ഒടുക്കത്തെ കൊറോണ കാരണം ബല്യപെരുന്നാൾക്കു നാട്ടിൽ പോയി സൂറാബിനെയും കുട്ട്യാളെയും കാണാനുള്ള പൂതിയൊക്കെ അട്ടത്തു വെച്ചു സൗദി തന്നെ ചുരുണ്ടു കൂടി. സൂറാബിന്റെ ഉമ്മ പറഞ്ഞപോലെ ദുനിയാവ് ഇങ്ങിനെ പിടുത്തം വിട്ടൊരു കാലം അടുത്തൊന്നും ഉണ്ടായിട്ടില്ല.
എല്ലാ പെരുന്നാളിനും സൂറാബിന്റൊപ്പം ഓളെ പട്ടിക്കാട്ടിൽക്കും പോണതാണ്. മാരോൻ പഴയതായതോണ്ട് എനിക്കിപ്പോ അവിടെ വല്യ ഡിമാൻഡ് ഒന്നും ഇല്ലെങ്കിലും സൂറാബിന്റെ ഏട്ടത്തിമാരെ പത്തു മുപ്പതു കുട്ട്യാള്, ഒരു കിണ്ടിലെ വെള്ളം കാല്മെ ഒഴിച്ച് തന്നു പൈസ കാലിയാക്കി പോണ ഒരു കലാ പരിപാടിയുണ്ട്. സൂറാബിനെ കെട്ടിയ അന്ന് തൊടങ്ങി, ഓരോ വരവിനും പത്തു രണ്ടായിരം ഉറുപ്യ അടിച്ചു മാറ്റുന്ന ആ കിണ്ടിനെ കൊണ്ട് ചില്ലറ പൊല്ലാപ്പൊന്നുമല്ല.
കഴിഞ്ഞ ബല്യ പെരുന്നാളിന് ലീവിനുപോയപ്പോ സൂറാബിക്കൊപ്പം പട്ടിക്കാട്ടുക്കു ഞാനും പോയി. സാധാരണ ഉള്ള കാലു കഴുകൽ പരിപാടിയോ, കോലായിമ്മയിൽ കിണ്ടിയോ കൊളമ്പിയോ കാണാത്തോണ്ടു കൊറോച്ചൊരു സമാധാനത്തോടെ സൂറാബിന്റെ ഉമ്മ തന്ന ചായയും കാറിയ ചിപ്സും കുടിച്ചു പുറത്തെക്കിറങ്ങി.
മനസ്സിലൊരുപാട് കണക്കുണ്ടായതോണ്ട് സൂറാബിന്റെ ആങ്ങള ഉണ്ടാക്കിയ മുറ്റോം നടു മുറ്റോം കഴിഞ്ഞു ബാക്കിയുള്ള തൊടൂക്കൂടെ കണ്ണോടിച്ചു. എന്റെ മാതിരി മണ്ഡ പോയ കുറച്ചു തെങ്ങേയിനി സൂറാബിക്കും ഓളെ അഞ്ചെട്ടു ഏട്ടത്ത്യാൾക്കും കൂടി ബാക്കിയൊള്ളു.
മനസ്സിലെ കിനാവൊക്കെ കെട്ടിടാനുള്ള കെൽപ്പ് ഈ മണ്ഡല്ലാത്ത തെങ്ങിന് ഉണ്ടാകുന്നു തോന്നുണില്ല. എല്ലാത്തിനും മാണം ഓരോരോ യോഗം. ഒപ്പം പഠിച്ച എപ്പ്സൺ സാജിദിനൊക്കെ ഓരോരോ വരവിലും ഓലെ പെണ്ണുങ്ങളെ തൊടീലെ ലക്ഷങ്ങള് വിലയുള്ള പ്ലാവും, തേക്കും, ചന്ദനം വരെ മുറിച്ചു കടത്തലാ പണി. ഉള്ളൊക്കെ ചിതല് പിടിച്ച എന്റെ പെരെലെ വാതിലും ജന്നലും മാറ്റാൻ പറ്റിയ ഉരുപടിയൊന്നും സൂറാബിന്റെ തൊടീന്ന് കിട്ടൂല. ആകെയുള്ളത് രണ്ടു മൂന്നു തെങ്ങും, ഒരു മുരിക്കും മരോം പിന്നെ മൊരടില്ലാത്ത അടക്കപ്പായ മരോം ആണ്. അടക്കപ്പായത്തിന്റെ മൊരട് സൂറാബിന്റെ ആങ്ങളെന്റെ തൊടീലായതോണ്ട് അയ്മക്കു കണ്ണ് വെക്കാൻ പോയിട്ട് കാര്യല്ല . അല്ലെങ്കി തന്നെ സൂറാബിന്റെ ആങ്ങളെന്റെ കെട്ടിയോൾക്കു വല്യ രണ്ടു കണ്ണാ. എപ്പോളെങ്കിലൊന്നു തൊടൂക്കിറങ്ങിയാ പിന്നെ ഓളെ ഒരു കണ്ണ് വടക്കിണിന്റെ ജനാലക്കകൂടി എന്റെ മേലായാകും.
