Wednesday, November 24, 2010

ഫര്‍സാന്‍ ദ്വീപിലെ അത്ഭുത കാഴ്ചകള്‍:


സൗദി അറേബ്യയിലെ ജിസാനിനോടടുത്തുള്ള ചെങ്കടലിലെ 84 ദ്വീപ സമൂഹത്തിലെ  പ്രധാന ദ്വീപാണ് ഫര്‍സാന്‍. ഇവിടെ കാണുന്ന   മറ്റു ചെറു ദ്വീപുകള്‍ (Islets) മനുഷ്യവാസമില്ലാത്തവയാകുന്നു.   


ഒരുപാടൊരുപാട്  പറഞ്ഞു കേട്ട ഫര്‍സാന്‍ ദ്വീപിലേക്ക് (നവംബര്‍ പതിനാറു) പെരുന്നാള്‍ നമസ്ക്കാരത്തിനു ശേഷം ഞങ്ങള്‍ പുറപ്പെട്ടു. സുഹൃത്തുക്കളായ അഞ്ചു ഫാമിലി, കുട്ടികളടക്കം ഇരുപത്തിയഞ്ച് പേര്‍. ഞങ്ങളുടെ  ടൂര്‍ ലീഡര്‍ നാസര്‍ പൂക്കോട്ടുംപാടം ഏര്‍പ്പാടുചെയ്ത  മിനി  ബസ്സ്‌   ഒന്‍പതു മണിക്ക് തന്നെ ജിദ്ദയില്‍ നിന്നും   ജിസാന്‍ ലക്ഷ്യമാക്കി നീങ്ങി. ബസിനു  ഫര്‍സാനിലെക്കുള്ള ടിക്കറ്റും,    മടക്ക ടിക്കറ്റും ഞങ്ങളുടെ താമസവുമെല്ലാം  ജിസാനിനടുത്തുള്ള അബുഹരീഷില്‍ ജോലിചെയുന്ന എന്റെ  ബന്ധു   ജാഫര്‍  ശരിയാക്കിയിരുന്നു. ഇക്കാമ കോപ്പി നേരത്തെ അയച്ചു കൊടുക്കാത്തത് കാരണം യാത്രക്കാരായ ഞങ്ങളുടെ ഷിപ്പിനുള്ള  ടിക്കറ്റ്‌  മുന്‍‌കൂര്‍   എടുക്കാന്‍   സാധിച്ചിരുന്നില്ല.   ജിസാനില്‍ നിന്നും ദ്വീപിലേക്കുള്ള ഷിപ്പ് യാത്ര തികച്ചും സൗദി ഗവണ്‍മെന്റ് വക സൗ ജന്യമാണ്.
 

പുറംകാഴ്ചകളും, കുട്ടികളുടെ    പാട്ടും മറ്റു കളികളുമായി ഞങ്ങള്‍ യാത്ര തുടര്‍ന്നു.  ഉച്ചക്ക്ഞങ്ങള്‍  കൊണ്ടു വന്ന  ചിക്കന്‍   ബിരിയാണി   കഴിച്ചു.  അഞ്ചു മണിക്ക് മുബായി ജിസാനില്‍ എത്തിയാല്‍ ഞങ്ങള്‍‍ക്കുള്ള ടിക്കറ്റ്‌ കൂടി അഡ്വാന്‍സ്‌ എടുക്കാം എന്ന ആഗ്രഹം നടപ്പാകില്ല എന്ന് മനസിലാക്കിയതോടെ ഞങ്ങള്‍ യാത്ര അല്‍പ്പം സാവധാനത്തിലാക്കി. ജിസാന്‍ റോഡില്‍ നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റര്‍ മാറിയുള്ള അബൂഹരീഷ് കണ്ടു പിടിക്കാന്‍ കുറച്ചു  ബുദ്ധിമുട്ടിയെങ്കിലും ഞങ്ങള്‍ ഏഴു മണിയോടെ  അബൂഹരീഷിലെ റൊമാനിയ ഹോട്ടലില്‍  എത്തി. പുതിയ ഹോട്ടല്‍ ആയതു കാരണം നല്ല വൃത്തിയും വെടിപ്പുമുണ്ടായിരുന്നു.


ജിസാനില്‍ എത്തിയപ്പോഴാണ് എന്റെ സുഹൃത്ത് റഹീം ഫാമിലിയുടെ  ഇക്കാമ എടുത്തിട്ടില്ല എന്ന വിവരം അറിയുന്നത്. കോപ്പിയും  കൈയ്യില്‍  കരുതിയിട്ടില്ല.   ഷിപ്പിനുള്ള  ടിക്കറ്റ്  കിട്ടണമെങ്കില്‍ പാസ്പോര്‍ട്ട് ‍ അല്ലെങ്കില്‍    ഇക്കാമ വേണമെന്ന് ജാഫര്‍ പറഞ്ഞു.  കോപ്പി യാണെങ്കില്‍ ‍ സ്റ്റാമ്പ്‌ ചെയ്യണം. റഹീം അവന്റെ ഓഫീസുമായി ബന്ധപെട്ടു ഇക്കാമ ഫാക്സ്  ചെയ്യിപ്പിച്ചു.

