Wednesday, August 5, 2020

സിവിൽ സർവീസ് ചെലോൽക്കു മാത്രമല്ല, ഇനി ഡാനിഷിനു കൂടിയുള്ളത്

ചെലോൽതു ശരിയാവും, ചെലോൽതു ശരിയാവൂല, പക്ഷെ എന്റേത്‌ ശരിയായില്ലെങ്കിലും എനിക്കതിൽ കുഴപ്പല്ല, ഇതാണല്ലോ 2020 ലെ ഹിറ്റ് വാചകങ്ങൾ.  പരാജിതരായി ആരും തന്നെ ഇല്ലെന്നും, വിജയികളെ പോലെ  പരാജിതർക്കു കൂടി വിജയിച്ചെടുക്കാനുള്ളതാണിവിടം എന്നൊരു പാഠം   നാലാം ക്ലാസ്സിൽ പഠിക്കുന്ന ഫായിസ് എന്നൊരു കുട്ടി ലോകത്തിനു കാണിച്ചു കൊടുത്തു.   അത് പോലെ പരാജിതരെയും  വിജയികളാക്കുന്ന കഥയാണ് ഈ വർഷം  സിവിൽ സർവീസ് പ്രവേശനം ലഭിച്ച ഡാനിഷ് മുഹമ്മദ് കരപ്പാത്ത് എന്ന ഡാനിക്ക് പറയാനുള്ളത്. 

ഏഴോളം തവണ സിവിൽ സർവീസ് എഴുതി,  കഴിഞ്ഞ നാല്  പ്രാവശ്യവും  പ്രിലിയും മെയിൻ പരീക്ഷകളും പാസ്സായിയെങ്കിലും  അവസാന ലിസിറ്റിൽ  ഇടം പിടിക്കാനായില്ല.  തുടർച്ചയായി അഞ്ചാമത്തെ  തവണയും  ഫൈനൽ സ്റ്റേജിലെത്തിയപ്പോൾ  ബി ആർ അബേദ്കറിലൂടെ ഇന്റർവ്യൂ ബോർഡിനെയും കീഴടക്കി കൊണ്ടാണ് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ നിന്നും ആദ്യ സിവിൽ സർവീസ് വിജയിയായി ഡാനിഷ് ചരിത്രത്തിലേക്കു  നടന്നു നീങ്ങിയത്.

"താങ്കളെ സ്വാധീനിച്ച ഇന്ത്യൻ സ്വതന്ത്ര സമര സേനാനി ആരാണ്,?എന്ത് കൊണ്ട്? എന്ന് വിശദമാകാനായിരുന്നു ഇന്റർവ്യൂ ബോർഡിൻറെ അവസാനത്തെ ചോദ്യം"

മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, സുബാഷ് ചന്ദ്ര ബോസ് മുതൽ അടുത്ത കാലത്തു കടന്നു കൂടിയ ജാലിയൻ കണാരൻമാർ വരെയുള്ള നീണ്ട ലിസ്റ്റിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുക എന്ന പ്രയാസകരമായ ജോലിയിൽ  ഒട്ടും സങ്കോചം കൂടാതെ മറുപടി കൊടുത്തു, ഇന്ത്യയെ ഇന്ന്  കാണുന്ന ഇന്ത്യയായിട്ടെങ്കിലും ഇപ്പോളും നില  നിർത്തുന്നത് ഇന്ത്യൻ ഭരണ ഘടനയാണ്. അധഃസ്ഥിത വിഭാഗത്തിൽ നിന്നും ഉയർന്നു വന്ന ഡോക്ടർ ബി ആർ അബേദ്കർ തന്നെയാണ് എന്നെ സ്വാധീനിച്ച സ്വാതന്ത്ര സമര സേനാനിയെന്ന മറുപടിയുമായി ഇന്റർവ്യൂ ബോർഡിന് പടിയിറങ്ങുമ്പോൾ  അബേദ്കറുടെ ഭരണഘടനയുടെ കാവലാളാവാനുള്ള നിയോഗം കൂടിയായിട്ടാണ് ഇത്തവണ  താൻ  ഡൽഹിയിൽ നിന്നും മടങ്ങുന്നതെന്നു   ഡാനിഷ് കരുതിയില്ല.