"എന്റെ മനുഷ്യ ഇങ്ങള് എന്റെ നിലയും വെലയും കളയാനായിട്ടു വന്നതാണൊന്നു ചോയിച്ചു സൂറാബിയും, നേർച്ചക്കിട്ട റംബൂട്ടാനാണല്ലോ കഞ്ഞി ഇജു ശരിയാക്കിയതെന്നു" പറഞ്ഞു നാത്തൂനും വിസ്താരം തൊടങ്ങി.
കിളിയാൾക്കുള്ള നേർച്ച മുടങ്ങിയ കാരണം കൊണ്ട് റംബൂട്ടാൻ കായിച്ചൂലന്നാണ് ഓലെ ബേജാറ്. റംബൂട്ടാന്റെ ഒപ്പം എന്റെ കായി കളയണ കിണ്ടി കൂടി അടിച്ചു മാറ്റീട്ടാണ് കൊറത്തി സലാമത്താക്കീത്ന്നറിഞ്ഞു ഉള്ളിന്റെ ഉള്ളില് പെരുത്ത് സന്തോഷായി. സൂറാബിയും നാത്തൂനും കൂടി എന്നെ പിരാകി അകത്തേക്ക് പോയി.
സൈക്കിളുമെന്നു വീണപോലെയുള്ള ഒയിലിച്ച മാറ്റാൻ മണ്ഡല്ലാത്ത തെങ്ങുമക്കും നോക്കി മനകണക്കും കൂട്ടിയിരിക്കുമ്പോ സൂറാബിന്റെ എളാപ്പ, സ്കൂട്ടി കൊണ്ടു വന്നു, അയിൻമെ കേറാൻ പറഞ്ഞു. അല്ലെങ്കിലേ രണ്ടു ചക്ര വണ്ടിനോടുള്ള പേടിയും മൂപ്പരെ ഡ്രൈവിങ്ങിന്റെ കൊണം നല്ലോണം അറീണ ഞാൻ മടിച്ചു മടിച്ചു നിൽക്കുമ്പോ സൂറാബിയും ഓളെ നാത്തൂനും കൂടി എന്നെ വണ്ടീമേ തള്ളിപിടിച്ചു കയറ്റി. പടച്ചോനെ, എവടക്കാപ്പോ മഗിരിബാങ്ക് കൊടുക്കാൻ നേരത്തു എന്നെ കെട്ടി വലിച്ചു കൊണ്ടൊണ്ന്നു കരുതി. ഒരു ഊടുകൂടെ ഒന്ന് രണ്ടു അറ്റംകലായി ചാടി കടന്നു മൂപ്പര് ഒരു പള്ളിന്റെ മുമ്പില് സ്കൂട്ടി നിർത്തി. ഇത് ഞങ്ങള് മുജാഹിദീങ്ങളെ പള്ളിയാണ്, ഞങ്ങളൊരു പത്തിരുപതാളെ ഇബടെളളൂ. മൂപ്പര് പറഞ്ഞു." മൂപ്പരും എന്റെ മാതിരി മുജാഹിദാന്നറിഞ്ഞപ്പോ എനിക്ക് സന്തോഷായി.