പെരുന്നാള്‍ സീസണ്‍ കാരണം ഫര്‍സാനിലേക്ക് അന്ന് രണ്ടു ഷിപ്പ് ഉണ്ടായിരുന്നു. ഒന്ന് രാവിലെ ഏഴു മണിക്കും മറ്റൊന്ന് രാവിലെ പത്തു മണിക്കും. ഞങ്ങള്‍ ഏഴു മണിക്കുള്ള ഷിപ്പ് പിടിക്കാന്‍ തീരുമാനിച്ചു.   അഞ്ചു മണിയോടെ ടിക്കറ്റ് കൌണ്ടറില്‍ എത്തി. അധികം ആളുകളില്ല ഞങ്ങള്‍ ആശ്വസിച്ചു.   ടിക്കറ്റ് കൌണ്ടര്‍ തുറന്നപ്പോള്‍  പുരുഷന്മാരുടെ   ഭാഗത്ത്‌ പെട്ടെന്ന് നല്ല തിരക്ക്.  വാഹനം  കപ്പലില്‍ കയറ്റാനുള്ള അനുമതിയും യാത്രക്കാരുടെ ടിക്കറ്റുമെല്ലാം  ഫ്രീയായതു  കാരണം     സീസണ്‍ സമയത്തെ   ദ്വീപിലേക്കുള്ള   ടിക്കറ്റെടുക്കല്‍ ഒരു പണി   തന്നെയാണ്.   സ്ത്രീകള്‍ക്ക് പ്രത്യക  കൌണ്ടര്‍ ഉള്ള കാര്യമറിഞ്ഞു ഞങ്ങള്‍ ടിക്കറ്റെടുക്കാന്‍ മങ്കമാരെ ഏര്‍പ്പാടാകി.  കൈയ്യൂക്കുള്ളവന്‍ ‍ കാര്യക്കാരന്‍ എന്ന ചൊല്ല് തികച്ചും യോജിക്കുന്നത്  ഇവിടെയാണെന്ന് മനസ്സിലായി. സൌദിയിലെ സ്ഥിരം പല്ലവിയായ 'സിസ്റ്റം-ഡൌണ്‍കള്‍ക്കിടയില്‍'    ഞങ്ങളും   ടിക്കറ്റ് ശരിയാക്കി.   ഫാക്സ് കോപ്പി കാരണം റഹീമിന്‍റെ   ഫാമിലി ടിക്കറ്റ് കിട്ടിയില്ല. ഞങ്ങള്‍ ശരിക്കും വിഷമിച്ചു. അവസാനം  കൂട്ടത്തിലെ കാര്യപ്രാപ്തിയായ ഇന്ത്യന്‍ എംബസി സ്കൂളിലെ അധ്യാപിക നസൂറ ടീച്ചര്‍  വീണ്ടും കൌണ്ടറില്‍ ചെന്നു. അറിയാവുന്ന അറബിയും ഇഗ്ലീഷും  കാച്ചി ടീച്ചര്‍ ടിക്കറ്റ് ശരിയാക്കി  സന്തോഷത്തോടെ പുറത്തു വന്നു.

ഞങ്ങള്‍ ബസ്സില്‍  കയറിഷിപ്പിനെ ലക്ഷ്യമാക്കി  പോര്‍ട്ടിലേക്ക് നീങ്ങി. ഇടക്കൊരു ചെക്കിംഗ്, ഷിപ്പിനുള്ള ബസ്‌ പാസും ഞങ്ങളുടെ  ടിക്കറ്റും പരിശോധിച്ച്  കടത്തി വിട്ടു. ഞങ്ങള്‍ ബസില്‍ നിന്നിറങ്ങി സെക്യൂരിറ്റി ചെക്കിംഗ്   കഴിഞ്ഞു  ‍ഷിപ്പില്‍  സീറ്റ്   പിടിച്ചു. ഷിപ്പിലെ  മുന്‍   ഭാഗത്തെ   സീറ്റെല്ലാം നൂറുശതമാനം  സ്ത്രീകള്‍ക്കായി    സംവരണം ചെയ്തിരിക്കുന്നു.   സ്ത്രീ സംവരണം  കണ്ടുപിടിച്ച മഹാന്മാരെ മനസ്സാ ‍ എതിര്‍ത്തുകൊണ്ടു   പുരുഷന്മാര്‍ ഷിപ്പിലെ ബാക്ക് സീറ്റില്‍ സ്ഥാനം പിടിച്ചു. ഞങ്ങളുടെ  ബസ്സ്‌  ഷിപ്പിലെ വാഹന പാര്‍കിങ്ങ്ല്‍  പാര്‍ക്ക് ചെയ്തു.


പുതിയ ഷിപ്പ്, കൃത്യം ഒരു മണിക്കൂര്‍ യാത്ര. വലിയ   ഓളങ്ങളില്ലാതെ  ശാന്തമായ ചെങ്കടല്‍.ഇതൊരു 'റെഡ്-സി'  അല്ല 'ബ്ലൂ-സി' ആണെന്നേ കടല്‍ കണ്ടാല്‍ തോന്നുകയുള്ളൂ.  അറ്റമില്ലാത്ത നീലതടാകം പോലെ പരന്നു കിടക്കുന്ന  ചെങ്കടല്‍ കാഴ്ച അതിമനോഹരമാണ്.     ഫര്‍സാനില്‍     എത്തുന്നതിനു   മുബായി  കടലില്‍ മനോഹരമായ നിരവധി ചെറു ദ്വീപുകള്‍ (Islets)   കണ്ടു. ഞങ്ങള്‍    കടല്‍  കാഴ്ചകള്‍ കണ്ടു ഫര്‍സാന്‍ ദ്വീപില്‍ ഒന്‍പതു മണിയോടെ എത്തി.

