Tuesday, November 29, 2011

അന്നത്തെ കൂര്‍ക്കംവലികള്‍ ഇന്നെന്റെ ഉറക്കം കെടുത്തുന്നു.




നൂറ്റാണ്ടു പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം  ഇന്ന് കേരളത്തില്‍ ചിലരുടെയെങ്കിലും ഉറക്കം കെടുത്തുന്നു.   പലരും വൈകിയാണെങ്കിലും ഉറക്കത്തില്‍ നിന്നും ഉണരുന്നു.  സത്യാഗ്രഹ നിരാഹാര സമരങ്ങളും (സമര നാടകങ്ങളും) അരങ്ങേറുന്നു.  ഹര്‍ത്താലുകള്‍ സ്വന്തം പേരില്‍  നടത്തി സജീവ സാന്നിധ്യമായി മുന്നില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നു.  ജനങ്ങള്‍ പതുക്കെ പതുക്കെ പ്രതികരണ ശേഷി വിവേകപൂര്‍വ്വം ഉപയോഗിക്കുന്നു.
 
പക്ഷെ എവിടെയായിരുന്നു നമ്മള്‍ ഇതുവരെ?  കാലത്തിനു  പോലും   മാപ്പു തരാനാവാത്ത   കാലതാമസത്തിന് ഉത്തരവാദി ഒരു പക്ഷെ നമ്മള്‍ തന്നെയല്ലേ?  1964ല്‍ ചോര്‍ച്ച തുടങ്ങിയ മുല്ലപ്പെരിയാറില്‍ അണ്ണന്റെ കോടതി വാദങ്ങള്‍ക്ക് മറു വാദങ്ങള്‍ പോലും വേണ്ട വിധം അവതരിപ്പിക്കാതെ പ്രസ്താവനയിലും ടിവി ലൈവിലുമായി പരസ്പ്പരം പഴിചാരി  വിലപ്പെട്ട വര്‍ഷങ്ങള്‍ നാം പാഴാക്കി. കേസ്സിനോടൊപ്പം സമാന്തരമായി പുതിയ ഡാം എന്ന ജനകീയ വികാരംപോലും രൂപപ്പെടുത്തിയെടുക്കാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും  നമുക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല? 


മാറി മാറി ഭരിച്ച സര്‍ക്കാരുകളും, പ്രതിപക്ഷവുമെല്ലാം കേരളത്തിലെ ജനങ്ങളെ വെറും ഐസ്ക്രീമുകളില്‍ മധുരം പുരട്ടി ആയുസ്സിനെ ഇക്കിളിപ്പെടുത്തി വിവാദങ്ങളില്‍ മയക്കി ഉറക്കുകയായിരുന്നു. ജനകീയ വിഷയങ്ങള്‍ (അങ്ങിനെ ഒന്ന് കേരളത്തില്‍ ഉണ്ടെങ്കില്‍) പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലാത്ത വിവാദങ്ങളുടെ കളിത്തോഴനായി വോട്ടുബാങ്കുകള്‍ മാത്രമായി മാറിയ  മലയാളിക്ക് തമിഴന്റെ ഇച്ഛാശകതിയുടെ വിലയിപ്പോള്‍  മനസ്സിലായി കാണും.  ഇച്ഛാ ശക്തിയില്ലാത്ത, പ്രതികരണ ശേഷിയില്ലാത്ത സമൂഹത്തില്‍ നിന്നും ആവിര്‍ഭവിക്കുന്ന രാഷ്ട്രീയ  സാമൂഹ്യ നേതാക്കള്‍ക്ക് യതാര്‍ത്ഥ ജനകീയ വിഷയങ്ങള്‍ തിരിച്ചറിയാന്‍ കഴിയില്ല.

