Sunday, December 15, 2019

എന്റെ ഇന്ത്യ

















രാവേറെ ചെന്നു
അശാന്തമായാത്മാവുറക്കം
വരാതെഴുന്നേറ്റു
വീണ്ടുമൊരു വിഭജനം
തെരുവുകൾ കത്തുന്നു
വെടിയൊച്ചകൾക്കിടയിൽ
ജീവനായി കേഴുന്നു കുട്ടികൾ

ഗാന്ധിയെ കാണണം
നെറ്റിയിലെ തഴമ്പു കൊണ്ട്
ഇന്ത്യാ  ഗേറ്റിലൊന്നു തടവണം
കാടു മൂടിയ പള്ളി തൊടിയിൽ
കാവലാളാവാതെ ആത്മാവിറങ്ങി

പക്ഷെ....
ഇന്ത്യാ ഗേറ്റിനു ചുറ്റിലും
ദിനോസറുകളട്ടഹാസം മുഴക്കുന്നു
ആത്മാവ് നേരെയോടി
ഗാന്ധിയെ  കാണാൻ 

പക്ഷെ.....
ഗാന്ധിയെ  വീണ്ടും വധിച്ചു
നൃത്തമാടുന്നു ചുറ്റിലും
അഭിനവ ഗോദ്സെമാർ

മടങ്ങാമിനി
കല്ലറയിലേക്കു തന്നെ
പൗരത്വം തേടി
പള്ളിക്കാട്ടിൽ വരുന്നിടം
വരേക്കെങ്കിലും
ഉറങ്ങാം അശാന്തമായി

പക്ഷെ
മരിച്ചു കൊണ്ടിരിക്കുന്നു
എന്റെ ഇന്ത്യ,  സ്വപ്നങ്ങളിലെ ഇന്ത്യ...

Tuesday, December 10, 2019

പൗരത്വമെ, നമോവാകം!!



ഡിസംബർ പത്ത്
മനുഷ്യാവകാശ ദിനം
പരതുന്നു നാട്ടിലാകെ
പൂർവികരെ
സ്വത്വം തേടിയലയുന്നു
ജനം തെരുവിൽ

മതമെന്ന മതിൽ കെട്ടി
തരം തിരിച്ചവർക്കറിയില്ല
എൻ സ്വത്വത്തെക്കാൾ
വലുതാണെനിക്കീ ഭൂമി

വെള്ളക്കാരോടുമുട്ടി
ചോരവാർന്നൊരു
തെരുവിലാണെങ്കിലും
ഭീതിയില്ലാതൊന്നു
തല ചായ്ച്ചുറങ്ങാൻ
വേണമൊരിടമെനിക്കും

ജനിച്ചു വീണൊരിടം
മരിച്ചു വീഴാൻ
കൊതിക്കും മനസ്സിൻ
ചാപല്യമോർത്തു
ചിരിക്കും പൗരത്വമെ ...
നിനക്ക് നമോവാകം!!
========================

December 9, 2019: രാജ്യത്തെ മതേതരത്വത്തെ നോക്കി കുത്തിയാക്കുന്ന വ്യക്തമായ അജൻഡയോടു കൂടി പൗരത്വ ബിൽ ലോകസഭ പാസ്സാക്കി.

Monday, December 9, 2019

'ഇന്നിന്റെ അമ്മ'












സ്വന്തം കുഞ്ഞിനെ
കശ്‌മലർക്കു
പിച്ചി ചീന്തി
കത്തി കരിയിച്ചു
ഇരയാക്കിടാതെ

എരിയും മനസ്സുമായി
പെട്രോളിൽ  കുതിർത്തു
തീ നാളമാക്കാൻ
കൊതിച്ചൊരമ്മയാണ്
'ഇന്നിന്റെ അമ്മ'

നൊന്തു പെറ്റൊരമ്മക്കറിയാം
വെന്തു പോവും 
കുഞ്ഞിൻ നോവുകൾ
===================================



Note: ഉന്നാവോയിലും ഹൈദ്രാബാദിലുമടക്കം രാജ്യത്തു വർധിച്ചു വരുന്ന  പീഡന കൊലകളിൽ നിന്നും  രക്ഷ നേടാനായി ഡെൽഹിൽ ആറു വയസ്സുള്ള സ്വന്തം പെൺകുഞ്ഞിന്നെ 'അമ്മ പെട്രോളൊഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു - Dec 7, 2019

Sunday, December 8, 2019

മാനിഷാദ













അവൾ
കരഞ്ഞില്ല
പിടഞ്ഞില്ല
നില വിളിച്ചില്ല
അറിയാം
ഇതാണെൻ വിധി
ഞെട്ടറ്റു പോയൊരു
നീതി ബോധത്തിനാൽ
ചുട്ടു ചാമ്പലാവാൻ
വിധിക്കപ്പെട്ടവൾ
ആരുമില്ല, ചൊല്ലാൻ
"മാനിഷാദ"

വീഴുന്നു
കണ്ണീർ മഴ
മാനത്തുനിന്നും
അടുത്തയിരയും
വള കിലുക്കം നിലച്ചു
മാനത്തിനായി
ചുട്ടെരിക്കപ്പെടുമ്പോൾ
തുരുമ്പിച്ചൊരു  നീതിബോധത്തെ
ചുട്ടെരിക്കാനാരുമില്ലെന്നറിഞ്ഞവൾ
വീഴ്ത്തുന്നു കണ്ണീർ മാനത്തുനിന്നും
====================================





Nov 30, 2019: ഹൈദരാബാദ് വെറ്റിനറി ഡോക്ടറെ കൂട്ട ബലാൽസംഘം ചെയ്തു കത്തിച്ചു കളഞ്ഞു. 