 
ബസില്‍ കയറി  ഫര്‍സാന്‍ ടൌണ്‍  ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. മടക്ക ടിക്കറ്റ് ടൌണില്‍‍   നിന്നും അധികം പ്രയാസം കൂടാതെ തരപ്പെടുത്തി ഞങ്ങള്‍   ദ്വീപിലെ  കാഴ്ചകള്‍ ‍കാണാന്‍ നീങ്ങി. ചന്ദ്രനില്‍  ചെന്നാലും മലയാളിയുടെ തട്ടുകടകാണും എന്ന  ചൊല്ലുപോലെ   ദ്വീപില്‍ ടാക്സി ഡ്രൈവര്‍ മാരുടെ വേഷത്തിലും ബഗാല, ബൂഫിയ  ഉടമകളായും മലയാളികളെ കണ്ടു.  
ടൌണില്‍   നിന്നും ഫര്‍സാന്‍ ദ്വീപിലെ മനോഹരമായ ബീച്ചില്‍ ഞങ്ങള്‍ എത്തി.  ഒരു കടല്‍ ആണെന്ന് ഒരിക്കലും തോന്നില്ല.  നല്ലൊരു നീല തടാകം. കപ്പല്‍ യാത്രയെക്കാള്‍  എന്നെ ആകര്‍ഷിച്ചത് നീല കളറില്‍ മുങ്ങിയ ചെങ്കടലിന്റെ ശാന്ത ഘാംഭീര്യമായിരുന്നു. കടലിനു മുകളില്‍ ഒരു വശത്തായി നീണ്ട ഒരു പാലം. പാലത്തിനു ചുവട്ടില്‍  ബസ്സ്‌  പാര്‍ക്ക് ചെയ്തു ഞങ്ങള്‍ കടലില്‍ ഇറങ്ങി.  കുട്ടികളെല്ലാം നന്നായി നീല കടലില്‍ കുളിച്ചു രസിച്ചു.  ഫര്‍സാന്‍ ദ്വീപിലെ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ രണ്ടു മണിയോടെ പോര്‍ട്ടില്‍ എത്തി.
ടൂറിസത്തിന്റെ അനന്തമായ  സാധ്യതകളുള്ള പ്രകൃതിയുടെ മനോഹാരിതയാല്‍   അനുഗ്രഹീതമായ ഫര്‍സാന്‍ ദ്വീപിനെ വാണിജ്യ വല്‍ക്കരിക്കാതെ,   അതിന്റെ  നീലിമയില്‍  നിലനിര്‍ത്തുന്ന  സൗദി ഭരണകൂടത്തെ നമിച്ചു കൊണ്ടു ഞങ്ങള്‍  കപ്പലില്‍   കയറി. രണ്ടര മണിക്ക് കപ്പല്‍ ജിസാനിലേക്ക് പുറപെട്ടു, നാല് മണിക്ക്  ജിസാനില്‍ എത്തി.


ഭക്ഷണമെല്ലാം കഴിച്ചു ഞങ്ങള്‍ ജിദ്ദയെ ലക്ഷ്യമാക്കി തിരിച്ചു. വിരസമാകുമായിരുന്ന തിരിച്ചു വരവ് 'അണ്‍ഡാ‍ക്ഷരിയുടെ'   ആഴങ്ങളിലേക്ക്  ഊളിയിട്ടു ഞങ്ങള്‍ സരസമാക്കി. അങ്ങെനെ പ്രവാസ ലോകത്തെ മറ്റൊരു പെരുന്നാള്‍ കൂടി പ്രയാസമില്ലാതെ തരണം ചെയ്തു ഞങ്ങള്‍ ജിദ്ദയില്‍ സന്തോഷത്തോടെ മടങ്ങിയെത്തി.

ഈ യാത്രയില്‍ ശ്രദ്ധിക്കേണ്ടതും ങ്ങള്‍ക്ക്   അനുഭവപ്പെട്ടതുമായ   ചില കാര്യങ്ങള്‍ കൂടി:
  •  ഇക്കാമ, പാസ്പോര്‍ട്ട്‌ (ഫാമിലിയുടെതടക്കം) എന്നിവയില്‍ ഏതെങ്കിലും ഒന്നു കരുതണം. 
  •  കഴിയുന്നതും ഫര്‍സാന്‍ ദ്വീപിലേക്കുള്ള  ടിക്കറ്റ് മുന്‍കൂറായി എടുക്കുക, പ്രത്യേകിച്ചും സീസണ്‍ സമയങ്ങളില്‍. ടിക്കറ്റ് കിട്ടിയിലെങ്കില്‍ ഒരിക്കലും സ്പീഡ് ബോട്ടില്‍ ദ്വീപിലേക്ക് യാത്ര തിരിക്കരുത്.  സ്പീഡ് ബോട്ട് അപകടകരമാണ്, പ്രത്യേകിച്ചും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും. 
  • ഫര്‍സാനിന്റെ രമണീയത മതിവരോളം ആസ്വദിക്കാന്‍   ചുരുങ്ങിയത് ഒരു ദിവസമെങ്കിലും   അവിടെ തങ്ങണം.
  •  ദ്വീപില്‍ ടാക്സി കിട്ടുമെങ്കിലും കഴിയുമെങ്കില്‍ നമ്മുടെ വാഹനം തന്നെ കൊണ്ടുപോകുക.
  • 'അണ്‍ഡാ‍ക്ഷരി' ജയിക്കണമെങ്കില്‍ 'വ' അക്ഷരത്തില്‍ തുടങ്ങുന്ന കൂടുതല്‍  പാട്ടുകള്‍ ‍ മനപ്പാഠമാക്കണം!