വരുന്നോർകൊക്കെ മൂപ്പര് എന്നെ പരിചയപ്പെടുത്തി കൊടുക്കുന്നതിനിടയിൽ മഗ്‌രിബിന് ബാങ്ക് കൊടുത്തു. വുളു ഉണ്ടാക്കി പള്ളികയറാൻ നിൽക്കുമ്പോ വരുന്ന ആളെ കണ്ടു ഞാൻ ഞെട്ടി. പടച്ചോനെ അറബി ടീച്ചറെ മകൻ അബ്ദു. ഞാൻ ഓനെ കണ്ടു കണ്ടില്ലന്നു മട്ടില് പതുക്കെ നോക്കി പള്ളി കയറി സുജൂദിന്റെ നീളം കൂട്ടി സുന്നത്തു നിസ്‌ക്കരിച്ചു. സലാം വീട്ടിയപ്പോ അബ്ദു ബാക്കില് സുന്നത്തു നിസ്ക്കരിക്കുന്നു. അബ്ദുനെ ഒഴിവാക്കാൻ വേണ്ടി ഞാൻ ഒന്നൂടെ സുജൂദിൽ പോയി, ഇഖാമത്ത് കൊടുക്കുണതു കേട്ടപ്പോ മഗരിബ് നിസ്‌കരിക്കാൻ നിന്നു. നിസ്ക്കാരം മുഴുവനും അബ്‌ദു കൊണ്ട് പോയ മാതിരിയായി, അല്ലെങ്കിലേ നിസ്‌കരിക്കാൻ നിക്കുമ്പോളാണ് എല്ലാ കുണ്ടാമണ്ടിയും തലെന്റെയുള്ള്ക്ക് മണ്ടി കയറല്. സലാം വീട്ടി നോക്കിയപ്പോ അബ്ദൂനെ പള്ളിക്കെ കാണാല്ലാത്തോണ്ട് ഞാൻ സമാധാനിച്ചു. സൂറാബിന്റെ എളാപ്പാന്റെ സ്‌കുട്ടിമെ കേറി. വണ്ടി ഓടിച്ചു മൂപ്പര് നേരെ ഒരു വീടിന്റെ മുമ്പില് നിർത്തി. അബ്ദു അന്നേം കൊണ്ട് ഇങ്ങോട്ടു ബരാൻ പറഞ്ഞതാണ്. മണ്ഡല്ലാത്ത തെങ്ങിന്റെ ചോട്ടിൽ പോയി കണക്കൂട്ടിയ എന്റെ ബുദ്ധീനെ പിരാകി സ്കൂട്ടിമെന്നറങ്ങി.
സൂറാബിന്റെ വീട്ടുകാരെ ബല്യ ദോസ്താണ് പട്ടിക്കാട്ടെ അറബി ടീച്ചർ. തങ്കപ്പെട്ട ടീച്ചറെ തങ്കപ്പെട്ട സ്വാഭാവള്ള മകനായ അബ്ദു എന്റെ മാതിരി ഗൾഫിൽ തന്നെ ആണ്. പള്ളിമുക്കിലെ ഒരു അറബി ടീച്ചറെയും അറബി മാസ്റ്റെയും മകനായിട്ടും സൂറാബിന്റെ കൂട്ടക്കാരെടുത്തു അബ്ദുനുള്ള വെയിറ്റ് എനിക്കില്ല. പത്തു പതിനഞ്ചു കൊല്ലം മുമ്പ് സൂറാബി ആദ്യായിട്ട് ഗൾഫിൽ വന്ന ഉടനെ ഓളൊരു ദോസ്ത് ഷഹർബാൻ ഓളെ കാണാൻ വന്നു. ഷഹർബാനും കെട്ടിയോനും അബ്ദുനെ പോയി കണ്ട കഥയൊക്കെ സൂറാബിക്കു വിവരിച്ചു കൊടുത്തു. എപ്പം വന്നാലും ഷഹർബാൻ എന്നെ എടങ്ങേറാക്കുന്ന എന്തേലും ഒരു കുത്തിത്തിരിപ്പ് സൂറാബിന്റെ തലയില് കയറ്റിയിട്ടേ പടിയിറങ്ങി പോകൂ. അന്ന് മുതൽ സൂറാബി എന്റെ പിന്നാലെ കൂടാൻ തുടങ്ങി, ഓൾക്കും അബ്ദുനെ കാണണം. ഞങ്ങളെ അറബി ടീച്ചറെ മകനാണ്, അബ്ദു സിനിമേലെ അരവിന്ദ സ്വാമിന്റെ മാതിരിയാണെന്നും, നല്ല സ്വാഭാവണെന്നും സൂറാബി പറഞ്ഞു തന്നു. പോരാത്തതിന് ഓന്റെ കല്യാണം ഉണ്ടാക്കിയ ബ്രോക്കറും സൂറാബി ആണോല്ലോ. സൂറാബിന്റെ മമ്പാട്ടുള്ള ചങ്ങായിച്ചീനെ സൂറാബി മുഖാന്തിരമാണ് ഓൻ കെട്ടിയേത്.