Tuesday, December 3, 2019

പ്രണയം

















പ്രണയമായിരുന്നു
നിൻ കണ്ണുകൾ
കൺ പീലികൾ
കവിളുകൾ
അലസമാം തോളിൽ
തൂങ്ങിയ മുടിയിഴകളിൽ
കാണാതൊളിപ്പിച്ച
ഹൃദയാനുരാഗങ്ങൾ

പെയ്തു തീർന്ന
മഴ തുള്ളിപോലൊരു
മഴ കിനാവായി
കാണാ മറയത്തെങ്ങോ
മറഞ്ഞിരിക്കും  പ്രണയം
കുളിർ കാറ്റിൽ പെയ്യും
മഞ്ഞു മഴപോൽ
തഴുകി തലോടിടാൻ വന്നിടട്ടെ.


Saturday, November 23, 2019

പാമ്പാണ് സത്യം













പാമ്പാണ് പാമ്പാണ്
പാമ്പാണ് സത്യം
തോരാതെ കേണവൾ
ജീവൻ തുടിക്കുവാൻ
കൊത്തിയപാമ്പിനെക്കാളും
വിഷം ചീറ്റിയാടി
ചുറ്റിലും കൊത്താതെ
കൊത്തിയ പാമ്പുകൾ

പേടിച്ചരണ്ടവൾ  നീലിമയായി
കേണവൾ കേണവൾ
പാമ്പാണ് സത്യം

പാമ്പിനെക്കാളും വിഷമായി മാറി
ചുറ്റുമിരുന്നവർ 'ആണിയെ' തേടി
വേദനകൊണ്ടു പുളയുന്ന നേരവും
അച്ഛനെ കാത്തവർ 'ആണികഥയുമായി'
ഓട്ടോയിൽ വന്നൊരു അച്ഛനെ കാത്തു
ഓട്ടം വരാതെ  ഓടിയൊളിച്ചവർ
കണ്ടൊരു ഡോക്ടറും രോഗം മറന്നു
നോക്കാതെ നോക്കാതെ ഓടിയൊളിച്ചവർ

പുഞ്ചിരി തൂകുവാനാവില്ലെനിക്കിനി
കണ്ണടക്കട്ടെ  യാത്രയാവാനായി
കൊത്താതെ കൊത്തിയ പാമ്പാണ്  സത്യം
പുഞ്ചിരി തൂകുവാനാവില്ലെനിക്കിനി.
======================================

Nov 20, 2019 : ക്ലാസ്സ്  മുറിയിൽ പാമ്പു കടിയേറ്റു മരിച്ച സുൽത്താൻ ബത്തേരി ഗവ.സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ്  ക്ലാസ് വിദ്യാർഥിനി ഷെഹ്‌ല മരണപ്പെട്ടു .

പാമ്പു കടിച്ചതാണെന്നു പറഞ്ഞിട്ടും സമയത്തു ഹോസ്പിറ്റലിൽ എത്തിക്കാതെ അദ്ധ്യാപകരും, വേണ്ട ചികിത്സ നൽകാതെ ഡോക്ടർമാരും അനാസ്ഥകാണിച്ചു.  

ഭയം










ഭയമാണെനിക്ക്......... ...
പേരുമെൻഉടയാടയും,
അധ്യാ 'പക' യും
കൂട്ടത്തിലെൻ നിഴലുകൾ
കൂടിയാടിയപ്പോൾ
നീതിബോധങ്ങൾക്കന്യമാം
നീതിയെ  തേടി  യാത്രയാവുന്നു

മാപ്പ്,  മോഹമില്ലെങ്കിലും
"ഭയമില്ലെനിക്കീ"
മരണത്തെ  പുൽകുവാൻ
ജീവിച്ചു തീർത്തപ്പോൾ 
കാണാത്ത നീതിയെ
തെളിയാൻ മടിക്കും
തിരികളിൽ തേടി
ഹാഷ്ടാഗുമായെൻ
ആത്മാവിനായി
കാണിക്ക വെക്കുന്നതെന്തിനാ നിങ്ങൾ?
=========================================




November 9th 2019,  ക്യാമ്പസിലെ അധ്യാപകരുടെയും മറ്റും പീഡനം സഹിക്കാതെ മദ്രാസ് IIT ഒന്നാം വർഷ വിദ്യാർത്ഥിനി  (ഫസ്റ്റ് റാങ്ക് ഹോൾഡർ)  പത്തൊമ്പതുകാരിയായ ഫാത്തിമ ലത്തീഫ് ദുരൂഹ സാഹചര്യത്തിൽ  മരണപ്പെടുന്നു. 

Wednesday, February 12, 2014

'വാലന്‍റൈന്‍ ഡേയും സൂറാബിയും, പിന്നെ തങ്ങളു കുട്ടിയും'