ദ്വീപിലെ കടലൊഴിഞ്ഞ  ഭാഗങ്ങള്‍Sunday, November 14, 2010

"ഞങ്ങളെ വീടിനു ഞങ്ങളെറിഞ്ഞാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രെസ്സെ..... "

കണ്ടതും കേട്ടതും:

കേരളത്തിലുടനീളം ഇലക്ഷന്‍ തോല്‍വിയുടെ ത്വാത്തികമായും റാഡിക്കലുമായ കാണാപൊരുളുകള്‍ തേടിയുള്ള അവലോകന തിരക്കിലാണല്ലോ.‍ 'കോട്ടപള്ളിയുടെ' എന്തുകൊണ്ട് നമ്മള്‍ തോറ്റു എന്ന നിഷ്കളങ്കമായ ചോദ്യത്തിനുള്ള ലളിതമായ ഉത്തരത്തിനു ഉത്തരം തേടിയുള്ള  പരക്കം പരക്കം പാച്ചിലിലാണല്ലോ  എല്ലാവരും.  


ന്യൂനപക്ഷ സമുദായക്കാരെ കുതിരകയറി  ഇടയ ലേഖനമെഴുത്തു  മത്സരം നടത്തിയത്, ഓന്ജിയത്തെയും ഷൊര്‍ണൂരിലെയും   കൂലംകുത്തികള്‍, എലികളായി വന്നു പുലികളായി തിരിച്ചു പോയ 'വീരനെലികളുടെ മാഞ്ഞാളം കളികള്‍',   "അലൂമിനിയം പട്ടേലിനെ ഗോള്‍ഡന്‍  പട്ടേലാക്കി" മൂന്നു രൂപാ മെമ്പര്ഷിപ്പിനായുള്ള മുരളീരവ യാത്രകള്‍‍, ജോസഫിന്റെ പുതിയ കൈ പ്രയോഗം,   INL  കളം മാറല്‍,    പൂന്ധുറ  സഖാക്കളുടെ  പാര്‍ട്ടിയുടെ  ശക്തി ക്ഷയം, വിശദീകരിച്ചു വിശദീകരിച്ചു അഴിക്കും തോറും അച്ചുമാമ്മയാല്‍ മുറുക്കപെടുന്ന  ലോട്ടറി വിവാദങ്ങള്‍, എല്ലാറ്റിനുമുപരി ഭരണ വിലയിരുത്തലെന്ന മുന്‍‌കൂര്‍ പ്രവചനം - പൊതുജനം ഇത്രത്തോള്ളം വിലയിരുത്തുമെന്ന്  ആചാര്യന്മാര്‍ ആരും കരുതിയതല്ലല്ലോ - ഇങ്ങനെ ഓരോരോ കാരണങ്ങള്‍ നിരത്തി കോട്ടപള്ളിമാരെ നിശബ്ദരാക്കുന്നതിനിടയില്‍ ഞങ്ങള്‍ മഞ്ചേരിക്കാര്‍ക്കൊരു കച്ചി തുരുബ് കിട്ടിയത്. "ശിവദാസ മേനോന്റെ മകളുടെ വീടാക്രമണം"

ആരാന്റെ, ചെലവിലാണെങ്കിലും അപ്രതീക്ഷിതമായി കിട്ടിയ വിജയത്തിന്റെ ഹുങ്ക്  UDFകാര്‍ ശിവദാസമേനോന്റെ വീടിനോടുപോലും കാണിച്ചു എന്ന് സാക്ഷാല്‍ പിണറായി മുതല്‍ ലോക്കല്‍ സഖാക്കള്‍ വരെ പാടി നടന്നു വിശദീകരിച്ചത് ചാനലുകള്‍ ഏറ്റെടുത്തു. കേസ്സ് അന്വഷിക്കാന്‍  ‍ ചെന്ന പോലീസുകാര്‍ക്ക് സാക്ഷാല്‍ മേനോന്‍ നല്ല കൊട്ട് കൊടുത്തു. പ്രതികളെ പിടിക്കാന്‍ നിങ്ങള്‍ക്കാവില്ലെന്നും, ഇവിടെ ഭരണമൊന്നും  മാറിയിട്ടില്ല എന്നൊക്കെ മേനോന്‍ 'വടിവൊത്ത ഭാഷയില്‍' ചെറുതായി ഒന്ന് സൂചിപ്പിച്ചു. കിട്ടേണ്ടത് കിട്ടിയപ്പോള്‍ കാക്കിക്കുള്ളിലെ ശൌര്യം ഉന്നര്‍ന്നു. ഞങ്ങള്‍ മഞ്ചേരിക്കാര്‍ക്കും അതൊരു വാശിയായിരുന്നു. ഇതൊന്നും ഇങ്ങെനെ  വിട്ടാല്‍ ശരിയാവില്ലല്ലോ.