 പരസ്പ്പരം പോരടിച്ചു പാഴാക്കിയ വര്‍ഷങ്ങളില്‍ അല്‍പ്പമെങ്കിലും പുതിയ ഡാം എന്ന അഭിപ്രായം രൂപപ്പെടുത്താനോ  മുല്ലപ്പെരിയാറിന്റെ പ്രശ്ന പരിഹാരത്തിനോ  നാം ഉപയോഗിച്ചില്ല.   ഡാം സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ തുടര്‍ ഭൂ ചലനങ്ങള്‍ നല്‍കികൊണ്ട് നിരവധി മുന്നറിയിപ്പ് നല്‍കിയിട്ടും നമ്മുടെ പ്രതികരണങ്ങളില്‍ ഏകോപനമില്ലായ്മയാണ് കാണുന്നത്.  സര്‍വ്വ കക്ഷി യോഗത്തിനു ശേഷവും ഒന്നിച്ചൊരു തീരുമാനം എടുക്കാതെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക്  മുന്‍‌തൂക്കം നല്‍കുന്ന  കാഴ്ച്ചയാണ് കാണുന്നത്.  ഇടുക്കിയില്‍ വ്യത്യസ്തമായ ഭരണ, പ്രതിപക്ഷ, ബിജെപ്പി ഹര്‍ത്താലുകള്‍ക്കു പകരം, സംയുക്തമായി ജനകീയ ഹര്‍ത്താലുകള്‍ നടത്തുകയായിരുന്നു വേണ്ടത്.  ബിജി മോള്‍ MLAയുടെയും റോഷി അഗസ്ത്യന്റെയും, പാര്‍ലിമെന്റില്‍ MPമാര്‍ നടത്തിയ നിരാഹാര സമരവുമെല്ലാം ഏകോപനമില്ലായ്മയുടെ നേര്‍കാഴ്ചകള്‍  കാണാവുന്നതാണ്.  ഒറ്റപ്പെട്ട അപശബ്ദങ്ങള്‍ അല്ല കേരളത്തിനു ഇന്നാവശ്യം മരിച്ചു ഒരുമിച്ചുള്ള ഉറച്ച ശബ്ദങ്ങളാണ്.    

999 വര്‍ഷത്തേക്കുള്ള കാലഹരണപ്പെട്ട  അതി വിചിത്രമായ കരാര്‍ മുറുകെ പിടിച്ചു നില്‍ക്കുന്ന തമിഴന്റെ മുമ്പില്‍ വ്യവസ്ഥകള്‍ സ്ഥിരം ലംഘിക്കപ്പെടുന്ന പാട്ട കരാര്‍ റദ്ദാക്കി കൊണ്ട് കേരളം ധീരമായ നടപടികള്‍ എടുക്കുകയാണ് വേണ്ടത്.  136 .4 അടി ആയിട്ടുള്ള  ഡാമിലെ ജല നിരപ്പ് ഉടനടിതന്നെ കുറച്ചു കൊണ്ട് കൊണ്ടുവന്നു  പുതിയ ഡാം നിര്‍മ്മിക്കേണ്ടാതാകുന്നു.    ഡാമിലും, വെള്ളവുമെല്ലാം  കേരളത്തിനു പരിപൂര്‍ണ്ണമായ അവകാശമുള്ള ഡാം.  തമിഴനു നമുക്ക് ജലം കൊടുക്കാം, അത് നമ്മുടെ ഔദാര്യമായിരിക്കണം. മുല്ലപ്പെരിയാരിലെ വെള്ളം മൌലികാവകാശമായി കണ്ടുകൊണ്ട് കേരളത്തിന്റെ വെള്ളം കുടി മുട്ടിപ്പിക്കുന്ന തലൈവി, തലൈവ, പട്ടാണി, പൊട്ടാണി, വൈക്കോകളുടെ തീക്കളി ഇതോടെ അവസാനിപ്പിക്കണം. അതിനുവേണ്ടി ഒത്തൊരുമിച്ചുള്ള  ജനകീയ മുന്നേറ്റത്തിന്റെ  കൂട്ടായ്മയാണ് നാടിനാവശ്യം.

