Wednesday, December 22, 2010

പള്ളിമുക്കിലെ കല്ല്യാണം മുടക്കികള്‍ ‍ആദ്യമായി ശ്വാസമെടുത്ത എന്റെ പള്ളിമുക്കിലേക്ക്  ഒരു ഗള്‍ഫുകാരനായി നാല് കൊല്ലത്തിനു ശേഷം ഞാനും എത്തി.  ഒരു പാട് കാലത്തെ ആഗ്രഹമായിരുന്നു  ഗള്‍ഫുകാരനായി കട്ടി ചെരിപ്പും സ്വര്‍ണ്ണ കളറു റാഡോ വാച്ചുമായി പള്ളിമുക്കില്‍  കുറച്ചാള്‍ക്കാരെ മുമ്പിലൂടെ ഒന്ന് വിലസുക. കൈയ്യില്‍ കായില്ലാത്ത കാരണം സ്വര്‍ണ്ണ കളറു റാഡോ വാച്ച്   ഒപ്പിക്കാനായില്ലെങ്കിലും   കൊട്ടിയോള് സൂറാബിന്റെ കൂടി പൂതി കാരണം ഒരു റെന്റ്-എ-കാര്‍ തരാക്കി.  

നിസ്ക്കാര തയമ്പുള്ള ആള്‍ക്കാര്‍ കുറവാണെങ്കിലും പള്ളിമുക്കിലെ മുക്കിലും മൂലയിലും ആറു പള്ളികള്‍. സുന്നികള്‍ക്കും,  മുജാഹിദീങ്ങള്‍ക്കും രണ്ടെണ്ണം വീതം,  ജമായത്തിനും, ആളില്ലെങ്കിലും  ചേകനൂര്‍ വിഭാഗത്തിനും ഓരോന്നു വീതം.  ഓരോ പള്ളിയുടെയും  തലപ്പത്ത് ഓരോ ഹാജിമാര്‍. അയമോക്കാന്റെ ചായ മക്കാനിയും, പള്ളിമുക്കിലെ പ്രധാന പയ്യന്‍സ്സായ പള്ളിക്കലെ ഹാജിമാരും നാട്ടില്‍  ഫയിമസാണ്. ഹജ്ജ് ചെയ്തവര്‍  കൊട്ടകണക്കിനുണ്ടെങ്കിലും പേരിനൊപ്പം ഹാജിയാര്‍ പട്ടം കിട്ടിയവര്‍ പള്ളിക്കലെ പ്രധാന പയ്യന്‍സിനു മാത്രം.

കാറും ഡ്രൈവ് ചെയ്തു ഞാന്‍ അയമോക്കാന്റെ മക്കാനിയില്‍ എത്തി. ആരു ഗള്‍ഫുന്നു വന്നാലും ആദ്യം  അയമോക്കാന്റെ മക്കാനിയില്‍ എത്തും. അത് പള്ളിമുക്കിലെ പതിവാണ്.
"അയമോക്ക, അസ്സലാമു അലൈക്കും,  ഒരു ചായ പോന്നോട്ടെ , ങ്ങളെ പെയിന്റും  നാവും ഇപ്പൊ വേണ്ട, പിന്നെ മതിട്ടോ. നേരല്ല, സൂറാബിനെയും കൊണ്ട് പട്ടിക്കാട്ടുക്ക് പോണം. ഓള് ഒരിങ്ങിക്കാ..."
(കാലി  പൊറാട്ടയില്‍  കഷ്ണമില്ലാത്ത ബീഫ്  കറി  കൂട്ടി കഴിക്കുന്നതിനു പള്ളിമുക്കില്‍ പെയിന്റ്ടി  എന്നാ പറയുക.)

 "ജ്ജ് പ്പോ ഗള്‍ഫ്ന്നു എന്നാ എത്തെയ്തു? ഞാനിതുവരെ അറിഞ്ഞിട്ടില്ല, അനക്കുപ്പോ അയമൂനെ പിടിച്ചൂല, ബല്ല്യ ആളയില്ലേ, പചെങ്കി അയമൂന്റെ ബുദ്ധ്യാ അന്റെ ഗള്‍ഫ്, അത് മറക്കണ്ടാ"

അയമോക്കാന്റെ തോണ്ടലു എന്തിനാ എന്ന് മനസ്സില്ലാക്കി, സൂറാബിന്റെ മോന്തായം കൂര്‍ത്താലും കുറച്ചു നേരം  അയമോക്കാന്റെ കത്തിക്ക് തല വെച്ച് കൊടുക്കാനുറപ്പിച്ചു.  ഞാന്‍ പെയിന്റ് കൂടി ഓര്‍ഡര്‍  ചെയ്തു   ഓരോന്ന് ആലോചിച്ചിരുന്നു.  


നാലഞ്ചു കൊല്ലങ്ങള്‍ക്ക് മുമ്പ്  ‌ നാട്ടില്‍ നടന്ന കോലാഹലങ്ങള്‍. ഉറച്ചതും ഉറപ്പിച്ചതുമായ കല്ല്യാണങ്ങള്‍  എല്ലാം മുടങ്ങും, അല്ലെങ്കില്‍ ആരെങ്കിലും മുടക്കും. അയമോക്കാന്റെ  ഭാഷയില്‍ പറഞ്ഞാല്‍ നെയ്യും ബസളയുമുള്ള  പോത്ത് ബിരിയാണി ഓസിനു  കടിഞ്ഞു കയറ്റിയ കാലം മറന്നു. പള്ളിമുക്കിലെ ചെക്കന്മാരും ചെക്കികളും പുര നിറഞ്ഞു നിന്നു. പെണ്ണ് കെട്ടാത്ത ഞങ്ങള്‍ക്കെല്ലാം ബേജാറു മൂത്തു. ബ്രോക്കര്‍  കുഞ്ഞാപ്പൂന്റെ ബലൂണ്‍ പോലെ പുറത്തേക്കു വീര്‍ത്ത പള്ള കാറ്റ് പോയ ബലൂണ്‍  മാതിരി അകത്തേക്ക് തന്നെ തള്ളി.


 കാലം കുറച്ചു കഴിഞ്ഞു. എന്റെ കൂട്ടുകാരനായ സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം പടച്ചോന്റെ കുതറത്തോണ്ട് ഉറച്ചു. സല്‍പ്പേര് ബാപ്പുട്ടി, പള്ളിമുക്കിലെ ഏറ്റവും നല്ല ഒസ്സാന്‍ ചെക്കന്‍. ഓന്റെ അടുത്തു മുടി വെട്ടാന്‍ പോയാല്‍ മുടി മാത്രേ ഓന്‍ വെട്ടൂ. നാട്ടിലെ ബാക്കി ഒസ്സാന്മാരെ മാതിരി  ഉച്ചപടത്തിന്റെ  കമന്ററി  പോലെ എരിവും പുളിയുള്ള വര്‍ത്താനം കിട്ടൂല. അതിനു വേറെ  ഒസ്സാന്മാരെ നോക്കണം.  എന്‍റെ ക്ലാസ്സ്‌മേറ്റ് ആണെങ്കിലും  ബാപ്പുട്ടി ഡീസെന്റാണ്.  അഞ്ചു നേരം നിസ്ക്കാരോം പള്ളിയില്‍, തുണി മുട്ടിനും നെരിയാണിക്കും ഇടയില്‍. പള്ളിമുക്കിലെ ഏതു കുട്ടി ജനിച്ചാലും  ചെവിയില്‍ ആദ്യമായി ഓതുന്ന മന്ത്രമാണ് ബാപ്പുട്ടിനെ കണ്ടു  പഠിക്കാന്നുള്ളത്. ബാപ്പുട്ടിനെ കണ്ട് പഠിച്ചിന്‍, ബാപ്പുട്ടിനെ കണ്ടു പഠിച്ചിന്‍ എന്ന് കേട്ടു എന്റെക്കെ ചെവിക്കു തയമ്പ് പിടിച്ചിട്ടുണ്ട്.

അങ്ങെനെയുള്ള സല്‍പ്പേര് ബാപ്പുട്ടിന്റെ നിക്കാഹു കഴിഞ്ഞു. ഈ കല്ല്യാണമെങ്കിലും എങ്ങനെയെങ്കിലും നടന്നാല്‍ മതിയായിരുന്നു. തലേ ദിവസം ഞങ്ങളെല്ലാം സജീവമായി. കല്ല്യാണത്തിനു അന്ന് മൈക്ക് സെറ്റ് പതിവാണ്.  കണ്ണിനു ചന്തം തരുന്ന പെണ്‍കുട്ട്യാളുടെ മുമ്പില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി ഏതു ചെക്കനും ഒന്നു പാടിനോക്കും.  കഴുത രാഗമായാലും 'എന്റെയൊക്കെ ബ്ലോഗിന്  കമന്‍റിണ പോലെ'  പരസ്പരം നന്നായിന്നു പറഞ്ഞു പുളിമെ കയറ്റി  പൊക്കും.  

മൈക്ക സെറ്റ് കൊണ്ടുവരാന്‍ അങ്ങാടിയില്‍ ജീപ്പെടുത്തു   പോയി, മടങ്ങും വഴി ഞാന്‍  അയമോക്കാന്റെ  മക്കാനിയില്‍ കാലി അടിക്കാന്‍ വേണ്ടി ഒന്നു കയറി. കറ പിടിച്ച സമാവറിന്റെ ഉള്ളില്‍ തിരികിയ രണ്ടു മാസം പഴക്കമുള്ള ചായപൊടി സഞ്ചിയിലെ ചായയും അയമോക്കാന്റെ  നാക്കും സഹിച്ചോണ്ടിരിക്കുന്നതിനിടയില്‍ ബാപ്പുട്ടി മക്കാനിയില്‍ വന്നു. 

അയമോക്ക ബാപ്പുട്ടിക്കു കൂടി ഒരു കാലി എടുത്തു.

"കല്ല്യാണം ആയിട്ട് അനക്കൊരു ചൂടും ച്ചുക്കാന്തിം ഇല്ലല്ലോ, അന്റെ മോന്തക്കെന്താ കടന്നാല്‍ കുത്ത്യോ   ബാപ്പുട്ടീ"

 അയമോക്കാന്റെ  ചോദ്യത്തിനു ബാപ്പുട്ടിന്റെ മറുപടി കണ്ണീരായിരുന്നു. ഞാന്‍ പടച്ചോനെയും അയമോക്ക ബദിരീങ്ങളെയും  ഒപ്പം വിളിച്ചു. ബാപ്പുട്ടിന്റെ കല്ല്യാണോം മുടങ്ങി. പള്ളിമുക്കിലെ ചെറുപ്പക്കാരായ ഞങ്ങള്‍  അണ്ടി പോയ അണ്ണാനെ പോലെ നിരാശരായി. പെണ്ണ് കെട്ടാനുള്ള പൂതിയൊക്കെ പതുക്കെ, പതുക്കെ  ഊതി കെടുത്തി.