"മനുഷ്യാ, ഫെബ്രുവരി പതിന്നാലിന്റെ  കാര്യം ഇങ്ങള് മറക്കണ്ടാ." ഏതു പാതിരാവായാലും  ഫെബ്രുവരി പതിന്നാലു മറക്കണമെങ്കില്‍ സൂറാബി രണ്ടു ജന്മം ജനിക്കണം.   "കായി പോകും  എന്ന് കരുതി പണ്ടേ ഇങ്ങള് വാലെന്റൈന്‍  ഡേ ക്കു  എതിരാന്നു നമ്മക്കറിയാം, പക്ഷെ, എന്നെ കെട്ടിയ പതിന്നാലിന്റെ കാര്യം  മറക്കണ്ട". സത്യത്തില്‍ പൈസ ചെലവാകുന്ന സൂറാബിന്റെ  പതിന്നാലിന്റെ കാര്യമാ ഞാന്‍ മറക്കാന്‍ നോക്കാറ്. 
പുതിയ കലണ്ടറിൽ നിന്നും ഫെബ്രുവരി മാസത്തെ തന്നെ  കീറി കളഞ്ഞിട്ടും ഈ ഹലാക്കിന്റെ അവിലും കഞ്ഞി സൂറാബി അടുപ്പത്തു നിന്നും വാങ്ങി  വെക്കുന്ന മട്ടില്ല.   ഓള്‍ക്ക് വിവാഹ വാര്‍ഷികവും   വാലെന്റൈനും  പറഞ്ഞു ഗിഫ്റ്റ് കിട്ടിയേ തീരൂ. പോരാത്തതിന് മുണ്ടിയാൽ വരെ പീഡനമാകുന്ന  കാലമായതു കൊണ്ട് സൂറാബിനോട്   ഒരു മയത്തിലാണ് നില്ക്കാറുള്ളത്.     സ്നേഹിച്ചു കൊല്ലാന്‍ വേണ്ടി മാത്രമുണ്ടാക്കിയ   വാലെൻറ്റൈൻ ഡേ എന്നൊരു വല്ല്യടങ്ങേറ്  ദുനിയാവിലുണ്ടെന്നു മനസ്സിലാക്കാതെ ഫെബ്രുവരി പതിന്നാലിനു  പെണ്ണ് കെട്ടാന്‍ തോന്നിയ  മണ്ടത്തരത്തെ സ്വയം പിരാകി   ഷർട്ടിന്റെ  പോക്കറ്റ് നോക്കി.  പടച്ചോനെ കാര്യമായി ഒന്നുമില്ല, അത് കാലിയായി തന്നെ കിടക്കുകയാണ്.  അല്ലെങ്കിലും അത് കുറച്ചു കാലമായിട്ടു കാലി തന്നെയാണ്.

പോരാത്തതിന് കഴിഞ്ഞ മാസം സൂറാബിന്റെ  ഒരു ഏട്ടത്തിന്റെ മകളെ കല്ല്യാണത്തിനു ഓളെ വാശി കാരണം  രണ്ടു കുട്ടികളെയും കൂട്ടി നാട്ടില്‍ പോയി വന്നത്.  ഇങ്ങളെ പെങ്ങളെ കുട്ടിന്റെ കല്ല്യാണത്തിനു ഇങ്ങള് പോണ മാതിരി തന്നെ എനിക്ക് ഇതിനു പോകണം. കൂടാതെ വാട്ട്സപ്പിലും ഫേസ്ബുക്കിലും    ഓളെ കൂട്ടക്കാരുടെ പുളിച്ചിത്തരങ്ങള്‍ 'ജൂർ' ടീമെന്ന പേരിൽ  ഒന്നിന് പിറകെ ഒന്നായി ലയിക്കും കമെന്റുമടിച്ചു പാറി പറക്കുകയാണ്.   റിമ്മിടോമ്മിന്റെ അടുത്തു നിന്നും പഠിച്ചെടുത്ത തുള്ളല്‍ പ്രസ്ഥാനം സൂറാബി എന്റടുത്തു ഇട തടവില്ലാതെയെടുത്തു,  ഒരു മുറുക്ക് അറങ്ങാതെ വന്നപ്പോ നെറ്റ് ആയ നെറ്റ് മുഴുവന്‍ തപ്പി പിടിച്ചു ഞാന്‍ ഏറ്റവും ചീപ് ആയി കിട്ടിയ എമിറേറ്റ്സ് എയർ ടിക്കറ്റെടുത്ത് സൂറാബിന്റെ  മോന്തായത്തിന്റെ കേടുപാടുകള്‍ ഒരു വിധം നന്നാക്കി.    ജീവിതത്തില്‍ ആദ്യമായിട്ടാ ജിദ്ദയില്‍ നിന്നും എയർ ഇന്ത്യയില്‍ അല്ലാതെയുള്ള നാട്ടില്‍ പോക്ക്.  എന്തായാലും കാലിക്കറ്റ്‌ ഇറങ്ങാനുള്ള ഫ്ലൈറ്റ്, എമിറേറ്റ്സ് ആയതു കൊണ്ട് കൊല്ലത്തിറങ്ങില്ല എന്നുറപ്പിച്ചു എയര്‍ ഇന്ത്യയെ ബഹിഷ്ക്കരിച്ച ഹുങ്കോടെ നാട്ടില്‍ പോകാനൊരുങ്ങി.

അങ്ങിനെ ജനുവരി 22 ബുധന്‍ ഞങ്ങള്‍ എയര്‍ പോര്‍ട്ടിലെത്തി.  എമിറേറ്റ്സ് എയർ  മൂന്ന് മണിക്കൂർ  വൈകിയാണ് പറക്കുകയെന്ന  അറിയിപ്പ് കിട്ടി.  ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എമിറേറ്റ്സ് ഫ്ലൈറ്റ് മിസ്സാവില്ല എന്ന് അധികൃതർ തന്ന  ഉറപ്പിൽ സൂറാബിയുമൊത്തു എയർപോർട്ടിൽ നേരം പോക്കി. ഓളെ അഞ്ചാറു ഏട്ടത്തിമാരുടെ പത്തു പതിനഞ്ചു പെങ്കുട്ട്യാളെ ഓർത്തു ഞാന്‍ നെടുവീര്‍പ്പിട്ടു.   പതിനഞ്ചു പേരെയും ഒരു സമൂഹ വിവാഹം നടത്തിയിരുന്നെങ്കിൽ ഒറ്റ നാട്ടില്‍ പോക്കിൽ  ഒതുക്കാമായിരുന്നു ഈ ഹലാക്ക്‌.  ‍ രാത്രി 8.30 നു പകരം ഫ്ലൈറ്റ് 12 മണിയോടെ പറന്നു ദുബായില്‍ മൂന്നരക്കിറങ്ങി. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് ചൊല്ല് പോലെ 3.40 നുള്ള എമിറേറ്റ്സ് കണക്ക്ഷന്‍ ഫ്ലൈറ്റ് സൂറാബിനെ    കാത്തു നില്‍ക്കാതെ കൃത്യ സമയത്ത് പറന്നുയര്‍ന്നു.  ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും ഫ്ലൈറ്റ് മിസ്സ്‌ ആയി.   