ജനകോടികളുടെ നിലനില്‍പ്പു   തന്നെ ചോദ്യചിഹ്നമായ സമയത്തും വിവാദങ്ങള്‍ക്കും, ശുംഭന്മാര്‍ക്കും, ഐസക്രീമുകള്‍ക്കും മാത്രം പിന്നാലെ പോവാതെ (അതെല്ലാം പിന്നീട് പൊടി  തട്ടി എടുക്കാവുന്നതാണ്) ഇനിയെങ്കിലും യഥാര്‍ത്ഥ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഭരണ പ്രതിപക്ഷവും, മാധ്യമങ്ങളും ഒത്തൊരുമിച്ചു മുന്നോട്ടു വരണം. കേരളത്തിന്റെ   ഇന്നത്തെ കാതലായ പ്രശ്നം മുല്ലപ്പെരിയാര്‍ തന്നെയാണെന്ന് മനസ്സിലാക്കി, സന്തോഷ്‌ പണ്ഡിറ്റ്‌ന്റെ വിളംഭരങ്ങളും,  സച്ചിന്റെ നൂറാം സെഞ്ചുറിയും  ഐശ്വര്യാറായിയുടെ കുഞ്ഞിറെ ചോറൂണ്‍മൊക്കെ നമ്മുക്ക് തല്‍ക്കാലം മാറ്റിവെക്കാം. ഉറക്കം മൂലം നഷ്ട്ടപെട്ട വിവേകം തിരിച്ചെടുത്തു കൊണ്ട്,  ഇപ്പോഴുള്ള ആവേശമെങ്കിലും    കെടാതെ സൂക്ഷിച്ചുകൊണ്ട്‌ ഒരുമിച്ചു പോരാടാം.  

 ബ്രിട്ടീഷുകാരുടെ അന്ത്യശാസനത്തിനു മുമ്പില്‍ നിസ്സഹായനായി 1886  ല്‍ തിരുവിതാംകൂര്‍ മഹാരാജാവായ വിശാഖം തിരുന്നാള്‍  മനസ്സില്ലാമനസ്സോടെ ഒപ്പുവെച്ച  ഈ കരാര്‍ റദ്ദാക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്  തമിഴനായ സര്‍ സിപ്പി കാണിച്ച  ആത്മാര്‍ഥതയെങ്കിലും  കാണിക്കാനുള്ള ആര്‍ജ്ജവം നമ്മുക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ എന്നാശിക്കുന്നു.  ഒരു പക്ഷെ ദിവാന്‍ സര്‍ സിപ്പിക്ക് വെട്ടേറ്റിട്ടില്ലായിരുന്നുവെങ്കില്‍  മുല്ലപ്പെരിയാരിന്റെ ചരിത്രം മറ്റൊന്നാവുമായിരുന്നു.
 

അതി വേഗത്തില്‍ ബഹുദൂരം മുമ്പനായ  മുഖ്യനും പോരാളികളില്‍ വീരാളിയായ പ്രതിമുഖ്യനും ഒരുമിച്ചു നിന്ന് കേരളത്തിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം വിജയിപ്പിച്ചു തരട്ടെ, എന്നാശയോടെ, എന്റെ കൂര്‍ക്കം വലികള്‍ക്ക് വിരാമമിട്ടു കൊണ്ട്   മുല്ലപ്പെരിയാറിന് വേണ്ടി, എന്റെനാടിനു വേണ്ടിയിതു  സമര്‍പ്പിക്കുന്നു.   ഒരു മഹാ ദുരന്തത്തില്‍  നിന്നും നമ്മുടെ നാട്  രക്ഷപ്പെടെട്ടെ.    കണ്ടാലും കൊണ്ടാലും കൊതി തീരാത്ത ഇടുക്കിയുടെ ആ മനോഹാരിത കണ്‍ കുളിര്‍ക്കെ കാണാന്‍ ഇനിയും നമുക്ക് അവസരമുണ്ടാകട്ടെ.