പാലക്കാട് ജില്ലയിലെ അലനല്ലൂർ സ്വദേശിയായ  റിട്ടയേർഡ് റജിസ്ട്രാർ ശരീഫ് കരപ്പാത്തിന്റെയും, മലപ്പുറം പട്ടിക്കാട് അരിപ്രത്തൊടി മെഹ്റുന്നീസയുടെയും മൂത്ത മകനായ ഡാനിഷ് മൂന്നു വർഷമായി  ഹൈദരാബാദിൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള  നബാർഡിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുന്നു.  ഏഴാം ക്ലാസ്സു  വരെ അലനല്ലൂർ NSS സ്കൂളിലും, പിന്നീട് ഹൈസ്കൂൾ,   പ്ലസ്- ടു വിദ്യാഭ്യാസം മണ്ണാർക്കാട് എം ഇ ടി സ്കൂളിലും പൂർത്തീകരിച്ച ഡാനിഷ്, കൊച്ചിൻ കുസാറ്റിൽ നിന്നും  മെക്കാനിക്കൽ എഞ്ചിനീറിംഗിൽ  ബിരുദമെടുത്തു. 

ബി ടെക് ബിരുദം  പൂർത്തീകരിച്ച വേളയിലാണ്, തന്റെ സേവനം സമൂഹത്തിനു കൂടി ഗുണകരമാവുന്ന രീതിയിൽ ഉപയോഗിക്കണമെന്ന ചിന്തയോടെയാണ് സിവിൽ സർവീസ് മോഹം ഡാനിഷിൽ ഉടലെടുക്കുന്നത്.  പബ്ലിക് അഡ്മിനിസ്ട്രേഷൻ മെയിൻ വിഷയമായി സെലക്റ്റ് ചെയ്തു മൂന്നു മാസത്തോളം ഡൽഹിയിലും പിന്നീട് തിരുവനതപുരം സിവിൽ സർവീസ് പരിശീലന അക്കാദമിയിലും ചേർന്നു തന്റെ ആദ്യത്തെ സിവിൽ സർവീസ് പരീക്ഷ എഴുതിയെങ്കിലും  റാങ്ക് ലിസ്റ്റിലിടം  നേടാനായില്ല.  ഇതിനിടെ ജോലിയിൽ പ്രവേശനവും, വിവാഹവുമെല്ലാം കഴിഞ്ഞെങ്കിലും കൂടുതൽ നിശ്ചയ ദാർഢ്യത്തോടെ പരീക്ഷയെഴുതി തന്റെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. തുടർച്ചയായി നാല് തവണ ഫൈനൽ സ്റ്റേജ് വരെയെത്തി  അവസാന റാങ്ക് ലിസ്റ്റിലിടം വരാതെ    നിരാശനായി തിരിച്ചു പോവാൻ ഡാനിഷ് ഒരുക്കമാവാതെ ഈ വർഷം തന്റെ സിവിൽ സർവീസ് മോഹം സഫലമാക്കി.     ക്ഷമയും  നിശ്ച്ചയ ദാർഢ്യവും  കഠിനാധ്വാനവും കൂടി ചേർന്നാൽ ലക്ഷ്യത്തിലെത്താനാവും എന്ന് തന്നെയാണ് ഡാനിഷിന്റെ കഥ നമുക്ക് പറഞ്ഞു തരുന്നത്.

കോട്ടയം ഏറ്റുമാനൂർ സ്വാദേശിനിയായ എംടെക് ബിരുദ ധാരിണി റൈമയെ യാണ് ഡാനിഷ് വിവാഹം ചെയ്തിട്ടുള്ളത്.  എംബിഎ, ബിടെക് ബിരുദ ധാരിണിയായ ഹംന, ബിടെക് വിദ്യാർത്ഥിനി അഞ്ജല എന്നിവർ ഡാനിഷിന്റെ സഹോദരികളാണ്.

സിവിൽ സർവീസിന് തയാറെടുക്കുന്നവരോടായി ഡാനിഷിനു പറയാനുള്ളത് കേൾക്കാൻ വിഡിയോയിൽ ക്ലിക്ക് ചെയ്യുക. No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം