Thursday, June 2, 2011

പള്ളിമുക്ക് ഫലിതങ്ങള്‍.

പള്ളിമുക്ക് ഫലിതങ്ങള്‍.

ഞാന്‍ കണ്ടതും കേട്ടതുമായ എന്റെ നാടുമായി (ചെറുകോട്)  സാമ്യമുള്ള നാട്ടു   ഫലിതങ്ങളില്‍ ചിലത് നിങ്ങളുമായി പങ്കു വെക്കുന്നു. 

1 . കുഞ്ഞാലി ഹാജി ചില നേരമ്പോക്കുകള്‍:

 ഹാജിയാര്‍ക്ക് വന്ന സമന്‍സ്. 

ഞങ്ങളുടെ നാട്ടിലെ പ്രധാനിയായിരുന്നു  ഞങ്ങള്‍ക്കെല്ലാം പ്രിയങ്കരനായിരുന്ന ശ്രീ  കുഞ്ഞാലി ഹാജി.  മൂപ്പരെ കുട്ടികള്‍ കുഞ്ഞലാക്ക എന്നും, വലിയവര്‍ ഹാജിയാര്‍ എന്നുമാണ് ബഹുമാനത്തോടെ വിളിച്ചിരുന്നത്‌. 


വലിയൊരു  സുഹൃത്   വലയത്തിനുടമയായ  ഹാജിയാര്‍ അഞ്ചു നേരവും പള്ളിയില്‍ നിന്ന് തന്നെ നമസ്ക്കരിക്കുന്നതില്‍  കണിശത കാണിച്ചിരുന്നു. നാട്ടില്‍ ഒരു റൈസ്മില്‍ ഉടമ കൂടിയായ ഹാജിയാര്‍  ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'സ്റ്റാര്‍' ആയി നടക്കുന്ന കാലത്താണത്‌ സംഭവിച്ചത്.

ഒരിക്കല്‍ ഒരു അറസ്റ്റു വാറണ്ടുമായി പോലീസുകാരന്‍   കുഞ്ഞാലി ഹാജിയെ തിരഞ്ഞു വന്നു. നാട്ടിലെ പ്രമാണിമാരെല്ലാം അഡ്രസ്‌ നോക്കി, തെറ്റിയിട്ടില്ല സമന്‍സ് ഹാജിയാര്‍ക്ക് തന്നെ.   സിനിമാ ഹാളില്‍ നിന്നും പുക വലിച്ചതാ കേസ് അതും ഒരു ഉച്ച പടത്തിന്. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ച് പോലീസുകാരന്റെ പിന്നാലെ ഹാജിയാരുടെ അടുത്തേയ്ക്ക് നീങ്ങി. പരദൂഷണത്തില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടാനായി ശ്രമം നടത്തുന്നവരില്‍ ചിലര്‍ അടക്കം പറഞ്ഞു തുടങ്ങി.  

ഹാജിയാര്‍ പോലീസുകാരന്റെ  കൈ പിടിച്ചു അങ്ങാടിയിലൂടെ ആകെ നടന്നു, തന്നെ അറസ്റ്റു ചെയ്യാന്‍ വന്നതും, അതിന്റെ കാരണവും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.  സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടിയ പോലീസുകാരന്‍  എങ്ങിനെയെങ്കിലും ഒന്ന് തടി എടുത്താല്‍ മതി എന്നായി. ജീവിതത്തില്‍ ഹാജിയാര്‍ സിനിമയും കണ്ടിട്ടില്ല, പുകയും വലിച്ചിട്ടില്ല സമന്‍സ് കൊടുക്കാതെ അതുവഴി വന്ന ബസ്സില്‍ ചാടി കയറി അയാള്‍ സ്ഥലം വിട്ടു.  ഹാജിയാരുടെ ആമീനെ പിടിച്ചുള്ള നടത്തത്തെക്കാള്‍  രസകരമായി ഇപ്പോഴും തോന്നുന്നത് ആരായിരിക്കും പോലീസ് പിടിച്ചപ്പോള്‍ കൃത്യമായി ഹാജിയാരുടെ പേരും അഡ്രസ്സും പറഞ്ഞു കൊടുത്തു തടിതപ്പിയ  വിരുതന്‍
 ****************************************

ലീഗ് ഹൈ പവര്‍ മീറ്റിങ്ങില്‍ ഹാജിയാര്‍. 

കോഴിക്കോട് ലീഗ് ഹൈ പവര്‍ കമ്മിറ്റി കൂടുന്നു. ബാബറി മസ്ജിദ് പൊളിച്ച സംഭവം ചര്‍ച്ച ചെയുകയാണ്. പാണക്കാട് തങ്ങളെ കൂടാതെ   MP MLA  തുടങ്ങി ക്ഷണിക്കപെട്ട ആളുകള്‍ക്ക് മാത്രം പ്രവേശനം.   ലീഗിന്റെ  പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ മാത്രമായ കുഞ്ഞാലി     ഹാജി കോഴിക്കോട്ടെ  മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തി.  ഗേറ്റ് മാന്‍ ഹാജിയാരെ തടഞ്ഞു നിര്‍ത്തി.  MP , MLA  എന്നിവര്‍ക്കെ പ്രവേശനമുള്ളു  എന്ന് പറഞ്ഞു.  തോളിലിരിക്കുന്ന മുണ്ട് കുടഞ്ഞു ഞാന്‍ പിന്നെ  അന്റെ ഒലക്കയാണോടാ  എന്ന് ചോദിച്ചു ഹാജിയാര്‍ കയര്‍ത്തു.  മൂപ്പരും ഏതോ ഒരു  MP യോ MLA യോ ആയിരിക്കുമെന്ന് കരുതി ഗേറ്റ്മാന്‍ ഭവ്യതയോടെ ഗേറ്റ് തുറന്നു  ബഹുമാന പുരസ്ക്കരം ഹാജിയാരെ മീറ്റിംഗ് ഹാളിലേയ്ക്ക് ആനയിച്ചു.
*******************************************

ഓസിനൊരു ബിരിയാണി 

ഒരിക്കല്‍ നമ്മുടെ ഹാജിയാര്‍ അങ്ങാടിയിലുള്ള തന്‍റെ വീട്ടില്‍ ബീഫ് ബിരിയാണി ഉണ്ടാക്കി വഴിയില്‍ പോകുന്നയെല്ലാവരെയും വിളിച്ചു സല്‍ക്കരിച്ചു. ഞാനും കൊതി മൂത്ത് ആ ബിരിയാണി ആര്‍ത്തിയോടെ കഴിച്ചു. ഭക്ഷണം കഴിച്ച  ശേഷം  ഹാജിയാര്‍ ഒരു വെള്ള പേപ്പറില്‍ പേര് എഴുതാന്‍ പറഞ്ഞു.
അടുത്ത ദിവസത്തെ പത്രം കണ്ടപ്പോള്‍ ഞങ്ങള്‍  അന്തം വിട്ടത്, പേര്  സഹിതം.ബിരിയാണി കഴിച്ചവരെല്ലാം ഹാജിയാരുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതായി വാര്‍ത്ത.
*******************************************

2 കോയ ഫലിതങ്ങള്‍:

കടന്നു വരൂ കോയാ

എന്നെക്കാള്‍   സീനിയര്‍ ആണെങ്കിലും  ഉമ്മര്‍ കോയ എന്റെ  ഫ്രണ്ട് ആണ്. ഇപ്പോള്‍ കൂയന്‍ റിയാദില്‍ ജോലി ചെയ്യുന്നു.  കോയ സ്കൂളില്‍ പഠിക്കുന്ന സമയം. നേരം വൈകി ക്ലാസ്സിലേയ്ക്ക് വന്ന കോയ ക്ലാസ്സില്‍ കയറാന്‍ ടീച്ചറിന്റെ  അനുമതിക്കായി വാതില്‍ക്കല്‍ കാത്ത് നിന്നു.