പണിയൊന്നുമില്ലാതെ  തെക്കും വടക്കും നോക്കി 'തേരാ പാരാ' നടക്കുന്നതിനിടയില്‍ എനിക്ക് ഗള്‍ഫില്‍ പോകാന്‍ ആശ മൂത്തു. കയ്യില്‍ കാശില്ല, ബാപ്പ വേണ്ട വിധം സഹകരിക്കുന്നില്ല. കാര്യം ഞാന്‍ അയമോക്കാനെ അറിയിച്ചു. 

"ജ്ജെ എങ്ങനെങ്കിലും ഒരു പെണ്ണ് കെട്ടി ഓളെ പണ്ടോം പണോം കൊണ്ടു അക്കരയ്ക്കു പൊയിക്കോ" അയമോക്കാന്റെ ഉപദേശം.

അയമോക്ക, കല്ല്യാണം പള്ളിമുക്കിലോ..... ങ്ങള് പള്ളിമുക്കിലെ നടക്കണ കാര്യം പറയിന്‍. പിന്നെല്ലാതെ.

"ജ്ജെ കാര്യം അന്റെ ഗള്‍ഫ്  എളാപ്പാനെ ഏല്‍പ്പിച്ചോ,  ബാക്കി ഓന്‍ നോക്കിക്കൊളൂം,  ഓന്‍പ്പോ ഗള്‍ഫൂന്നും കുറ്റിയും ബെരും പറിച്ച് പോന്നതല്ലേ."

ഞാന്‍ അയമോക്കാന്റെ സഹായത്താല്‍ എളാപ്പാനെ സോപ്പിട്ടു ചാക്കിലാക്കി. ബാപ്പാന്റെ പോക്കറ്റില്‍ നിന്നും ഇസ്ക്കിയതാണെങ്കിലും  എളാപ്പാന്റെ അന്നത്തെ പെയിന്റ് അടി എന്റെ വകയായിരുന്നു.

"എന്നെ കണ്ടാ തുള്ളിക്ക്‌മാറുണ   അനക്കിപ്പോ ഞാന്‍ വേണമല്ലേ. അന്റെ കല്ല്യാണം  നടക്കെണെങ്കില്‍  അന്നെക്കാളും മുന്തിയോനായ  സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം നടക്കണം. അത് നടന്നാല്‍ ഞാന്‍ ബാപ്പാനോട് വിഷയം പറയാം" എളാപ്പാന്റെ നിലപാടായിരുന്നു അത്.  

എന്നെപ്പോലെ പെണ്ണ് കെട്ടാന്‍ മൂത്തിരിക്കുന്ന ചെക്കന്മാരെയും കൂട്ടി ഞാന്‍ സല്‍പ്പേര് ബാപ്പുട്ടിന്റെ അടുത്തെത്തി. ബാപ്പുട്ടിന്റെ അടുത്ത സുഹൃത്ത് പേര് കൊണ്ട് മാത്രം സമ്പത്തുള്ള 'സമ്പത്തിനെയും' ബ്രോക്കര്‍  കുഞ്ഞാപ്പൂനേം ഒപ്പം കൂട്ടി. നീണ്ട വിസ്താരങ്ങള്‍ക്കൊടുവില്‍    ബാപ്പുട്ടി കല്ല്യാണത്തിനു സമ്മതിച്ചു. 

കാര്യങ്ങള്‍ ഞങ്ങള്‍ വളരെ രഹസ്യമാക്കി നീക്കി. ബാപ്പുട്ടിക്കു നിലമ്പൂരില്‍ നിന്നും പെണ്ണുറപ്പിച്ചു.    ആരും നിലമ്പൂര്‍ക്ക്   മണ്ടിപാഞ്ഞു  കല്ല്യാണം മുടക്കണ്ടാ എന്ന് കരുതി പെണ്ണു   ഞങ്ങള്‍ കൊണ്ടോട്ടിയില്‍ നിന്നാണെന്ന് നാട്ടില്‍ പറഞ്ഞു. എല്ലാവരെയും കല്ല്യാണത്തിനു  പാഞ്ഞു  നടന്നു  വിളിച്ചു,  എല്ലാ പള്ളികളിലും മാറി മാറി ഞങ്ങള്‍ നിസ്ക്കരിച്ചു,  ദുആ  ചെയ്തു.   മല്ലുകെട്ടാണെങ്കിലും ബ്രോക്കര്‍ കുഞ്ഞാപ്പൂനേം, കെട്ടിയോളെയും നല്ലോണം തീറ്റി പോറ്റി.

മൈക്ക സെറ്റും കാര്യങ്ങളുമായി കല്ല്യാണം ജോറാക്കി. ഉള്ളില്  തീയാണെങ്കിലും പതിനൊന്നു മണിക്ക് തന്നെ ബാപ്പുട്ടി പുതിയാപ്ല ഇറങ്ങി,  പെണ്ണിനേയും കൊണ്ട് ഒരു മണിക്ക് മടങ്ങി എത്തി. ഞങ്ങളൊക്കെ ഒന്നു നന്നായി ശ്വാസം വിട്ടു.   

പെണ്ണ് കൊണ്ടോട്ടിയില്‍ നിന്നല്ല നിലമ്പൂരില്‍ നിന്നാണ്ന്നറിഞ്ഞു  നാട്ടിലെ പ്രമാണിമാരൊക്കെ  മൂക്കത്ത് വിരല്‍   വെച്ചിരിക്കുന്നതിനിടയില്‍  മൈക്ക  സെറ്റില്‍ പാട്ട് നിര്‍ത്തി സമ്പത്തിന്റെ വക ഒരു കാസറ്റ്.  നാട്ടിലെ മൂപ്പന്മാര്‍ക്ക് ബാപ്പുട്ടിന്റെ പെണ്ണ് വീട്ടുകാരെന്ന മട്ടില്‍ സമ്പത്ത് ഫോണ്‍  വിളിച്ചു റെക്കോര്‍ഡ്‌ ചെയ്ത കാസറ്റ്.  സമ്പത്തിന്റെ  "തലയിലെ സമ്പത്ത്" കേട്ടു   എല്ലാരും ഞെട്ടി. ബാപ്പുട്ടിനെ പറ്റി   ഓരോരുത്തര്‍  പറഞ്ഞത്  കേട്ടാല്‍ ഓന്റെ വെല്ല്യാപ്പാന്റെ പെണ്ണിനെ  വരെ മൊഴി ചൊല്ലും. അഭിപ്രായം പറഞ്ഞ പ്രധാന പയ്യന്‍സൊക്കെ പതുക്കെ തലയില്‍ മുണ്ടിട്ടു  സ്ഥലം കാലിയാക്കി. അയമോക്ക മാത്രം അഭിപ്രായത്തിലും ബുദ്ധി കാട്ടി. "കല്ല്യാണ വിസയമൊന്നും അയമ്മു ഫോണിലൂടെ പറയൂല നേരിട്ട് ബരിന്‍" അയമോക്ക തടി കാത്തു.   ഞങ്ങള്‍ ബാപ്പുട്ടിനെയും പെണ്ണിനേയും കൂട്ടി കല്ല്യാണം മുടക്കികളുടെ പിന്നാലെ   കൂക്കി വിളിച്ചു ജാഥ നടത്തി.

സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം കഴിഞ്ഞതോടെ  ഞങ്ങള്‍ ഉഷാറായി. കല്ല്യാണ  മുടക്കികള്‍ക്ക് താക്കീതായി സമ്പത്തിന്റെ ഫ്ലക്സ് ബോര്‍ഡ്‌ നാട്ടില്‍ തൂക്കി. എന്റെ കല്ല്യാണം കഴിഞ്ഞു. സൂറാബിന്റെ  പണ്ടം വിറ്റു  ഞാന്‍ ഗള്‍ഫിലെത്തി,  നാല് കൊല്ലത്തിനു ശേഷം  ഒരു ഗള്‍ഫ്കാരനായി പള്ളിമുക്കിലെത്തി. 

അയമോക്കാനോട് എനിക്ക് കടപ്പാടുണ്ടല്ലോ. പൊറാട്ടയും ചായയും അടിച്ചു അയമോക്കാന്റെ മക്കാനിയില്‍ നിന്നും ഇറങ്ങി.  കാറില്‍ കയറുന്നതിനു മുമ്പായി, അയമോക്കാന്റെ നാക്കിനെ മെരുക്കാന്‍ വാങ്ങിയ പത്തു റിയാലിന്റെ അത്തറും  കള്ളി തുണിയും അയമോക്കാക്ക് കൊടുക്കാന്‍ ഞാന്‍ മറന്നില്ല. 

================================================================
ഇതിലുപയോഗിചിരിക്കുന്ന ചില പദങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ ആവശ്യപെട്ട പ്രകാരം  പരിചയപെടുത്തുന്നു:

നിക്കാഹ് : മുസ്ലിം വിവാഹ നിയമ പ്രകാരം  നിക്കാഹു കഴിഞ്ഞാല്‍ വധു നിയമ പ്രകാരം വരന്റെ സ്വന്തമായി. ബാക്കിയുള്ളതെല്ലാം വെറും ചടങ്ങുകള്‍. നിക്കാഹു കഴിഞ്ഞാലും ചില  വിവാഹം മുടങ്ങാറുണ്ട്,(മൊഴി ചൊല്ലും)
മൊഴി ചൊല്ലുക: വിവാഹ മോചനം നടത്തുക.
ഒസ്സാന്‍: ബാര്‍ബര്‍
പെയിന്റ് അടി: പള്ളിമുക്കിലെ ലോക്കല്‍ പ്രയോഗം: (കാലി  പൊറാട്ടയില്‍  കഷ്ണമില്ലാത്ത ബീഫ്  കറി  കൂട്ടി കഴിക്കുന്നതിനു പള്ളിമുക്കില്‍ പെയിന്റ്ടി  എന്നാ പറയുക.)
=================================================================

Tuesday, December 7, 2010

ഉണ്ണി നമ്പൂതിരിയുടെ വേളി
സന്ധ്യാ സമയത്ത് കാലം തെറ്റി വന്ന കാറ്റും മഴയൊന്നും ഉണ്ണിനമ്പൂതിരി അറിയുന്നുണ്ടായിരുന്നില്ല. ‍മേഘങ്ങള്‍ക്കിടയില്‍  ഒളിഞ്ഞിരിക്കുന്ന    സൂര്യനെയും  കാത്തിരിക്കുകയാണ് അയാള്‍. ഏകാന്തതയിലെ ഒറ്റപെടലുകളോ     ഒറ്റപെടുത്തലുകളോ   അയാളെ അലട്ടിയില്ല. ജന്മസുകൃതം പോലെ കിട്ടിയ നമ്പൂതിരിപട്ടം  അര്‍ഹതയുള്ള ജോലികള്‍ക്ക് വിലങ്ങായി  നിന്നപ്പോഴും വിതുമ്പിയില്ല.  ഒരു ഭ്രാന്തനെപ്പോലെ    സൂര്യാസ്തമയ   സന്ധ്യകളെ അയാള്‍ പ്രണയിച്ചു. ദീപം കൊളുത്തല്‍ കാലങ്ങളായി  പതിവില്ലെങ്കിലും സന്ധ്യാ സമയത്തെ വര്‍ണ്ണ രാജികള്‍  ആയിരം നിറ ദീപങ്ങളായി അനുഭവപെട്ടു. അസ്തമയ സൂര്യനിലൂടെ   അനശ്വര പ്രണയത്തിന്റെ സങ്കല്പ ലോകത്തിലയാള്‍   കഴിഞ്ഞ പത്തു വര്‍ഷമായി  തന്റെ പ്രണയിനി സന്ധ്യയുമായി  സംവദിക്കുന്നു.