പടച്ചോനെ, എന്താ ചെയ്യുക, എയർപോർട്ടിൽ നല്ല ഒച്ചയും ബഹളവും,  എമിറേറ്റ്സിന്റെ മിക്ക ഫ്ലൈറ്റുകളും അന്ന് വൈകി പറക്കുക്കയാണ്, കൗണ്ടർ  സ്റ്റാഫ്‌ ഒരു മയവുമില്ലാതെ കിട്ടിയ ഫ്ലൈറ്റിനു മിസ്സായവര്‍ക്ക് പുതിയ ബോര്‍ഡിംഗ് കൊടുക്കുന്നു. ഞാനും ലൈനിൽ നിന്നു.  ഒരു മണിക്കൂറിനു ശേഷം എന്റെ ഊഴം  വന്നു, "സാർ, ഇപ്പോൾ ശരിയാക്കി തരാം."  ജീവിതത്തില്‍ ആദ്യമായി സൂറാബി കാരണം ഒരാളെന്നെ സാറെന്നു വിളിക്കുന്നു.  സാർ വിളിച്ചു എനിക്ക് കിട്ടിയ ബോര്‍ഡിംഗ് കണ്ടു ഞാന്‍ ഞെട്ടി. രണ്ടു ദിവസം കഴിഞ്ഞു ശനിയാഴ്ച രാത്രി കോഴിക്കോടെത്താം.  ഹോട്ടലുകളെല്ലാം  ഫുൾ  എന്ന് പറഞ്ഞു ആര്‍ക്കും  ഹോട്ടൽ  അക്കമൊടെഷൻ കൊടുക്കുന്നില്ല. എന്റെ പ്രശനം ഹോട്ടലായിരുന്നില്ല. ‍ അന്ന് തന്നെ പോവണം,  കല്ല്യാണം ശനിയാഴ്ചയാണ്.  ഞാൻ ‍ വീണ്ടും ലൈനിൽ  നിന്നു കൌണ്ടറില്‍ എത്തി, നോ രക്ഷ, ‍ സ്റ്റാഫ്‌ യാതൊരു മയവും കാണിക്കുന്നില്ല, മറ്റുള്ളവരെ പോലെ ഞാനും അല്‍പ്പം കയര്‍ത്തു നോക്കി. അവര്‍ പോലീസിനെ വിളിക്കുമെന്നു പറഞ്ഞു. പൊലീസെന്നു കേട്ടപ്പോൾ പത്തി മടക്കി, പതുക്കെ ഞാന്‍  ഉൾ വലിഞ്ഞു.  സൂറാബിയും കുട്ടികളും കിട്ടിയ കസേരയിൽ നല്ല കൂര്‍ക്കം വലിയാണ്. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ തലങ്ങും വിലങ്ങും എനിക്ക് പരിചയമുള്ളതും അല്ലാത്തതുമായ ഫ്രണ്ട്സിനെ മുഴുവൻ  ഫോണ്‍ ചെയ്തു വിളിച്ചുണർത്തി.  എമിറേറ്റ്സ്സിന്റെ മട്ടും  ഭാവവും മാറിയപ്പോള്‍ എയർ-ഇന്ത്യയെ  ആദ്യമായി ഒരിന്ത്യക്കാരൻ സ്തുതിച്ചു.

സൂറാബി കോട്ടുവായ ബാക്കിയാക്കി ഉറക്കമുണര്‍ന്നു. ഞാൻ  പതുക്കെ കാര്യം ഓളെ ചെവിയിൽ മന്ത്രിച്ചു. ശനിയാഴ്ചയെ  നാട്ടിലെത്തൂ എന്ന് കേട്ടതോടെ, സൂറാബിയിലെ റിമ്മി ടോമ്മി പുനർ ജനിച്ചു. എന്റെ കൈയ്യിൽ നിന്നും ശനിയാഴ്ച്ചക്കുള്ള ബോര്‍ഡിംഗ് കാര്‍ഡ് വലിച്ചെടുത്തു കൗണ്ടർ മാനേജറുടെ ‍  അടുത്തേക്കൊരു ഓട്ടം. ഹിന്ദിയും ഇംഗ്ലീഷും,  മദ്രസ്സയിൽ നിന്നും പഠിച്ചെടുത്ത അറബി-മലയാളവും കലര്‍ത്തി സൂറാബി നാല് ഡയലോഗ്.  പോലീസിനെ വിളിക്കുമെന്നു പറഞ്ഞു പേടിപ്പിച്ച മാനേജറുടെ മുമ്പിൽ സൂറാബിയുടെ പെര്‍ഫോര്‍മന്‍സ് കണ്ടു എന്റെ ശ്വാസം ഒരു നിമിഷം നിലച്ചു. സീറ്റില്ലാന്നു പറഞ്ഞു  എന്നോട്  തട്ടി കയറിയ  മാനേജർ ‍ അര മണിക്കൂര്‍ വെയിറ്റ് ചെയ്യാൻ പറഞ്ഞു ഞങ്ങളുടെ ടിക്കറ്റും ബോഡിംഗ് പാസുമായി പോയി. അരമണിക്കൂറിനകം അയാള്‍ പുതിയ ബോര്‍ഡിംഗ് കാര്‍ഡ്‌മായി തിരിച്ചു വന്നു. അന്ന് വ്യാഴം രാത്രിക്കുള്ള എമിറേറ്റ്സ്സിന്റെ ഫ്ലൈറ്റിൽ കോഴിക്കോടെത്താം, കൂടാതെ ഹോട്ടല്‍ അക്കമൊടെഷനും ശരിയാക്കിയിരിക്കുന്നു.  അന്ന് വരെ സൂറാബിന്റെ തുള്ളലിനെ പിരാകിയിരുന്ന  ഞാന്‍ ആദ്യമായി ആ തുള്ളലിനെ സ്തുതിച്ചു കൊണ്ട് സൂറാബിന്റെ അറബി- മലയാളത്തിനു 'കീഴൊതുങ്ങിയ' ചമ്മലോടെ ഹോട്ടലിലേക്ക് പോയി.