അരവിന്ദ സ്വാമിന്റെ ഗ്ലാമറുണ്ടെന്നു കേട്ടപ്പോൾ അബ്ദുനെ കാണാനുള്ള മൂടൊക്കെ പോയെങ്കിലും സൂറാബിന്റെ ഒടുക്കത്തെ ശല്യം കാരണം ഒരീസം ഞാനും സൂറാബിയും കൂടി ഓനെ കാണാൻ പോകാൻ തീരുമാനിച്ചു.
എന്റെ കണ്ണും മോറും കണ്ണാടിക്കു മുമ്പില് കാണുമ്പോ കണ്ണാടി കുത്തിപ്പൊട്ടിക്കാൻ തോന്നും. പട്ടിക്കാട്ടെ അരവിന്ദ് സ്വാമിന്റെ മുമ്പില് തോൽക്കാൻ പാടില്ല എന്ന വാശിയോടെ ശ്രീനിവാസൻ സ്റ്റൈൽ മാറ്റാൻ വേണ്ടി, കുറെ പുട്ടി യൊക്കെ വാരി തേച്ചു ഞാൻ സൂറാബിന്റെ ഒപ്പം ബാറ്റന്റെ ഷോറൂമിലെ സയിൽസ്മാനായ അബ്ദുനെ കാണാൻ പോയി. എന്നെക്കാളും ഗ്ലാമറുള്ള അബ്ദുനെ കണ്ടെനിക്ക് തലപിരാന്തു കടിച്ചു.
പോരുമ്പോ സൂറാബി അബ്ദു എങ്ങിനെയുണ്ടെന്നു ചോദിച്ചു, ഗ്ലാമറുണ്ടെന്നു പറയാൻ ഉള്ളിന്റെ ഉള്ളിലെ കുയിന്ത് സമ്മതിച്ചില്ല. ഓന് ഒന്നൂല്ലെങ്കി പ്രീഡിഗ്രി അല്ലെന്നും, പള്ള കുറച്ചു കൂടുതലാണെന്നും പറഞ്ഞു. പിന്നെ ഓന് കച്ചോടം ചെയ്യുന്ന ബാറ്റന്റെ ചെരുപ്പും കമ്പനി തന്നെ തട്ടിപ്പാണെന്നും, ഒലെ സാധനങ്ങൾക്കൊക്കെ 29.95, 39.95 അല്ലെങ്കിൽ 49.95 ന്നു വില ഇടും. ബാക്കി അഞ്ചു പൈസ ഒരാൾക്കും കൊടുക്കാതെ തട്ടിപ്പു നടത്തും. ഓനെ പറ്റി കുറ്റം മാത്രം പറഞ്ഞത് കേട്ടു സൂറാബി ചൂടായി.
"ഇങ്ങളയിന് എപ്പോളെങ്കിലും ഒരാളെ പറ്റി ദുനിയാവില് നന്നാക്കി പറഞ്ഞിട്ടുണ്ടോ? പിന്നെ പ്രീഡിഗ്രിക്കു ഇപ്പൊ എന്താ കുഴപ്പം, പ്രീഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നും അല്ലാന്നു സിനിമയില് വരെ പറഞ്ഞിട്ടുണ്ടല്ലോ, പിന്നെപ്പോ കേട്ടാ തോന്നും ഇങ്ങള് വല്ല പിഎച്ച്ഡിക്കാരനാണെന്നു?" അബ്ദുനെ കുറ്റം പറഞ്ഞു വെറുതെ സ്വന്തം മാനം കളയണ്ടാന്നു കരുതി ഞാൻ അടങ്ങി.
അന്ന് മുതല് സൂറാബിയും ഓളെ കൂട്ടക്കാരും, അബ്ദും അറിയാതെ നാട്ടിലായാലും ഗൾഫിലായാലും അബ്ദു എനിക്കൊരു എതിരാളിയായി മാറി.