പ്രതികളെ പിടിച്ചപ്പോള്‍ മഞ്ചേരിക്കാരെക്കാള്‍ ഞെട്ടിയത് പിണറായിയായിരുന്നു. വീടാക്രമണ പരമ്പരയില്‍ പ്രതികളായി പിടിച്ചവരെല്ലാം CPM,  DYFI  സജീവ പ്രവര്‍ത്തകര്‍.  ശിവദാസമേനോന്‍ പോലീസുകാരെ ഞെട്ടിപ്പിച്ച രീതി അല്‍പ്പം  കൂടിപ്പോയോ എന്ന സംശയം ബാക്കിയായി, ഹംസാക്ക ഒരിക്കല്‍ ചുവപ്പിച്ച മഞ്ചേരിയിലും കൂലംകുത്തികള്‍ ജന്മമെടുത്തതായി പിണറായിക്ക് സമാധാനിക്കാമെങ്കിലും എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത് നാട്ടില്‍ നടന്ന ഒരു പഴയ കഥയാണ്.


നാട്ടിലെ സിപിഎം ഓഫീസില്‍ നിന്നും പെട്രോള്‍ മാക്സ് മോഷണം പോയിരിക്കുന്നു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമനാവാതെ തരമില്ലല്ലോ. പ്രതികള്‍ കോണ്‍ഗ്രസുകാര്‍ എന്ന് വിധിയെഴുതി‍. വാദ പ്രതിവാദ വിശദീകരണ പ്രകടന കോലാഹലങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ പ്രതിയായ സഖാവിനെ പോലീസ് പിടിച്ചു. അതുവരെ ബാക്ക് ഗിയറില്‍ ആയിരുന്ന കോണ്‍സ്സ്കാര്‍ ഒരു ഉശിരന്‍ പ്രകടനം നടത്തി.  ചങ്ക് പൊട്ടിക്കുന്ന മുദ്രാവാഖ്യം. ഞങ്ങളും വിട്ടു കൊടുത്തില്ല. വിളിച്ചു മുദ്രാവാഖ്യം.

"ഞങ്ങളെ മാക്സ് ഞങ്ങള്‍ കട്ടാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രെസ്സെ.........."

 ഹാലിളകിയ മലപ്പുറത്തെ  ലീഗുകാരും   കോണ്‍ഗ്രസുകാരുമിപ്പോള്‍  പിണറായി വിജയന്‍ മാപ്പ് പറയണമെന്നാവശ്യവുമായി വന്നിരിക്കുകയാണല്ലോ. പിണറായി വിജയന് ആ പഴയ മുദ്രാവാക്യമൊന്നു ചെറിയ മാറ്റത്തോടെ പൊടി തട്ടി എടുത്താല്‍ മതിയല്ലോ.

"ഞങ്ങളെ വീടിനു ഞങ്ങളെറിഞ്ഞാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രെസ്സെ..... "

Tuesday, November 9, 2010

അയമ്മോക്കാന്‍റെ വോട്ട്അയമോക്ക നാട്ടില്‍ സുപരിചിതനാണ്. മക്കാനി അയ്മ്മൂനെയും ഓന്‍റെ നാക്കിനെയും മറക്കരുതെന്ന ചൊല്ല് തന്നെയുണ്ടെ നാട്ടില്‍. വര്‍ഷങ്ങളായി ചായക്കട നടത്തിയതിനു നാട്ടുകാര്‍ പതിച്ചു നല്‍കിയ പേരാണ് മക്കാനി അയമ്മു. ചായന്റൊപ്പം ഫ്രീയായി നല്ല എരിവും പുളിയുമുള്ള ന്യൂസും കിട്ടുന്നത്കൊണ്ടു മക്കാനിയില്‍ തിരക്കൊഴിഞ്ഞ നേരമില്ല.

അടുത്തകാലം വരെ അയമോക്കാക്ക് വലിയ മോഹങ്ങളോന്നുമില്ലായിരുന്നു. രാഹുല്‍ഗാന്ധി ഫാറൂഖ് കോളേജില്‍ നിന്നും മടങ്ങും വഴി ഏതോ ഒരു മക്കാനിയില്‍ കയറി ചായയും പൊറോട്ടയും കഴിച്ച വിവരം അയമോക്കയും കേട്ടറിഞ്ഞു. അന്ന് മുതല്‍ രാഹുല്‍ഗാന്ധി തന്‍റെ മക്കാനിക്കടുത്തുള്ള മമ്പാട്കോളേജില്‍ വരുന്നതും മക്കാനിയില്‍ ‍നിന്നൊരു ചായ കുടിക്കുന്നതും കിനാവ്‌കണ്ടാണ്‌ അയമ്മോക്കാന്‍റെ നേരം വെളുക്കുന്നത്‌ തന്നെ. കറപിടിച്ചതാണെങ്കിലും ഉള്ളതില്‍ വൃത്തിയുള്ള ഒരു ഗ്ലാസും ഒരു പൊറാട്ടയും എന്നും രാഹുല്‍ഗാന്ധിക്ക് വേണ്ടി മൂപ്പര്‍ നീക്കി വെക്കും. 'മക്കാനി ടാലണ്ടിനെയും' സാവധാനത്തില്‍ രാഹുല്‍ഗാന്ധി കണ്ടെത്തും എന്നൊക്കെ അയമ്മോക്കാ‍നെ ആരൊക്കൊയോ പറഞ്ഞു പിടിപ്പിച്ചിരുന്നു.ഇലക്ഷന്‍ സമയത്താണ് അയമ്മോക്കാന്‍റെ ഡിമാണ്ട് കൂടുന്നത്.ഒരു പാര്‍ട്ടിയോടുംകൂറില്ലാത്ത അയമ്മോക്കാന്‍റെ വോട്ടിനും ആ (കു)പ്രസിദ്ധമായ നാക്കിനും വേണ്ടി നാട്ടില്‍ പിടിവലിയാകും. ഇരുപതുകൊല്ലം മുബാണതു സംഭവിച്ചത്. നാട്ടിലന്നു പഞ്ചായത്തിലക്ഷന്‍ നടക്കുന്നു. അയമ്മോക്കാന്റെ വാര്‍ഡില്‍ ശക്തമായ മത്സരം. കുഞ്ഞിരാമന്‍ മാസ്റ്ററും തന്‍റെ പറ്റുകാരന്‍ മോഇതീനും തമ്മില്‍ നല്ല മത്സരം. ഈ വാര്‍ഡില്‍ ജയിക്കുന്നവര്‍ പഞ്ചായത്ത്‌ ഭരിക്കും എന്ന നില വന്നു. വോട്ടിംഗ് അവസാനിക്കാന്‍ സെകണ്ടുകള്‍ ബാക്കി, അയമ്മോക്ക മക്കാനിയില്‍ നിന്നും   ബൂത്തിലേയ്ക്ക് വോട്ട്ചെയാന്‍ ഒറ്റൊരു ഓട്ടം. സമയപ്രശ്നം ചില കുബുദ്ധികള്‍ ഉന്നയിച്ചെങ്കിലും അവസാനം ബാലറ്റ് പേപ്പറില്‍ അയമ്മോക്ക വോട്ട് ചെയ്തു തന്‍റെ മക്കാനിയില്‍ എത്തി പ്രസിദ്ധമായ ആ പ്രവചനം നടത്തി.