(ടയിറ്റില്‍ കാര്‍ട്ടൂണ്‍  ചിത്രം : എന്റെ സുഹൃത്ത് നൌഷാദ് അകമ്പാടം)

20 comments:

  1. താങ്കളും സമരം വിളിച്ചി
    ആശംസകള്‍
    നമുക്കൊന്നിച്ച് സമരം വിളിക്കാം

    ReplyDelete
  2. നമുക്കൊന്നിച്ച് സമരം വിളിക്കാം

    ReplyDelete
  3. മുല്ലപ്പെരിയാറും ദൈവം തമ്പുരാനും നമ്മോട് കരുണ കാണിക്കട്ടെ.
    ലക്ഷങ്ങളുടെ ജീവന് ഹാനി സംഭവിക്കാതിരിക്കട്ടെ.
    പ്രാര്‍ത്ഥന മാത്രമേ കേരളീയര്‍ക്ക് വിധിച്ചിട്ടുള്ളൂ.
    അതല്ലാതെ,നേതാക്കളുടെ കണ്ണ് തുറക്കുമോ...?
    വെറുതെ ആശിക്കാം,പ്രതീക്ഷിക്കാം..!
    അത്രമാത്രം.

    ReplyDelete
  4. ഒരുമയോടെ നില്‍ക്കുക എന്നത് കേരളീയനെ സംബന്ധി ചടതോളം ഒരു കാലത്തും ഒരു കാലത്തും സാധ്യമല്ല എന്ന് വീണ്ടും മനസ്സിലാക്കുന്നു
    കാരണം ഇത്രയും ഒരു മനുഷ്യ നിര്‍മിത ദുരന്തം നമ്മെ വേട്ട ആടാന്‍ എത്തുമ്പോഴും ഐക്ക്യ പെടാന്‍ കഴി ന്ജില്ലെങ്കില്‍ ഇനി എന്നാണു ഇവര്‍ക്ക് ഇതിനു കഴിയുക
    താങ്കള്‍ പങ്കു വെച്ച ആശങ്കകള്‍ എല്ലാ കേരളീയനും ഇന്നുണ്ട് പ്രാര്‍ഥിക്കാം എന്നല്ലാതെ വേറെ എന്ത് ചെയ്യാന്‍ കഴിയും നമുക്ക്

    ReplyDelete
  5. Sabaash...........Shanava

    ReplyDelete
  6. നല്ല പോസ്റ്റ്‌...

    ReplyDelete
  7. നമ്മുക്ക് ഒരുമിക്കാം........

    ReplyDelete
  8. മുല്ലപ്പെരിയാറിന്റെ വിഷയത്തില്‍ ഒരുമിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഹര്ത്താല് നടത്താന്‍ കേരളത്തിന്‌ നടുവുണ്ടാവില്ല. 'മുല്ലപെരിയാര്‍ നടുവൊടിച്ച കേരളം' എന്ന ഗതികേട് നമുക്കില്ലതിരിക്കണം എങ്കില്‍ പരസ്പരം വിമര്ഷിക്കാതെ ഒരുമിച്ചു നിന്ന് കൂട്ടായ തീരുമാനം കൈ കൊള്ളണം!! അതിനു നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കാം!!
    ഭൂലോകത്തെ ഇത്തരം പ്രതികരണങ്ങള്‍ അതിനു പ്രചോദനം നല്കുന്നതാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..

    അവതരണം ഭംഗിയാക്കിയ സ്വന്തം സഹോദരന് എല്ലാ അഭിവാദ്യങ്ങളും!