ഡിഗ്രി ക്ലാസ്സില്‍ വെച്ചാണ് ഉണ്ണി  സന്ധ്യയെ  ആദ്യമായി  കാണുന്നത്. ക്ലാസ്സിലെത്തിയപ്പോള്‍ കാമ്പസ്സിന്റെ    വേഷ പകിട്ടില്‍ പങ്കു ചേരാതെ ഗ്രാമീണതയുടെ ശാലീനതയായി ഒരു മന്ദഹാസത്തോടെ അവള്‍ വന്നു.  സന്ധ്യയുടെ വരവോടെ ഉണ്ണിയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി.    ക്ലാസ്  മുറികളെക്കാള്‍  കാമ്പസ്സിന്റെ വാകമര ചുവടുകളെ  പ്രണയിച്ചിരുന്ന  അയാള്‍  പതുക്കെ പതുക്കെ  അവളുടെ  സാമീപ്യത്തിനായി  ക്ലാസുകളില്‍ കയറി തുടങ്ങി. നഷ്ടപെട്ട ക്ലാസ് നോട്ടുകള്‍ അവളില്‍നിന്നും പകര്‍ത്തിയെഴുതു‍മ്പോള്‍   മനപൂര്‍വ്വമെന്നോണം   അവളുടെ പുസ്തകത്തില്‍  എന്തെങ്കിലുമൊന്നു വരച്ചിടല്‍ പതിവാക്കി.   നമ്പൂതിരിസത്തിന്റെ   അലയൊടികള്‍  അവശേഷിക്കുന്നെങ്കിലും   അമ്മ തമ്പുരാട്ടിയെ കൊണ്ടയാള്‍  അവള്‍ക്കു  വേണ്ടി  ഓണം ആഘോഷമാക്കി. പക്ഷേ അവളെ നഷ്ടപെടുമോ എന്ന  ഭയത്താല്‍ ഒരിക്കലും അയാള്‍   അവളുടെ മുമ്പില്‍   മനസ്സ്   തുറന്നില്ല. 


കാലം ആരെയും കാത്തു നില്‍ക്കാതെയുള്ള  പ്രയാണത്തിനിടയില്‍  അയാളുടെ കലാലയ ജീവിതത്തിനു വിരാമം കുറിക്കാനുള്ള മണി മുഴക്കമായി തുടങ്ങി. ചിന്തകള്‍ക്ക് വിശ്രമമില്ലാത്ത ഒരു  ദിനം       ഒട്ടനവധി പ്രണയ നക്ഷത്രങ്ങള്‍ക്ക് നിലാവെളിച്ചം തൂകി മൂക സാക്ഷിയായ വാക മരചുവട്ടിലെക്ക‍യാള്‍   നടന്നു നീങ്ങി. വിടവാങ്ങലിന്റെ അനിവാര്യതയെന്നോണം മരത്തിന്റെ ഇലകളില്‍ ഭൂരിഭാഗവും പഴുത്തിരിക്കുന്നതും  നോക്കിയിരിക്കുമ്പോള്‍ സന്ധ്യ അരികിലേക്ക്  വരുന്നത് കണ്ടു. ചിര പരിചിതമായ  മന്ദഹാസത്തോടൊപ്പം  അവളിലെ കണ്ണുകളില്‍   അതുവരെ കാണാത്ത ഒരു തിളക്കം  കാണാനായി.

"ഉണ്ണിയുടെ ഇഷ്ട ദേവന്‍ ആരാ?"

അവളുടെ  ചോദ്യത്തിന് മുമ്പില്‍  പതറാതെ   അമ്പല പറമ്പിലെ ആല്‍മര ചുവട്ടില്‍ അസ്തമയ സൂര്യനെ കണ്ണും നട്ടിരിക്കുമായിരുന്ന അയാള്‍  ഉത്തരം നല്‍കി.

"സന്ധ്യാ സമയങ്ങളെ വര്‍ണ്ണപൂരിതമാക്കുന്ന  സൂര്യ ദേവന്‍"

പെടുന്നനെ  അയാളുടെ കരം  കവര്‍ന്നെടുത്തു ചോദിച്ചു,  "സന്ധ്യകളെ സ്നേഹിക്കുന്ന ഉണ്ണിക്കു ഈ സന്ധ്യയെ കൂടി സ്നേഹിച്ചു കൂടെ?" 

വര്‍ഷങ്ങളായി താന്‍ കേള്‍ക്കാനും പറയാനും കൊതിച്ച ചോദ്യം. അയാള്‍ മറ്റേതോ ലോകത്തേക്ക് യാത്രയായി.   പൂണൂല്‍ സുകൃതത്തിന്‍റെ   മാറാലയില്‍ പിടിച്ചിരിക്കുന്ന കാരണവന്മാരില്‍ എത്തപ്പെട്ടു. കണ്ണടച്ച്  ‍ അറിയാതെ ഇല്ല, ഇല്ല എന്നയാള്‍  പുലമ്പി കൊണ്ടിരുന്നു.

പരിസരബോധം എപ്പോഴോ വീണു  കിട്ടി കണ്‍ തുറന്നു നോക്കിയപ്പോള്‍ നനവില്‍ കുതിര്‍ന്ന ഒരു കടലാസ് തുണ്ടില്‍  ഇപ്രകാരം വായിച്ചു.

"ഉണ്ണിക്കെന്നെ ഇഷ്ടമില്ലെങ്കില്‍ ഉണ്ണിയില്ലാത്ത ലോകത്തേക്ക് ഞാന്‍ പോകുന്നു"

അയാള്‍ നിലവിളികളോടെ അവളെ നാല് ദിക്കിലും തിരഞ്ഞു.  ക്ലാസ്സ്‌ മുറികളുടെ  അടക്കപ്പെട്ട ജാലകങ്ങള്‍ പ്രതീക്ഷയോടെ തുറന്നു നോക്കി, വരാന്തകള്‍,  സ്ഥിര സംഗമ കോര്‍ണറുകള്‍, ലാബ്, ലൈബ്രറി,  , കോളേജു മുഴുവന്‍ ഭ്രാന്തനെ പോലെ  അലറി വിളിച്ചു  സന്ധ്യയെ പരതി.

മാസങ്ങള്‍ക്കൊടുവില്‍ ഒരു  സൂര്യാസ്തമയ    വേളയില്‍ പൂജാമന്ത്രങ്ങളുടെയും മരുന്നുകളുടെയും നടുവില്‍    ചിതലരിച്ചു കൊണ്ടിരിക്കുന്ന ഇല്ലത്തിന്റെ   നാല്‍  ചുവരുകള്‍ക്കിടയില്‍ വെച്ചയാള്‍ "അസ്തമയ സന്ധ്യയെ" വേളി  കഴിച്ചു. തന്‍റെ പ്രണയിനി  അസ്തമയ വര്‍ണ്ണ രാജിയില്‍  ലയിച്ചതാണെന്നു    വിശ്വസിച്ചു. ‍ അവളെ  വിട്ടു തരാനായി ഇഷ്ട ദേവനെ നോക്കി   കെഞ്ചി. ഓരോ പകലുകളും   സന്ധ്യാ സമയങ്ങളെ പ്രണയിച്ചു അവള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു. നാട്ടുകാര്‍ക്ക് അപ്പോഴേക്കും നടുവില്‍ മനയിലെ    അവസാന കണ്ണി ഒരു ഭ്രാന്തന്‍  നമ്പൂതിരിയായി മാറി
കഴിഞ്ഞിരുന്നു. 
=======================================
(ചിത്രം കടപ്പാട് : എന്‍റെ  സുഹൃത്തുക്കള്‍ ശ്രീജിത്ത്‌ (TKM എഞ്ചിനീയറിംഗ് കോളേജ്, കൊല്ലം & ചിക്കു (MES എഞ്ചിനീയറിംഗ് കോളേജ്, കുറ്റിപ്പുറം)  
=======================================

==============================================================

Wednesday, December 1, 2010

പൂഴികളുടെ തോഴന്‍ (കവിത)


ആരെന്നറിയാതെ, എന്തെന്നറിയാതെ

എന്തിനെയൊ   തിരയുന്നു ഭൂമിയില്‍
ഭൂമിയില്‍ ജാതനായ്‌ പോയതില്‍ പിന്നെ ‍
എന്നുമീ ഓട്ട തിടുക്കത്തിലായി ഞാന്‍

കാലങ്ങള്‍ കോലമായ് തീര്‍ത്തൊരു ‍ ദേഹത്തെ
കാണാതെ കണ്ടു ഞാന്‍ ഓടുന്നതിപ്പോഴും
എന്തെന്നറിയാതെ എന്തിനാന്നറിയാതെ
ഓടി തളര്‍ന്നു ‍ ജീവിത യാത്രയില്‍

ജീവിത  സൗഖ്യത്തിന്‍ മോഹവലയത്തില്‍
ഉയരങ്ങള്‍ തേടി ഞാനോടിയ വേളയില്‍
ഓടിയ പാതകള്‍ നോക്കി  ചിരിക്കുമ്പോള്‍
ഓട്ടത്തിന്‍ പൊരുളുകള്‍ തേടി ഞാന്‍ ഭൂമിയില്‍

ജീവിത പൊരുളുകള്‍ തേടി അലഞ്ഞു
ജീവിതം പാഴായി പോയതും കാണ്മൂ ഞാന്‍
ജീവിതം നശ്വരമാണെന്ന സത്യത്തെ
സ്വപ്നത്തില്‍ പോലും കാണുവാനായില്ല

ഓട്ടം നിലച്ചു ‍ പോകുന്ന  നേരത്ത്
ഓട്ടത്തിന്‍ പൊരുളുകള്‍ കാണാന്‍ തുടങ്ങുമോ?
എന്നുടെ സ്വപ്നങ്ങള്‍ ഓട്ടത്തിന്‍ നേട്ടങ്ങള്‍
എല്ലാം എനിക്കന്നു അന്യമായ് തീരുമോ?