അങ്ങിനെ ഞങ്ങൾ വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തി.   അന്ന് വൈകുന്നേരം തന്നെ മൈലാഞ്ചി കല്ല്യാണത്തിനു പോകാനുള്ളത് കൊണ്ട് സൂറാബി മേക്കപ്പ് റൂമിൽ കയറി.   വൈകുന്നേരം ആറുമണിയോടെ ഞങ്ങള്‍ പട്ടിക്കാടുള്ള സൂറാബിന്റെ വീട്ടിലെത്തി.  അവിടെയുള്ളവരെല്ലാം ബ്യൂട്ടി  പാർലറിൽ ക്യൂ നില്‍ക്കുകയാണെന്നറിഞ്ഞപ്പോൾ    സൂറാബിക്കും കമ്പം ഒന്ന് മിനിക്ക് കൂട്ടാൻ.  നാച്ചുറൽ ബ്യൂട്ടികള്‍ക്ക് എന്തിനാ ബ്യൂട്ടി പാര്‍ലര്‍ എന്നും പറഞ്ഞു ഞാന്‍ ഓളെ ഏട്ടത്തിയുടെ കല്ല്യാണ  വീട്ടിലേക്കു വണ്ടി വിട്ടു. എന്റമ്മോ, അവിടെ എത്തിയപ്പോള്‍ അല്ലേ പൂരം, സൂറാബി ഒരു സ്റ്റാര്‍ ആയി മാറി, ടിക്കറ്റ് ശരിയാക്കിയ അവളുടെ വീമ്പു കേട്ടു എന്റെ കൂമ്പ് വാടി. പുളിച്ചു തരത്തിനു കൈയ്യും  കാലും വെച്ച് പാട്ടും ഡാൻസുമായി മൈലാഞ്ചി കല്ല്യാണം പൊടി പൊടിച്ചു.

കല്ല്യാണ ദിവസം നേരം വെളുത്തു.  നബീസ താത്തയൊഴികെ  ബാക്കിയെല്ലാ പെണ്ണുങ്ങളും തൊഴിലുറപ്പ്  പണിക്കാരെ മാതിരി  'ജൂർ  ടീമിന്റെ' വകയായുള്ള ചുവന്ന യൂണിഫോമിട്ടു  നല്ല ഒരുക്കത്തിലാണ്. നാട്ടിലെത്തിയാൽ എന്റെ ഇഷ്ടപെട്ട തുണിയും   കുപ്പായവുമിട്ടു  ഞാൻ  റെഡിയായിരുന്നപ്പോൾ സൂറാബി ഒരു പൊതി  എന്റെ മുമ്പില് നീട്ടി.    പതുക്കെ ഞാൻ പൊതി  തുറന്നു നോക്കി. പടച്ചോനെ, കഥാ പ്രസംഗക്കാരെ മാതിരി ഒരു നീളൻ ജുബ്ബ കണ്ടു ഞാൻ ഞെട്ടി, ദയനീയമായി സൂറാബിനെ നോക്കി.   " ആണുങ്ങൾക്കുള്ള  യൂണിഫോമാ.  എന്റെ  ആങ്ങള ഒക്കെ ഇതെന്നെ ഇട്ടത്.  ഇതൊക്കെ മനുഷ്യന്മാരെ ഡ്രസ്സ്‌ തന്നെ.  ഇങ്ങള് നാടൻ കാക്കാരെ മാതിരി   തുണി ഉടുത്തു കല്ല്യാണത്തിനു പോരണ്ടാ." സൂറാബി കുശു കുശുത്തു . 

അല്ലെങ്കിൽ തന്നെ 'നിതാഖാത്ത്' കാരണം ഗൾഫുകാർക്ക് മാർക്കറ്റില്ലാത്ത  കാലം. സൂറാബിനോട് 'തർക്കിച്ചോമിയ' അധികമെടുക്കാതെ,    വാരഫലം  മൊത്തത്തിൽ  പോക്കാന്നു മനസ്സിലാക്കി ജീവിതത്തിലെ  ആദ്യത്തെ ജുബ്ബയിടൽ  കർമ്മം   അന്ന് നടത്തി. പെണ്ണ് ഓഡിറ്റോറിയത്തിലെത്തീട്ടും  സൂറാബിന്റെയും കൂട്ടരെയും   മൈക്കപ്പ്‌ തീരുന്ന  മട്ടില്ല.   അവസാനം കുറെ  മൈക്കപ്പ്‌ സാധനങ്ങൾ വണ്ടിയിൽ വാരിയിട്ടു സൂറാബിയും ഓളെ അഞ്ചാറ് ഏട്ടത്തിമാരും  ഓലെ കുട്ട്യാളും  ചുവന്ന യൂണിഫോമിട്ടു ചെങ്കടലാക്കി മാറ്റിയ   ഓഡിറ്റോറിയത്തിലെത്തി.