    ReplyDelete
  9. വളരെ നന്നായി എഴുതി.ആശംസകള്‍

    ReplyDelete
  10. മുല്ലപ്പെരിയാര്‍ ഇന്ന് ലോകത്തിന്റെ തന്നെ ചര്‍ച്ചാ വിഷയം ആയിരിക്കുന്നു ,,ദുരന്തം അതിജീവിക്കാന്‍ തക്ക ശക്തി അധികം വൈകാതെ നമുക്ക് ആര്‍ജ്ജിക്കാന്‍ കഴിയും എന്ന് പ്രത്യാശിക്കാം ,,
    മറ്റൊന്ന് ആദ്യം പറഞ്ഞത് പോലെ ഡാമിന് നൂറ്റാണ്ടുകളുടെ പഴക്കം ഇല്ല ..ഒരു നൂറ്റാണ്ട് പഴക്കമേ ഉള്ളൂ .കൃത്യമായി പറഞ്ഞാല്‍ നൂറ്റി പതിനാറു വര്ഷം ...:)

    ReplyDelete
  11. നമ്മുടെ വാക്കുകള്‍ പതിക്കുന്നത് ബധിരകര്‍ണ്ണങ്ങളിലാണ്
    എങ്കിലും നമുക്ക് ശബ്ദിച്ചുംകൊണ്ടിരിക്കാം
    വളരെ നന്നായി എഴുതി ഭായ്‌ ..

    ReplyDelete
  12. കുറെ കാലത്തിനു ശേഷം നിങ്ങളുടെ ഒരു പോസ്റ്റ് വായിച്ചു ആശംസകള്‍ ഈ വിപത്തിന്നെതിരെ എങ്ങിനെ എഴുതാതിരിക്കും അല്ലെ?..

    ReplyDelete
  13. ചര്‍ച്ചകള്‍ അനന്തമായി നീണ്ടുപോകുന്നു. തന്റെ പരിധിക്കുള്ളില്‍ വരുന്ന രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഒരു വിഷയത്തില്‍ ഇടപെടാന്‍ ഇത്രയും സമയമെടുക്കുന്ന ഒരു പ്രധാനമന്ത്രി രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ഒരു പ്രശ്നത്തെ എങ്ങനെ സമീപിക്കും? !!!!

    ReplyDelete
  14. പ്രതിഷേധത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കുന്നില്ലല്ലോ.
    ഓരോരുത്തരും പ്രത്യേകം സമരങ്ങള്‍.
    എങ്കിലും വൈകി വന്ന ഈ വിവേകം സ്വാഗതാര്‍ഹം
    പ്രാര്‍ത്ഥനയിലൂടെ പങ്കു ചേരുന്നു ഈ പ്രക്ഷോപത്തില്‍

    ReplyDelete
  15. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു ജനതയുടെ വിധിയായി ചരിത്രം ഇതിനെ കാണാതിരിക്കാന്‍.. കുറ്റകരമായ ഈ ഉറക്കം വെടിയാന്‍ നമുക്കാകേണ്ടാതുണ്ട്. മതിയായ പരിഹാരം സാധ്യമാകുന്നതുവരെയും ആവശ്യത്തില്‍ ഉറച്ചു നിന്നുകൊണ്ട് സമരം നയിക്കാന്‍ തക്ക ഊര്‍ജ്ജം നാം സംഭരിക്കേണ്ടാതുമുണ്ട്. പോരാടുന്ന സകല ജനങ്ങള്‍ക്കും അഭിവാദ്യങ്ങള്‍..!!!

    ReplyDelete
  16. ഭൂമി ഒരു ധൃതരാഷ്ട്രാലിംഗനത്തിനു മുതിരുന്നതിനു മുന്പ് കേരളവും കേന്ദ്രവും ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ പ്രാര്‍ത്ഥിക്കാം.

    ReplyDelete
  17. അസ്സലാമു അലൈകും

    ReplyDelete

നിങ്ങളുടെ അഭിപ്രായം