മിണ്ടുവാന്‍ പോലും ത്രാണിയില്ലാതെ ‍
മണ്ടത്തരത്തിന്‍ അണയാത്ത ബിംബമായ്
യാത്രയായ് ഞാനന്ന് യാത്ര പറയാതെ
ഓട്ടത്തിന്‍ നേട്ടങ്ങള്‍ ഭൂമിയില്‍ ബാക്കിയായ്

ആരൊക്കെയോ എന്നെ താങ്ങി കിടത്തുന്നു
പൂഴികള്‍ കൊണ്ടെന്റെ ദേഹം മറയ്ക്കുന്നു
ഓടി തളര്‍ന്നു ഞാന്‍ ഒറ്റയ്ക്ക് പോകുമ്പോള്‍
പൂഴികള്‍ മാത്രമോ എന്നെ തുണക്കുവാന്‍ ? 
========================================================

Wednesday, November 24, 2010

ഫര്‍സാന്‍ ദ്വീപിലെ അത്ഭുത കാഴ്ചകള്‍:


സൗദി അറേബ്യയിലെ ജിസാനിനോടടുത്തുള്ള ചെങ്കടലിലെ 84 ദ്വീപ സമൂഹത്തിലെ  പ്രധാന ദ്വീപാണ് ഫര്‍സാന്‍. ഇവിടെ കാണുന്ന   മറ്റു ചെറു ദ്വീപുകള്‍ (Islets) മനുഷ്യവാസമില്ലാത്തവയാകുന്നു.   


ഒരുപാടൊരുപാട്  പറഞ്ഞു കേട്ട ഫര്‍സാന്‍ ദ്വീപിലേക്ക് (നവംബര്‍ പതിനാറു) പെരുന്നാള്‍ നമസ്ക്കാരത്തിനു ശേഷം ഞങ്ങള്‍ പുറപ്പെട്ടു. സുഹൃത്തുക്കളായ അഞ്ചു ഫാമിലി, കുട്ടികളടക്കം ഇരുപത്തിയഞ്ച് പേര്‍. ഞങ്ങളുടെ  ടൂര്‍ ലീഡര്‍ നാസര്‍ പൂക്കോട്ടുംപാടം ഏര്‍പ്പാടുചെയ്ത  മിനി  ബസ്സ്‌   ഒന്‍പതു മണിക്ക് തന്നെ ജിദ്ദയില്‍ നിന്നും   ജിസാന്‍ ലക്ഷ്യമാക്കി നീങ്ങി. ബസിനു  ഫര്‍സാനിലെക്കുള്ള ടിക്കറ്റും,    മടക്ക ടിക്കറ്റും ഞങ്ങളുടെ താമസവുമെല്ലാം  ജിസാനിനടുത്തുള്ള അബുഹരീഷില്‍ ജോലിചെയുന്ന എന്റെ  ബന്ധു   ജാഫര്‍  ശരിയാക്കിയിരുന്നു. ഇക്കാമ കോപ്പി നേരത്തെ അയച്ചു കൊടുക്കാത്തത് കാരണം യാത്രക്കാരായ ഞങ്ങളുടെ ഷിപ്പിനുള്ള  ടിക്കറ്റ്‌  മുന്‍‌കൂര്‍   എടുക്കാന്‍   സാധിച്ചിരുന്നില്ല.   ജിസാനില്‍ നിന്നും ദ്വീപിലേക്കുള്ള ഷിപ്പ് യാത്ര തികച്ചും സൗദി ഗവണ്‍മെന്റ് വക സൗ ജന്യമാണ്.
 

പുറംകാഴ്ചകളും, കുട്ടികളുടെ    പാട്ടും മറ്റു കളികളുമായി ഞങ്ങള്‍ യാത്ര തുടര്‍ന്നു.  ഉച്ചക്ക്ഞങ്ങള്‍  കൊണ്ടു വന്ന  ചിക്കന്‍   ബിരിയാണി   കഴിച്ചു.  അഞ്ചു മണിക്ക് മുബായി ജിസാനില്‍ എത്തിയാല്‍ ഞങ്ങള്‍‍ക്കുള്ള ടിക്കറ്റ്‌ കൂടി അഡ്വാന്‍സ്‌ എടുക്കാം എന്ന ആഗ്രഹം നടപ്പാകില്ല എന്ന് മനസിലാക്കിയതോടെ ഞങ്ങള്‍ യാത്ര അല്‍പ്പം സാവധാനത്തിലാക്കി. ജിസാന്‍ റോഡില്‍ നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റര്‍ മാറിയുള്ള അബൂഹരീഷ് കണ്ടു പിടിക്കാന്‍ കുറച്ചു  ബുദ്ധിമുട്ടിയെങ്കിലും ഞങ്ങള്‍ ഏഴു മണിയോടെ  അബൂഹരീഷിലെ റൊമാനിയ ഹോട്ടലില്‍  എത്തി. പുതിയ ഹോട്ടല്‍ ആയതു കാരണം നല്ല വൃത്തിയും വെടിപ്പുമുണ്ടായിരുന്നു.


ജിസാനില്‍ എത്തിയപ്പോഴാണ് എന്റെ സുഹൃത്ത് റഹീം ഫാമിലിയുടെ  ഇക്കാമ എടുത്തിട്ടില്ല എന്ന വിവരം അറിയുന്നത്. കോപ്പിയും  കൈയ്യില്‍  കരുതിയിട്ടില്ല.   ഷിപ്പിനുള്ള  ടിക്കറ്റ്  കിട്ടണമെങ്കില്‍ പാസ്പോര്‍ട്ട് ‍ അല്ലെങ്കില്‍    ഇക്കാമ വേണമെന്ന് ജാഫര്‍ പറഞ്ഞു.  കോപ്പി യാണെങ്കില്‍ ‍ സ്റ്റാമ്പ്‌ ചെയ്യണം. റഹീം അവന്റെ ഓഫീസുമായി ബന്ധപെട്ടു ഇക്കാമ ഫാക്സ്  ചെയ്യിപ്പിച്ചു.

പെരുന്നാള്‍ സീസണ്‍ കാരണം ഫര്‍സാനിലേക്ക് അന്ന് രണ്ടു ഷിപ്പ് ഉണ്ടായിരുന്നു. ഒന്ന് രാവിലെ ഏഴു മണിക്കും മറ്റൊന്ന് രാവിലെ പത്തു മണിക്കും. ഞങ്ങള്‍ ഏഴു മണിക്കുള്ള ഷിപ്പ് പിടിക്കാന്‍ തീരുമാനിച്ചു.   അഞ്ചു മണിയോടെ ടിക്കറ്റ് കൌണ്ടറില്‍ എത്തി. അധികം ആളുകളില്ല ഞങ്ങള്‍ ആശ്വസിച്ചു.   ടിക്കറ്റ് കൌണ്ടര്‍ തുറന്നപ്പോള്‍  പുരുഷന്മാരുടെ   ഭാഗത്ത്‌ പെട്ടെന്ന് നല്ല തിരക്ക്.  വാഹനം  കപ്പലില്‍ കയറ്റാനുള്ള അനുമതിയും യാത്രക്കാരുടെ ടിക്കറ്റുമെല്ലാം  ഫ്രീയായതു  കാരണം     സീസണ്‍ സമയത്തെ   ദ്വീപിലേക്കുള്ള   ടിക്കറ്റെടുക്കല്‍ ഒരു പണി   തന്നെയാണ്.   സ്ത്രീകള്‍ക്ക് പ്രത്യക  കൌണ്ടര്‍ ഉള്ള കാര്യമറിഞ്ഞു ഞങ്ങള്‍ ടിക്കറ്റെടുക്കാന്‍ മങ്കമാരെ ഏര്‍പ്പാടാകി.  കൈയ്യൂക്കുള്ളവന്‍ ‍ കാര്യക്കാരന്‍ എന്ന ചൊല്ല് തികച്ചും യോജിക്കുന്നത്  ഇവിടെയാണെന്ന് മനസ്സിലായി. സൌദിയിലെ സ്ഥിരം പല്ലവിയായ 'സിസ്റ്റം-ഡൌണ്‍കള്‍ക്കിടയില്‍'    ഞങ്ങളും   ടിക്കറ്റ് ശരിയാക്കി.   ഫാക്സ് കോപ്പി കാരണം റഹീമിന്‍റെ   ഫാമിലി ടിക്കറ്റ് കിട്ടിയില്ല. ഞങ്ങള്‍ ശരിക്കും വിഷമിച്ചു. അവസാനം  കൂട്ടത്തിലെ കാര്യപ്രാപ്തിയായ ഇന്ത്യന്‍ എംബസി സ്കൂളിലെ അധ്യാപിക നസൂറ ടീച്ചര്‍  വീണ്ടും കൌണ്ടറില്‍ ചെന്നു. അറിയാവുന്ന അറബിയും ഇഗ്ലീഷും  കാച്ചി ടീച്ചര്‍ ടിക്കറ്റ് ശരിയാക്കി  സന്തോഷത്തോടെ പുറത്തു വന്നു.

ഞങ്ങള്‍ ബസ്സില്‍  കയറിഷിപ്പിനെ ലക്ഷ്യമാക്കി  പോര്‍ട്ടിലേക്ക് നീങ്ങി. ഇടക്കൊരു ചെക്കിംഗ്, ഷിപ്പിനുള്ള ബസ്‌ പാസും ഞങ്ങളുടെ  ടിക്കറ്റും പരിശോധിച്ച്  കടത്തി വിട്ടു. ഞങ്ങള്‍ ബസില്‍ നിന്നിറങ്ങി സെക്യൂരിറ്റി ചെക്കിംഗ്   കഴിഞ്ഞു  ‍ഷിപ്പില്‍  സീറ്റ്   പിടിച്ചു. ഷിപ്പിലെ  മുന്‍   ഭാഗത്തെ   സീറ്റെല്ലാം നൂറുശതമാനം  സ്ത്രീകള്‍ക്കായി    സംവരണം ചെയ്തിരിക്കുന്നു.   സ്ത്രീ സംവരണം  കണ്ടുപിടിച്ച മഹാന്മാരെ മനസ്സാ ‍ എതിര്‍ത്തുകൊണ്ടു   പുരുഷന്മാര്‍ ഷിപ്പിലെ ബാക്ക് സീറ്റില്‍ സ്ഥാനം പിടിച്ചു. ഞങ്ങളുടെ  ബസ്സ്‌  ഷിപ്പിലെ വാഹന പാര്‍കിങ്ങ്ല്‍  പാര്‍ക്ക് ചെയ്തു.


പുതിയ ഷിപ്പ്, കൃത്യം ഒരു മണിക്കൂര്‍ യാത്ര. വലിയ   ഓളങ്ങളില്ലാതെ  ശാന്തമായ ചെങ്കടല്‍.ഇതൊരു 'റെഡ്-സി'  അല്ല 'ബ്ലൂ-സി' ആണെന്നേ കടല്‍ കണ്ടാല്‍ തോന്നുകയുള്ളൂ.  അറ്റമില്ലാത്ത നീലതടാകം പോലെ പരന്നു കിടക്കുന്ന  ചെങ്കടല്‍ കാഴ്ച അതിമനോഹരമാണ്.     ഫര്‍സാനില്‍     എത്തുന്നതിനു   മുബായി  കടലില്‍ മനോഹരമായ നിരവധി ചെറു ദ്വീപുകള്‍ (Islets)   കണ്ടു. ഞങ്ങള്‍    കടല്‍  കാഴ്ചകള്‍ കണ്ടു ഫര്‍സാന്‍ ദ്വീപില്‍ ഒന്‍പതു മണിയോടെ എത്തി.