സര്‍ എന്ന വിളി കേട്ട ഉടനെ ടീച്ചര്‍ കോയയോട് കടന്നു വരൂ എന്ന് പറഞ്ഞു. കൈയിലുള്ള പുസ്തകം അവിടെ വെച്ച് കോയ തറയില്‍ കിടന്നു ഉരുണ്ടു ഉരുണ്ടു ക്ലാസ്സില്‍ എത്തി. തന്റെ വാക്കിനെ അപ്പടി അനുസരിച്ച ശിഷ്യന്റെ അഭ്യാസം കണ്ടു ടീച്ചറും കുട്ടികള്‍ക്കൊപ്പം പൊട്ടി ചിരിച്ചു!
*******************************************

നല്ലൊരു ഫുട്ബോള്‍ കളിക്കാരനായിരുന്നു കോയ. ചെറുകോട്ട് തെറ്റില്ലാത്തൊരു സെവന്‍സ് ഫുട്ബാള്‍ ടീം അന്നും ഇന്നുമുണ്ട്.  നാട്ടിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ പയ്യനായ കോയയുടെ ശരീരം വളരെ മെലിഞ്ഞിട്ടാണ്.  ഒരിക്കല്‍ മലപ്പുറം ജില്ലയിലെ പൂങ്ങോട് ചെറുകോടു യാസും   നിലമ്പൂര്‍ യാസും തമ്മില്‍ സെമിഫൈനല്‍ മത്സരം നടക്കുന്നു. കോയ അടിച്ച ഒരു ഗോളിന് ഞങ്ങള്‍ മുമ്പിട്ടു  നില്‍ക്കുന്നു. കാണികളെ കോരി തരിപ്പിച്ചു  നല്ല ഫോമിലായ കോയ പന്തുമായി മുന്നേറുന്നു. .  അപ്പോള്‍ കാണികളില്‍ ഒരു കാക്കയുടെ വക കമെന്റ്:"ഈ കുട്ടി കുറച്ചു തിന്നാന്‍ കൂടി ഉള്ളിടത്താണെങ്കില്‍  പിന്നേയ അവനെ ആര്‍ക്കും പിടിച്ചാല്‍ കിട്ടുകയില്ല!


*******************************************

3 )  എന്റെ പോസ്റ്റില്‍ വീണ നാല് ഗോളുകള്‍.

ഒരിക്കല്‍ ചെറുകോടും മലപ്പുറവും തമ്മില്‍ തിരുവാലിയില്‍ സെവന്‍സ് ഫുട്ബാള്‍  നടക്കുന്നു. ഞങ്ങളുടെ ഗോള്‍ കീപ്പര്‍ അന്ന് പുറത്തു കല്യാണത്തിന് പോയിരുക്കുകയാണ്.  ടീമില്‍ ഗോള്‍ കീപ്പര്‍ അടക്കം ഞങ്ങള്‍ എട്ടു പേര്‍ മാത്രം. കളി തുടങ്ങാന്‍ സമയമായിട്ടും ഗോള്‍ കീപ്പര്‍ എത്തിയില്ല. ഞങ്ങള്‍ ആകെ വിഷമിച്ചു. കൂട്ടത്തിലെ നല്ല കളിക്കാരനായ എന്റെ കൂട്ടുകാരന്‍ മുഹമ്മദു ഗോള്‍ വലയം കാക്കാം എന്ന് ഏറ്റു. ഒന്നാം പകുതി വരെ ഞങ്ങള്‍ പിടിച്ചു നിന്നു. (1-1) രണ്ടാം പകുതിയില്‍ മുഹമ്മദിനു  കളിക്കാന്‍ ആശ മൂത്ത്, ഇനി നീ പോസ്റ്റില്‍ നിന്നോ ഞാന്‍  കളിക്കാം എന്ന് പറഞ്ഞു എന്നെ പോസ്റ്റില്‍ നിറുത്തി. അന്ന് വരെ പോസ്റ്റില്‍ നില്‍ക്കാത്ത എന്റെ പോസ്റ്റില്‍ ഇരുപതു  മിനിട്ടിനുള്ളില്‍ നാല് ഗോളുകള്‍. എന്റെ തവള പിടുത്തം കണ്ടു കാണികളില്‍ ഒരു കാക്കയുടെ കമെന്റു,

"മനേ നീ ആ ജഴ്സി അഴിച്ചു ക്രോസ് ബാറില്‍ ഇട്ടു ഇങ്ങോട്ട് കേറി പോര്. ജഴ്സി തടുത്തോള്ളും ബാക്കി ഗോളുകള്‍.കളി ഒന്ന് തീര്‍ന്നു കിട്ടാന്‍ അന്ന് ഞാനും കാണികളും പെടാപാട് പെട്ടു
  
 *******************************************