"പറ്റു തീര്‍ക്കാത്ത പറ്റിക്കലാരന്‍ മൊഇതീനു വോട്ടില്ല, ജ്ജെ ഒരു വോട്ടിനു കുഞ്ഞിരാമന്‍ മാസ്റ്റ് ജയിച്ചു പഞ്ചായത്ത് ഭരിക്കും, ല്ലങ്കി അയമ്മു മജ്ജത്താകും, ങ്ങള് കണ്ടോളിന്‍"

വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ എല്ലാവരും ഞെട്ടി. അയമ്മൂന്‍റെ നാക്കിന്‍റെ മൂര്‍ച്ചം, മാസ്റ്റര്‍ ഒരു വോട്ടിനു ജയിച്ചിരിക്കുന്നു. അയമ്മൂന്‍റെ ഒരു വോട്ടു ബലത്തില്‍  വാര്‍ഡും പഞ്ചായത്ത് ഭരണവും കൈക്കലാക്കിയ മാസ്റ്ററും കൂട്ടരും അയമ്മോക്കാനെ നാട്ടിലൂടെ കൊണ്ടുനടന്നു തുള്ളിച്ചാടി. അയമ്മോക്കാന്‍റെ നാക്കിന്‍റെ ഊക്കു കണ്ടുംകൊണ്ടും അറിഞ്ഞ മോഇദീന്‍ ‍ മക്കാനി തല്ലി പൊളിച്ചു അരിശം തീര്‍ത്തു.


പതുക്കെ പതുക്കെ അയമോക്കാന്‍റെ വോട്ടിനും നാക്കിനും ആള്‍ക്കാര്‍ ചെവികൊടുത്ത്തുടങ്ങി. അയമോക്കാന്‍റെ വോട്ടു കിട്ടിയില്ലെങ്കിലും നാക്കെങ്കിലും കിട്ടാനായി ആള്‍ക്കാര്‍ പരക്കം പാഞ്ഞു. കഴിഞ്ഞ ലോകകപ്പ്‌ ഫുട്ബാളില്‍ അര്‍ജെന്ടീനയെയും ബ്രസീലിനെയും തോല്‍പ്പിച്ചത് നീരാളിയൊന്നുമല്ല, അയമോക്കാന്‍റെ നാക്കാണെന്നാ നാട്ടിലെ ‍ സംസാരം. അന്ന് മുതല്‍ അസൂയാലുക്കള്‍ ‍ മക്കാനി അയമ്മൂനെ കരിനാക്കാന്‍ അയമ്മു എന്നും വിളിച്ചു തുടങ്ങി.

മാക്കനിയുടെ മേല്‍ ആരെങ്കിലും കൈ വെക്കും എന്ന് കരുതി കഴിഞ്ഞ രണ്ടു പഞ്ചായത്ത്‌ ഇലക്ഷനിലും അയമ്മോക്ക വോട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഇത്തവണ അയമ്മോക്ക വോട്ട് ചെയ്യാന്‍ തീരുമാനിച്ചു. ആദ്യമായി വലതന്മാരുടെ സ്ഥാനാര്‍ഥിയായ വിജയരാജന്‍ ഒരു 'കൈ' സഹായം ചോദിച്ചു അയമ്മോക്കാന്‍റെ മര്‍മ്മം പിടിച്ചു. തന്നെ സഹായിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ മമ്പാട് കോളേജ് സന്ദര്‍ശനം ശരിയാക്കാം എന്ന വാഗ്ദാനവും, അത് വഴി മക്കാനിയിലെ ചായ കുടിയും.


അയമ്മോക്ക സമ്മതം മൂളി, "വോട്ട് അനക്കാ, നാക്ക് പിന്നെ അയമ്മു വോട്ട് ചെയ്തിട്ടേ എടുക്കൊള്ളൂ.  ഇജ്ജ്, ബേയജാറാകണ്ട................."