 
ബസില്‍ കയറി  ഫര്‍സാന്‍ ടൌണ്‍  ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. മടക്ക ടിക്കറ്റ് ടൌണില്‍‍   നിന്നും അധികം പ്രയാസം കൂടാതെ തരപ്പെടുത്തി ഞങ്ങള്‍   ദ്വീപിലെ  കാഴ്ചകള്‍ ‍കാണാന്‍ നീങ്ങി. ചന്ദ്രനില്‍  ചെന്നാലും മലയാളിയുടെ തട്ടുകടകാണും എന്ന  ചൊല്ലുപോലെ   ദ്വീപില്‍ ടാക്സി ഡ്രൈവര്‍ മാരുടെ വേഷത്തിലും ബഗാല, ബൂഫിയ  ഉടമകളായും മലയാളികളെ കണ്ടു.  
ടൌണില്‍   നിന്നും ഫര്‍സാന്‍ ദ്വീപിലെ മനോഹരമായ ബീച്ചില്‍ ഞങ്ങള്‍ എത്തി.  ഒരു കടല്‍ ആണെന്ന് ഒരിക്കലും തോന്നില്ല.  നല്ലൊരു നീല തടാകം. കപ്പല്‍ യാത്രയെക്കാള്‍  എന്നെ ആകര്‍ഷിച്ചത് നീല കളറില്‍ മുങ്ങിയ ചെങ്കടലിന്റെ ശാന്ത ഘാംഭീര്യമായിരുന്നു. കടലിനു മുകളില്‍ ഒരു വശത്തായി നീണ്ട ഒരു പാലം. പാലത്തിനു ചുവട്ടില്‍  ബസ്സ്‌  പാര്‍ക്ക് ചെയ്തു ഞങ്ങള്‍ കടലില്‍ ഇറങ്ങി.  കുട്ടികളെല്ലാം നന്നായി നീല കടലില്‍ കുളിച്ചു രസിച്ചു.  ഫര്‍സാന്‍ ദ്വീപിലെ കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ രണ്ടു മണിയോടെ പോര്‍ട്ടില്‍ എത്തി.
ടൂറിസത്തിന്റെ അനന്തമായ  സാധ്യതകളുള്ള പ്രകൃതിയുടെ മനോഹാരിതയാല്‍   അനുഗ്രഹീതമായ ഫര്‍സാന്‍ ദ്വീപിനെ വാണിജ്യ വല്‍ക്കരിക്കാതെ,   അതിന്റെ  നീലിമയില്‍  നിലനിര്‍ത്തുന്ന  സൗദി ഭരണകൂടത്തെ നമിച്ചു കൊണ്ടു ഞങ്ങള്‍  കപ്പലില്‍   കയറി. രണ്ടര മണിക്ക് കപ്പല്‍ ജിസാനിലേക്ക് പുറപെട്ടു, നാല് മണിക്ക്  ജിസാനില്‍ എത്തി.


ഭക്ഷണമെല്ലാം കഴിച്ചു ഞങ്ങള്‍ ജിദ്ദയെ ലക്ഷ്യമാക്കി തിരിച്ചു. വിരസമാകുമായിരുന്ന തിരിച്ചു വരവ് 'അണ്‍ഡാ‍ക്ഷരിയുടെ'   ആഴങ്ങളിലേക്ക്  ഊളിയിട്ടു ഞങ്ങള്‍ സരസമാക്കി. അങ്ങെനെ പ്രവാസ ലോകത്തെ മറ്റൊരു പെരുന്നാള്‍ കൂടി പ്രയാസമില്ലാതെ തരണം ചെയ്തു ഞങ്ങള്‍ ജിദ്ദയില്‍ സന്തോഷത്തോടെ മടങ്ങിയെത്തി.

ഈ യാത്രയില്‍ ശ്രദ്ധിക്കേണ്ടതും ങ്ങള്‍ക്ക്   അനുഭവപ്പെട്ടതുമായ   ചില കാര്യങ്ങള്‍ കൂടി:
  •  ഇക്കാമ, പാസ്പോര്‍ട്ട്‌ (ഫാമിലിയുടെതടക്കം) എന്നിവയില്‍ ഏതെങ്കിലും ഒന്നു കരുതണം. 
  •  കഴിയുന്നതും ഫര്‍സാന്‍ ദ്വീപിലേക്കുള്ള  ടിക്കറ്റ് മുന്‍കൂറായി എടുക്കുക, പ്രത്യേകിച്ചും സീസണ്‍ സമയങ്ങളില്‍. ടിക്കറ്റ് കിട്ടിയിലെങ്കില്‍ ഒരിക്കലും സ്പീഡ് ബോട്ടില്‍ ദ്വീപിലേക്ക് യാത്ര തിരിക്കരുത്.  സ്പീഡ് ബോട്ട് അപകടകരമാണ്, പ്രത്യേകിച്ചും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും. 
  • ഫര്‍സാനിന്റെ രമണീയത മതിവരോളം ആസ്വദിക്കാന്‍   ചുരുങ്ങിയത് ഒരു ദിവസമെങ്കിലും   അവിടെ തങ്ങണം.
  •  ദ്വീപില്‍ ടാക്സി കിട്ടുമെങ്കിലും കഴിയുമെങ്കില്‍ നമ്മുടെ വാഹനം തന്നെ കൊണ്ടുപോകുക.
  • 'അണ്‍ഡാ‍ക്ഷരി' ജയിക്കണമെങ്കില്‍ 'വ' അക്ഷരത്തില്‍ തുടങ്ങുന്ന കൂടുതല്‍  പാട്ടുകള്‍ ‍ മനപ്പാഠമാക്കണം!


ദ്വീപിലെ കടലൊഴിഞ്ഞ  ഭാഗങ്ങള്‍Sunday, November 14, 2010

"ഞങ്ങളെ വീടിനു ഞങ്ങളെറിഞ്ഞാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രെസ്സെ..... "

കണ്ടതും കേട്ടതും:

കേരളത്തിലുടനീളം ഇലക്ഷന്‍ തോല്‍വിയുടെ ത്വാത്തികമായും റാഡിക്കലുമായ കാണാപൊരുളുകള്‍ തേടിയുള്ള അവലോകന തിരക്കിലാണല്ലോ.‍ 'കോട്ടപള്ളിയുടെ' എന്തുകൊണ്ട് നമ്മള്‍ തോറ്റു എന്ന നിഷ്കളങ്കമായ ചോദ്യത്തിനുള്ള ലളിതമായ ഉത്തരത്തിനു ഉത്തരം തേടിയുള്ള  പരക്കം പരക്കം പാച്ചിലിലാണല്ലോ  എല്ലാവരും.  


ന്യൂനപക്ഷ സമുദായക്കാരെ കുതിരകയറി  ഇടയ ലേഖനമെഴുത്തു  മത്സരം നടത്തിയത്, ഓന്ജിയത്തെയും ഷൊര്‍ണൂരിലെയും   കൂലംകുത്തികള്‍, എലികളായി വന്നു പുലികളായി തിരിച്ചു പോയ 'വീരനെലികളുടെ മാഞ്ഞാളം കളികള്‍',   "അലൂമിനിയം പട്ടേലിനെ ഗോള്‍ഡന്‍  പട്ടേലാക്കി" മൂന്നു രൂപാ മെമ്പര്ഷിപ്പിനായുള്ള മുരളീരവ യാത്രകള്‍‍, ജോസഫിന്റെ പുതിയ കൈ പ്രയോഗം,   INL  കളം മാറല്‍,    പൂന്ധുറ  സഖാക്കളുടെ  പാര്‍ട്ടിയുടെ  ശക്തി ക്ഷയം, വിശദീകരിച്ചു വിശദീകരിച്ചു അഴിക്കും തോറും അച്ചുമാമ്മയാല്‍ മുറുക്കപെടുന്ന  ലോട്ടറി വിവാദങ്ങള്‍, എല്ലാറ്റിനുമുപരി ഭരണ വിലയിരുത്തലെന്ന മുന്‍‌കൂര്‍ പ്രവചനം - പൊതുജനം ഇത്രത്തോള്ളം വിലയിരുത്തുമെന്ന്  ആചാര്യന്മാര്‍ ആരും കരുതിയതല്ലല്ലോ - ഇങ്ങനെ ഓരോരോ കാരണങ്ങള്‍ നിരത്തി കോട്ടപള്ളിമാരെ നിശബ്ദരാക്കുന്നതിനിടയില്‍ ഞങ്ങള്‍ മഞ്ചേരിക്കാര്‍ക്കൊരു കച്ചി തുരുബ് കിട്ടിയത്. "ശിവദാസ മേനോന്റെ മകളുടെ വീടാക്രമണം"

ആരാന്റെ, ചെലവിലാണെങ്കിലും അപ്രതീക്ഷിതമായി കിട്ടിയ വിജയത്തിന്റെ ഹുങ്ക്  UDFകാര്‍ ശിവദാസമേനോന്റെ വീടിനോടുപോലും കാണിച്ചു എന്ന് സാക്ഷാല്‍ പിണറായി മുതല്‍ ലോക്കല്‍ സഖാക്കള്‍ വരെ പാടി നടന്നു വിശദീകരിച്ചത് ചാനലുകള്‍ ഏറ്റെടുത്തു. കേസ്സ് അന്വഷിക്കാന്‍  ‍ ചെന്ന പോലീസുകാര്‍ക്ക് സാക്ഷാല്‍ മേനോന്‍ നല്ല കൊട്ട് കൊടുത്തു. പ്രതികളെ പിടിക്കാന്‍ നിങ്ങള്‍ക്കാവില്ലെന്നും, ഇവിടെ ഭരണമൊന്നും  മാറിയിട്ടില്ല എന്നൊക്കെ മേനോന്‍ 'വടിവൊത്ത ഭാഷയില്‍' ചെറുതായി ഒന്ന് സൂചിപ്പിച്ചു. കിട്ടേണ്ടത് കിട്ടിയപ്പോള്‍ കാക്കിക്കുള്ളിലെ ശൌര്യം ഉന്നര്‍ന്നു. ഞങ്ങള്‍ മഞ്ചേരിക്കാര്‍ക്കും അതൊരു വാശിയായിരുന്നു. ഇതൊന്നും ഇങ്ങെനെ  വിട്ടാല്‍ ശരിയാവില്ലല്ലോ.