ആ അബ്ദുനെ ഇപ്പൊ സൂറാബിന്റെ എളാപ്പാന്റെ ഒപ്പം വീണ്ടും കാണാൻ പോണത്. അബ്ദു സെയിൽസ്മാൻ പണിയൊക്കെ ഒഴിവാക്കി കുറച്ചു കാലയായി ഗൾഫിൽ സ്വന്തം ബിസിനസ്സാണ്. പടച്ചോന്റെ കുത്രത്തോണ്ടു ഓന്റെ ബിസിനസ്സ് ഓന്റെ പള്ളനെ പോലെ നല്ല പോലെ പച്ച പിടിച്ചു, നല്ല നിലയിൽ എത്തീട്ടുണ്ട്. ഓന്റെ വീടും മുറ്റത്തെ രണ്ടു മൂന്ന് കാറുകളും കണ്ടു എന്റെ കണ്ണ് തള്ളി. ബെൻസ് ഓന് ലോങ്ങ് പോകാൻ, ഇന്നോവ ഓന് നാട്ടിൽകൂടെ കറങ്ങാൻ പിന്നെ ഓന്റെ കെട്ടിയോൾക്കു മാരുതി സ്വിഫ്റ്റ്.
ഇടക്കൊക്കെ സൂറാബി അബ്ദുൻറെ നില പറയുമ്പോ പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്തു മുട്ടായി കച്ചോടം ചെയ്ത പരിചയം വെച്ച് വല്ല ബിസിനസ്സും കൂടി ചെയ്താലൊന്നു തോന്നിയതാണ്. സ്കൂളില് പഠിച്ചപ്പോ ഹോർളിക്ക്‌സും കുപ്പീലെ റൌണ്ട് മുട്ടായി, തേൻ മുട്ടായി, കടിച്ചാപറിച്ചൊക്കെ അയലോക്കക്കാരൻ മയമ്മദ്കാക്ക കടം വാങ്ങി കടം വാങ്ങി കുപ്പി കാലിയാക്കി, കച്ചോടം പൂട്ടിച്ചു. അതിനു ശേഷം രണ്ടാമത്തെ ബിസിനസ് സംരംഭമായി ജിദ്ദയിലെ ഒരു ഹോസ്പിറ്റലിന് എന്റെ പള്ളിമുക്കിലെ കൂട്ടക്കാരൊപ്പം ഷെയറു കൂടി. ഹോസ്പിറ്റല് തുടങ്ങി അഞ്ചാമത്തെ ദിവസം സ്പോൺസർ കൂടിയായ സൗദി ഹോസ്പിറ്റല് പിടിച്ചെടുത്തു. രണ്ടാമത്തെ കച്ചോടം കൂടി മുതലടക്കം പോയ കാര്യം സൂറാബിനോട് പറഞ്ഞപ്പോ ഓള് എന്റെ കൈ രണ്ടും കൂടി പിടിച്ചു നോക്കിയപ്പോ വിരലുകൾക്കിടയിൽ ഓട്ട കണ്ടു. ഈ ഓട്ട കൈയ്യും വെച്ച് മേലാല്ക്കു മുൻഷ്യ ഇങ്ങള് ബിസിനസ്സെന്നു പറഞ്ഞു നടക്കരുതെന്നു പറഞ്ഞു.
അബ്ദുൻറെ ചായ തക്കാരം കഴിഞ്ഞു സൂറാബിന്റെ വീട്ടിലെത്തി. ഓളെ എളാപ്പ അബ്ദുൻറെ വീട്ടില് പോയ കാര്യയൊക്കെ വിസ്തരിച്ചു, പ്രീഡിഗ്രി അത്ര മോശം ഡിഗ്രി അല്ലാന്നു എനിക്ക് അബ്ദുൻറെ ചുറ്റുപാട് കണ്ടപ്പോൾ മനസ്സിലായി, ഓന്റെ തലമത്തെ വരന്റെ ഒരു അര വര എനിക്കും കിട്ടാത്തതില് വിഷമിച്ചു, സൂറാബിനെയും കൂട്ടി പള്ളിമുക്കിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
മടങ്ങുന്ന നേരത്തു സൂറാബിക്കു പതിവായി മാളുമ്മ താത്താക്കും , നബീസ താത്താക്കും കൂടി കൊടുക്കുന്ന അംഞ്ഞൂറു ഉറുപ്പികക്കു പകരം അറുനൂറു കൊടുത്തപ്പോ സൂറാബി ചോയിച്ചു
"എന്താ മനുഷ്യ ഇങ്ങള് നന്നായോ, അഞ്ഞൂറിന് പകരം അറുന്നൂറു ?"