അയമ്മോക്കാന്‍റെ വോട്ടുറപ്പിച്ചകാര്യം നാട്ടില്‍ പാട്ടായി. ഇടതന്മാരും അയമ്മോക്കാനെ കാണാനെത്തി. "അയമോക്ക, വോട്ടും നാക്കും ഈ പ്രാവശ്യം എനിക്ക് തരണം" സ്ഥാനാര്‍ഥി ഉമ്മര്‍ അയമോക്കാനോട് പറഞ്ഞു. അയമ്മോക്ക രാഹുല്‍ഗാന്ധിയെ പിടിച്ചുകത്തി കയറി, അലമാരയിലെ ഗ്ലാസ്സും പൊറാട്ടയും കാണിച്ചു കൊടുത്തു. അവസാനം രാഹുല്‍ഗാന്ധി ചായ കുടിച്ച മക്കാനി ആരോ പൂട്ടിച്ചു എന്നും, ആ ഗതി അയമോക്കാക്ക് വരരുതെന്നും കാച്ചി ഉമ്മര്‍ അയമ്മോക്കാന്‍റെ വോട്ടുറപ്പിച്ചു മക്കാനിയില്‍ നിന്നും ഇറങ്ങി. അയമോക്കാനെ കാണാന്‍ പിന്നീട് വന്നത്, ഏറ്റവും മൂല്യം കൂടിയ  സ്ഥാനാര്‍ഥി കുഞ്ഞിമുഹമ്മദുമായി  ജനകീയ വികസന മുന്നണി.  മുന്നണി ജയിച്ചാല്‍ മക്കാനി ഹോട്ടലാക്കി വികസിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി. വോട്ടില്ലെങ്കിലും വോട്ടിനേക്കാള്‍ മൂല്യമുള്ള അയമ്മോക്കാന്‍റെ നാക്കെങ്കിലും വേണമെന്നും പറഞ്ഞു അവരും പടിയിറങ്ങി.

 വോട്ടിംഗ് ദിവസം പതിവ് തെറ്റിക്കാതെ അവസാന മിനിറ്റില്‍ അയമോക്ക വോട്ട് ചെയ്തു. എല്ലാവരും അയമ്മോക്കാന്‍റെ മക്കാനിയില്‍ പ്രവചനം കേള്‍ക്കാന്‍ തടിച്ചു കൂടി. അയമോക്ക ആദ്യം വലതനും, പിന്നെ ഇടതനും, അവസാനം  മൂല്യക്കാര്‍ക്കുമായി ഓരോ വോട്ട് ചെയ്ത വിവിരം വിസ്തരിച്ചു കേള്‍പ്പിച്ചു.  മറുപടി കേട്ട്    അന്തംവിട്ടു നില്‍ക്കുന്ന മൂന്നുകൂട്ടരെയും അയമോക്ക അങ്ങെനെ  വോട്ട് ചെയ്തു സന്തോഷിപ്പിച്ചു.  ഇത്തവണ പ്രവചനം നടത്താന്‍ മിനക്കെടാതെ, രാഹുല്‍ഗാന്ധിക്കുള്ള ഗ്ലാസ്‌ ഒന്നു കൂടി കഴുകി വെച്ച് തന്‍റെ വോട്ടിന്‍റെ മൂല്യം പോയതറിയാതെ അയമോക്ക പൊട്ടി പൊട്ടി   ചിരിച്ചു! 

Thursday, November 4, 2010

കോടപുല്‍കിയ കൊടൈക്കനാല്‍ യാത്ര

കൊടൈക്കനാല്‍ - പേര് പോലെ തന്നെ സ്ഥലവും. എപ്പൊഴും കോട  പുതച്ചുകൊണ്ടുള്ള സുന്ദര കാഴ്ചകള്‍, വാക്കുകള്‍ക്കതീതമായ കാലാവസ്ഥ. കൊടൈക്കനാല്‍ എന്നും ഒരു ഹരമാണ്. പല തവണ പോയതാണ്,  എങ്കിലും ‍ കാണുംതോറും പോകുംതോറും  അതിന്റെ  ശാന്തമായ ഭംഗി മനസ്സിനെ കീഴടക്കുന്നു.  
പെരുന്നാള്‍ ‍ പിറ്റെന്നൊരു  ഫാമിലി ടൂര്‍,  ഞങ്ങള്‍  കൊടൈക്കനാല്‍ തന്നെ തിരഞ്നെടുത്തു. കുട്ടികളും വലിയവരുമായി ഒരു ഇരുപത്തിയഞ്ച് പേര്‍. പെരുന്നാള്‍ സീസണ്‍ കാരണം ബസ്‌ ഒരു പ്രശ്നമായി. അവസാനം യാത്ര ഹരമാക്കി മാറ്റിയ  ഞങ്ങളുടെ ശരീഫ്ക്ക തന്നെ ആ ചുമതല ഏറ്റെടുത്തു.  പ്രകൃതി സ്നേഹിയായ   ശരീഫ്ക്ക ‍സഞ്ചരിക്കാത്ത സ്ഥലം ഇന്ത്യയില്‍  വളരെ കുറവായിരിക്കും.  മൂപ്പര്‍ തിരഞ്നെടുക്കുന്ന സ്ഥലങ്ങള്‍ക്കെല്ലാം എപ്പൊഴും പ്രകൃതിയുടെ ഒരു  കയ്യോപ്പുണ്ടായിരിക്കും.