പ്രതികളെ പിടിച്ചപ്പോള്‍ മഞ്ചേരിക്കാരെക്കാള്‍ ഞെട്ടിയത് പിണറായിയായിരുന്നു. വീടാക്രമണ പരമ്പരയില്‍ പ്രതികളായി പിടിച്ചവരെല്ലാം CPM,  DYFI  സജീവ പ്രവര്‍ത്തകര്‍.  ശിവദാസമേനോന്‍ പോലീസുകാരെ ഞെട്ടിപ്പിച്ച രീതി അല്‍പ്പം  കൂടിപ്പോയോ എന്ന സംശയം ബാക്കിയായി, ഹംസാക്ക ഒരിക്കല്‍ ചുവപ്പിച്ച മഞ്ചേരിയിലും കൂലംകുത്തികള്‍ ജന്മമെടുത്തതായി പിണറായിക്ക് സമാധാനിക്കാമെങ്കിലും എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത് നാട്ടില്‍ നടന്ന ഒരു പഴയ കഥയാണ്.


നാട്ടിലെ സിപിഎം ഓഫീസില്‍ നിന്നും പെട്രോള്‍ മാക്സ് മോഷണം പോയിരിക്കുന്നു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമനാവാതെ തരമില്ലല്ലോ. പ്രതികള്‍ കോണ്‍ഗ്രസുകാര്‍ എന്ന് വിധിയെഴുതി‍. വാദ പ്രതിവാദ വിശദീകരണ പ്രകടന കോലാഹലങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ പ്രതിയായ സഖാവിനെ പോലീസ് പിടിച്ചു. അതുവരെ ബാക്ക് ഗിയറില്‍ ആയിരുന്ന കോണ്‍സ്സ്കാര്‍ ഒരു ഉശിരന്‍ പ്രകടനം നടത്തി.  ചങ്ക് പൊട്ടിക്കുന്ന മുദ്രാവാഖ്യം. ഞങ്ങളും വിട്ടു കൊടുത്തില്ല. വിളിച്ചു മുദ്രാവാഖ്യം.

"ഞങ്ങളെ മാക്സ് ഞങ്ങള്‍ കട്ടാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രെസ്സെ.........."

 ഹാലിളകിയ മലപ്പുറത്തെ  ലീഗുകാരും   കോണ്‍ഗ്രസുകാരുമിപ്പോള്‍  പിണറായി വിജയന്‍ മാപ്പ് പറയണമെന്നാവശ്യവുമായി വന്നിരിക്കുകയാണല്ലോ. പിണറായി വിജയന് ആ പഴയ മുദ്രാവാക്യമൊന്നു ചെറിയ മാറ്റത്തോടെ പൊടി തട്ടി എടുത്താല്‍ മതിയല്ലോ.

"ഞങ്ങളെ വീടിനു ഞങ്ങളെറിഞ്ഞാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രെസ്സെ..... "

Tuesday, November 9, 2010

അയമ്മോക്കാന്‍റെ വോട്ട്അയമോക്ക നാട്ടില്‍ സുപരിചിതനാണ്. മക്കാനി അയ്മ്മൂനെയും ഓന്‍റെ നാക്കിനെയും മറക്കരുതെന്ന ചൊല്ല് തന്നെയുണ്ടെ നാട്ടില്‍. വര്‍ഷങ്ങളായി ചായക്കട നടത്തിയതിനു നാട്ടുകാര്‍ പതിച്ചു നല്‍കിയ പേരാണ് മക്കാനി അയമ്മു. ചായന്റൊപ്പം ഫ്രീയായി നല്ല എരിവും പുളിയുമുള്ള ന്യൂസും കിട്ടുന്നത്കൊണ്ടു മക്കാനിയില്‍ തിരക്കൊഴിഞ്ഞ നേരമില്ല.

അടുത്തകാലം വരെ അയമോക്കാക്ക് വലിയ മോഹങ്ങളോന്നുമില്ലായിരുന്നു. രാഹുല്‍ഗാന്ധി ഫാറൂഖ് കോളേജില്‍ നിന്നും മടങ്ങും വഴി ഏതോ ഒരു മക്കാനിയില്‍ കയറി ചായയും പൊറോട്ടയും കഴിച്ച വിവരം അയമോക്കയും കേട്ടറിഞ്ഞു. അന്ന് മുതല്‍ രാഹുല്‍ഗാന്ധി തന്‍റെ മക്കാനിക്കടുത്തുള്ള മമ്പാട്കോളേജില്‍ വരുന്നതും മക്കാനിയില്‍ ‍നിന്നൊരു ചായ കുടിക്കുന്നതും കിനാവ്‌കണ്ടാണ്‌ അയമ്മോക്കാന്‍റെ നേരം വെളുക്കുന്നത്‌ തന്നെ. കറപിടിച്ചതാണെങ്കിലും ഉള്ളതില്‍ വൃത്തിയുള്ള ഒരു ഗ്ലാസും ഒരു പൊറാട്ടയും എന്നും രാഹുല്‍ഗാന്ധിക്ക് വേണ്ടി മൂപ്പര്‍ നീക്കി വെക്കും. 'മക്കാനി ടാലണ്ടിനെയും' സാവധാനത്തില്‍ രാഹുല്‍ഗാന്ധി കണ്ടെത്തും എന്നൊക്കെ അയമ്മോക്കാ‍നെ ആരൊക്കൊയോ പറഞ്ഞു പിടിപ്പിച്ചിരുന്നു.ഇലക്ഷന്‍ സമയത്താണ് അയമ്മോക്കാന്‍റെ ഡിമാണ്ട് കൂടുന്നത്.ഒരു പാര്‍ട്ടിയോടുംകൂറില്ലാത്ത അയമ്മോക്കാന്‍റെ വോട്ടിനും ആ (കു)പ്രസിദ്ധമായ നാക്കിനും വേണ്ടി നാട്ടില്‍ പിടിവലിയാകും. ഇരുപതുകൊല്ലം മുബാണതു സംഭവിച്ചത്. നാട്ടിലന്നു പഞ്ചായത്തിലക്ഷന്‍ നടക്കുന്നു. അയമ്മോക്കാന്റെ വാര്‍ഡില്‍ ശക്തമായ മത്സരം. കുഞ്ഞിരാമന്‍ മാസ്റ്ററും തന്‍റെ പറ്റുകാരന്‍ മോഇതീനും തമ്മില്‍ നല്ല മത്സരം. ഈ വാര്‍ഡില്‍ ജയിക്കുന്നവര്‍ പഞ്ചായത്ത്‌ ഭരിക്കും എന്ന നില വന്നു. വോട്ടിംഗ് അവസാനിക്കാന്‍ സെകണ്ടുകള്‍ ബാക്കി, അയമ്മോക്ക മക്കാനിയില്‍ നിന്നും   ബൂത്തിലേയ്ക്ക് വോട്ട്ചെയാന്‍ ഒറ്റൊരു ഓട്ടം. സമയപ്രശ്നം ചില കുബുദ്ധികള്‍ ഉന്നയിച്ചെങ്കിലും അവസാനം ബാലറ്റ് പേപ്പറില്‍ അയമ്മോക്ക വോട്ട് ചെയ്തു തന്‍റെ മക്കാനിയില്‍ എത്തി പ്രസിദ്ധമായ ആ പ്രവചനം നടത്തി.

"പറ്റു തീര്‍ക്കാത്ത പറ്റിക്കലാരന്‍ മൊഇതീനു വോട്ടില്ല, ജ്ജെ ഒരു വോട്ടിനു കുഞ്ഞിരാമന്‍ മാസ്റ്റ് ജയിച്ചു പഞ്ചായത്ത് ഭരിക്കും, ല്ലങ്കി അയമ്മു മജ്ജത്താകും, ങ്ങള് കണ്ടോളിന്‍"

വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ എല്ലാവരും ഞെട്ടി. അയമ്മൂന്‍റെ നാക്കിന്‍റെ മൂര്‍ച്ചം, മാസ്റ്റര്‍ ഒരു വോട്ടിനു ജയിച്ചിരിക്കുന്നു. അയമ്മൂന്‍റെ ഒരു വോട്ടു ബലത്തില്‍  വാര്‍ഡും പഞ്ചായത്ത് ഭരണവും കൈക്കലാക്കിയ മാസ്റ്ററും കൂട്ടരും അയമ്മോക്കാനെ നാട്ടിലൂടെ കൊണ്ടുനടന്നു തുള്ളിച്ചാടി. അയമ്മോക്കാന്‍റെ നാക്കിന്‍റെ ഊക്കു കണ്ടുംകൊണ്ടും അറിഞ്ഞ മോഇദീന്‍ ‍ മക്കാനി തല്ലി പൊളിച്ചു അരിശം തീര്‍ത്തു.


പതുക്കെ പതുക്കെ അയമോക്കാന്‍റെ വോട്ടിനും നാക്കിനും ആള്‍ക്കാര്‍ ചെവികൊടുത്ത്തുടങ്ങി. അയമോക്കാന്‍റെ വോട്ടു കിട്ടിയില്ലെങ്കിലും നാക്കെങ്കിലും കിട്ടാനായി ആള്‍ക്കാര്‍ പരക്കം പാഞ്ഞു. കഴിഞ്ഞ ലോകകപ്പ്‌ ഫുട്ബാളില്‍ അര്‍ജെന്ടീനയെയും ബ്രസീലിനെയും തോല്‍പ്പിച്ചത് നീരാളിയൊന്നുമല്ല, അയമോക്കാന്‍റെ നാക്കാണെന്നാ നാട്ടിലെ ‍ സംസാരം. അന്ന് മുതല്‍ അസൂയാലുക്കള്‍ ‍ മക്കാനി അയമ്മൂനെ കരിനാക്കാന്‍ അയമ്മു എന്നും വിളിച്ചു തുടങ്ങി.

മാക്കനിയുടെ മേല്‍ ആരെങ്കിലും കൈ വെക്കും എന്ന് കരുതി കഴിഞ്ഞ രണ്ടു പഞ്ചായത്ത്‌ ഇലക്ഷനിലും അയമ്മോക്ക വോട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഇത്തവണ അയമ്മോക്ക വോട്ട് ചെയ്യാന്‍ തീരുമാനിച്ചു. ആദ്യമായി വലതന്മാരുടെ സ്ഥാനാര്‍ഥിയായ വിജയരാജന്‍ ഒരു 'കൈ' സഹായം ചോദിച്ചു അയമ്മോക്കാന്‍റെ മര്‍മ്മം പിടിച്ചു. തന്നെ സഹായിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ മമ്പാട് കോളേജ് സന്ദര്‍ശനം ശരിയാക്കാം എന്ന വാഗ്ദാനവും, അത് വഴി മക്കാനിയിലെ ചായ കുടിയും.


അയമ്മോക്ക സമ്മതം മൂളി, "വോട്ട് അനക്കാ, നാക്ക് പിന്നെ അയമ്മു വോട്ട് ചെയ്തിട്ടേ എടുക്കൊള്ളൂ.  ഇജ്ജ്, ബേയജാറാകണ്ട................."