സൂറാബിയും  ഓളെ ഒരേയൊരു നാത്തൂനും മൈക്കപ്പിടലും പോട്ടമെടുക്കലുമായി  അങ്ങോട്ടും ഇങ്ങോട്ടും  മത്സരിച്ചു.  ഓലെ രണ്ടാളുമില്ലാത്ത   ഒരു പോട്ടം കിട്ടാൻ വേണ്ടി   ഫോട്ടോഗ്രാഫർ വല്ലാതെ മെനക്കെടുന്നത് കണ്ടപ്പൊ ഞാൻ രണ്ടാളെയും രണ്ടറ്റത്തു നിർത്തി  ഒഴിവാക്കിയാൽ മതിയെന്നു   അയാളുടെ ചെവിയിൽ  മന്ത്രിച്ചു.  കാണുന്നോർക്കൊക്കെ ചോദിക്കാനുള്ളത്  എയർപോർട്ടിൽ  സൂറാബി സ്റ്റാർ ആയ കാര്യം മാത്രം. ഞാൻ സൈക്കിളിൽ നിന്നും വീണ ചിരിയുമായി ഒരുഭാഗത്ത്‌ ഒതുങ്ങിയിരുന്നു. അതുവരെ  എന്റെ കൂടെയുണ്ടായിരുന്ന   മക്കളും, തലേന്ന് അവർക്ക് കിട്ടിയ  ഫ്രണ്ട്സിന്റെയൊപ്പം   പോയി.


അങ്ങിനെ കല്ല്യാണം ഭംഗിയായി കഴിഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോൾ കല്ല്യാണ ആൽബം കിട്ടി. സൂറാബിനെയും നാത്തൂനെയും  കടത്തി വെട്ടി മിക്ക ഫോട്ടോയിലും പുതിയൊരു അവതാരം, 'തങ്ങള് കുട്ടി'.  കല്ല്യാണ തലേന്നും അന്നും  സൂറാബിനെയും നാത്തൂനെയും തോൽ പ്പി ച്ചു സ്റ്റാർ ആയ തങ്ങളു കുട്ടി ആരാന്നറിയാനായി പിന്നെ പരക്കം  പാച്ചിൽ.  പട്ടിക്കാട്ടുകാർ കരുതി പെണ്ണിന്റെ  ബാപ്പാന്റെ വകുപ്പാണെന്ന്, ബാപ്പാന്റെ കൂട്ടക്കാർ കരുതി ഉമ്മാന്റെ ബാക്കിക്കാരാകും. അങ്ങെനെ  രണ്ടു കൂട്ടരും തങ്ങള് കുട്ടിയെ വേണ്ടതിലധികം പരിഗണിച്ചൂന്നു ആൽബം കിട്ടിയപ്പോൾ രണ്ടു കൂട്ടർക്കും  മനസ്സില്ലായി.


അവസാനം  തങ്ങൾ കുട്ടി ആരാന്നറിയാൻ വേണ്ടി എന്റെ ഏഴു  വയസ്സുള്ള മകനെ പിടിച്ചു 'കല്ല്യാണ ജൂർ ടീം ' ചോദ്യം ചെയ്തു. " അയിനു തങ്ങള് കുട്ടിനോട് ആരും   കല്ല്യാണമൊന്നും  പറഞ്ഞിട്ടില്ല, ഇവിടെത്തെ ഒച്ചയും വിളിയും കേട്ട് വന്നു നോക്കിയതാ. "ഓനോട്‌ ഡാൻസ് കളിക്കാനൊക്കെ ഞങ്ങൾ പറഞ്ഞതാ." 

എല്ലാരും നല്ല അഭിനയം, പിന്നെ  തങ്ങള് കുട്ടിയും വിട്ടു  കൊടുത്തില്ല. കൂട്ടത്തിൽ  കൂടി തകർത്തു അഭിനയിച്ചു.  സൂറാബിക്ക്  മാത്രമല്ല, വേണ്ടി വന്നാൽ തങ്ങള് കുട്ടിക്കും സ്റ്റാർ ആകാമെന്നു പട്ടിക്കാട്ടുകാർക്കു മനസില്ലാക്കി  കൊടുത്ത തങ്ങള് കുട്ടിയെ ഞാൻ മനസ്സിൽ സ്തുതിച്ചു.

പക്ഷെ  ഇതു കൊണ്ടൊന്നും സൂറാബി അടങ്ങൂല. ഓളെ ഗിഫ്റ്റും പിരാന്തിനു കായിക്കു വല്ലാതെ  മെനക്കേടില്ലാത്തത് വല്ലതും കിട്ടോന്നു തപ്പട്ടെ.  

Thursday, February 14, 2013

കുഞ്ഞാമിനാന്റെ പേറ്റു നോവ്‌.

പെരക്ക് തീ പിടിച്ച പോലെ കുഞ്ഞാപ്പൂന്റെ  മണ്ടി പാച്ചിലും ഓള്യാട്ടലും കണ്ടവര്‍ കണ്ടവര്‍ അയമോക്കാന്റെ  മക്കാനി ലാക്കാക്കി പായാന്‍ തുടങ്ങി.  