പെരുന്നാള്‍ പിറ്റേന്ന്  രാവിലെ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. പാട്ടും, ചിരിയും കളികളുമായി  ബസ്സില്‍സമയംപോകുന്നതറിഞ്ഞില്ല. പോകുന്നവഴി പഴനിക്ക് അടുത്തായുള്ള കാറ്റാടിപാടങ്ങള്‍   എല്ലാവരെയും   വളരെ ആകര്‍ഷിച്ചു. വൈദ്യുതി   ഉദ്പ്പാതിപ്പിക്കാന്‍   അണ്ണന്മാര്‍  കണ്ടുപിടിക്കുന്ന  ഓരോരൊ  വേലത്തരങ്ങള്‍.കാറ്റാടി പാടങ്ങളുടെ സൌന്ദര്യം  നുകര്‍ന്ന് ഞങ്ങള്‍ വീണ്ടും ബസ്സില്‍ കയറി.
വഴിയിലുള്ള കേരള  ഹോട്ടലില്‍നിന്നുംഉച്ച ഭക്ഷണം  കഴിച്ചു.

കൊടൈക്കനാല്‍ എന്നാല്‍ ആ ചുരം കയറിയുള്ള  യാത്രയാണല്ലോ.   ഞങ്ങള്‍ ഹെയര്‍ പിന്‍ വളവുകള്‍ ഓരോന്നോരോന്നായി പിന്നിട്ടു, Silver Cascadeല്‍  എത്തി.  വെള്ളചാട്ടത്തിനടുത്തു  അല്‍പ്പ സമയം  ചെലവഴിച്ചു.  കൊടായി തടാകത്തിലെ വെള്ളംനൂറ്റി എണ്പതു അടി  ഉയരത്തില്‍നിന്നും താഴേക്കു  വീഴുന്ന കാഴ്ച അതി  മനോഹാമാണ്.  രാത്രിയോടെ ഞങ്ങള്‍ ഹോട്ടലില്‍ എത്തി.


പിറ്റേ ദിവസം രാവിലെ ഞങ്ങള്‍ ചുറ്റാന്‍ ഇറങ്ങി. ഇടക്കൊരു ചെറിയ കശ പിശ -  സുഗന്ധ തൈലങ്ങള്‍ വില്‍ക്കുന്ന   കടയില്‍ നിന്നും ഒരു പാക്കറ്റ് തൈലം  ഞങ്ങളില്‍ പേര് കൊണ്ടു മാത്രം ബേബിയായ    ഒരാള്‍  അടിച്ചു  മാറ്റി എന്ന് കടക്കാരന്‍ ആരോപിച്ചു. ഒട്ടും വിട്ടു കൊടുക്കാതെ ഞങ്ങളും. അവസാനംമലപ്പുറംകാക്കമാരേ പെട്ടെന്ന്  പറ്റിക്കാന്‍ കഴിയില്ലെന്ന് മനസ്സില്ലാക്കി  കടക്കാരന്‍ പിന്‍ വാങ്ങി.  ഇത്തരം  യാത്രകളിലെ രസ ചരടുകളാണ്     ഇങ്ങനെയുള്ള കൊച്ചു കൊച്ചു സംഭവങ്ങള്‍. പക്ഷെ കാര്യങ്ങള്‍ 'വേണ്ട വിധത്തില്‍    കൈകാര്യം ചെയുന്ന' ഉമ്മര്‍ക്കാനെ മാത്രം ബസ്സില്‍ കയറുന്നത് വരെ ഈ വിവരം ഞങ്ങള്‍ അറിയിച്ചില്ല.

പിന്നീട് ഞങ്ങള്‍  ലൈക്കിലേക്ക് നീങ്ങി.   മധുര കളക്ടര്‍ ആയിരുന്ന Sir V. Hendry Levinge പണിത  വിശാലമായ (അറുപതു ഏക്കര്‍)   കൊടൈ തടാകം മധുരയെക്കള്‍ മധുരമുള്ളതു തന്നെ.  അഞ്ചു  ബോട്ടിലായി  ഞങ്ങള്‍ തടാകത്തിലെ  കാഴ്ചകള്‍ കണ്ടു  രസിച്ചു.  തടാകത്തില്‍  നിന്നും  ആമ്പല്‍ പൂക്കള്‍ പറിച്ചെടുത്തു ഞങ്ങള്‍  Bryant പാര്‍ക്കിലേക്ക് നീങ്ങി.


പാര്‍ക്കില്‍ നിന്നും  Cokers Walk - ഞങ്ങള്‍ പതുക്കെ പതുക്കെ  കാഴകള്‍ കണ്ടു നീങ്ങി.  പില്ലാര്‍ റോക്ക്സ്, Green Valley View  (suicide point)   ‍എല്ലാം കഴിഞ്ഞു  ഓര്‍മ്മിക്കാന്‍   ഒരുപാടു  നല്ല ഓര്‍മ്മകള്‍  ‍ബാക്കിവെച്ച് നൊമ്പരത്തോടെ   കൊടയിക്കാനാലിനോട്   വിട ചൊല്ലി. ഇനിയും തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ....., പ്രാര്‍ത്ഥനയോടെ........


പഴനിക്കടുത്തുള്ള കാറ്റാടി  പാടങ്ങള്‍

ഹെയര്‍ പിന്‍ വളവുകളികെ കാഴ്ചകള്‍

Silver Cascade
Cockers Walk  
lake  view