അയമ്മോക്കാന്‍റെ വോട്ടുറപ്പിച്ചകാര്യം നാട്ടില്‍ പാട്ടായി. ഇടതന്മാരും അയമ്മോക്കാനെ കാണാനെത്തി. "അയമോക്ക, വോട്ടും നാക്കും ഈ പ്രാവശ്യം എനിക്ക് തരണം" സ്ഥാനാര്‍ഥി ഉമ്മര്‍ അയമോക്കാനോട് പറഞ്ഞു. അയമ്മോക്ക രാഹുല്‍ഗാന്ധിയെ പിടിച്ചുകത്തി കയറി, അലമാരയിലെ ഗ്ലാസ്സും പൊറാട്ടയും കാണിച്ചു കൊടുത്തു. അവസാനം രാഹുല്‍ഗാന്ധി ചായ കുടിച്ച മക്കാനി ആരോ പൂട്ടിച്ചു എന്നും, ആ ഗതി അയമോക്കാക്ക് വരരുതെന്നും കാച്ചി ഉമ്മര്‍ അയമ്മോക്കാന്‍റെ വോട്ടുറപ്പിച്ചു മക്കാനിയില്‍ നിന്നും ഇറങ്ങി. അയമോക്കാനെ കാണാന്‍ പിന്നീട് വന്നത്, ഏറ്റവും മൂല്യം കൂടിയ  സ്ഥാനാര്‍ഥി കുഞ്ഞിമുഹമ്മദുമായി  ജനകീയ വികസന മുന്നണി.  മുന്നണി ജയിച്ചാല്‍ മക്കാനി ഹോട്ടലാക്കി വികസിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി. വോട്ടില്ലെങ്കിലും വോട്ടിനേക്കാള്‍ മൂല്യമുള്ള അയമ്മോക്കാന്‍റെ നാക്കെങ്കിലും വേണമെന്നും പറഞ്ഞു അവരും പടിയിറങ്ങി.

 വോട്ടിംഗ് ദിവസം പതിവ് തെറ്റിക്കാതെ അവസാന മിനിറ്റില്‍ അയമോക്ക വോട്ട് ചെയ്തു. എല്ലാവരും അയമ്മോക്കാന്‍റെ മക്കാനിയില്‍ പ്രവചനം കേള്‍ക്കാന്‍ തടിച്ചു കൂടി. അയമോക്ക ആദ്യം വലതനും, പിന്നെ ഇടതനും, അവസാനം  മൂല്യക്കാര്‍ക്കുമായി ഓരോ വോട്ട് ചെയ്ത വിവിരം വിസ്തരിച്ചു കേള്‍പ്പിച്ചു.  മറുപടി കേട്ട്    അന്തംവിട്ടു നില്‍ക്കുന്ന മൂന്നുകൂട്ടരെയും അയമോക്ക അങ്ങെനെ  വോട്ട് ചെയ്തു സന്തോഷിപ്പിച്ചു.  ഇത്തവണ പ്രവചനം നടത്താന്‍ മിനക്കെടാതെ, രാഹുല്‍ഗാന്ധിക്കുള്ള ഗ്ലാസ്‌ ഒന്നു കൂടി കഴുകി വെച്ച് തന്‍റെ വോട്ടിന്‍റെ മൂല്യം പോയതറിയാതെ അയമോക്ക പൊട്ടി പൊട്ടി   ചിരിച്ചു! 

Thursday, November 4, 2010

കോടപുല്‍കിയ കൊടൈക്കനാല്‍ യാത്ര

കൊടൈക്കനാല്‍ - പേര് പോലെ തന്നെ സ്ഥലവും. എപ്പൊഴും കോട  പുതച്ചുകൊണ്ടുള്ള സുന്ദര കാഴ്ചകള്‍, വാക്കുകള്‍ക്കതീതമായ കാലാവസ്ഥ. കൊടൈക്കനാല്‍ എന്നും ഒരു ഹരമാണ്. പല തവണ പോയതാണ്,  എങ്കിലും ‍ കാണുംതോറും പോകുംതോറും  അതിന്റെ  ശാന്തമായ ഭംഗി മനസ്സിനെ കീഴടക്കുന്നു.  
പെരുന്നാള്‍ ‍ പിറ്റെന്നൊരു  ഫാമിലി ടൂര്‍,  ഞങ്ങള്‍  കൊടൈക്കനാല്‍ തന്നെ തിരഞ്നെടുത്തു. കുട്ടികളും വലിയവരുമായി ഒരു ഇരുപത്തിയഞ്ച് പേര്‍. പെരുന്നാള്‍ സീസണ്‍ കാരണം ബസ്‌ ഒരു പ്രശ്നമായി. അവസാനം യാത്ര ഹരമാക്കി മാറ്റിയ  ഞങ്ങളുടെ ശരീഫ്ക്ക തന്നെ ആ ചുമതല ഏറ്റെടുത്തു.  പ്രകൃതി സ്നേഹിയായ   ശരീഫ്ക്ക ‍സഞ്ചരിക്കാത്ത സ്ഥലം ഇന്ത്യയില്‍  വളരെ കുറവായിരിക്കും.  മൂപ്പര്‍ തിരഞ്നെടുക്കുന്ന സ്ഥലങ്ങള്‍ക്കെല്ലാം എപ്പൊഴും പ്രകൃതിയുടെ ഒരു  കയ്യോപ്പുണ്ടായിരിക്കും.

പെരുന്നാള്‍ പിറ്റേന്ന്  രാവിലെ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. പാട്ടും, ചിരിയും കളികളുമായി  ബസ്സില്‍സമയംപോകുന്നതറിഞ്ഞില്ല. പോകുന്നവഴി പഴനിക്ക് അടുത്തായുള്ള കാറ്റാടിപാടങ്ങള്‍   എല്ലാവരെയും   വളരെ ആകര്‍ഷിച്ചു. വൈദ്യുതി   ഉദ്പ്പാതിപ്പിക്കാന്‍   അണ്ണന്മാര്‍  കണ്ടുപിടിക്കുന്ന  ഓരോരൊ  വേലത്തരങ്ങള്‍.കാറ്റാടി പാടങ്ങളുടെ സൌന്ദര്യം  നുകര്‍ന്ന് ഞങ്ങള്‍ വീണ്ടും ബസ്സില്‍ കയറി.
വഴിയിലുള്ള കേരള  ഹോട്ടലില്‍നിന്നുംഉച്ച ഭക്ഷണം  കഴിച്ചു.

കൊടൈക്കനാല്‍ എന്നാല്‍ ആ ചുരം കയറിയുള്ള  യാത്രയാണല്ലോ.   ഞങ്ങള്‍ ഹെയര്‍ പിന്‍ വളവുകള്‍ ഓരോന്നോരോന്നായി പിന്നിട്ടു, Silver Cascadeല്‍  എത്തി.  വെള്ളചാട്ടത്തിനടുത്തു  അല്‍പ്പ സമയം  ചെലവഴിച്ചു.  കൊടായി തടാകത്തിലെ വെള്ളംനൂറ്റി എണ്പതു അടി  ഉയരത്തില്‍നിന്നും താഴേക്കു  വീഴുന്ന കാഴ്ച അതി  മനോഹാമാണ്.  രാത്രിയോടെ ഞങ്ങള്‍ ഹോട്ടലില്‍ എത്തി.


പിറ്റേ ദിവസം രാവിലെ ഞങ്ങള്‍ ചുറ്റാന്‍ ഇറങ്ങി. ഇടക്കൊരു ചെറിയ കശ പിശ -  സുഗന്ധ തൈലങ്ങള്‍ വില്‍ക്കുന്ന   കടയില്‍ നിന്നും ഒരു പാക്കറ്റ് തൈലം  ഞങ്ങളില്‍ പേര് കൊണ്ടു മാത്രം ബേബിയായ    ഒരാള്‍  അടിച്ചു  മാറ്റി എന്ന് കടക്കാരന്‍ ആരോപിച്ചു. ഒട്ടും വിട്ടു കൊടുക്കാതെ ഞങ്ങളും. അവസാനംമലപ്പുറംകാക്കമാരേ പെട്ടെന്ന്  പറ്റിക്കാന്‍ കഴിയില്ലെന്ന് മനസ്സില്ലാക്കി  കടക്കാരന്‍ പിന്‍ വാങ്ങി.  ഇത്തരം  യാത്രകളിലെ രസ ചരടുകളാണ്     ഇങ്ങനെയുള്ള കൊച്ചു കൊച്ചു സംഭവങ്ങള്‍. പക്ഷെ കാര്യങ്ങള്‍ 'വേണ്ട വിധത്തില്‍    കൈകാര്യം ചെയുന്ന' ഉമ്മര്‍ക്കാനെ മാത്രം ബസ്സില്‍ കയറുന്നത് വരെ ഈ വിവരം ഞങ്ങള്‍ അറിയിച്ചില്ല.

പിന്നീട് ഞങ്ങള്‍  ലൈക്കിലേക്ക് നീങ്ങി.   മധുര കളക്ടര്‍ ആയിരുന്ന Sir V. Hendry Levinge പണിത  വിശാലമായ (അറുപതു ഏക്കര്‍)   കൊടൈ തടാകം മധുരയെക്കള്‍ മധുരമുള്ളതു തന്നെ.  അഞ്ചു  ബോട്ടിലായി  ഞങ്ങള്‍ തടാകത്തിലെ  കാഴ്ചകള്‍ കണ്ടു  രസിച്ചു.  തടാകത്തില്‍  നിന്നും  ആമ്പല്‍ പൂക്കള്‍ പറിച്ചെടുത്തു ഞങ്ങള്‍  Bryant പാര്‍ക്കിലേക്ക് നീങ്ങി.


പാര്‍ക്കില്‍ നിന്നും  Cokers Walk - ഞങ്ങള്‍ പതുക്കെ പതുക്കെ  കാഴകള്‍ കണ്ടു നീങ്ങി.  പില്ലാര്‍ റോക്ക്സ്, Green Valley View  (suicide point)   ‍എല്ലാം കഴിഞ്ഞു  ഓര്‍മ്മിക്കാന്‍   ഒരുപാടു  നല്ല ഓര്‍മ്മകള്‍  ‍ബാക്കിവെച്ച് നൊമ്പരത്തോടെ   കൊടയിക്കാനാലിനോട്   വിട ചൊല്ലി. ഇനിയും തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ....., പ്രാര്‍ത്ഥനയോടെ........