"ഐത്രുമാന്‍ ഹാജിയാരെ മരോള് കുഞ്ഞാമിന പെറാന്‍   കൂട്ടാക്കെണില്ല"
അള്ളോ  ഓള്പ്പതു എന്ത് നിരീച്ചിട്ടാപ്പോ. ഇതത്ര നിസ്സാരാക്കി തള്ളാം പറ്റൂലല്ലോ,  പള്ളിമുക്കിലെ ഒട്ടുമുക്കാലും ആള്‍ക്കാര്‍ അയമോക്കാന്റെ മക്കാനിക്ക് നീങ്ങി തുടങ്ങി.                                                                                    

മക്കാനി അയമോക്കാന്റെ കോളാമ്പിയായ  കുഞ്ഞാപ്പു എന്തെങ്കിലും പറഞ്ഞുക്കെണെങ്കില്‍ അയിന്റെ ഡീറ്റയില്‍സ്  അയമൂന്റെക്കെണ്ടാകും. അതോണ്ടെന്നെ വേലൂന്റെ  കള്ളുഷാപ്പില് കാണാത്ത തിരക്ക് അയമോക്കാന്റെ മക്കാനിയില്‍ കാണപ്പെട്ടു.

 ഏഴു ‍ പെണ്  മക്കള്‍ക്ക്‌ ശേഷം ഐത്രുമാന്‍ ഹാജിയാര്‍ക്ക് കിട്ടിയ ഏക ആണ്‍തരി കരീമിന്റെ കെട്ടിയോള് കുഞ്ഞാമിനാക്ക് എന്തേപ്പോ പറ്റിയേത്‌,  ഹാജിയാരെ കുടുംബം അന്യം നിന്ന് പോകാതെ നോക്കേണ്ട ഓള് പത്താം മാസം പേറിനുള്ള ഡേറ്റ് കഴിഞ്ഞിട്ടും  പെറാന്‍കൂട്ടാക്കാതെ വാശീയും ചിത്താന്തോം പിടിച്ചിരിക്കുകയാണ്. പേറൊക്കെ സിനിമേല് വരെ  വീഡിയോ പിടിച്ചു കാട്ടി തരുന്ന കാലത്താപ്പോ ഓളെയീ നാമൂസു കാട്ടല്.

കല്ല്യാണം കഴിഞ്ഞു പത്തുകൊല്ലത്തിനു ശേഷം പള്ളേലുണ്ടായ  കുഞ്ഞാമിനാന്റെ കടിഞ്ഞൂല്‍ പേറു കിനാവു കണ്ടു ഹാജിയാര്‍  കൊറച്ചു കാലായി  കുത്തിയിരിക്കാന്‍ തോടങ്ങിയിട്ടു.  കുഞ്ഞാമിനാക്ക് പള്ളേലുണ്ടാകൂല, ഓള് മച്ചിയാണെന്നു, പള്ളിമുക്കിലാകെ പേറുടുക്കെണപാത്തും താത്തയും ഒത്താച്ചി മാളുമ്മൊക്കെ  പാടി നടക്കാന്‍ തോടങ്ങയിനു മുമ്പ് തന്നെ ഹാജിയാര് രണ്ടു കെട്ടാന്‍ കരീമിനോട് പറഞ്ഞതാണ്.

"കൊയപ്പം കുഞ്ഞാമിനക്കല്ല, കരീമിനാ, ഓലെ രണ്ടാളെയും എടപ്പാളിലെ പെറാത്തോല് പെറാന്‍ പോണ ആസുപത്രീക്ക് കൊണ്ടോണം. കുഞ്ഞാമിനാന്റെ  ഇമ്മ ആയിശാത്ത  വിസ്താരം പറഞ്ഞു തുടങ്ങി.
 
പോരാത്തതിന് പുട്ടിനു തേങ്ങ ഇടുണ പോലെ ഓളെ ഏട്ടത്തിമാരുടെ ഒന്നടവിട്ടുള്ള പേറു കാരണം ആമിനാന്റെ വീടിന്റെ മുമ്പിലെ ബസ്സ്‌ സ്റ്റോപ്പിന്റെ പേര് തന്നെ ബസ്സുകാര് 'കൊയമ്പുംപടി' അങ്ങാടി എന്നാക്കി മാറ്റിയ കാലമാണ്.


പള്ളിമുക്കിലെ കന്നാളെ എടക്കര ചന്തക്ക്  കൊണ്ടോണ  പോലെ എടപ്പാള്‍ക്ക് പോകാന്‍ വേറെ  ആളെ  നോക്കാന്‍ പറഞ്ഞു കരീമു കുഞ്ഞാമിനാനെയും കൊണ്ട് അക്കരയ്ക്കു പറന്നു.

അക്കരെക്ക്ത്തി രണ്ടു മൂന്ന് മാസം കഴിഞ്ഞപ്പോ, കുഞ്ഞാമിനാക്ക് മാസകുളി തെറ്റി.  ഹാജിയാരെ തറവാട് റേഷന്‍ കാര്‍ഡിലും അന്യം നിന്ന് പോകൂലാ,  കുഞ്ഞാമിനാക്ക്  കുളി തെറ്റിയ വാര്‍ത്ത പള്ളിമുക്കിലാകെ പരന്നു.

കുഞ്ഞാമിനയും കരീമും നാട്ടിലെത്തി.  മാരുതി സിഫ്ട്ടില്‍ സിഫ്ടല്ലാതെ രണ്ടാളും കൂടി ഡോക്ടറെ കണ്ടു. കുഴപ്പമില്ല,   ആണ്‍ കുട്ടി തന്നെ. തറവാടിന്റെ മാനം കുഞ്ഞാമിന കാത്തു.


കുഞ്ഞാമിനാനെ പേറ്റിനു കൂട്ടി കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴാണ് കരീമിന് പിരാന്തിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയതു.

