ പിടിച്ചുകത്തി കയറി, അലമാരയിലെ ഗ്ലാസ്സും പൊറാട്ടയും കാണിച്ചു കൊടുത്തു. അവസാനം രാഹുല്‍ഗാന്ധി ചായ കുടിച്ച മക്കാനി ആരോ പൂട്ടിച്ചു എന്നും, ആ ഗതി അയമോക്കാക്ക് വരരുതെന്നും കാച്ചി ഉമ്മര്‍ അയമ്മോക്കാന്‍റെ വോട്ടുറപ്പിച്ചു മക്കാനിയില്‍ നിന്നും ഇറങ്ങി. അയമോക്കാനെ കാണാന്‍ പിന്നീട് വന്നത്, ഏറ്റവും മൂല്യം കൂടിയ  സ്ഥാനാര്‍ഥി കുഞ്ഞിമുഹമ്മദുമായി  ജനകീയ വികസന മുന്നണി.  മുന്നണി ജയിച്ചാല്‍ മക്കാനി ഹോട്ടലാക്കി വികസിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി. വോട്ടില്ലെങ്കിലും വോട്ടിനേക്കാള്‍ മൂല്യമുള്ള അയമ്മോക്കാന്‍റെ നാക്കെങ്കിലും വേണമെന്നും പറഞ്ഞു അവരും പടിയിറങ്ങി.

 വോട്ടിംഗ് ദിവസം പതിവ് തെറ്റിക്കാതെ അവസാന മിനിറ്റില്‍ അയമോക്ക വോട്ട് ചെയ്തു. എല്ലാവരും അയമ്മോക്കാന്‍റെ മക്കാനിയില്‍ പ്രവചനം കേള്‍ക്കാന്‍ തടിച്ചു കൂടി. അയമോക്ക ആദ്യം വലതനും, പിന്നെ ഇടതനും, അവസാനം  മൂല്യക്കാര്‍ക്കുമായി ഓരോ വോട്ട് ചെയ്ത വിവിരം വിസ്തരിച്ചു കേള്‍പ്പിച്ചു.  മറുപടി കേട്ട്    അന്തംവിട്ടു നില്‍ക്കുന്ന മൂന്നുകൂട്ടരെയും അയമോക്ക അങ്ങെനെ  വോട്ട് ചെയ്തു സന്തോഷിപ്പിച്ചു.  ഇത്തവണ പ്രവചനം നടത്താന്‍ മിനക്കെടാതെ, രാഹുല്‍ഗാന്ധിക്കുള്ള ഗ്ലാസ്‌ ഒന്നു കൂടി കഴുകി വെച്ച് തന്‍റെ വോട്ടിന്‍റെ മൂല്യം പോയതറിയാതെ അയമോക്ക പൊട്ടി പൊട്ടി   ചിരിച്ചു! 

Tuesday, October 26, 2010

ലാസര്‍ പിടിച്ച കള്ളന്‍



ലാസറും എല്‍സമ്മയും വിവാഹിതരായിട്ടു എത്ര വര്‍ഷമായി എന്നൊന്നും ലാസറിനു കൃത്യമായി അറിയില്ല. ഒരു പത്തു പന്ത്രണ്ട്‌, പിന്നെ അതൊരുഫെബ്രുവരി പതിന്നാല്‌ എന്നെ ലാസര്‍ ‍പറയൂ. ഫെബ്രുവരി പതിന്നാലിനുള്ള മേന്മയൊന്നും നോക്കിയല്ല ലാസര്‍ വിവാഹം നടത്തിയത്. എന്നാലിപ്പോള്‍ ഫെബ്രുവരി പതിന്നാലിനെ ഉത്സവമാക്കി മാറ്റിയവരെ ലാസര്‍ സ്തുതിക്കും. തന്‍റെ വിവാഹ വാര്‍ഷികം ലാസര്‍ ‍ഓര്‍ക്കുന്നത് തന്നെ അങ്ങനെയാണ്.