പഴനിക്കടുത്തുള്ള കാറ്റാടി  പാടങ്ങള്‍

ഹെയര്‍ പിന്‍ വളവുകളികെ കാഴ്ചകള്‍

Silver Cascade
Cockers Walk  
lake  view


Tuesday, October 26, 2010

ലാസര്‍ പിടിച്ച കള്ളന്‍ലാസറും എല്‍സമ്മയും വിവാഹിതരായിട്ടു എത്ര വര്‍ഷമായി എന്നൊന്നും ലാസറിനു കൃത്യമായി അറിയില്ല. ഒരു പത്തു പന്ത്രണ്ട്‌, പിന്നെ അതൊരുഫെബ്രുവരി പതിന്നാല്‌ എന്നെ ലാസര്‍ ‍പറയൂ. ഫെബ്രുവരി പതിന്നാലിനുള്ള മേന്മയൊന്നും നോക്കിയല്ല ലാസര്‍ വിവാഹം നടത്തിയത്. എന്നാലിപ്പോള്‍ ഫെബ്രുവരി പതിന്നാലിനെ ഉത്സവമാക്കി മാറ്റിയവരെ ലാസര്‍ സ്തുതിക്കും. തന്‍റെ വിവാഹ വാര്‍ഷികം ലാസര്‍ ‍ഓര്‍ക്കുന്നത് തന്നെ അങ്ങനെയാണ്.

കാലങ്ങള്‍ താനറിയാതെ മുന്നോട്ടു പാഞ്ഞപ്പോള്‍ ലാസറിനു രണ്ടു കുട്ടികളുമായി. മൂത്ത മകള്‍ എല്‍സി രണ്ടിലും, ഇളയവന് എല്‍സന്‍ LKGയിലും പഠിക്കുന്നു. എല്‍സമ്മയുടെ കൂടുതല്‍ സമയവും കണ്ണാടി അപഹരിക്കുന്നത് കൊണ്ടു വിമാനം നിര്‍മ്മിച്ച റൈറ്റ് സഹോദരന്മാരെക്കളും ലാസറിനിഷ്ടം കണ്ണാടി കണ്ടുപിടിച്ചവരെയാണ്. കെട്ടിയോളും അവളുടെ ഫാമിലിയും മക്കളെക്കാള്‍ സ്നേഹിക്കുനത് കണ്ണാടിയെ ആണെന്നാണ് ലാസര്‍ ഇന്നും കരുതുന്നത്. കണ്ണാടികഴിഞ്ഞാല്‍ എല്‍സമ്മയുടെ ഇഷ്ട വിനോദമായിരുന്നു സൈക്കിള്‍ സവാരി. തന്‍റെ മകള്‍എല്സിയുടെ പിന്നാലെ സ്ഥാനത്തും ആസ്ഥാനതുമായി ദിവസവും എല്‍സമ്മ കൂടും. ഫാമിലി പാര്യമ്പര്യമായി കെട്ടിയോള്‍ക്ക് കിട്ടിയ ഈ സൈക്കിള്‍ സവാരിയും ലാസറിനു അത്രക്കിഷടമല്ല. ഇങ്ങനെയൊക്കെയാണെങ്കിലും ലാസറും, എല്‍സമ്മയും തമ്മില്‍ യാതൊരു വിധ പിണക്കവുമില്ല, ലാസറിന്റെ കള്ളനെ പിടിക്കുന്ന കാര്യത്തില്‍ ഒഴികെ. സാഹസിക കഥകള്‍കൂടുതല്‍ വായിച്ചതു കാരണം ലാസറിന്റെ ഇഷ്ട വിനോദമായിരുന്നു കള്ളനെ പിടിക്കല്‍. എവിടെ കള്ളന്മാരെ പിടിക്കാനുണ്ടോ അവിടെ ലാസറും ഓടിയെത്തും. വിവാഹം കഴിഞ്ഞിട്ടും ലാസര്‍ ഇത് മാറ്റിയില്ല.

പതിവ് പോലെ ജോലിയെല്ലാം കഴിഞ്ഞു, ലാസര്‍ അന്നു രാത്രിയും ഉറങ്ങാന്‍ കിടന്നു. സമയം എന്തായി എന്നൊന്നും ഓര്‍മ്മയില്ല, പാതിരാവായി കാണും, ലാസര്‍ എന്തോ ഒരു നിഴല്‍ കണ്ട പോലെ തോന്നി. കര്‍ത്താവേ കള്ളന്‍, അതെ കള്ളന്‍ തന്നെ, ഇന്ന് എന്‍റെ വീട്ടിലോ. എന്നെ ആരും സഹായിക്കാനില്ലലോ. ലാസറിനു പെട്ടെന്ന് പേടി തോന്നി. താനും എല്‍സമ്മയും കുട്ടികളും കിടക്കുന്നിടത്തേക്ക്‌ കള്ളന്‍ നടന്നു വരുന്നു. എവിടെനിന്നോ കിട്ടിയ ധൈര്യം സംഭരിച്ചു ലാസര്‍ കള്ളന്‍, കള്ളന്‍ എന്ന നിലവിളിയോടു കൂടി കള്ളനു മേല്‍ ചാടി വീണു. ലാസര്‍ കള്ളനുമായി മല്‍പിടുത്തം തുടങ്ങി. എന്നാല്‍ സഹായത്തിനുള്ള തന്‍റെ നിലവിളി ആരും കേള്‍ക്കുന്നില്ലേ എന്ന് കരുതി കള്ളനെ പിടി വിടാതെ നിലവിളി വീണ്ടും ഉച്ചത്തിലാക്കി. നിലവിളി ഉച്ചതിലായത്തോടെ തന്‍റെ വയറ്റിനു പെട്ടെന്നൊരു ചവിട്ടു കിട്ടി ലാസര്‍ കട്ടിലില്‍ നിന്നും താഴെ വീണു. കള്ളനുപകരം ഉറഞ്ഞു തുള്ളുന്ന എല്‍സമ്മയെ കണ്ടു ലാസര്‍ ഞെട്ടി! ഉറക്കത്തിലെ ഈ കള്ളനെ പിടിത്തം ഇന്നത്തോട അവസാനിപ്പികണമെന്ന അട്ടഹസിച്ചു എല്‍സമ്മ ഒരു ചവിട്ടു കൂടി ലാസറിനു കൊടുത്തു. ഇനി കള്ളനെ പിടിക്കുമ്പോള്‍ നിലവിളിക്കില്ല എന്നുറപ്പിച്ചു ലാസര്‍ വേദനയോടെ കട്ടിലില്‍ കയറി മറ്റൊരു കള്ളന്‍ വരുന്നതും കാത്തു കിടന്നു. പക്ഷെ പിന്നീടൊരിക്കലും ലാസര്‍ കള്ളനെ പിടിക്കുമ്പോള്‍ നിലവിളിച്ചില്ല!Thursday, October 21, 2010

പുന്നമട കായലിലൂടെ ഒരു യാത്ര

ഇനി ഞാനൊന്നു ഡ്രൈവ് ചെയ്തോട്ടെ!
ഹോ! ഇയൊരു കടലിന്‍റെ അറ്റം എവിടെ?
ഇളനീര്‍, ഒന്ന് ടേസ്റ്റ് നോക്കട്ടെ... 


ഒന്ന് ആഞ്ഞു പിടിക്കാലോ

 ആലപ്പുഴ (സെപ്റ്റംബര്‍ 2010):

ഗള്‍ഫില്‍ നിന്നും അവധിക്കു പോകുമ്പോള്‍ തന്നെ കരുതിയതാ ഒരുമിച്ചൊരു യാത്ര. നാല് ഫാമിലി - കുട്ടികളടക്കം 17 ആളുകള്‍.  എവിടേക്ക് പോകും എന്ന വിചാരം  ബസില്‍ കയറുന്നത് വരെ ഒപ്പം കൂടി. അവസാനം കായല്‍ സൗന്ദര്യംകൊണ്ടു അനുഗ്രഹീതമായ നമ്മുടെ വെനിസിനെ പിടിക്കാന്‍ തീരുമാനിച്ചു. പോകുന്ന വഴി ആലപുഴയ്ക്ക് 20 km  മുബായുള്ള തണ്ണീര്‍മുക്കം ബണ്ട് കൂടി കണ്ടു - അതിമനോഹരമായ ഒരു കാഴ്ച. താമസം പഗോഡ റിസോര്‍ട്ട്. റിസോര്‍ട്ട് കുഴപ്പമില്ല.  ഓഫ്‌ സീസണ്‍ കാരണം ഒരു റൂം 850 Rs. വിത്ത് ബ്രേക്ക്‌-ഫാസ്റ്റ് .  പിറ്റേന്ന് രാവിലെ 10 .30 മുതല്‍ 5 .30 വരെ ഹൌസ് ബോട്ടില്‍ (2 ബെഡ് റൂം,  ബാല്‍ക്കണി ) പുന്നമട കായല്‍ ആസ്വദിച്ചു.  രാവിലെ  സോഫ്റ്റ്‌ ഡ്രിങ്ക്സ് അതിനു  ശേഷം  കപ്പയും മീനും, ഉച്ചക്ക് കരിമീന്‍, ചെമ്മീന്‍, ചിക്കന്‍, തുടങ്ങിയ വിഭവങ്ങളോട് കൂടിയ ഫുഡ്‌.  

ഹൌസ് ബോട്ടില്‍ നിന്നും കരിമീനും ചെമ്മീനും നല്ലപോലെ അടിച്ചുമാറ്റി  തികച്ചും നല്ല ഒരു അനുഭൂതിയോടുകൂടി രാത്രിയോടെ ഞങ്ങള്‍  നാട്ടിലേക്ക്   തിരിച്ചു.  

Wednesday, October 20, 2010


നയന മനോഹരിത മലനിരകള്‍:പതുക്കെ, പതുക്കെ

ഹായ്, എന്തുരസം.
ഞാന്‍ പിടിക്കാം, വീഴും..
എന്നെ പിടിക്കേണ്ട, എനിക്കിതെല്ലാം ഈസിയാ ....

ഈ മനോഹര മലനിരകള്‍ പട്ടിക്കാട് (മലപ്പുറം ജില്ല)  എന്‍റെ നല്ലപാതിയുടെ വീടിനടുത്താണ്. ഈ മലകളെ കുറിച്ചുള്ള അവളുടെ അഹങ്കാര വര്‍ണ്ണന ഈ യാത്രക്കുള്ള ഒരു കാരണമായി.  അര മണിക്കൂര്‍ കുത്തനെയുള്ള മലകയറ്റവും നയന മനോഹരമായ അസ്തമയ മലനിര കാഴ്ചകളും  കണ്ണിനു കുളിര്‍മയേകി.  ഒരു കൌതുകത്തിന് വേണ്ടി മാത്രം   നങ്ങളുടെ കസിന്‍ ചിക്കു ഒപ്പിയെടുത്ത ഫോട്ടോസ്  ഇവിടെ സമര്‍പ്പിക്കുന്നു.  (സെപ്റ്റംബര്‍ 19 , 2010 )

Tuesday, October 19, 2010അസ്തമയ കാഴ്ചകള്‍

എന്‍റെ കേരളം എത്ര സുന്ദരം


ഒരു പട്ടിക്കാടന്‍ മലകളുടെ മനോഹര കാഴ്ചകള്‍.
നമ്മുടെ അടുത്തുള്ള നാം അറിയാതെ പോകുന്ന
എത്ര സുന്ദര കാഴ്ചകള്‍.