കുഞ്ഞാമിനാന്റെ  പള്ള കാണല്‍ ചടങ്ങോ, പേറിന് കൂട്ടി കൊണ്ട് പോകല്‍ ചടങ്ങോ ഉണ്ടാക്കാന്‍ കരീമു സമ്മതിക്കുന്നില്ല.  ഈ കുന്ത്രാണ്ടങ്ങളൊന്നുമില്ലാതെ  ഓള് പെറാണെങ്കില്‍ മതി.     കരീമിന്റെ വാശി ഹാജിയാരെ വരെ  ശുണ്ടി പിടിപ്പിച്ചു.

"കരീമേ, ഇജു മാണ്ടാത്ത കുണ്ടാമണ്ടിക്ക് തല വെക്കണ്ട.  അന്റെ കെട്ട്യോള് പെറൂല. പള്ളി മുക്കിലെ ഇന്ന് വരെ പേറ്റിനു കൂട്ടി കൊണ്ടോകാതെ ആരും പെറ്റിട്ടില്ല,   അനയ്ക്കിപ്പോ ആചാരങ്ങളോടുള്ള മഞ്ഞാളം കളി നല്ലോണം കൂടീട്ടുണ്ട്.  കഴിഞ്ഞ കൊല്ലം മോല്യാര് തന്ന ബര്‍ക്കത്തുള്ള മുടി കഴുകിയ വെള്ളം തട്ടി കളഞ്ഞപ്പോളെ നമ്മള് നിരീച്ചതാ ഇജു ഗള്‍ഫില്‍ പോയത് നമ്മളെ ദീന് എരപ്പാക്കി ബടക്കാനാണ്".

കരീം  ആരെയും  കാത്തു നില്‍ക്കാതെ കുഞ്ഞാമിനാനെ  ഓളെ വീട്ടിക്കു കൊണ്ട് ചെന്നാക്കി.  "പത്താം മാസം ഇജു പെറും.  ബേജാറാകണ്ട", കരീമു കെട്ടിയോളെ സമാധാനിപ്പിച്ചു അക്കരയ്ക്കു മടങ്ങി.

കുഞ്ഞാമിനാനെ പെറാന്‍ വേണ്ടി ഹോസ്പിറ്റലില്‍ ആക്കി. ഡോക്ടറും പേറുടുക്കെണ   പാത്തും താത്തയും പഠിച്ചത് പതിനെട്ടും  പയറ്റീട്ടും  കുഞ്ഞാമിന പെറാന്‍ കൂട്ടാക്കാതെ വാശിയിലായി. ഓള്‍ക്ക് പ്രസവ വേദന വരുന്നില്ല.

അയമോക്കാന്റെ മക്കാനിലെ വാര്‍ത്ത നാട്ടില്‍ പാട്ടായി. കുഞ്ഞാമിനാന്റെ പള്ള ആരും കാണാത്തോണ്ട് ഓള്‍ക്ക്  പള്ളേലുണ്ടോ എന്ന കാര്യം തന്നെ സംശയമായി.

ഹാജിയാര്‍ കരീമിനെ ഫോണ്‍ ചെയ്തു, ടിക്കറ്റും റീ എന്ട്രിയും ശരിയാക്കി, സ്വയം പിരാകി കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ ഇറങ്ങേണ്ട കരീമു എയര്‍ഇന്ത്യയില്‍  ഒന്ന് വട്ടം കറങ്ങി മംഗലാപുരത്തിറങ്ങി, കുഞ്ഞാമിനാനെ  കാണാന്‍ പാഞ്ഞു.

കുഞ്ഞാമിന വാക്ക് പാലിച്ചു, ഓള് പ്രസവിച്ചില്ല, പെറാന്‍ കൂട്ടാക്കാത്ത കുഞ്ഞാമിനാനാന്റെ പള്ള പൊളിച്ചു ഡോക്ടര്‍ കുട്ടിനെ പുറത്തെടുത്തു.   IC റൂമില്‍ നിന്നും AC റൂമിലെത്തിയ കുഞ്ഞാമിന വാക്ക് പാലിച്ച  ചിരിയുമായി കരീമിനെ നേരിട്ടു.  ഇനിയൊരിക്കലും പേറ്റിനു കൂട്ടി കൊണ്ടാകാതെ ഇജു പ്രസവിക്കരുതെന്നു പറഞ്ഞു കരീമു കുഞ്ഞാമിനാനെ വാരി പുണര്‍ന്നു.

പള്ളിമുക്കിലെ നാട്ടു നടപ്പ് കരീമിനി തെറ്റിക്കൂല ഓന്‍ നന്നായി.   കുഞ്ഞാപ്പൂന്റെ  ഒള്യാട്ടെല് കേട്ട് കൊണ്ട് അയമോക്കാന്റെ മക്കാനി അന്നും പൊടി പൊടിച്ചു.

===================================================================
 വാമൊഴി :
' എന്റെ പെണ്ണ് പെറ്റു ' എന്ന് തനി മലയാളം പറഞ്ഞിരുന്ന മലയാളി ' ഭാര്യ പ്രസവിച്ചു ' എന്ന് സംസ്‌കൃതം പറയാന്‍ തുടങ്ങിയപ്പോള്‍ ' പെണ്ണും ' ' പേറും ' ഗ്രാമ്യ പദങ്ങളായി ഇകഴ്ത്തപ്പെടുകയാണുണ്ടായത്. ഇപ്പോള്‍ മലയാളിയുടെ നിത്യവ്യവഹാരത്തില്‍ കൂടുതല്‍ അന്തസ്സുള്ള പ്രയോഗം ' വൈഫിന്റെ ഡെലിവറി' കഴിഞ്ഞു എന്നതായിരിക്കുന്നു. ( സാറാ ജോസഫ് ) വാചക മേള - മലയാള മനോരമ
 ====================================================================