കാലങ്ങള്‍ താനറിയാതെ മുന്നോട്ടു പാഞ്ഞപ്പോള്‍ ലാസറിനു രണ്ടു കുട്ടികളുമായി. മൂത്ത മകള്‍ എല്‍സി രണ്ടിലും, ഇളയവന് എല്‍സന്‍ LKGയിലും പഠിക്കുന്നു. എല്‍സമ്മയുടെ കൂടുതല്‍ സമയവും കണ്ണാടി അപഹരിക്കുന്നത് കൊണ്ടു വിമാനം നിര്‍മ്മിച്ച റൈറ്റ് സഹോദരന്മാരെക്കളും ലാസറിനിഷ്ടം കണ്ണാടി കണ്ടുപിടിച്ചവരെയാണ്. കെട്ടിയോളും അവളുടെ ഫാമിലിയും മക്കളെക്കാള്‍ സ്നേഹിക്കുനത് കണ്ണാടിയെ ആണെന്നാണ് ലാസര്‍ ഇന്നും കരുതുന്നത്. കണ്ണാടികഴിഞ്ഞാല്‍ എല്‍സമ്മയുടെ ഇഷ്ട വിനോദമായിരുന്നു സൈക്കിള്‍ സവാരി. തന്‍റെ മകള്‍എല്സിയുടെ പിന്നാലെ സ്ഥാനത്തും ആസ്ഥാനതുമായി ദിവസവും എല്‍സമ്മ കൂടും. ഫാമിലി പാര്യമ്പര്യമായി കെട്ടിയോള്‍ക്ക് കിട്ടിയ ഈ സൈക്കിള്‍ സവാരിയും ലാസറിനു അത്രക്കിഷടമല്ല. ഇങ്ങനെയൊക്കെയാണെങ്കിലും ലാസറും, എല്‍സമ്മയും തമ്മില്‍ യാതൊരു വിധ പിണക്കവുമില്ല, ലാസറിന്റെ കള്ളനെ പിടിക്കുന്ന കാര്യത്തില്‍ ഒഴികെ. സാഹസിക കഥകള്‍കൂടുതല്‍ വായിച്ചതു കാരണം ലാസറിന്റെ ഇഷ്ട വിനോദമായിരുന്നു കള്ളനെ പിടിക്കല്‍. എവിടെ കള്ളന്മാരെ പിടിക്കാനുണ്ടോ അവിടെ ലാസറും ഓടിയെത്തും. വിവാഹം കഴിഞ്ഞിട്ടും ലാസര്‍ ഇത് മാറ്റിയില്ല.

പതിവ് പോലെ ജോലിയെല്ലാം കഴിഞ്ഞു, ലാസര്‍ അന്നു രാത്രിയും ഉറങ്ങാന്‍ കിടന്നു. സമയം എന്തായി എന്നൊന്നും ഓര്‍മ്മയില്ല, പാതിരാവായി കാണും, ലാസര്‍ എന്തോ ഒരു നിഴല്‍ കണ്ട പോലെ തോന്നി. കര്‍ത്താവേ കള്ളന്‍, അതെ കള്ളന്‍ തന്നെ, ഇന്ന് എന്‍റെ വീട്ടിലോ. എന്നെ ആരും സഹായിക്കാനില്ലലോ. ലാസറിനു പെട്ടെന്ന് പേടി തോന്നി. താനും എല്‍സമ്മയും കുട്ടികളും കിടക്കുന്നിടത്തേക്ക്‌ കള്ളന്‍ നടന്നു വരുന്നു. എവിടെനിന്നോ കിട്ടിയ ധൈര്യം സംഭരിച്ചു ലാസര്‍ കള്ളന്‍, കള്ളന്‍ എന്ന നിലവിളിയോടു കൂടി കള്ളനു മേല്‍ ചാടി വീണു. ലാസര്‍ കള്ളനുമായി മല്‍പിടുത്തം തുടങ്ങി. എന്നാല്‍ സഹായത്തിനുള്ള തന്‍റെ നിലവിളി ആരും കേള്‍ക്കുന്നില്ലേ എന്ന് കരുതി കള്ളനെ പിടി വിടാതെ നിലവിളി വീണ്ടും ഉച്ചത്തിലാക്കി. നിലവിളി ഉച്ചതിലായത്തോടെ തന്‍റെ വയറ്റിനു പെട്ടെന്നൊരു ചവിട്ടു കിട്ടി ലാസര്‍ കട്ടിലില്‍ നിന്നും താഴെ വീണു. കള്ളനുപകരം ഉറഞ്ഞു തുള്ളുന്ന എല്‍സമ്മയെ കണ്ടു ലാസര്‍ ഞെട്ടി! ഉറക്കത്തിലെ ഈ കള്ളനെ പിടിത്തം ഇന്നത്തോട അവസാനിപ്പികണമെന്ന അട്ടഹസിച്ചു എല്‍സമ്മ ഒരു ചവിട്ടു കൂടി ലാസറിനു കൊടുത്തു. ഇനി കള്ളനെ പിടിക്കുമ്പോള്‍ നിലവിളിക്കില്ല എന്നുറപ്പിച്ചു ലാസര്‍ വേദനയോടെ കട്ടിലില്‍ കയറി മറ്റൊരു കള്ളന്‍ വരുന്നതും കാത്തു കിടന്നു. പക്ഷെ പിന്നീടൊരിക്കലും ലാസര്‍ കള്ളനെ പിടിക്കുമ്പോള്‍ നിലവിളിച്ചില്ല!